കവിത : ഹേമന്തരാക്കളില്‍ ഞാനുറങ്ങാറില്ല

എസ് . സലിംകുമാര്‍




ഈ മരുഭൂമിതന്‍ ഹൃത്തിലൂടുര്‍വ്വര
നീയന്തര്യാമിയായ് നീങ്ങുന്നനന്തയായ് .

നീയാകുമാസുരവന്യപ്രകൃതിയെ
മാറ്റി ഞാന്‍ കല്‍ക്കരിക്കുന്നായ് ഖനികളായ്.

എങ്ങും നിഴലുകള്‍ തിങ്ങിയ വേളയില്‍
കത്തിപ്പടര്‍ന്നു കയറി നീ വെട്ടമായ്.

നീയെന്നെയാട്ടിത്തെളിച്ചുവിട്ടാശ്വാസ
മാര്‍ജ്ജിക്കയല്ലെങ്കില്‍ നിന്നുടെ
യാഹ്ലാദപര്‍വ്വത്തിലാകെപ്പടര്‍ന്നു പോ
മെന്‍ നിഴല്‍ ക്രൂരം കരിമഷി പോലെയനാദരം.

കാറ്റു വീശുന്നൊരീ ശീതരാവില്‍ത്തനി
ച്ചത്യതിദൂരത്തുനിന്നു ഞാനെത്തി
നിന്‍ പൂക്കാലമാകെ ക്കവര്‍ന്നെടു
ത്തുള്‍ക്കൊടുങ്കാട്ടിലെത്തീയായ്
മദിക്കാനൊടുക്കുവാന്‍...

നീ മഴയായ് വന്നു പെയ്യുന്നു തോരാതെ
വെട്ടം നശിച്ച ഹൃദയത്തില്‍ രാത്രിയില്‍. .....

ഇപ്പോഴും നീയെന്തിനിങ്ങനെ
ചേതസ്സില്‍ തൊട്ടു നില്‍ക്കുന്നെനി
ക്കാവില്ല നിന്നുടെ സ്പര്‍ശം സഹിക്കുവാന്‍.

പോവുക ഭൂതമേ എന്നെ വി
ട്ടിന്നെനിക്കേറെയുറങ്ങണം.

മൌനവും മാനവുമെല്ലാ പ്രകാശവും
നിന്‍ മനമാകും കരിഞ്ചുഴിക്കുള്ളിലേപോകു
ന്നകത്തെ നിധിപ്പോരുള്‍ 
നീ പുറത്തൊട്ടുമെടുക്കാതെ
സൂക്ഷിച്ചു വയ്ക്കുന്നു .

തെക്കുവടക്കുകളൊന്നായി മാറിയ കാന്തങ്ങള്‍
തെക്കും വടക്കും ധ്രുവങ്ങളെപ്പിന്നെയും
സൃഷ്ടിച്ചു കമ്പനം കൊള്ളുന്നു
നാംവേറെ വീണ്ടും ധ്രുവങ്ങളായ് മാറുന്നു.

ഗ്രീഷ്മം വരുന്നു പടികളില്‍ തെല്ലിട നിന്നുമിരുന്നും
ചിലപ്പോളതിവേഗമോടിപ്പടവുകള്‍ കേറിയും
ഗ്രീഷ്മം വരുന്നു ഞാന്‍ കോടമ
ഞ്ഞെത്രയും പിന്മാറി നില്‍ക്കുന്നു.

നിന്‍ മൌനമാകെയൊരൊറ്റ മുത്തായ്‌ 
ക്കടല്‍ത്തിട്ടിലിരിക്കുന്നു.
നീയെന്‍റെ മൌനമാണെന്നെ നിന്‍ മൌനമായ് മാറ്റുക
തെല്ലുമീ ഹേമന്ത രാക്കളില്‍ ഞാനുറങ്ങാറില്ല.


(

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും