സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം

​ എസ്‌. സലിംകുമാർ  




സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രമാണ്   സി ജെ പൗലോസ് സംവിധാനം ചെയ്ത 'കാളി' (2002) (ഷോർട്ട് ഫിലിം - ഫീച്ചററ്റ് - 28 മിനിറ്റ് ). ഫിലിംസ് ഡിവിഷൻ  ഓഫ് ഇന്ത്യയ്ക്ക് വേണ്ടി സി ജെ പൗലോസ് സംവിധാനം ചെയ്ത ആ  ലഘുചിത്രത്തിനുവേണ്ടി തിരക്കഥയെഴുതുവാൻ എനിക്ക് അവസരം കിട്ടി. 'ഒരു പരാജയത്തിൻറെ കഥ'  എന്ന പേരിൽ 1994 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സുഗതകുമാരി എഴുതിയ ഒരു അനുഭവക്കുറിപ്പിനെ ആസ്പദമാക്കിയായിരുന്നു ആ ചിത്രം. 



 ഒരു ദിവസം 
സുഹുത്ത്  അശോകൻ വിളിച്ച് പറയുന്നു (എസ്. ടി.ഡി വിളി... മൊബൈൽ ഫോണിന്റെ പൊടി പോലും ഇല്ലാത്ത കാലം) : "നീ ബാംഗ്ലൂരിൽ പോണം. ഫിലിംസ് ഡിവിഷനു വേണ്ടി സുഗതകുമാരിയുടെ ഒരു കഥയ്ക്കു തിരക്കഥ എഴുതണം. വേറൊരാൾ എഴുതിയിട്ട് സംവിധായകന് ഇഷ്ടപ്പെട്ടില്ല. നിന്നെപ്പറ്റിയുള്ള കാര്യങ്ങളൊക്കെ ഗീത സംവിധായകനോടു പറഞ്ഞിട്ടുണ്ട്." ഗീതയെന്നാൽ അശോകൻ അഥവാ അശോക് കുമാർ അഥവാ ജി.അശോക കുമാർ എന്ന് എഴുത്തുകുത്തിൽ പേരുള്ള അവൻ്റെ  ..ഭാര്യ  ഗീതയാണ് ഫിലിംസ് ഡിവിഷൻ്റെ  തിരുവനന്തപുരം മാനേജർ. അവൻ്റെ  ഫോൺ വന്നതും ഞാൻ ജയ്പൂരിൽ നിന്നും നാട്ടിലെത്തി. 

1994 ജനുവരിയിലെ (തീയതി മറന്നു) മാതൃഭൂമി വീക്കിലിയിൽ വന്ന സുഗതകുമാരിയുടെ 'ഒരു പരാജയത്തിന്റെ കഥ' എന്ന അനുഭവക്കുറിപ്പിനെ ആധാരമാക്കിയാണ് തിരക്കഥ എഴുതേണ്ടത്. 

അതുള്ള ഇടമറിയാം. നാട്ടിൽ എത്തിയ അന്നുതന്നെ പത്തനാപുര ത്തു പോയി തിരുമേനിയെ കണ്ടു. നാട്ടിൽ എത്തിയാൽ അന്നുതന്നെ പത്തനാപുരത്തു പോവുക പതിവാണ്. നാട്ടിൽ ഉണ്ടെങ്കിൽ പത്തനാപുരത്തു പോവാത്ത ദിനങ്ങൾക്ക് വല്ലാത്ത ഒരു അപൂർണ്ണതയാണ്. പത്തനാപുരത്തു വന്നാൽ കോട്ടയ്ക്കൽ തിരുമേനി (കവി കുന്ദമംഗലം നാരായണൻ)യുടെയടുത്തേക്കു പോവാതിരിക്കാൻ ആവില്ല. പഞ്ചായത്ത് ലൈബ്രറി, പിക്ചർ പാലസ്, അല്ലെങ്കിൽ കോട്ടയ്ക്കൽ. പത്തനാപുരത്താണെങ്കിൽ ഞാൻ അവിടെയൊക്കെയാണുണ്ടാവുക. കുന്ദമംഗലം നാരായണൻ്റെ  കോട്ടയ്ക്കൽ ആര്യവൈദ്യശാല ഏജൻസി ആസ്ഥാനം ആയിരുന്നു അക്കാലത്ത് പത്തനാപുരത്തിന്റെ കാവ്യതലസ്ഥാനം. നേരേ തിരുമേനിയുടെയടുത്തെത്തി ആവശ്യം പറഞ്ഞു. അദ്ദേഹത്തിൻ്റെ   വീട്ടിലെ മാതൃഭൂമി ആഴ്ചപ്പതിപ്പു ശേഖരത്തിൽ അന്വേഷിച്ചു'ഒരു പരാജയത്തിന്റെ കഥ'  കണ്ടെത്തി.  അതു വായിച്ചു.ഫോട്ടോ കോപ്പിയെടുത്തു പിറ്റേന്ന് ബാംഗ്ലൂരിനു പുറപ്പെട്ടു. 

സംവിധാനത്തിലും എഡിറ്റിങ്ങിലും പൂനാ ഫിലിംഇൻസ്റ്റിട്യൂട്ടിൽ   നിന്നും സ്വർണ്ണമെഡലോടെ പാസ്സായ ആളാണ് പാമ്പാടിക്കാരനായ സി ജെ പൗലോസ് . നിരവധി ഡോകളുമെന്ററികളും ആബേലിൻ്റെ  വയലുകൾ (മലയാളം)  കഥ ബാബു കുഴിമറ്റം), അക്ക ആവണ്ണ (തമിഴ്),  പുഴുതിയും പുനലും (തമിഴ്)  എന്നീ മൂന്ന് ഫീച്ചർ ഫിലിമുകളും  അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കെട്ടിടനിർമ്മാണത്തതൊഴിലാളികളെപ്പറ്റിയുള്ള  'എ ഡേ വിത്ത് ദി ബിൽഡേഴ്‌സ് ' എന്ന അദ്ദേഹത്തിൻ്റെ  ഡോകുമെന്ററി അന്തർദ്ദേശീയ തലത്തിൽ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.  

 ആ ലഘുചിത്രത്തിന് തിരക്കഥ എഴുതുവാൻ ആണ് ഞാൻ ആദ്യം ബാംഗളൂരിൽ വന്നത്. ഫിലിംസ് ഡിവിഷൻ്റെ ബാംഗ്ലൂർ ഓഫീസ് (സതേൺ റീജിയൻ പ്രൊഡക്ഷൻ സെന്റർ ) ഉള്ള കോറമംഗല കേന്ദ്രീയ സദനിലെ ഫിലിം ആർക്കിക്കേവ്സ് ഓഫ് ഇന്ത്യയുടെ ഓഫീസിൽ അട്ടിയിട്ട ഫിലിം റോളുകൾക്കരികിൽ ഇരുന്നു മൂന്നു ദിവസം കൊണ്ടാണ് ഞാൻ 'കാളി' യുടെ തിരക്കഥ പൂർത്തിയാക്കിയത്. 

സന്തോഷ് ശിവന്റെ 'മല്ലി' യിൽ അഭിനയിച്ച ബേബി ശ്വേത ആയിരുന്നു ടൈറ്റിൽ റോളിൽ. ഷൂട്ടിംഗ്  2000 ജനുവരിയിൽ. പത്തു ദിവസത്തിലേറെ തിരുവനന്തപുരം പേയാട്ട്  'അഭയ 'യിൽ ആയിരുന്നു. യൂണിറ്റിൽ ഉള്ള ഞാൻ ഒഴികെ എല്ലാവരും   ഫിലിംസ്  ഡിവിഷൻ ഓഫ് ഇന്ത്യയിലെ ജോലിക്കാരാണ് സി ജെ പൗലോസ് അന്ന്  ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യയുടെ  സതേൺ റീജിയൻ പ്രൊഡക്ഷൻ സെന്ററിൻ്റെ  തലവൻ ആണ്. ബാക്കിയെല്ലാവരും അദ്ദേഹത്തിന്റെ കീഴ്ജീവനക്കാരൻ ആണ്.  സ്ക്രിപ്റ്റ് എഴുതിയത് ഞാൻ ആണെന്നറിഞ്ഞപ്പോൾ  സുഗതകുമാരിയുടെ കുറിപ്പിന് ആസ്പദമായ അനുഭവത്തിൽ പറയുന്ന കാളിയുടെ ഫയൽ  ടീച്ചർ സിസിലി എന്ന ടീച്ചർ എനിക്ക് വായിക്കുവാൻ തന്നു. മാത്രമല്ല ,യഥാർത്ഥ കാളിയെ അനിയത്തിയായി കൊണ്ടുനടന്നു പരിചരിച്ച ചേച്ചിക്കുട്ടിയെയും പരിചയപ്പെട്ടുത്തിത്തന്നു. ആ കുട്ടി കോഴിക്കോട് ബംഗ്ളാദേശി കോളനിയിൽ നിന്നുള്ളതായിരുന്നു. അമ്മയോടും മക്കളോടും ഉള്ള പിതാവിൻ്റെ  പീഡനം കാരണം അയയിൽ അഭയം തേടിയതാണ്. 

അഭയയുടെ കാന്റീൻ നടത്തിയിരുന്ന തടിയൻ ഗോപിയെയും ഓർക്കുന്നു.  എൻ എൽ ബാലകൃഷ്ണനെയും മറ്റു  തടിയന്മാരേയും ഉൾപ്പെടുത്തി 'തടിയപുരാണം' എന്നൊരു സിനിമ നിർമ്മിക്കുന്നതിനെപ്പറ്റി തടിയൻഗോപി സംസാരിച്ചിരുന്നു. 

ഷൂട്ടിങ്ആ തുടങ്ങിയ  ആദ്യ ദിവസം  മുതൽ എല്ലാ ദിവസവും  ടീച്ചറിൻ്റെയും മകൾ ദേവിയുടെയും  സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അതിനു മുമ്പും ശേഷവും എത്രയോ തവണ പ്രിയകവിയുടെ സാന്നിധ്യം അനുഭവിച്ചു. 

ആദ്യം കാണുന്നത്  1987 ഏപ്രിലിൽ  ഇടുക്കി കട്ടപ്പന വി ബി പവനപ്പനും ഞാനുമൊത്ത് നന്ദാവനത്തെ വീട്ടിൽ ച്ചെന്നിട്ടാണ്. ആയിടെ ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയ പൂയംകുട്ടി പദ്ധതിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പവനപ്പൻ ആണ് ടീച്ചറിനു  നൽകുന്നത്. ആദ്യത്തെ സന്ദർശനത്തിൽ 'ഒറ്റ വൈക്കോൽ  വിപ്ലവം' എന്നൊരു പുസ്തകം ഞങ്ങൾക്കു  തന്നു.  പിന്നീട് പവനപ്പൻ  പൂയംകുട്ടിയിൽ പ്രകൃതിസംരക്ഷണവേദിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. 

'കാളി' എന്ന ഈ ലഘുചിത്രത്തിനാസ്പദമായ സംഭവംതന്നെ 'പാട്ടുപാവാട' എന്ന പേരിൽ ഒന്നര ദശകത്തിനു ശേഷം സുഗതകുമാരി കവിതയായി എഴുതിയത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  പ്രസിദ്ധീകരിച്ചിരുന്നു. അച്ഛനമ്മമാർ കുറ്റവാളികളായതിനാൽ നിയമസംവിധാനം മൂലം അഭയയിൽ എത്തിപ്പെടുകയും, അതേ  നിയമസംവിധാനം മൂലംതന്നെ  വീണ്ടും ആ കുട്ടി തെരുവിലേക്കു  മടങ്ങിപ്പോകേണ്ടി വരികയും ചെയ്യുന്നു. 

സംവിധായകൻ സി ജെ പൗലോസ് വേറെയും നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് . കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി അദ്ദേഹം സംവിധാനം ചെയ്ത 'ഭായി സ്ട്രീറ്റ് '  (2013 )  എന്ന ഡോക്യൂമെന്ററിക്ക്  സ്കിപ്റ്റും  ചെയ്യുവാനും  എനിക്ക് അവസരമുണ്ടായി. 

ഫിലിംസ് ഡിവിഷനു  വേണ്ടിത്തന്നെ മുൻഷി പ്രേംചന്ദിൻ്റെ  'മന്ത്ര'  (സംവിധാനം രഘു കൃഷ്ണ) , ഭോപാ  ഭോപി (രാജസ്ഥാനി നാടോടിയാകെ പറ്റിയുള്ള ഡോക്യുമെന്ററി) ഇവയ്ക്കും ഞാൻ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്.  

സി ജെ പൗലോസ്  ഇപ്പോൾ ബാംഗ്ലൂരിൽ    വിശ്രമജീവിതം  നയിക്കുന്നു. മകൻ  സച്ചിത് പൗലോസ്    ഹിന്ദി സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനാണ്.  
 

  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും