സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

 എസ് .സലിംകുമാർ 

 
1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ,പ്രൊഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം.



കോടമ്പാക്കത്ത് ആർക്കോട്ട് റോഡിൽ ശിവൻ കോവിൽ തെരുവിലൂടെ സ്വല്പം മുന്നോട്ടു ചെല്ലുമ്പോൾ ഇടത്തേക്ക് തിരിയുന്ന വഴിയേ പോയാൽ ലീലാനിലയത്തിൽ  എത്താം. ഫിലോമിന, കണ്ണൂർ രാജൻ, കല്ലട വാസുദേവൻ, അസി.ഡയറക്ടർ ശിവരാമൻ, തുടങ്ങിവർ ലീലാനിലയത്തിൽ ആണ്  താമസിക്കുന്നത്. കല്ലട വാസുദേവൻ അന്ന് 'മലയാളനാട് സിനിമാ ദ്വൈവാരിക' യുടെ മദ്രാസ് ലേഖകൻ ആണ്. സംവിധാനം പഠിക്കുവാൻ അദ്ദേഹത്തിന്റെ അനന്തിരവൻ കലാധരൻ (കല അടൂർ)  അദ്ദേഹത്തോടൊപ്പം താമസിക്കുന്നുണ്ട്. അവിടുന്ന് ആധികം ദൂരെയല്ലാതെയാണ് കടുവക്കുളം ആന്റണി താമസിക്കുന്നത്. ശിവൻ കോവിൽ തെരുവിൻ്റെ  ആഴങ്ങളിൽ എവിടെയോ ശ്രീനിവാസൻ താമസിക്കുന്നുണ്ട്. ഏതു നേരത്തെന്നില്ല ശ്രീനിവാസൻ്റെ  വരത്തുപോക്ക്  ആ വഴിയേ ഉണ്ടാവാറുണ്ട്. വൈകുന്നേരം ആർക്കോട്ട് റോഡിലെ മാടക്കടയുടെ അടുത്ത് ശ്രീനിവാസൻ എത്തും. പത്രം വാങ്ങാൻ ആണ്. ചിലപ്പോൾ വാങ്ങാതെതന്നെ വായിക്കാനും.  മലയാളപത്രങ്ങൾ അക്കാലത്തു വൈകുന്നേരം ആണ് മദ്രാസിൽ വരുന്നത്. അതും മനോരമ മാത്രം. വിജയൻ കാരോട്ട്, കെടാമംഗലം അലി, കലാസംവിധായകൻ ശ്രീനി (അന്ന് ശ്രീനി സംവിധാനം ചെയ്ത വിജയൻ കാരോട്ട് കഥയെഴുതിയ 'ആട്ടക്കളം' തുടങ്ങിയ മൂന്നു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ റിലീസ് ആവാതെ  പെട്ടിയിൽ ആണ്. കളറിലേക്കുള്ള പരിവർത്തനകാലമാണ്), ചിലപ്പോഴൊക്കെ ജോൺ എബ്രഹാം ഇവരൊക്കെ ആ  നേരത്തു അവിടെക്കാനും ക്കാണും 

ശിവൻ കോവിൽ തെരുവിൽ നിന്ന്  ലീലാനിലയത്തിലേക്കു തിരിയുന്ന കടമുക്കിന് വൈകുന്നേരങ്ങളിൽ കൂടുന്നവരിൽ ബ്രഹ്മാനന്ദൻ, രവിയേട്ടൻ തുടങ്ങിയവർ ഒക്കെ ഉണ്ടാവും. രവിയേട്ടൻ അന്ന് ചൂള എന്ന ഒരു സിനിമയുടെ സംഗീതം നിർവഹിച്ചു പിന്നെ പണിയൊന്നും ഇല്ലാതെ കഷ്ടപ്പാടിൽ ആണ്.  വല്ലപ്പോഴും ഡബ്ബിങ്ങിന് പോകും. അക്കാലത്തെ നായകനടൻ ആയ രവികുമാറിനു  (അവളുടെ രാവുകൾ തുടങ്ങിയചി ത്രങ്ങൾ) വേണ്ടിശബ്ദം കൊടുത്തിരുന്നത് രവിയേട്ടൻ ആയിരുന്നു. അവിടെ ഒരു നായരുടെ ചായക്കട ഉണ്ട്. ബ്രഹ്മാനന്ദൻ ആണ് മിക്ക ദിവസവും എല്ലാവര്ക്കും ചായ വാങ്ങിത്തരുന്നത്. അതിന്റെ എതിർ  വശത്ത് ഒരു ഒഴിഞ്ഞ കടത്തിണ്ണയിൽ ആണ് എല്ലാവരും സന്ധിക്കുന്നത്. 

ബ്രഹ്മാനന്ദൻ

ആയിടെ തൃക്കുന്നപ്പുഴ വിജയകുമാർ നിർമ്മിക്കുന്ന 'പാതിരാപ്പക്ഷി' എന്ന സിനിമയുടെ കടലാസ് പണികൾ നടക്കുകയാണ്. കഥയും നിർമ്മാണവും സംവിധാനവും കൂടാതെ ആലപ്പുഴ ശ്രീകുമാറിനൊപ്പം  തൃക്കുന്നപ്പുഴ വിജയ കുമാർ സംവിധാനവും ചെയ്യുന്നുണ്ട്. . തീക്കനൽ തുടങ്ങിയ സിനിമകളുടെ പ്രൊഡക്ഷൻ മാനേജർ ആയിരുന്ന തൃക്കുന്നപ്പുഴ ശ്രീകുമാർ പരാധീനതകൾക്കിടയിലൂടെ നിർമ്മിക്കുന്ന പടമാണ്.   തിരക്കഥ എന്നെക്കൊണ്ടാണ് എഴുതിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഓഫീസിൽ ആണ് ഞാൻ താമസിക്കുന്നത്. അതിനടുത്താണ് ഈ ഒത്തുകൂടലുകൾ. ആ ചിത്രത്തിന്റെ ഗാനരചന പൂവച്ചൽ ഖാദർ ആണ്. സംഗീത സംവിധാനം രവിയേട്ടൻ. ഖാദറിന്റെ രചനകൾ രവിയേട്ടൻ ഈണമിട്ടത് കേൾക്കാൻ പൂവച്ചൽ ഖാദറും ബ്രഹ്മാനന്ദനും സംവിധായകൻ ശ്രീകുമാറും,  'അനുഭവങ്ങളെ നന്ദി' യുടെ പ്രൊഡക്ഷൻ മാനേജർ സുദേവൻ, ക്യാമറാമാൻ വിജയകുമാർ ഇവരൊക്കെ ഓഫീസിൽ സന്ധിക്കാറുണ്ട്. 

രവീന്ദ്രനെ ഞാൻ ആദ്യം കാണുന്നത് കോട്ടാത്തലയിൽ വച്ചാണ്. പെരുങ്കുളത്ത് ബന്ധുവീട്ടിൽ പോയാൽ കോട്ടത്തലയിലും പോകും. കോട്ടാത്തല സുരേന്ദ്രൻ സ്മാരകം ഉത്ഘാടനം കെ ആർ ഗൗരി നിർവഹിക്കുന്നു എന്ന നോട്ടീസ് ഞാൻ കണ്ടുവെന്ന് മാത്രമല്ല മുറപ്രകാരം ഞാൻ അമ്മാവനെന്നു വിളിക്കേണ്ടുന്ന എന്നെക്കാൾ നാലഞ്ചു വയസ്സ് ഇളപ്പമുള്ള രാജേന്ദ്രനും ഞാനും കൂടി പരിപാടി കാണാൻ പോയി  ( രാജേന്ദ്രനെ ഞാൻ ഇപ്പോഴും 'എടാ അമ്മാവാ' എന്നാണു  വിളിക്കുന്നത്). അവിടെ വലിയ മീറ്റിങ്.  'ഇടതും വലതും' വേറെ വേറെയാണ് സുരേന്ദ്രൻ അനുസ്മരണം നടത്തുന്നത്. കെ ആർ ഗൗരി, അച്യുതാനന്ദൻ, കണ്ടാൽ എം എൻ ഗോവിന്ദൻ നായരെപ്പോലെ തോന്നിക്കുന്ന സി പി കരുണാകരൻ പിള്ള തുടങ്ങിയവരൊക്കെയാണ് സി പി എം  പ്രസംഗക്കാർ. 

സി പി ഐ യുടെ മീറ്റിങ് പണയിൽ അമ്പലത്തിൻ്റെ  മൈതാനത്തു  വച്ചായിരുന്നു. അവിടെ പോയി തെങ്ങമം ബാലകൃഷ്ണൻ്റെ  പ്രസംഗം കുറച്ചു നേരം കേട്ടിട്ടു വന്നപ്പോഴേക്കും കോട്ടാത്തല ജംഗ്‌ഷനിലെ സി പി എം വേദിയിൽ ഗാനമേള ആരംഭിച്ചു കഴിഞ്ഞിരുന്നു. ആയിടെ കെ പി എ  സി വിട്ട  കെ എസ്  ജോർജ്ജും മക്കളും കൂടാതെ  കറുത്ത പാന്റ്സും  ഇൻസെർട്ട്  ചെയ്ത  വെളുത്ത ഷർട്ടും കറുത്ത ബെൽറ്റും വേഷത്തിൽ  മുടി നടുക്കുവച്ചു വകഞ്ഞു  ചീകിയ ചുരുളൻ മുടിക്കാരനും ആണ് ആ പുതിയ ട്രൂപ്പിലെ  പ്രധാന പാട്ടുകാർ. ചുരുളൻ മുടിക്കാരൻ്റെ  പേര് കുളത്തൂപ്പുഴ രവി എന്നാണെന്നു അനൗണ്സ്മെന്റിൽ നിന്നു  മനസ്സിലായി.  ഞങ്ങളുടെ ജില്ലയിൽ ആയിടെ പ്രസിദ്ധമായിത്തുടങ്ങിയ ഒരു പേരാണത്. അയാളെ ആദ്യമായി കാണുകയാണ്. നീലപ്പൊന്മാനേ, കാട് കറുത്ത കാട് തുടങ്ങി അക്കാലത്തെ സലിൽ ചൗധരിയുടെ ഹിറ്റ് ഗാനങ്ങൾ ആണ് പാടുന്നത്. 

രവീന്ദ്രൻ

പിന്നെ കുറേക്കാലം കഴിഞ്ഞപ്പോൾ പി ജെ ആന്റണിയുടെ ഒരു കഥ 'ചൂള' എന്ന പേരിൽ സിനിമാപ്രവർത്തകർ സിനിമയാക്കിയപ്പോൾ അതിൻ്റെ  സംഗീതസംവിധാനം നിർവഹിച്ച കുളത്തൂപ്പുഴ രവിയെ 'കുളവും പുഴയും ഒക്കെ മാറ്റി' രവീന്ദ്രൻ എന്ന് പേര് വയ്ക്കാൻ നിർബ്ബന്ധിച്ചത് യേശുദാസ് ആണ് എന്ന് സിനിമാമാസികകളിൽ നിന്ന് വായിച്ചറിഞ്ഞിരുന്നു.  അന്ന് മുതൽ രവീന്ദ്രൻ ആയതാണ്. . ''താരകേ  മിഴിയിതളിൽ കണ്ണീരുമായ് ......" എന്ന ചൂളയിലെ പാട്ട് കേരളം ഏറ്റെടുത്തുവെങ്കിലും പിന്നെ ഇതു വരെ ഒരു പടവും സംഗീതം ചെയ്യാൻ  കിട്ടിയില്ല. സംഗീതസംവിധായകൻ ആയതോടെ ആരും പാടാനും വിളിക്കുന്നില്ലെന്നു മാത്രമല്ല പാട്ടിനു അവസരങ്ങൾ തേടാനും പറ്റുന്നില്ല. ആകെയുള്ള ആശ്വാസം ഡബ്ബിങ് ആണ് . ചിലപ്പോഴൊക്കെ മദ്രാസ് ദൂരദർശനിൽ പാട്ടു പാടാനോ ഗാനമേള അവതരിപ്പിക്കാനോ അവസരം കിട്ടും. അദ്ദേഹത്തിൻ്റെ  ഓർക്കസ്ട്രയിലുള്ള ഇരട്ട സഹോദരന്മാർ എൻ്റെ  സുഹൃത്തുക്കളാണ്. ആ രവീന്ദ്രനാണ്   ഞങ്ങളൊക്കെ രവിയേട്ടാ എന്ന് വിളിക്കുന്നതും കേട്ട് സിഗരറ്റും വലിച്ച് അവിടെ കടത്തിണ്ണയിൽ നിൽക്കുന്നത്. 'ഈ സാധനം കുഴപ്പമാ'ണെന്ന്  സിഗരറ്റു ചൂണ്ടി ബ്രഹ്മാനന്ദൻ ഇടയ്ക്കിടെ പറയും. 

ഒരു ദിവസം രവിയേട്ടൻ പറഞ്ഞു : ''ഞാൻ  വഴിയേ പോകുമ്പോൾ   പിന്നിൽ നിന്ന് കൈ കൊട്ടിയോ ശൂ ശൂ എന്ന് ശബ്ദം ഉണ്ടാക്കിയോ ആരെങ്കിലും വിളിച്ചാൽ ഞാൻ തിരിഞ്ഞു നോക്കാറില്ല''. എന്നിട്ടു ഒരു സിഗരറ്റും വലിച്ചു അനന്തതയിലേക്ക് നോക്കി നിന്നു. 

പിറ്റേ ദിവസം അതെ  സമയം.അപ്പോഴാണ് ജോസ് വന്നത്. രവിയേട്ടന്റെ കൂടെ തബലയും ഗിറ്റാറും വായിക്കുന്ന ഇരട്ടസഹോദരന്മാരാണ് ജോസ്  സഹോദരന്മാർ. അവരുടെ ജ്യേഷ്ഠൻ സെബാസ്ത്യനും വടുതലക്കാരൻ വിനോദും ഞാനും ഹോട്ടൽജോലിക്കാരനായ ഒരു നമ്പൂതിരിയും ആളൊന്നുക്ക് മാസം പത്തു രൂപ വീതം കൊടുത്തു  ഒരു ഓലക്കുടിലിൽ  ഒരു മാസം താമസിച്ചിട്ടുണ്ട്. അതിന്നു ശേഷം ആണ് ഞാൻ തൃക്കുന്നപ്പുഴ വിജയകുമാറിന്റെ ഓഫീസിൽ താമസമാക്കുന്നത്. വാടക കൊടുക്കേണ്ടതില്ല എന്നതായിരുന്നു പ്രധാന ആകർഷണം. 

ജോസ് വന്നയുടനെ അവർ ഒന്നിച്ചു ലീലാനിലയം ഭാഗത്തേക്ക് നടന്നു. കുറച്ചു ചുവട്ട കൾ നടന്നപ്പോൾ ബ്രഹ്മാനന്ദൻ ശ്..ശ്...എന്ന് ശബ്ദം ഉണ്ടാക്കി. രവിയേട്ടൻ തിരിഞ്ഞു നോക്കി. ബ്രഹ്മാനന്ദൻ ഒരു കുസൃതിച്ചിരി ചിരിച്ചു. രവിയേട്ടനും ഒരു ചമ്മിയ ചിരി ചിരി ചിരിച്ചിട്ട് ജോസിനൊപ്പം നടന്നു. 

പതിവ് പോലെ ബ്രഹ്മാനന്ദന് പാട്ടുകൾ തീരെ ഇല്ലാത്ത കാലം. കെ.കെ.നഗറിലെ ബോബ്‌ളി രാജാ തെരുവിൽ ആണ് അദ്ദേഹം താമസിക്കുന്നത്. ഒരിക്കൽ അവിടെ ചെന്നപ്പോൾ കേരളത്തിൽ നിന്നുള്ള ഈട്ടി ത്തടിയിലുള്ള ശിൽപ്പങ്ങളുടെ വലിയ പായ്ക്കുകൾ കണ്ടു. മദിരാശിയിലെ വിവിധ കരകൗശല ഷോറൂമുകളിൽ സപ്ലൈ ചെയ്യാൻ ഉള്ളതായിരുന്നു അവ. മദിരാശിയിൽ ബ്രഹ്മാനന്ദൻ കഴിഞ്ഞിരുന്നത് അങ്ങനെയാണ്. ആണ്ടിലൊരിക്കലോ മറ്റോ ഒരു പാട്ടു കിട്ടും. സാദാ പ്രസന്നവദനനായി മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു. 
ഒരിക്കൽ എന്നോട് ബ്രഹ്മാനന്ദൻ പറഞ്ഞു : 
സലീമേ, സലിം വഴിയേ നടന്നു പോകുമ്പോൾ ആരും കൈകൊട്ടി വിളിച്ചിട്ട്  സലീമേ ഇതിലെ വാ ഒരു പടം ഡയറക്റ്റ് ചെയ്തിട്ട് പോ എന്ന് പറയില്ല. അന്വേഷിച്ചു കൊണ്ടേയിരിക്കണം. 

പിന്നൊരിക്കൽ അദ്ദേഹം പറഞ്ഞു : ഭരതന്റെ അസിസ്റ്റന്റ് ജോർജ് കിത്തുവിന് ഒരു പടം ഉണ്ട്. നുങ്കമ്പാക്കത്ത് രാജ് ഹോട്ടലിൽ  ചെന്ന് കിത്തുവിനെ അന്വേഷിച്ചാൽ മതി. ഞാൻ പറഞ്ഞതാണെന്ന് പറയണം. 

രതീഷ്

ഞാൻ നുങ്കം പക്കത്തു രാജ് ഹോട്ടലിൽ എത്തി കിത്തുവിൻ്റെ  മുറി കണ്ടു പിടിച്ചു. അവിടെ ചെന്നപ്പോൾ പരിചയമില്ലാത്ത നാലഞ്ചു പേരുടെ ഇടയിൽ ഒരാളെ ഞാൻ തിരിച്ചറിഞ്ഞു  : പി.കെ.എബ്രഹാം. അക്കാലത്തെ പ്രശസ്ത നടൻ. 

കിത്തുവിനോട്  കാര്യം പറഞ്ഞു. പക്ഷെ പടം ഉടനെ ഇല്ല, തുടങ്ങിയാൽ അറിയിക്കാം എന്ന് പറഞ്ഞു. കുറച്ച സമയം ഞാൻ ആ മുറിയിൽ ഇരുന്നു. അതിബിടെ ഒരു ചെറുപ്പക്കാരൻ - പൂച്ചക്കണ്ണൻ, തടിച്ചു ഉയരമുള്ള ആൾ മുറിയിലേക്ക് കയറി വന്നു വന്ന പാടെ എല്ലാവരുടെയും മുമ്പിൽ നിന്ന്  പാന്റ് ഊരി  അയയിൽ ഇട്ടിട്ടു  ലുങ്കി എടുത്തുടുത്തു. ആ ആളിനെയും ഞാൻ തിരിച്ചറിഞ്ഞു - രതീഷ്. രതീഷ് മൂന്നോ നാലോ പടങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ. രതീഷും  അവിടെയാണ് താമസിക്കുന്നത് .....   ജോർജ്ജ് കിത്തുവിന്റെ ആ പടം നടന്നില്ല. പിന്നെയും കുറേക്കാലം കഴിഞ്ഞിട്ടാണ് 'ആധാരം' വരുന്നത്. 
രവിയേട്ടനെയും ബ്രഹ്മാനന്ദനെയും മിക്കവാറും കണ്ടു.ഇപ്പോൾ ശ്രീനിവാസനെ കാണാനില്ല. തിരക്കഥയെഴുത്തും  തുടങ്ങിയത്രേ. അവരെ ആരെയും ഞാൻ പിന്നീട് കണ്ടിട്ടില്ല. 
പി.കെ.ഏബ്രഹാം

ഞാൻ മദിരാശിയിൽ നിന്നും തിരികെ വന്നു പന്തളത്തു ഒരു പാരലൽ കോളജിൽ പഠിപ്പിക്കുന്നു. വർഗ്ഗീസ് ചെമ്പോല, അജിത് കുമാർ എന്നീ സുഹൃത്തുക്കളും ഒത്ത് എം.എസ്‌ .എം കോട്ടജ് എന്ന ഒരു ലോഡ്ജിൽ ആണ് താമസിക്കുന്നത്.ഞാനും വർഗ്ഗീസ്    ചെമ്പോലയും കൂടി സിനിമ കാണാൻ പോകാറുണ്ട് . കുളനടയിലുള്ള തിയേറ്റർ ആണ്. പേര് ഓർമ്മയില്ല.  സിനിമയുടെ പേര് മറക്കില്ല.  'തേനും വയമ്പും'.  ഹാളിൽ കയറി. സിനിമ തുടങ്ങി. ടൈറ്റിലുകൾ  തെളിഞ്ഞപ്പോൾ  സന്തോഷത്തോടെ ആ പേര് വായിച്ചു : സംഗീതം രവീന്ദ്രൻ.
--
പിന്നെ ഒരിക്കലും രവിയേട്ടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിൻ്റെ രവീന്ദ്രനായി, രവീന്ദ്രൻമാഷായി അദ്ദേഹം നമ്മളെയെല്ലാം സമ്മോഹനംചെയ്തു കൊണ്ടേയിരുന്നു.
 
തേനും വയമ്പും റിലീസായി  പിന്നെയും മൂന്നാലു വർഷങ്ങൾ കഴിഞ്ഞാണ് രവീന്ദ്രൻ രണ്ടാമത് സംഗീതസംവിധാനം ചെയ്ത 'പൗർണമി രാത്രികൾ'എന്നു  പേരു മാറ്റി 'പാതിരാപ്പക്ഷി' റിലീസ് ആയത്.. ആ പടത്തിൻ്റെ  ഏറ്റവും വലിയ പ്രത്യേകതയും രവീന്ദ്രൻ്റെ  സംഗീതമാണ്. 'പൗർണമി രാത്രി'യിലെ പാട്ടുകൾ യൂട്യൂബിൽ ലഭ്യമാണ്. 

(COPYRIGHT RESERVED)
 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം