ഉയരങ്ങളിലേക്കുള്ള വഴി മുടങ്ങിപ്പോയ ഗാൽബർട്ട് വിൻസെന്റ്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
..
അന്നു രാവിലെ പതിവിലും നേരത്തെ ഉണർന്നു. നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്. വാട്സ് ആപ്പിൽ സ്റ്റാറ്റസുകൾ നോക്കി. കുറേദിവസങ്ങൾക്കു ശേഷം ആണ് ഗാൽബർട്ടിന്റെ സ്റ്റാറ്റസ് വന്നത്. അത് നോക്കിയപ്പോൾ ആദ്യം അമ്പരന്നു. ഗൽബർട്ടിന്റെ ഫോട്ടോയും ആദരാഞ്ജലികൾ എന്ന കുറിപ്പും. പിന്നെ ശവസംസ്‌കാരം ഇന്ന് മൂന്നു മണിക്ക് ആലുവ സെന്റ് ഫ്രാൻസിസ് പള്ളിയിൽ എന്നും. ആദ്യം വിചാരിച്ചത് ഗൽബർട്ട് തന്നെ ഒരു കുസൃതി ഒപ്പിച്ചതായിരിക്കും എന്നാണ്. ഒടുവിൽ ആ വിവരവുമായി പൊരുത്തപ്പെട്ടു. ഗാൽബർട്ട് ഇനി ഇല്ല. ഞാൻ ജമാലിന്റെ വിളിച്ചു. ഗൽബർട്ടിന്റെ കാര്യം അറിഞ്ഞോ എന്ന് ചോദിച്ചു. ജമാൽ അറിഞ്ഞിട്ടില്ല. ഞാൻ വിവരം പറഞ്ഞു. ജമാലിനും വിശ്വസിക്കുവാൻ കഴിഞ്ഞില്ല. കുറേക്കഴിഞ്ഞു ജമാൽ തിരിച്ചു വിളിച്ചു. ജമാൽ ആലുവയിലേക്കു പോകുന്നുണ്ട്. ഇത് ടൈപ്പ് ചെയ്യുമ്പോൾ ഞാൻ ജമാലിനെ വിളിച്ചു. ജമാൽ ട്രെയിനിൽ ആണ്.
1978 ൽ ജമാലുമൊത്താണ് ഞാൻ ആദ്യം ഗാൽബർട്ടിനെ കാണുന്നത്. അതിനിടെ ലോകപ്രശസ്തമായിക്കഴിഞ്ഞിരുന്ന 'അഗ്രഹാരത്തിൽ കഴുത'യുടെ കലാസംവിധായകൻ ആണ് ഗാൽബർട്ട് എന്ന് ജമാൽ പറഞ്ഞു. ജമാൽ ആ പടത്തിൽ ഗാൽബർട്ടിന്റെ അസിസ്റ്റന്റ് ആയിരുന്നു.
ഗാൽബർട്ട് 'അഗ്രഹാരത്തിൽ' കഴുതയുടെ കലാസംവിധായകൻ മാത്രമായിരുന്നില്ല. സഹസംവിധായകനും അഭിനേതാവും ആയിരുന്നു. മറ്റു രണ്ടു സഹസംവിധായകൻ ശ്രീകുമാറും രവീന്ദ്രനും (പിൽക്കാലത്ത്യ് കഴുത രവി എന്ന് അറിയപ്പെട്ടു) ആയിരുന്നു. അവരും ഇപ്പോൾ ഇല്ല. കുമാറേട്ടനെയും രവിയേട്ടനെയും പിൽക്കാലത്തു പരിചയപ്പെട്ടു. കുമാറേട്ടനോടൊത്തു പ്രവർത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്.
ഷൂട്ടിങ്ങിനു വേണ്ടുന്ന കഴുതയുടെ തലയോട് അന്വേഷിച്ചു മദിരാശിയുടെ പ്രാന്തപ്രദേശത്തെ ഗ്രാമങ്ങളിൽ 'ഈയിടെയെങ്ങാനും ഇവിടെയടുത്ത് ഒരു കഴുത ചത്തതായി അറിയാമോ' എന്ന് അന്വേഷിച്ചു നടന്ന് ഒടുവിൽ കണ്ടെത്തിയ ടീമിൽ കുമാറേട്ടനും രവിയേട്ടനും ഗാൽബർട്ടും ഉണ്ടായിരുന്നു.
കോടമ്പാക്കം ഓവർബ്രിഡ്ജിനടുത്ത് ഗാൽബർട്ട് (ഞങ്ങളുടെ ഗിൽബി) താമസിക്കുന്ന മുറിയിൽ ജമാലുമൊത്ത് പലതവണ പോയിട്ടുണ്ട്. ചുവരിലെ കലാകൃതികളിൽ എന്നെ വല്ലാതെ ആകർഷിച്ച ഒരു ചിത്രം. അതൊരു'കൊളാഷ്' ആയിരുന്നു. അതെന്താണെന്ന് ഗാൽബർട്ട് വിശദീകരിക്കുമ്പോൾ കലാകാകാരനായ ഗാൽബർട്ടിനോടുള്ള എന്റെ സ്നേഹം കൂടിക്കൂടി വന്നു.
ഇസ്തിരിയിട്ടു മിനുക്കിയ വൃത്തിയുള്ള വേഷത്തിൽ മാത്രമേ ഗാൽബർട്ടിനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഏറ്റവും ഒടുവിൽ കാണുമ്പോൾ അക്കാലത്ത് ഫാഷൻ ആയിരുന്ന വെള്ള പാന്റ്സും ചുവന്ന ഷർട്ടും ആയിരുന്നു വേഷം.
1982 ജനുവരിയിൽ ഞാൻ കോടമ്പാക്കം വിട്ടു. ജോൺ എബ്രഹാം എന്ന് കേൾക്കുമ്പോഴും വായിക്കുമ്പോഴും ഒക്കെ ഗാൽബർട്ടിനെയും ഓർക്കുമായിരുന്നു. ഒരു വർഷം മുമ്പാണ്, ജമാലുമായി സംസാരിച്ചപ്പോൾ ഗൽബർട്ടിനെപ്പറ്റി ചോദിച്ചു. ജമാൽ നമ്പർ തന്നു. വിളിച്ചു കുറേ നേരം സംസാരിച്ചു. നാട്ടിൽ വരുമ്പോൾ കാണാം എന്ന് ഞാൻ പറഞ്ഞു. അത് നടന്നില്ല. രണ്ടു ദിവസം മുമ്പ് ഗാൽബർട്ടിനെ വിളിക്കാമെന്ന് വിചാരിച്ചെങ്കിലും അത് കഴിഞ്ഞില്ല.
ഒരുപാട് ഉയരങ്ങൾ താണ്ടേണ്ടിയിരുന്ന പ്രതിഭാശാലിയായ കലാകാരൻ ആയിരുന്നു ഗാൽബർട്ട്. സിനിമാരംഗത്തെ തിന്മകളിൽ നിന്ന് ഒഴിഞ്ഞു നടന്നതിനാൽ ഗാൽബർട്ടിന്റെ വഴികൾ പലതും അടഞ്ഞു. എങ്കിലും വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചു ജീവിതം കലാനിർഭരമാക്കുവാൻ ഗിൽബിക്ക് കഴിഞ്ഞു.
നടൻ ദേവൻ ആദ്യമായി അഭിനയിച്ച 'നാദം' എന്ന സിനിമ (1984) സംവിധാനം ചെയ്തു. ടി വി ചന്ദ്രന്റെ 'ആലീസിന്റെ അന്വേഷണം' എന്ന ചിത്രത്തിന്റെ കലാസംവിധായകൻ ആയിരുന്നു. കലാസംവിധായകനായും, നടനായും ക്യാമറാമാനായും മലയാളം, തെലുങ്ക്, തമിഴ് സിനിമകളിൽ ഗിൽബി പ്രവർത്തിച്ചു. അരവിന്ദൻ, എ ബി രാജ്, പവിത്രൻ, കെ പി കുമാരൻ, ബി എൻ പ്രകാശ് എന്നിവർക്കൊപ്പമൊക്കെ ഗാൽബർട്ട് പ്രവർത്തിച്ചു.
.
കോടമ്പാക്കത്ത് സിനിമാപ്രേമികളായെത്തി ഒന്നുമല്ലാതായിപ്പോകുന്നവരെപ്പറ്റി അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് 'പൂജ്യം' എന്ന പേരിൽ ഒരു സിനിമ ഗാൽബർട്ട് പ്ലാൻ ചെയ്തിരുന്നു.
ReplyForward Add reaction |
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ