സിനിമാപ്രേമി (12) :: സിദ്ദിഖ് ഷമീറും ചോരക്കണ്ണുകൾ ഉള്ള മൊയ്തു പടിയത്തും

എസ്. സലിംകുമാർ       
 

1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ,പ്രൊഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം.



ഒരു ദിവസം ഇസ്മായിലിക്ക പറഞ്ഞു : ഇന്ന് ഒരു കത്ത് വന്നിട്ടുണ്ട്. മൊയ്തു പടിയത്തിന്റേതാണ് അദ്ദേഹവും മകനും വരുന്നുണ്ട്. ഇങ്ങോട്ടാണ് വരുന്നത്. മകൻ ഒരു ഡയറക്റ്ററുടെ കൂടെ സംവിധാനം പഠിക്കുവാൻ ചേരുന്നു. അതിനു മകനെ കൂട്ടിക്കൊണ്ടാണ് മൊയ്തു പടിയത്ത് വരുന്നത്.

ഞാൻ കുട്ടിക്കാലം മുതലേ കാണുന്നതാണ് മൊയ്തു പടിയത്ത് എന്ന പേര്. കുട്ടിക്കുപ്പായം എന്നൊരു സിനിമയുടെ കഥയെഴുതിയ ആളായിട്ടാണ് ആ പേര് ആദ്യം കണ്ടത്. സ്‌കൂൾ ലൈബ്രറിയിൽ മൊയ്തു പടിയത്തിൻ്റെ പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഒരിക്കൽ എൻ്റെ അതെ സ്‌കൂളിൽ പഠിക്കുന്ന കൊല്ലോട്ടിലെ അമ്മിണിക്കു ലൈബ്രറിപ്പുസ്തകം കിട്ടിയത് മൊയ്തു പടിയതിൻ്റെ 'ചോരക്കണ്ണുകൾ' എന്നൊരു പുസ്തകം ആയിരുന്നു. അത് ഞാൻ വാങ്ങിക്കൊണ്ടു പോയി വായിച്ചു അതിൽപ്പിന്നെ മൊയ്തു പാടിയതിൻ്റെ രൂപം എൻ്റെ ഉള്ളിൽ കുറച്ചു കൂടി വ്യക്തമായി: തടിച്ച ശരീരം, കൊമ്പൻ മീശ, ചോരക്കണ്ണുകൾ - ഇങ്ങനെയൊക്കെ ഉള്ള ഒരാൾ ആയിരുന്നു എൻ്റെ സങ്കൽപ്പത്തിലെ മൊയ്തു പടിയത്ത് .

ഒരു ദിവസം ഉച്ചതിരിയുന്നതിനു മുമ്പ് ഒരു മെലിഞ്ഞ മനുഷ്യനും കൗമാരം വിട്ടു മാറാത്ത ചെറുപ്പക്കാരനും കൂടി ഒറ്റവാടാ തെരുവിൽ ഇസ്മായിലിക്കയുടെ വീട്ടിൽ വന്നു. ആരാണെന്നൊന്നും എനിക്കറിയില്ല. സംസാരിക്കുമ്പോൾ കിതയ്ക്കുന്ന പൊടിമീശക്കാരനായ മധ്യവയസ്സു കഴിഞ്ഞ അയാൾ വെള്ള മുണ്ടും ഷർട്ടും ധരിച്ചിരിക്കുന്നു. സ്വപ്നം കാണുന്ന കണ്ണുകളുള്ള ചെറുപ്പക്കാരൻ വിലകൂടിയ ഷർട്ടും പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്.
മുതിർന്ന ആളിനെ ചൂണ്ടി ഇസ്മായിലിക്ക പറഞ്ഞു ഇതാണ് മൊയ്തു പടിയത്ത്:
ഇതാണോ മൊയ്തു പടിയത്ത്? !!
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എൻ്റെ മനസ്സിലുള്ള മൊയ്തു പടിയത്ത് വേറെ രൂപമുള്ള ആളാണല്ലോ. ചുരുങ്ങിയ പക്ഷം ആ ചോരക്കണ്ണുകൾ എങ്കിലും ഞാൻ പ്രതീക്ഷിച്ചു. അതൊന്നുമില്ല.
 
മൊയ്തു പടിയത്ത്

ആസ്ത്മയുള്ളതു കൊണ്ട് സംസാരിക്കുമ്പോൾ കിതപ്പുണ്ട്. ആകൃതിയിലും പ്രകൃതത്തിലും ഒരു സാധു മനുഷ്യൻ. മലയാളത്തിൻ്റെ ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാൾ. ഇത്രമാത്രം ലളിതമാവാൻ ഒരു നോവലിസ്റ്റിനു എങ്ങനെ കഴിയുന്നു എന്നതായിരുന്നു എൻ്റെ ചിന്ത. പോരെങ്കിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രശസ്ത തിരക്കഥാകൃത്തുമാണ്.അദ്ദേഹത്തിന്റെ മകൻ ഷമീർ. സിദ്ദിഖ് ഷമീർ. ആർട് ഡയറക്ടർ ജമാലും അവിടെയുണ്ട് . ഷമീറും ജമാലും ഞാനും പെട്ടെന്ന് തന്നെ കൂട്ടുകാരായി. പിൽക്കാലത്തു ഷമീർ ജേസിയുടെ അസിസ്റ്റന്റ് ആയി.

ജേസിയെ നായകനാക്കി മൊയ്തു പടിയത്ത് സംവിധാനം ചെയ്യുന്ന 'അല്ലാഹു അക്ബർ' എന്നൊരു ചിത്രം പൂർത്തിയാകാതെ ഉണ്ടായിരുന്നു. പിൽക്കാലത്ത് മൊയ്തു പടിയത്ത് അത് പൂർത്തിയാക്കിയെങ്കിലും വലിയ ബാനറുകൾക്കു വേണ്ടി അദ്ദേഹം കഥയെഴുതിയ ഉമ്മ, കുട്ടിക്കുപ്പായം തുടങ്ങിയ ചിത്രങ്ങളെപ്പോലെ അതൊരു സൂപ്പർഹിറ്റ് പോയിട്ട് ഹിറ്റ്‌ പോലും ആയില്ല. നിർമ്മാണം നീണ്ടു പോയത് കാരണമുള്ള കുഴപ്പങ്ങൾ പടത്തെ സാരമായി ബാധിച്ചു.

പിന്നെ ഇത് വരെ ഷമീർ എന്റെ പ്രിയ സുഹൃത്താണ്. ഏറ്റവും ഒടുവിൽ ഞങ്ങൾ കണ്ടത് തൃപ്പൂണിത്തുറയിൽ ഹിൽപാലസിൽ വച്ചാണ്. അക്കാലത്തു കൊച്ചി സർവകലാശാലയുടെ ആസ്ഥാനം ഹിൽ പാലസ് ആയിരുന്നു. മ്യൂസിയം തുടങ്ങിയിട്ടില്ല. യൂണിയവേഴ്സിറ്റിയുടെ കാമ്പസ് മാത്രം കളമശ്ശേരിയില്ല് ആയിരുന്നു. എനിക്ക് വേണ്ടപ്പെട്ട ഒരാളിന്റെ ഭാര്യയ്ക്ക് അക്കാലത്തു യൂണിവേഴ്സിറ്റിയില്ല് ജോലി ഉണ്ടായിരുന്നു. അവർക്കു ക്വാർട്ടേഴ്‌സ് കിട്ടിയത് താഴെ കുളക്കരയിലുള്ള എട്ടുകെട്ട് ആയിരുന്നു. ഞാൻ അന്ന് അവിടെയാണ് താമസം. ഷമീർ അവിടെ വന്നു എന്നെ കണ്ടു. ഞങ്ങൾ ഒരുമിച്ചു എറണാകുളത്ത് അവർ താമസിച്ചിരുന്ന ഹോട്ടലിൽ പോയി. അന്ന് മൊയ്തു പടിയത്തിനു ഏതോ സിനിമയുടെ ജോലി ഉണ്ടായിരുന്നത് കൊണ്ട് അവിടെ താമസിക്കുകയായിരുന്നു.

സിദ്ദിഖ് ഷമീർ

പിതാവിനെപ്പോലെ മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളായി അദ്ദേഹം പേരെടുത്തുവെങ്കിലും എഴുത്ത് തുടർന്നില്ല. മഴവിൽക്കൂടാരം, കടൽ, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. അക്കാലത്തൊക്കെ ഞാൻ ജയ്‌പ്പൂരിലായിരുന്നെങ്കിലും എഴുത്തുകളിലൂടെ ബന്ധപ്പെട്ടിരുന്നു.

ഇപ്പോഴും ഞങ്ങൾ നല്ല സൗഹൃദത്തിൽ ആണ്. 'സ്പന്ദനം' എന്നൊരു മാസിക ഷമീർ എഡിറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ എനിക്ക് കോപ്പികൾ അയച്ചു തരുമായിരുന്നു. വല്ലപ്പോഴും ഒക്കെ ഫോണിൽ ദീർഘനേരം സംസാരിക്കാറുണ്ട്. ഇനി നാട്ടിൽ പോകുമ്പോൾ ഷമീറിനെ കാണണമെന്ന് ഞാൻ തീർച്ചയാക്കിയിട്ടുണ്ട്. ഒരിക്കൽ നാട്ടിക വരെ പോയെങ്കിലും അതിനടുത്താണ് വലപ്പാട് എന്ന് അറിഞ്ഞുകൂടാത്തതിനാൽ ഷമീറിന്റെ അടുത്ത് പോകാൻ പറ്റിയില്ല.

സാഹിത്യ - സിനിമാ മേഖലകളികൾ ഇനിയും ഒരുപാടുകാര്യങ്ങൾ സിദ്ദിഖ് ഷമീറിന് ചെയ്യാനുണ്ട്. അതിനു എന്റെ പ്രിയ സുഹൃത്തിനു കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു - ആശംസിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം