സിനിമാപ്രേമി (11) :: ജി എസ് വിജയനും ശ്രീമൂലനഗരം വിജയൻ്റെ അതിഥിയും
എസ്. സലിംകുമാർ
1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ,പ്രൊഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം.
നളിനി ബേക്കലിൻ്റെ പ്രശസ്ത നോവൽ ആണ് തുരുത്ത്. അത് ഹരിഹരൻ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. 'തുരുത്തി'ൻ്റെ സ്ക്രിപ്ട് കോപ്പിയെടുക്കണം. അന്ന് ഫോട്ടോകോപ്പി ഒന്നും ഇല്ല. സഹസംവിധായകരുടെ ആദ്യ ജോലി സ്ക്രിപ്റ്റ് പകർത്തി എഴുതുകയാണ്. കാർബൺ വച്ച് മൂന്നോ നാലോ കോപ്പി എടുക്കും. അങ്ങനെ കോപ്പിയെടുക്കുന്ന ഒരു പണിയുണ്ടെന്നു പറഞ്ഞു എന്നെ അങ്ങോട്ട് വിട്ടത് ജമാൽ ആണ്. വിജയനും ശിവരാമനും (ശിവരാമൻ നങ്ങ്യാർകുളങ്ങര ഞാനും സ്ക്രിപ്ട് വീതിച്ചെടുത്ത് പകർത്തിയെഴുതിത്തീർത്തു).
കോടമ്പാക്കം ടെലിഫോൺ എക്സ്ചേഞ്ചിനടുത്ത് പ്രൊഡക്ഷൻ മാനേജർ കോട്ടായി ഭരതനും മറ്റും താമസിക്കുന്ന ഇടത്താണ് ജി.എസ് വിജയൻ താമസിക്കുന്നത്. ഭദ്രനും വിജയനും ഒരുമിച്ചായിരുന്നു താമസം. ഹരിഹരൻ്റെ ഫസ്റ്റ് അസിസ്റ്റന്റ് ആയിരുന്ന ഭദ്രൻ 'എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു' ചെയ്തു സ്വതന്ത്ര സംവിധായകൻ ആയി. അതിൻ്റെ ഷൂട്ടിംഗ് നടക്കുകയാണ് .ഇപ്പോൾ ഇപ്പോൾ അവിടെ വിജയൻ മാത്രമേയുള്ളൂ. എൻ്റെ കയ്യക്ഷരം അത്ര പോരെന്നു എനിക്കുതന്നെ അറിയാം. അത് വിജയനോട് പറഞ്ഞെങ്കിലും പെട്ടെന്ന് ജോലി തീർക്കണെമെന്നുള്ളതുകൊണ്ടാവാം വിജയൻ പറഞ്ഞു : റീഡബിൾ അല്ലേ ? പകർത്തുമ്പോൾ തെറ്റൊന്നും വരുത്താതിരുന്നാൽ മതി.
ജി.എസ് .വിജയൻ
ജി.എസ് .വിജയൻ 'ശരപഞ്ജര'ത്തിൻ്റെ സഹസംവിധായകൻ ആയിരുന്നു. ശരപഞ്ജരത്തിൽ ജയൻ കുതിരയെ മാലിഷ് ചെയ്യുന്ന ഷോട്ട് 'വേറെ ആൺകുട്ടികൾ' ചെയ്തതാണെന്ന് വിജയൻ പറഞ്ഞു. രണ്ടു ദിവസം വിജയൻ്റെ മുറിയിൽ ഇരുന്നു 'തുരുത്തി'ൻ്റെ സ്ക്രിപ്ട് പകർത്തി എഴുതി. (എന്തോ കാരണവശാൽ 'തുരുത്ത്' നിർമ്മാണം മുടങ്ങി). വിജയൻ്റെ അടുത്ത് നിന്നു പകർത്തെഴുത്തിൻ്റെ കാശും വാങ്ങി സുബ്ബരായനഗറിലേക്കു നടക്കുമ്പോൾ മുരളി മൂവീസിൻ്റെ ഓഫീസിനടുത്തു വച്ച് ഒരാൾ എന്നെ കണ്ടു ചിരിച്ചു. എനിക്ക് അയാളെ പരിചയം ഇല്ല.
'മലയാളി ആണോ" അയാൾ ചോദിച്ചു
"അതെ'
'എനിക്ക് ഒരു ഉപകാരം ചെയ്യുമോ?'
'എന്താ?'
നമ്മുടെ ശ്രീമൂലനഗരം വിജയൻ താമസിക്കുന്നത് എവിടെയാണെന്ന് അറിയാമോ?
'അറിയാം'
'ഞങ്ങൾ നാട്ടുകാരാണ് ആണ്. ഇവിടൊക്കെ ചോദിച്ചിട്ടു അവർക്കൊന്നും അറിയില്ല'
'എനിക്ക് അറിയാം'.
പരിചയക്കാരോ ബന്ധുവോ സുഹൃത്തോ ആവാം.
ശ്രീമൂലനഗരം വിജയൻ
ശ്രീമൂലനഗരം വിജയൻ എന്ന പേര് മദ്രാസിൽ വരുന്നതിനുമുമ്പ് തന്നെ എനിക്കു പരിചയമാണ്. മദ്രാസിൽ എത്തിയതിനു ശേഷം പല തവണ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഓഫിസിൽ ഒരിക്കൽ അദ്ദേഹം വന്നിട്ടുണ്ട്. അപ്പോഴാണ് പരിചയപ്പെടുന്നത്. കുട്ടിക്കാലം മുതലേ കേൾക്കുന്ന പേര് ആണ്. കാളിദാസ കേന്ദ്രത്തിൻ്റെ നാടകപ്പരസ്യങ്ങളിലോ പത്രവാർത്തകളിലോ ഒക്കെയാണ് ആ പേര് ആദ്യം കേൾക്കുന്നത്. കേരളത്തിലെ പ്രശസ്തരായ നാടകനടന്മാരിൽ ഒരാൾ ആയിരുന്ന അദ്ദേഹം ചില സിനിമകൾക്കു പാട്ടെഴുതിയിട്ടുണ്ട്.
അദ്ദേഹം അഭിനയിച്ച 'അച്ഛനും ബാപ്പയും', പിക്‌നിക് മുതലായ ചില സിനിമകൾ പത്തനാപുരം പിക്ച്ചർപാലസിൽ കണ്ടിട്ടുണ്ട്. ചില സിനിമകളുടെ ടൈറ്റിലിൽ തിരക്കഥ-സംഭാഷണം ശ്രീമൂലനഗരം വിജയൻ എന്നും കണ്ടിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. അതിൻ്റെ വാർത്ത പത്രങ്ങളിലും നാന, ഫിലിം മാഗസിൻ മുതലായ പ്രസിദ്ധീകരണങ്ങളിലും കണ്ടതാണ്. താമസിക്കുന്ന ഇടം എനിക്കറിയാം. ശ്രീകുമാർ എന്ന അസ്സോസിയേറ്റ് ഡയറക്റ്റർക്കൊപ്പം ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയിട്ടുണ്ട്. മുരളി മൂവീസിൻ്റെ ഓഫീസ് കഴിഞ്ഞു വലത്തോട്ട് തിരിയുന്ന വഴിയേ പോയി വളവു തിരിഞ്ഞു ചെന്നാൽ ഇടതുവശത്തു ഒരു വീട്. അദ്ദേഹം മാത്രമാണ് അവിടെ താമസിക്കുന്നതെന്നു തോന്നുന്നു.
വഴി ചോദിച്ച ആളിന് ഞാൻ കൃത്യമായി വിജയേട്ടൻ്റെ വീട് കാണിച്ചു കൊടുത്തു. അവിടെ ചെല്ലുമ്പോൾ വിജയേട്ടൻ അവിടെയുണ്ട്. ഞാൻ പറഞ്ഞു :
ഇദ്ദേഹം വിജയേട്ടനെ അന്വേഷിച്ചു വന്നതാണ്.
വിജയേട്ടൻ അയാളെക്കണ്ടതും മുഖം മങ്ങുന്നതും എന്നെ വല്ലാതെ നോക്കുന്നതും എനിക്ക് ഫീൽ ചെയ്തു. അവിടെ അധികം നിൽക്കാതെ തിരികെ ഞാൻ സുബ്ബരായനഗറിലേക്കു നടന്നു. അവിടെയാണ് ഞാൻ താമസിയ്ക്കുന്നത്. പക്ഷെ വിജയേട്ടൻ്റെ മുഖഭാവവ്യത്യാസം എന്നെ വേട്ടയാടി. എന്തോ തെറ്റ് ചെയ്തതു പോലെ എനിക്ക് തോന്നി. വഴി ചോദിച്ചു വന്നയാളോട് നീതി പുലർത്തിയെങ്കിലും അത് വിജയേട്ടന് അസൗകര്യമായി എന്നെനിക്കു തോന്നി.
വഴി ചോദിച്ചു വന്ന അയാൾ ആരായിരുന്നു ? വിജയേട്ടൻ്റെ കടക്കാരിൽ ആരെങ്കിലും ആയിരുന്നോ? അതോ നാട്ടിൽ നിന്ന് ഇടം തേടി വന്ന ആരെങ്കിലും? നാട്ടിലുള്ളവരുടെ വിചാരം സിനിമാക്കാർ എല്ലാവരും സുഖസുഭിക്ഷമായി ജീവിക്കുന്നു എന്നാണു. നാട്ടിൽ നിന്ന് വന്ന അയാൾ തന്റെ അസൗകര്യങ്ങൾ അറിഞ്ഞാലുണ്ടാകുന്ന മാനസികവൈഷമ്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് കഴിയും. അങ്ങനെ വല്ലതും ആണോ? വിജയേട്ടൻ്റെ മുഖത്തെ ആ ഭാവമാറ്റം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിക്കൊണ്ട് ഇപ്പോഴും കൂടെയുണ്ട്.
പിന്നീട് പലപ്പോഴും കാണുമ്പോൾ വിജയേട്ടന് എന്നോട് ചെറിയൊരു നീരസം ഉള്ളത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഏതോ ഒരു ഏടാകൂടത്തിനു തൻ്റെ വീട്ടിലേക്കുള്ള വഴികാട്ടിയതിന് ആയിരിക്കാം.
'എൻ്റെ ഗ്രാമം' ഷൂട്ടിങ് തുടങ്ങുന്നുവെന്നു പറഞ്ഞത് ബ്രഹ്മാനന്ദൻ ആണ്. അപ്പോഴേക്കും വിജയേട്ടൻ വീട് മാറിക്കഴിഞ്ഞിരുന്നു. വാഹിനി സ്റ്റുഡിയോയുടെ പിൻഭാഗത്തെ റസിഡൻഷ്യൽ ഏരിയയിൽ ഉള്ള ആ വീട് ഞാൻ അന്വേഷിച്ചു കണ്ടുപിടിച്ചു ചെന്നു. അവിടെ ചെല്ലുമ്പോൾ 'എൻ്റെ ഗ്രാമം' എന്ന ചിത്രത്തിന്റെ ഔട്ഡോർ ഷൂട്ടിങ്ങിനു കേരളത്തിലേക്കു പോകാൻ അദ്ദേഹവും കൂട്ടരും തയ്യാറെടുക്കുകയാണ്.
അകത്തു നിന്ന് പാട്ടു കേൾക്കുന്നുണ്ട്. 'കല്പാന്തകാലത്തോളം' ... അവിടെയിരുന്നു പാടുന്നത് വിദ്യാധരൻ എന്നയാൾ ആണ്. അദ്ദേഹംതന്നെയാണ് 'എൻ്റെ ഗ്രാമ'ത്തി'ൻ്റെ സംഗീതസംവിധായകൻ എന്ന് അവിടെ ആരോ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് പാട്ടുകളിൽ ഒന്ന്. 'എന്റെ ഗ്രാമം' ഷൂട്ടിങ്ങും പോസ്‌റ്‌പ്രൊഡക്ഷനുമൊക്കെ നീണ്ടു പോയി. കുറെ താമസിച്ചാണ് പടം റിലീസ് ആയത് (1984 ). അപ്പോഴേക്കും ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേക്കു സിനിമ മാറിക്കഴിഞ്ഞിരുന്നു. എങ്കിലും പടം നഷ്ടമായില്ല എന്ന് തോന്നുന്നു. 'എൻ്റെ ഗ്രാമ'ത്തി';ൻ്റെ പാട്ടുകൾ എഴുതിയതും വിജയേട്ടൻ ആയിരുന്നു. വിജയേട്ടൻ്റെ ആ അതിഥി ആരായിരുന്നെന്ന് ഇപ്പോഴും എനിക്കറിയില്ല.
(Copyright Reserved)
Interesting
മറുപടിഇല്ലാതാക്കൂസിനിമാ ജീവിതകാലഘട്ടങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ഹൃദ്യം.തുടർരചനകൾ പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂ