34 വർഷങ്ങൾക്കു ശേഷം ദാമുവും ഞാനും

സ്. സലിംകുമാർ 



ദാമുവും ഞാനും. 34 വർഷങ്ങൾക്കു ശേഷം  ദാമുവും ഞാനും തമ്മിൽ കണ്ടു മുട്ടി. 1987ൽ വയനാട്ടിൽ വച്ചാണ് ഏറ്റവും ഒടുവിൽ ഞങ്ങൾ കണ്ടത്. അന്ന് ഞാൻ പനമരത്ത് അശോക് കുമാറിന്റെ മുറിയിൽ കേറിത്താമസിക്കുന്ന കാലമാണ്. ഒരു ദിവസം ഉച്ചയോടെ പനമരം ടൗണിലിറങ്ങിയ ഞാൻ നോക്കുമ്പോഴുണ്ട് അത്ഭുതം ! ദാമു എനിക്കെതിരേ നടന്നു വരുന്നു. ഞങ്ങൾക്കു രണ്ടാൾക്കും വലിയ സന്തോഷമായി. നാട്ടിൽ നിന്നു 300 മൈൽ ദൂരെയുള്ള വയനാട്ടിൽ വച്ചു ഞങ്ങൾ തമ്മിൽ യാദൃച്ഛികമായി കാണുകയാണ്. (അന്ന് അശോക് കുമാറിന്റെ മുറിയിൽ താമസിക്കുകയാണു ഞാൻ. പനമരം പാലത്തിന്റെയവിടുന്നു താഴേക്ക് ഇറങ്ങി ച്ചെല്ലുമ്പൊഴുള്ള ചങ്ങാടക്കടവിലെ മണൽവാരൽത്തൊഴിലാളികളെ എഴുത്തും വായനയും പഠിപ്പിക്കുകയായിരുന്നു എന്റെ വേല. പനമരം പുഴയിൽ കുളിക്കാൻ പോയപ്പോൾ പരിചയപ്പെട്ടതാണ് അവരെ. ക്ളാസിൽ വരുന്നവർ ദിവസം ഒരു രൂപ വീതം എനിക്കു തരും. വൈകിട്ട് പണികഴിഞ്ഞു ആളുകൾ എത്തിക്കഴിഞ്ഞാണ് ക്ളാസ്.)

 നീർവാരത്തു സ്കൂളിൽ ജോലി ചെയ്യുന്ന ഒരു ബന്ധുവിനൊപ്പമാണ് ദാമു താമസം. പിറ്റേന്ന് അവിടെയെത്തിയ ഞാൻ ദാമുവുമൊത്ത് കാട്ടിലൂടെ നടന്നു. കാടുകാണുക മാത്രമാണു ലക്ഷ്യം. രണ്ടാളും ആദ്യമായാണ് അതിലെയൊക്കെ പോകുന്നത്. കാടാണ്. ഒറ്റയടിപ്പാത എങ്ങോട്ടൊക്കെയോ നയിച്ചു. രണ്ടു കാട്ടുകുന്നുകൾ കഴിഞ്ഞപ്പോൾ വഴിയിൽ വച്ചു കണ്ട മൂന്നാം ക്ളാസിൽ പഠിക്കുന്ന വാസു പറഞ്ഞു: ഇനി മൂന്നാംകാടാ..മൂന്നാംകാട്ടിൽ മൂന്ന് ആനയുണ്ട്. പയ്യൻ ഞങ്ങളെ പേടിപ്പിച്ചിട്ട് കാട്ടിൽക്കയറി എങ്ങാട്ടോട്ടോ നടന്നു പോയി. 

അങ്ങനെ ആനപ്പേടിയോടെ മൂന്നാകാടും കഴിഞ്ഞു നടന്നു നടന്നു വനഭംഗിയിലലിഞ്ഞ് കുറുവദ്വീപിലെത്തി . അവിടൊക്കെ കറങ്ങി നടന്നിട്ടു വേറേവഴിക്കു കാട്ടിലൂടെ കറങ്ങി ത്തിരിഞ്ഞു വൈകുന്നേരത്തോടെ നീർവവാരത്തു തിരിച്ചെത്തി. വരും വഴിക്ക് പുഴക്കരയിലെ വന്മരത്തിന്റെ ചോട്ടിലിരുന്നു പുഴയിൽ ചൂണ്ടയിടുന്ന സ്കറിയയെ കണ്ടു. ദാമുവിന്റെ പരിചയക്കാരനാണ്. നീർവാരം ഹൈസ്കൂളിലെ ബയോളജി മാഷാണ്. ഒഴിവുസമയത്ത് ഒറ്റയ്ക്കു കാടുചുറ്റലോ ചൂണ്ടയിടലോ ആണ് മാഷിന്റെ ഹോബി. 

ഞാൻ നീർവാരത്തു നിന്നു നടന്നു നടന്നു പനമരത്തെത്തി. അതിനുശേഷം ദാമുവിനെ കാണുന്നത് ഇന്നലെ ബാംഗ്ലൂരിൽ വച്ചാണ്. കുറുമ്പകര യു പി സ്കൂളിൽ അഞ്ചാം ക്ളാസിൽ ചേർന്ന ആദ്യദിവസം മുതൽ ദാമു എന്റെ കൂട്ടുകാരനാണ്. എന്റെ തൊട്ടടുത്ത് ഇടതുവശത്ത് ദാമുവും വലതുവശത്ത് രാജേന്ദ്രനും. അന്നു തുടങ്ങിയ കൂട്ട് ഇന്നുമുണ്ട്. ദാമു ബാംഗ്ലൂരിൽ വന്നപ്പോൾ ഞങ്ങൾ കണ്ടു മുട്ടി. കുറച്ചു നേരം നഗരവനത്തിൽ കറങ്ങിനടന്നു. അതിനിടെ ഞങ്ങളുടെ സുഹൃത്തായ രുദ്രനെ വിളിച്ചെങ്കിലും കിട്ടിയില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും