സിനിമാപ്രേമി (15) :പി എൻ മേനോനും മക്കട ദേവദാസും 'കടമ്പ'യിലെ കൊല്ലന്റെ ആലയും ​എൻ്റെ ആദ്യത്തെ കോഴിക്കോട് യാത്രയും

എസ്. സലിംകുമാർ 


1978-1982 കാലത്ത് മദ്രാസിൽ
 സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. 
സഹസംവിധായകൻ,പ്രൊഡക്ഷൻ ബോയ്‌, 
മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് 
അങ്ങനെ പല പ്രവൃത്തികൾ. 
അന്നത്തെ അനുഭവങ്ങൾ 
അമ്പതോളം അധ്യായങ്ങളുള്ള 
ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. 
ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 
'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്.
പ്രശസ്തരും അപ്രശസ്തരുമായ
നിരവധി ആളുകളെ ഇതിൽ കാണാം

ഒരു ദിവസം വൈകുന്നേരം ആവാറായപ്പോൾ മക്കട ദേവദാസ് എന്നോട് പറഞ്ഞു : 
സലീമിന് കോഴിക്കോട് വരെ പോകാമോ?പോകുന്നെങ്കിൽ രാത്രിയിലെ ട്രെയിനിനു പോകണം. മേനോൻ സാറി​ൻ്റെ  ഒരു പടത്തിനു ഒരു കൊല്ല    ആല ഉള്ള ഇടം കണ്ടെത്തണം. എന്റെ വീട്ടിൽ ചെന്ന് ചേട്ടനോട് പറഞ്ഞാൽ മതി. ചേട്ടൻ ഇടം കണ്ടെത്തി ഏർപ്പാട് ചെയ്തു തരും. നാളെ  പി.എൻ.മേനോൻ കോഴിക്കോട്ടു കല്പക ടൂറിസ്റ്റ്  ഹോമിൽ ഉണ്ടാവും. ഇടം ഒക്കെ ചേട്ടൻ കൊണ്ടുപോയി കാണിക്കും.ഇങ്ങോട്ടുള്ള വണ്ടിക്കൂലി മേനോൻസാറു തരും.  

പി.എൻ.മേനോനെ എനിക്ക് പരിചയം ഉണ്ട്. ഡയറക്റ്റേഴ്സ് കോളനിയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പലതവണ പോയിട്ടുണ്ട് . 

അലക്കിയ ഷർട്ട് ഒന്നും ഇല്ല. അതിനും ദേവദാസ് പരിഹാരം ഉണ്ടാക്കി. ബാബുവിന്റെ ഒരു ക്രീം കളർ ജുബ്ബ തന്നു. 

ഞാൻ രാത്രിയിലെ ട്രെയിനിന് കോഴിക്കോട്ടേക്ക് പോയി. ആദ്യമായാണ് കോഴിക്കോട്ടേക്ക് പോകുന്നത്. യാത്ര ചെയ്യാൻ കിട്ടുന്ന ഒരു അവസരവും ഒഴിവാക്കുന്ന പരിപാടി പണ്ടുമുതലേ ഇല്ല. കോഴിക്കോട്ടിറങ്ങി ചെറുകുളത്തേക്കുള്ള ബസ് സ്റ്റോപ്പ് കണ്ടുപിടിച്ചു. അവിടുന്ന് ബസ്സു കിട്ടി. കക്കോടി വഴി ചെറുകുളത്തേക്ക് . ചെറുകുളത്ത്  എത്തുന്നതിനു ഒരു സ്റ്റോപ്പ് ഇപ്പുറമാണ് മക്കട. അവിടം കഴിഞ്ഞിട്ടാണ് ഞാൻ കൺടക്റ്ററോട് പറയുന്നത് മക്കട ആയാൽ പറയണമെന്ന്. കുറച്ചപ്പുറത്തു ചെറുകുളം. അവിടെ ബസ്സിറങ്ങി ദേവദാസിൻ്റെ   വീട് കണ്ടു പിടിച്ചു. ഒരു മാളികവീടാണ്. 

അവിടെ ചെന്നപ്പോൾ ആദ്യം കണ്ടത് ദേവദാസിൻ്റെ   ജ്യേഷ്ഠനെയാണ്. അദ്ദേഹത്തോട് വിവരങ്ങൾ പറഞ്ഞു. വേഗം പോയി കുളിച്ചിട്ടു വരാൻ പറഞ്ഞു തോർത്തും മാറിയുടുക്കാൻ മുണ്ടും തന്നു. പറമ്പിലെ ചെങ്കല്ല് കെട്ടിയ കുളത്തിൽ പോയി കുളിച്ചു. കുളത്തിൽ നിന്ന് കയറാൻ തോന്നിയില്ല. 
കുളികഴിഞ്ഞെത്തി ആഹാരവും കഴിച്ചു വർത്തമാനം പറഞ്ഞിരിക്കുമ്പോഴേക്കും മദിരാശിയിൽ നിന്ന് ദേവദാസിൻ്റെ   കൂട്ടുകാരൻ എത്തിയിരിക്കുന്നുവെന്നറിഞ്ഞു അയൽക്കാരായ സുഹൃത്തുക്കൾ വന്നു. അവർ തമ്മിൽ ചർച്ച ചെയ്തു കൊല്ലൻ്റെ   ആല ഉള്ള ഇടം ഏതാണെന്നും മറ്റും ചർച്ച ചെയ്തു. 
ഉച്ച കഴിഞ്ഞു ഞാനും ദേവദാസിൻ്റെ    ചേട്ടനും അദ്ദേഹ​ത്തിൻ്റെ രണ്ടു സുഹൃത്തുക്കളും കൂടി കോഴിക്കോട്ടേക്ക് പോയി. പോകും വഴി കക്കോടിയിലെ ഒരു ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിൽ കയറി. അവിടെയുള്ള ഒരു സുഹൃത്തിനെയും കൂട്ടി. 

പി എൻ.മേനോൻ

കല്പക ടൂറിസ്റ്റ്ഹോ മിൻ്റെ   മൂന്നാമത്തെ നിലയിലാണ് മേനോൻ്റെ   മുറി. ഞങ്ങൾ പടികയറിചെന്നപ്പോൾ ലിഫ്റ്റിനടുത്തുതന്നെ മേനോൻ നിൽക്കുന്നു. ലിഫ്റ്റിൽ നിൽക്കുന്ന ആരെയോ യാത്ര അയയ്ക്കുന്നു. ലിഫ്റ്റ് താഴേക്ക് നീങ്ങിയപ്പോൾ മിന്നായം പോലെ കണ്ടു : ലിഫ്റ്റിൽ എം.ടി വാസുദേവൻ നായർ  ആയിരുന്നു. 

മേനോനോട് വിവരങ്ങൾ പറഞ്ഞു. അദ്ദേഹം ഞങ്ങളെ റൂമിലേക്ക് കൊണ്ട് പോയി. അവിടെ പ​ടത്തിൻ്റെ   നിർമ്മാതാവ് ജോർജ്ജ്, ​'ത്രാസ​'ത്തി ൻ്റെ   സംവിധായകൻ  പടിയൻ (അഷ്‌റഫ് പടിയത്ത് - എറണാകുളത്ത്  സ്ട്രീക്കിങ് നടത്തിയ നാലു ലോ കോളജ് വിദ്യർത്ഥികളിൽ ഒരാൾ ആണ്  പടിയൻ​ ആണെന്ന് മദ്രാസിൽ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ), വേറെ ഒരാൾ എന്നിവർ ഉണ്ട്. പടത്തി    പേര് 'കടമ്പ' . മേനോൻ്റെ   അസിസ്റ്റന്റ് കമലി​ന്റേതാണ് കഥ. 

നാളെ ലൊക്കേഷൻ കാണാൻ പോകാമെന്നു മേനോൻ സമ്മതിച്ചു. എല്ലാവരുംകൂടി വരണ്ട, ആരെങ്കിലും ഒരാൾ ചെന്ന് ഇടം കാണിച്ചാൽ മതി. അദ്ദേഹവും നിർമ്മാതാവും ഒപ്പം വരും. ഞങ്ങൾ തിരികെപ്പോന്നു. 
പിറ്റേന്ന് ദേവദാസിൻ്റെ   ചേട്ടന്റെ സുഹൃത്ത് മേനോന്റെ അടുത്ത് പോയി.​അവർ ലൊക്കേഷൻ കണ്ടു തീർച്ചപ്പെടുത്തി. മേനോൻ അന്നത്തെ വണ്ടിക്കു തിരികെ മദ്രാസിനു പോവുകയാണ്.   റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ മേനോൻ പോകാൻ തയ്യാറായി അവിടെയുണ്ട്. ഫുൾ പൂസാണ്. ചിപ്സ് വാങ്ങിയതിനു വിലപേശി ചിപ്സ്കച്ചവടക്കാര    താടിക്കു  പിടിച്ചു സ്നേഹം പ്രകടിപ്പിച്ചിട്ടു വണ്ടി കാത്തു നിൽക്കുകയാണ് പി എൻ മേനോൻ.    ഞാൻ പറഞ്ഞു : എനിക്ക് തിരിക്കെപ്പോകാൻ വണ്ടിക്കൂലി സാർ  തരുമെന്നാണ് ദേവദാസ് പറഞ്ഞത്. 
മേനോൻ്റെ   വിധം മാറി. " ഒരു കുറിപ്പെങ്കിലും ദേവദാസ്  തന്നിരുന്നെങ്കിൽ ഞാൻ തരുമായിരുന്നു. അല്ലാതെ പൈസയൊന്നും തരാൻ പറ്റില്ല" 
ഞാൻ ദേവദാസിൻ്റെ   ചേട്ടൻ്റെ   മുഖത്തേ​ക്കു  നോക്കി. 
'സാരമില്ല .. നമുക്ക് പരിഹാരം ഉണ്ടാക്കാം" 


മക്കട ദേവദാസ്

ട്രെയിൻ വന്നു. പി എൻ.മേനോൻ  നന്നായി ചിരിച്ച് ഉറയ്ക്കാത്ത കാലുകളോടെ ട്രെയിനിൽ കയറി കൈ വീശി. 
ഞാൻ തിരികെ ദേവദാസിൻ്റെ   വീട്ടിലെത്തി.  ​ചേട്ടനൊപ്പം  അടുത്തുതന്നെയുള്ള ദേവദാസിൻ്റെ   ഭാര്യവീട്ടിലേക്കു പോയി. ദേവദാസിൻ്റെ   ഭാര്യ കോഴിക്കോട്ടെ ഒരു കോളജിൽ കൊമേഴ്‌സ് ലക്ച്ചറർ ആണ്. അവിടെ പോകണമെന്ന് ദേവദാസ്  പറഞ്ഞിരുന്നു.   

തിരികെ ദേവദാസിൻ്റെ   വീട്ടിലെത്തി. സുഹൃത്തുക്കൾ വീണ്ടും വന്നു. അവർ അടുത്തെവിടെയോ കുന്നിന്പുറത്തുള്ള ഒരു മൂപ്പൻ്റെയടുത്തു നിന്നു റാക്ക് വാങ്ങിയിരുന്നു. അത് കുടിച്ചു എല്ലാവരും കുറേനേരം വർത്തമാനം പറ​ഞ്ഞു  ഇരുന്നു. എനിക്ക് മുകളിലത്തെ നിലയിൽ ഉറങ്ങാൻ ഇടം തന്നു. അവിടെ ദേവദാസിൻ്റെ   ഒരു വലിയ പെയിൻറിംഗ് വച്ചിരുന്നു. മേനോൻ്റെ    പടങ്ങളിലെ നായികയായിരുന്ന ശോഭന (ചെമ്പരത്തി)യുടെ ചിത്രമാണ്.

വായിക്കാൻ ഒരു നോവലും കിട്ടി - ഡ്രാക്കുള. ഞാൻ ഡ്രാക്കുള ആദ്യമായി വായിക്കുകയാണ്. വായിച്ചുവായിച്ചുറങ്ങിപ്പോയി. 

പിറ്റേന്ന് ദേവദാസിൻ്റെ   ചേട്ടനോട് വണ്ടിക്കൂലിയും വാങ്ങി ഞാൻ നാട്ടിലേക്കു പോയി. ഒരു ദിവസം വീട്ടിൽ നിന്നിട്ടു തിരികെ മദ്രാസിലേക്ക് പോയി. 
'കടമ്പയുടെ' പബ്ലിസിറ്റി ഡിസൈനർ ദേവദാസ് ആയിരുന്നു. വിചാരിച്ചിരുന്നതിലും വൈകിയാണ് ആ പടത്തി​ൻ്റെ  ഷൂട്ടിങ്ങും റിലീസിംഗും ഒക്കെ നടന്നത്. 

മൂന്നാലു കൊല്ലം കഴിഞ്ഞു തൃപ്പൂണിത്തുറ ഹിൽപാലസിൽ 'അസ്ത്രം' എന്ന പടത്തിൻ്റെ   ഷൂട്ടിംഗ് നടക്കുമ്പോൾ പി എൻ മേനോനെയും കമലിനെയും കണ്ടു. കമൽ അന്ന് എന്നെ തിരിച്ചറിഞ്ഞു. മമ്മൂട്ടി നായകനായ ആ പടത്തിനും മേനോൻ്റെ   അസിസ്റ്റന്റ് കമൽ ആയിരുന്നു. 

ദേവദാസ് കുറച്ചു പടങ്ങൾക്കു ആർട്ട് ഡയറക്ടർ ആയിരുന്നു. പിൽക്കാലത് കുടുംബബന്ധം ശിഥിലമായി. വിവാഹം ഒഴിഞ്ഞു. അസുഖബാധിതനായി അവശനിലയിൽ ആണെന്നാണ് രണ്ടു​മൂന്നു  കൊല്ലം മുമ്പൊരിക്കൽ  ദേവദാസിൻ്റെ   പവിത്രൻ എന്ന സുഹൃത്ത് പറഞ്ഞത്. അദ്ദേഹം തന്നെ ദേവദാസിൻ്റെ   നമ്പർ തന്നു. ഞാൻ വിളിച്ചെങ്കിലും ദേവദാസ് എന്നെ തിരിച്ചറിഞ്ഞില്ല.  പോയി കാണണമെ​ന്നു  വിചാരിച്ചെങ്കിലും ഇതുവരെ കഴിഞ്ഞില്ല
.
 © COPYRIGHT RESERVED 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം