സിനിമാപ്രേമി (10) :: തീരാത്ത ബന്ധങ്ങൾ' 16mm :: ഒരു ദിവസത്തെ പ്രൊഡക്ഷൻ ബോയ് :: മുടങ്ങിയ ഷൂട്ടിങ്ങും ശശികലയും
എസ്. സലിംകുമാർ 1 978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ,പ്രൊ ഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം . 'തീരാത്ത ബന്ധങ്ങൾ'എന്നൊരു സിനിമ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. ഇതുവരെ സിനിമയൊന്നും എടുത്തിട്ടില്ലാത്ത ഒരു ഡോക്ടർ ആണ് നിർമ്മാതാവ്. കടൽത്തീരത്ത് വലിയൊരു ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുന്നത്. കഥ അദ്ദേഹത്തിന്റേതാണ്. തിരക്കഥയും സംഭാഷണവും വേലപ്പൻ എന്ന ഒരാൾ ആണ്. വേലപ്പനെ ഞാൻ കണ്ടിട്ടുണ്ട്. ഇസ്മായിലിക്കയുടെ സുഹൃത്ത് ആണ്. എപ്പോൾക്കണ്ടാലും വേലപ്പൻ കഥകൾ പറയും. സീൻ തിരിച്ച് സംഭാഷണങ്ങളോടെ ദീർഘനേരം കഥ പറയുന്ന വേലപ്പനെ കേട്ടിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ദീർഘമായ കഥപറച്ചിൽ കാരണം പലരും വേലപ്പനെ ഒഴിവാക്കിയിരുന്നു. വേലപ്പൻ പറയുന്നത്ര വിശദമായി കേട്ടിരിക്കാനുള്ള ക്ഷമ പലർക്കും ഇല്ലായിരുന്നു. 'തീരാത്ത ബന്ധങ്ങ...