എം.ജി.ശശി പറയുന്നു ........'ജാനകി'യെപ്പറ്റി



 
മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ഇടതുഭാഗത്ത് പൊതുസ്ഥലത്തു  തന്നെ കെട്ടി മേഞ്ഞ ഒരു കൂര കാണാം. കനിമൊഴിയുടെ വീടാണത്. കനിമൊഴിയും സഹോദരന്‍ അഴകനും അമ്മയും അമ്മയുടെ താല്‍ക്കാലിക ഭര്‍ത്താവായ മറ്റൊരാളുമൊത്ത്  ആ ഒറ്റമുറി കൂരയില്‍ താമസമാണ്. അമ്മികൊത്ത് , അണ്ണാനെ പിടിക്കല്‍, കച്ചറ പെറുക്കല്‍  ...തുടങ്ങി  പലവിധ നിത്യവൃത്തികള്‍. കാലത്തു തന്നെ കുടുംബസമേതം കള്ളുഷാപ്പില്‍ പോകലും പതിവാണ്.  കനിമൊഴിയാണ്  പിന്നീട് എന്‍റെ 'ജാനകി' ആയത്.
 
കനിമൊഴി/ജാനകി.. സഹോദരങ്ങല്‍ക്കൊപ്പം ഉച്ചയ്ക്ക് വീടിന്‍റെ  ഗേറ്റില്‍ വന്നു തട്ടി വിളിക്കും. ഭക്ഷണത്തിനു  വേണ്ടി.  ഒരു നേരം, രണ്ടാം ദിവസം, മൂന്നാം നാള്‍, ഒക്കെ ഭക്ഷണം കൊടുത്തു. പിന്നീടത്‌ എന്‍റെ ഭാര്യയ്ക്കും അമ്മയ്ക്കും ഞാനടക്കം വീട്ടിലാര്‍ക്കും തന്നെ പ്രായോഗികമായി മുന്നോട്ടു കൊണ്ടു പോകാവുന്ന ഏര്‍പ്പാടാണെന്ന് തോന്നിയില്ല.
 
"എന്നും വന്നാ ശര്യാവില്ല..വേറേ എങ്ങടെങ്കിലും പൊയ്ക്കോ" ... അടുത്ത മരച്ചില്ലകളില്‍ ചാടി കളിക്കുന്ന അണ്ണാനെ കണ്ടു കവണയെടുത്ത് ആ കുട്ടികള്‍ അങ്ങോട്ടോടി. എന്‍റെ കുട്ടികളെപ്പോലെയാണ് ഈ കുട്ടികളും എന്ന് എനിക്ക്‌  അറിയായ്കയല്ല.
 
വിഷുദിവസം സ്വന്തം വീടുകളില്‍ നിന്നു ഭക്ഷണം കഴിച്ചുവന്നു എന്‍റെ ചെറിയ മകനോടൊപ്പം അവന്‍റെ കൂട്ടുകാര്‍ മുറ്റത്തു ക്രിക്കറ്റ് കളിക്കുകയാണ്.  ആ കൂട്ടത്തില്‍ പക്ഷേ  അഴകനെയും ഞാന്‍ കണ്ടു. "അഴകന്‍ ഭക്ഷണം കഴിച്ചോ?'
"ഇല്ല" ഉച്ചത്തില്‍  പറഞ്ഞ്  ആകാവുന്ന ശക്തി സംഭരിച്ചു അഴകന്‍ ബൌള്‍ ചെയ്തു.  അന്നു അഴകന് ഭക്ഷണം കൊടുത്തത് ഒട്ടും തന്നെ  എന്‍റെ മാഹാത്മ്യമല്ല..  ഉമ്മറവാതിലിലൂടെ         കയറി വരാന്‍ മടിച്ച്, കസേരയില്‍ ഇരിപ്പുറയ്ക്കാതെ, അഴകന്‍ ഭക്ഷണം കഴിച്ചത് ഓര്‍ക്കുന്നു.
നാട്ടിലെ പൊതു പരിപാടികള്‍ക്ക് കനിമൊഴി മലയാളി പെണ്‍കൊടിയെപ്പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കും. ആരോ ഉപേക്ഷിച്ച പട്ടുപാവാട..ശരീരത്തില്‍ അയഞ്ഞു തൂങ്ങുന്ന  ജാക്കറ്റ്  .. ചന്ദനക്കുറി..തുമ്പു കെട്ടിയ മുടിയില്‍ തുളസിക്കതിര്‍...എല്ലാര്‍ക്കും പരിഹാസം. നാടോടി സംഘത്തിലെ പെണ്ണിന് ഈ ഗ്രാമത്തിന്‍റെ  സംസ്കാരവുമായി എന്തു ബന്ധം?
 
പല വീടുകളില്‍ പണിക്കു നിന്നു കനിമൊഴി. ആ ചെറിയ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പിന്നീട് നാട്ടില്‍ ശ്രുതി പറന്നു.  ഡോക്റ്ററെ സ്വകാര്യമായി  കണ്ടു ഗര്‍ഭം അലസിപ്പിച്ചത്രേ! കുറേ നാള്‍ കനിമൊഴിയെ ആരും കണ്ടില്ല.
 
പതിന്നാലാം വയസ്സില്‍ കനിമൊഴിയെ മറ്റൊരു നാടോടി സംഘത്തിലെ മാരിയപ്പന്‍ എന്ന ചെറുപ്പക്കാരന് 'മങ്ങലം" കഴിച്ചു കൊടുത്തു.  കല്യാണ ദിവസം വധൂവരന്മാര്‍ ഒഴികെ ബാക്കിയെല്ലാവരും കടത്തിണ്ണയില്‍ കള്ളുകുടിച്ചു കൂത്താടി.  വിവാഹപ്പിറ്റേന്ന്      കനിമൊഴി അവരുടെ കൂരയ്ക്ക് പിറകിലുള്ള പഞ്ചായത്തു കിണറ്റില്‍ ചാടി.  അവളെ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോയെന്നും  മരിച്ചു പൊയെന്നുമൊക്കെ പിന്നീടു  കേട്ടു. .  പിന്നെയാരും കനിമൊഴിയെ കണ്ടതേയില്ല.
 
ജാനകി എന്‍റെ മനസ്സില്‍ പിറവി എടുത്തു കഴിഞ്ഞിരുന്നു. ജാനകി സീത തന്നെയാണ്.  രാമായണത്തിലെ സീത. ഉഴവുചാലില്‍ നിന്നു വരികയും ഭൂമി പിളര്‍ന്നു മണ്ണിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യുന്ന സീത.  കനിമൊഴിയിലൂടെ സീതയിലൂടെ ജനകിയിലേയ്ക്കെത്തുകയായിരുന്നു. നമ്മള്‍ തിരിച്ചറിയുക! ജാനകി ഒരു പെണ്‍കുഞ്ഞാണ്. പനിച്ചു വിറയ്ക്കുന്ന ഒരു കുഞ്ഞിന്‍റെ ഉള്ളം കയ്യില്‍ സ്നേഹത്തോടെ ഒരു ഉമ്മ വയ്ക്കാനെങ്കിലും മനുഷ്യര്‍ക്ക്‌ കഴിയണം.
 
കുഞ്ഞുങ്ങള്‍ക്കു പ്രിയപ്പെട്ട, കുഞ്ഞുങ്ങളെ അത്യധികം സ്നേഹിച്ച ഗാന്ധിജിയുടെ ദര്‍ശനം കനിമൊഴിയോടൊപ്പം ചേര്‍ന്നപ്പോള്‍ രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്കാരികമായും അര്‍ത്ഥ തലങ്ങലുള്ള 'ജാനകി' എന്ന ഭൂമിപുത്രിയെക്കുറിച്ചുള്ള സിനിമയുടെ രൂപം തെളിഞ്ഞു വന്നു.  ശബ്ദവും ദൃശ്യവും ഉരുത്തിരിഞ്ഞു.
 
ബാല്യത്തിനോടുള്ള എന്‍റെയും നമ്മളുടെയുമൊക്കെ സ്വയം വിമര്‍ശനമാണ്, കുറ്റസമ്മതമാണ് 'ജാനകി ..ഭൂമി പുത്രി..'

(2010)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം