‘മനുഷ്യൻ മരിക്കുമ്പോൾ ഒരു തുള്ളി പുഴവെള്ളം അന്ത്യതീർത്ഥമാവുന്നു, പുഴകൾ മരിക്കുമ്പോൾ നാം എന്തു ചെയ്യുന്നു?” ഓ.വി.വിജയൻ
എസ്. സലിംകുമാർ
‘മനുഷ്യൻ മരിക്കുമ്പോൾ ഒരു തുള്ളി പുഴവെള്ളം അന്ത്യതീർത്ഥമാവുന്നു, പുഴകൾ മരിക്കുമ്പോൾ നാം എന്തു ചെയ്യുന്നു?” എന്ന് മലയാളത്തിന്റെ മഹാനായ നോവലിസ്റ്റ് ഓ.വി.വിജയൻ ഒരിക്കൽ എഴുതിയിട്ടുണ്ട്.
ജലസമൃദ്ധിയെപ്പറ്റി മലയാളികൾ ഊറ്റം കൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പുഴയിലെ കുളിയും വസ്ത്രം അലക്കും ഒക്കെ ഓർമ്മകളായി. 43 നദികൾ ഉണ്ടായിട്ടും മലയാളി കുടിവെള്ളത്തിന് കുപ്പിയെ ആശ്രയിക്കുന്നു. എല്ലാ നദികളും വരണ്ടു പോവുകയോ മലിനമാവുകയോ ചെയ്തു. കേരളത്തിലെ നദികളിൽ ഏറെയും പ്രത്യേകിച്ച് നഗരങ്ങളിലൂടെ ഒഴുകുന്ന നദികൾ യഥാർത്ഥത്തിൽ ഒഴുകുന്നില്ല.കെട്ടിക്കിടക്കു കയാണ്. ഇവയിലെ വെള്ളം കുടിക്കുന്നതു പോകട്ടെ, കുളിക്കാനോ ജലസേചനത്തിനുപോലുമോ ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ മലിനമായിട്ടുണ്ട്.
കേരളത്തിലെ നദികളിൽ എല്ലാം വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. മഴ പെയ്തു നദികളിൽ നിറയുന്ന ജലം ഏതാനും മിനുട്ടുകൾ കൊണ്ട് കടലിലേക്ക് ഒഴുകിപ്പോകുന്നു. മഴ കഴിഞ്ഞാൽ വീണ്ടും നദികൾ ദുർബ്ബലമാവുന്നു. ജലം ഇല്ലാതാവുന്നു. ഇത് തടഞ്ഞു ജലലഭ്യത വർഷം മൊത്തം ഉറപ്പു വരുത്താവുന്ന തരത്തിലുള്ള സംഭരണ വിതരണ രീതികൾ കൈക്കൊള്ളുവാൻ ദശകങ്ങളായി കേരളം ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ വർഷവും കേരളത്തിലെ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. മഴയെത്ര പെയ്താലും കേരളത്തിൽ ജലക്ഷാമമാണ്
കേരളത്തിലെ നദികൾ
ഇപ്പോൾ വൈകുന്നേരം വൈകുന്നേരം പെരുമഴയാണ്. ഈ വെള്ളമെല്ലാം നശിക്കാതെ നിലവിലുള്ള കുളങ്ങളിലും തടാകങ്ങളിലും കിണറുകളിലും മഴവെള്ള സംഭരണികളിലുമെല്ലാം ശേഖരിക്കപ്പെടുന്നുണ്ട്. പക്ഷെ ഇവയിൽ പലതിലും നിത്യോപയോഗത്തിനു ഉപയോഗിക്കാവുന്നത്ര മാലിന്യമുക്തമായ വെള്ളമല്ല ഉള്ളത്. ഭൂഗർഭജലം മുമ്പൊക്കെ മഴ പെയ്തു കഴിഞ്ഞാൽ കുളങ്ങളിലെ വെള്ളം നിറഞ്ഞാൽ കുടിക്കാനും കുളിക്കാനും കൃഷിനനയ്ക്കാനും ഒക്കെ അതുപയോഗിച്ചിരുന്നു.
കേരളത്തിൽ കോഴിക്കടകൾ എല്ലാ പ്രദേശങ്ങളിലും വന്നതിനു ശേഷം കോഴിവേസ്റ്റിൻ്റെയും മറ്റ് വ്യാപാരമാലിന്യങ്ങയുടേയും നല്ലൊരു ഭാഗവും തൊട്ടടുത്ത ജലസ്രോതസ്സുകളിൽ നിക്ഷേപിക്കപ്പെട്ടു വരുന്നു. ജൈവവും അജൈവവുമായ ഗാർഹിക മാലിന്യങ്ങളെക്കൂടാതെ വ്യവസായമാലിന്യങ്ങളും – ഖര മാലിന്യങ്ങളും രാസമാലിന്യങ്ങളും- നമ്മുടെ ജലസമ്പത്തിനെ മലീമസമീക്കുന്നു. കിണറുകൾ ഉപയോഗശൂന്യമായതു ജലനിരപ്പ് അനിയന്ത്രിതമാംവിധം താഴ്ന്നു പോയതു കൊണ്ടാണ്.
നൂറു ശതമാനം സാക്ഷരരായ നാം നദികളെ എങ്ങനെ നാം ഉപയോഗിക്കുന്നു എന്നറിയാൻ രാജ്യത്തെതന്നെ ആദ്യ സമ്പൂർണസാക്ഷരതാ നഗരമായി ഖ്യാതി നേടിയ കോട്ടയം പട്ടണത്തിലൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ സ്ഥിതി നോക്കുക. (ചെന്നൈയിലെ കൂവം നദിയുടെ ഇന്നത്തെ സ്ഥിതി നോക്കുക. നഗരത്തിൽപ്പെട്ടു പോകുന്ന നദികളുടെ അവസ്ഥ ലോകത്തെല്ലായിടത്തും ഇതൊക്കെ ത്തന്നെയാണ്. അപവാദങ്ങൾ ഉണ്ടായേക്കാം). നൂറു ശതമാനം സാക്ഷരമായ കേരളത്തിലുടനീളം കുടിവെള്ളസ്രോതസ്സുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമായിക്കിടക്കുമ്പോൾ കേരളത്തെ നൂറു ശതമാനം സാക്ഷരർ എന്ന് എങ്ങനെ പറയാനാവും? നമ്മുടെ ജലസാക്ഷരത എത്രയോ ശോചനീയമാണ്.
കേരളത്തിൽ പാറഖനനം വ്യാപകമായതോടെ ഒരുപാടു താഴ്ചകൾ രൂപപ്പെട്ടതിനാൽ ചുറ്റുപാടും ഉള്ള ഉയർന്ന പ്രദേശങ്ങളിലെ ജലം പാറമടകളിലേക്ക് ഒഴുകിയെത്തുന്നു. കേരളം മൊത്തം ഒരു വൻ നഗരത്തിൻ്റെ രീതിയിലേക്ക് മാറിയതോടെ കുഴൽക്കിണറുകളുടെ എണ്ണം വർധിച്ചു. ജലനിരപ്പ് ഒരുപാടു താഴോട്ടു പോയി.
മഴപെയ്താലും ജലം പ്രയോജനപ്പെടുത്തുവാൻ നമുക്ക് കഴിയുന്നില്ല. മുമ്പൊക്കെ കർഷകർക്ക് മഴ വേണമായിരുന്നു. ഇന്ന് മഴയില്ലെങ്കിലും കൃഷി നടക്കുന്ന ഇടങ്ങൾ ഏറെയുണ്ട്.പേമാരിയും വെള്ളപ്പൊക്കവും കടൽ ക്ഷോഭവും ഒക്കെ കേരളത്തിൽ കാലാകാലങ്ങളിൽ സംഭവിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിപരമായ രൂപീകരണത്തിനുതന്നെ മഴയുടെ സുപ്രധാന പങ്കുണ്ട്. പുരാതനകാലം മുതൽ തന്നെ കടൽ മാറി കരയായതിൻ്റെയും കര മാറികടൽ ആയത്തിൻ്റെയും ഭൂമിശാസ്ത്രപരമായും ചരിത്രരമായും ഉള്ള വസ്തുതകൾ ലഭ്യമാണ്. കന്യാകുമാരി, വിഴിഞ്ഞം, കൊല്ലം, പുറക്കാട്, നിരണം, കൊടുങ്ങല്ലൂർ, കൊച്ചി, കോഴിക്കോട്, പന്തലായനിക്കൊല്ലം, ഏഴിമല തുടങ്ങിയ പ്രദേശങ്ങൾക്കെല്ലാം കടൽക്ഷോഭവുമായി ബന്ധപ്പെട്ട ചരിത്രം ഉണ്ട്. ഈ തുറമുഖങ്ങൾ ഉണ്ടായതും ഇല്ലാതായതും ഒക്കെ പ്രളയവുമായി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബന്ധപ്പെട്ടിട്ടാണ്.
പതിന്നാലാം നൂറ്റാണ്ടിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം പൂർണമായും നശിക്കുകയും കൊച്ചിയിൽ തുറമുഖത്തിന് അനുയോജ്യമായ രീതിയിൽ ഭൂപ്രകൃതി മാറുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിലുണ്ടായ കടൽ ക്ഷോഭത്തിൽ കൊല്ലം തുറമുഖവും അതിനും മുമ്പ് വിഴിഞ്ഞം തുറമുഖവും കടൽ ക്ഷോഭത്തിലും പ്രളയത്തിലും നശിച്ചുവെന്നു ചരിത്രം പറയുന്നു. സമീപകാലത്തു വരെയുള്ള എത്രയോ വെള്ളപ്പൊക്കങ്ങൾ നമ്മുടെ സാഹിത്യരചനകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്!
മഴ പെയ്തു കഴിഞ്ഞാൽ വെള്ളക്കെട്ടുകളായി മാറുന്ന വിധത്തിൽ നമ്മുടെ പല നഗരങ്ങളും മാറിയിരിക്കുന്നു. വേണ്ടത്ര ആസൂത്രണം ഇല്ലാത്തത് നീരൊഴുക്കിനെ ബാധിക്കുന്നു. ഒറ്റ മഴ കൊണ്ട് തന്നെ നഗരജീവിതം ‘കുളം’ ആവുന്ന തരത്തിലാണ് ഇന്ന് നഗരങ്ങളുടെ സ്ഥിതി. പെരുമഴ പെയ്താലും തിരുവനന്തപുരം നഗരത്തിലെ വെള്ളം മണിക്കൂറുകൾക്കകം ഒഴുകിപ്പോവുകയും നഗരത്തിൽ വെള്ളക്കെട്ടുകൾ ഒട്ടും ഇല്ലാതിരിക്കുകയു ചെയ്ത ഒരു കാലം ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിയെന്താണ്? ജനസംഖ്യ കൂടുന്നതനുസരിച്ച് ഒഴുക്കുവഴികൾ തടയപ്പെടുകയും ജലം മാറിയൊഴുകുകയും വെള്ളക്കെട്ടുണ്ടാവുകയും കൊതുകു പെരുകുകയും ഒക്കെ ചെയ്യും.
കേരളത്തിലെ നദികളിൽ പലതും ഉപയോഗശൂന്യമായിക്കഴിഞ്ഞു. മഴവെള്ള സംഭരണംകൊണ്ടു മാത്രം കേരളത്തിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയുമോ? നദികളെ പുനരുദ്ധരിക്കുവാൻ ഏതു തരത്തിൽ കഴിയും? നാലു കോടിയോളം വരുന്ന കേരളീയർക്ക് കുടിക്കുവാനും കുളിക്കുവാനും മറ്റു നിത്യോപയോഗങ്ങൾക്കും ഉള്ള വെള്ളം എവിടുന്നു ലഭിക്കും? മഴകൊണ്ടു മാത്രം കേരളം രക്ഷപ്പെടുമോ?
ടൂറിസത്തിൻ്റെ പേരിൽ ഉൾപ്പെടെയുള്ള അമിതമായ പ്രകൃതിചൂഷണം കേരളത്തിൻ്റെ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും മാറ്റി മറിച്ചു കഴിഞ്ഞു. ഇപ്പോൾ വയനാട്ടിൽ ഉണ്ടായതുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ ഇതിൻ്റെ പരിണതഫലാണ്. വൻതോതിൽ പാറഖനനം നടക്കുന്ന പത്തനംതിട്ട ജില്ലയിലുലേതുൾപ്പെടെയുള്ള കിഴക്കൻ മലകളിലെല്ലാം വായനാട്ആതുകയി ഉള്ള ദുരന്തങ്ങൾ ഒളിഞ്ഞിരിക്കുന്നു. ഡെമോക്ലീസിലെ വാൾ പോലെ കേരളജനതയുടെ തലയ്ക്കു മീതെയുള്ള മുല്ലപ്പെരിയാർ അണക്കെട്ടു കൂടാതെയാണിത്. കടൽ കൊണ്ടുവച്ച കോഴിക്കോടു മുതൽ കൊല്ലം വരെയുള്ള കേരളത്തിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ കടൽ തിരികെയെടുക്കാൻ സാധ്യതയുണ്ട് - അതിനു കൂടിയുള്ള അവസരമാണ് വികസനത്തിൻ്റെ പേരിൽ നാം നടത്തിക്കൊണ്ടിരിക്കുന്നത്.
(Copyright Reserved)


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ