വേലായുധൻസാറും പുനലൂർ വിഷമദ്യദുരന്തവും എന്റെ അദ്ധ്യാപകവേഷവും

 പട്ടാഴി ഉത്സവത്തിനു എല്ലാ വർഷത്തെയും പോലെ ഞാൻ പോയി. കഴിഞ്ഞ മൂന്നാലു വർഷങ്ങളിലെ ഉത്സവത്തിന് സി ഡി സുരേഷിന്റെയൊപ്പമാണ് ഞാൻ പോയിട്ടുള്ളത്. ഇപ്പോൾ അവനു പോലീസിൽ ജോലി കിട്ടിയിരിക്കുന്നു. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ ആണ് അവൻ. വല്ല പഴുതും കിട്ടിയാൽ അവൻ ഉത്സവത്തിന് വന്നേനെ. ഞാൻഒറ്റയ്ക്ക് അമ്പലപ്പറമ്പിൽ കറങ്ങിനടക്കുമ്പോൾ കാമ്പിത്താൻനടയുടെ അടുത്തുവച്ച് വേലായുധൻസാറിനെ കണ്ടു. ഫുൾ ടൈം കള്ളുകുടിയൻ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് അധ്യാപകൻ ആയിരുന്നു വേലായുധൻ സാർ. അദ്ദേഹത്തിന് ബിരുദാനന്തര ബിരുദം ഉള്ളത് ഇക്കണോമിക്‌സിൽ ആണെങ്കിലും പഠിപ്പിക്കുന്നത് ഇംഗ്ലീഷ് ആണ്. പത്തനാപുരത്തും ചുറ്റുപാടും ഉള്ള പാരലൽ കോളജുകളുടെ അവിഭാജ്യ ഘടകം ആയിരുന്നു വേലായുധൻ സാർ.

 അദ്ദേഹവും ഉറ്റ സുഹൃത്തായിരുന്ന സുധാകരൻസാറും (എം എസ്‌.സി മാത്‍സ്) വർഗീസ് സാറിന്റെ സെനിത്ത് ട്യൂട്ടോറിയൽ തുടങ്ങിയ കാലം മുതൽ അവിടെ അധ്യാപകർ ആയിരുന്നു. ഇംഗ്ളീഷും കണക്കും ട്യൂഷന്റെ കുത്തക അവർക്കായിരുന്നു. ( അതിനൊക്കെ ശേഷമാണ് മഞ്ചള്ളൂർ രഘുസാറും (ഇംഗ്ലീഷ്) കണക്കു രഘുസാറും മറ്റും മാസ്റ്റർ അധ്യാപകരായി തിളങ്ങിയത്). പുതുവൽ ചുട്ടിവട്ടത്തു ബാബുസാറിന്റെ 'നേതാജി കോളജ് ' ആയിരുന്നു ആദ്യം ഉണ്ടായിരുന്നതെന്ന് തോന്നുന്നു. പിന്നീടാണ് വര്ഗീസ് സാർ സെനിത്ത് തുടങ്ങിയത്. പത്തനാപുരം പിക്ച്ചർപാലസിന്റെ തൊട്ടു പിറകിൽ ആയിരുന്നു സെനിത്ത് കോളജ്. അന്ന് ഞാൻ അഞ്ചാംക്ലാസ്സിൽ പഠിക്കുന്നു. എന്റെ കുഞ്ഞമ്മ ആയിരുന്നു സെനിത്തിലെ ഹിന്ദി ടീച്ചർ. പിന്നീട് ചാക്കോസാർ ആസാദ് കോളേജ് തുടങ്ങി (ആസാദ് ഹിന്ദ് കോളജ് ഓഫ് കൊമേഴ്‌സ് വന്ന പേരിൽ ഇളമണ്ണൂർകാരനായ ചാക്കോസാറിന് ടൈപ്പ് റൈറ്റിങ് ഷോർട്ട് ഹാൻഡ് , അക്കൗണ്ടൻസി പഠിപ്പിക്കുന്ന സ്ഥാപനം പണ്ടേയുണ്ട്). പിന്നെ ഷേക്സ്പിയർ തങ്കപ്പന്റെ ഷേക്സ്പിയർ കോളജ്. കുറച്ചുകാലം കഴിഞ്ഞപ്പോൾ പത്തനാപുരം കോളജിലെ ജോലി ഇല്ലാതായ ഏലിയാസച്ചൻ പ്രിൻസിപ്പാൾ ആയ മൗണ്ട് താബോർ പാരലൽ കോളേജ് ഇവയൊക്കെയുണ്ട്. 

 രണ്ടു ഗോപിസാറന്മാർ (വല്യഗോപിയും ചെറിയ ഗോപിയും) ചേർന്ന് പഴയ പോലീസ് സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തുള്ള മേടയിൽതുടങ്ങിയ ചെറിയ ട്യൂഷൻ സെന്റർ (അതിനും മുമ്പ് അവിടെ ജോൺസാറിന്റെ ഹിന്ദി വിദ്യാലയം ആയിരുന്നു) പത്തനാപുരത്തും പരിസരങ്ങളിലും ഉള്ള ഏറ്റവും വലിയ സമാന്തര കോളജ് ആയി വളർന്നു. പോലീസ് സ്റ്റേഷന്റെ അടുത്തുകൂടി താഴെ വയലിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഭാഗത്ത് മൂന്നാലു വലിയ നീളൻ ഷെഡ്ഡുകളിലായി അത് പടർന്നു പന്തലിച്ചു കിടന്നു. മാലൂർ കോളജിൽ പഠിക്കുന്നതിലും കൂടുതൽ വിദ്യാർഥികൾ അന്ന് ഗോപീസിൽ ഉണ്ടായിരുന്നു. സ്ഥലത്തെ പ്രധാന അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും ഒക്കെ ജോലി കിട്ടും മുമ്പ് 'ഗോപീസ് കോളജിലെ അധ്യാപകർ ആയിരുന്നു. പത്തനാപുരം മൗണ്ട് താബോർ ബി എഡ് കോളജിൽ പഠിക്കുന്ന ദൂരദേശക്കാരായ ചില ബിരുദ-ബിരുദാനന്തരക്കാരും ഗോപീസിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഹുമയൂൺ, മാരൂർ പ്രസാദ്, പാലമൂട്ടിലെ സലിം ഇവരൊക്കെ ഗോപീസിന്റെ നടത്തിപ്പിൽ സജീവമായി ഉണ്ടായിരുന്നു. പ്രൈവറ്റായി പരീക്ഷ എഴുതാവുന്ന ബിരുദ-ബിരുദാനന്തര കോഴ്‌സുകൾക്ക് ക്‌ളാസ്സുള്ളതിനാൽ ഗോപീസിൽ 'പിള്ളാരുടെ കശ' ആയിരുന്നു. 

 ഇരുപത്താറാം കുറ്റിയിൽ സുധാകരൻ സാറും വേലായുധൻസാറും കൂടി തുടങ്ങിയ 'സുധാകർ അക്കാദമി'യിൽ കുറച്ചു ദിവസം ഞാനും ഇംഗ്ലീഷ് ട്യൂഷനു പോയിട്ടുണ്ട്. അന്ന് വേലായുധൻസാർ ആയിരുന്നു എന്നെ പഠിപ്പിച്ചത്.' സുധാകർ അക്കാമഡി' എന്നായിരുന്നു ഞങ്ങളുടെ അയലത്തെ വാവ പറഞ്ഞിരുന്നത്. സദാ 'ബീറ്റുപോലീസുകാരെപ്പോലെ' ഒരുമിച്ചുനടന്നിരുന്ന വേലായുധൻ സാറിന്റെയും സുധാകരൻസാറിന്റെയും ചിത്രം പത്തനാപുരത്തിന്റെയും പരിസരങ്ങളുടെയും പശ്ചാത്തലത്തിൽ മനസ്സിലുണ്ട്. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ സുധാകരൻസാറിന് മദ്രാസിലെ ആശാൻ മെമ്മോറിയൽ സ്‌കൂളിൽ അധ്യാപകനായി ജോലി കിട്ടി. അദ്ദേഹം മദ്രാസിലേക്ക് പോയതോടെ വേലായുധൻസാർ ഒറ്റയ്ക്കായി. എന്നുമാത്രമല്ല തനിക്കും ഒരു ജോലി കിട്ടാത്തതിന്റെ പ്രശ്നങ്ങൾ വേലായുധൻസാറിനെ വല്ലാതെ വേട്ടയാടി.

 ജോലികിട്ടാതെ കഴിയാൻ പറ്റുമോ? കല്യാണം കഴിക്കാൻ പറ്റുമോ? പാരലല്കോളജ് അധ്യാപനം ഒരു സ്ഥിരം ജോലി അല്ല. വേലായുധൻ സാറിന്റെ പഠിത്തത്തിന്റെ പിന്നിലും അതിനുശേഷം ജോലി കിട്ടാതായതിന്റെ പേരിലും ചില യാഥാർഥ്യങ്ങൾ ഉണ്ട്. പത്തനാപുരം കോളജ് ഇപ്പോൾ നിൽക്കുന്ന ഭാഗത്തിന് സ്ഥലമെടുക്കുമ്പോൾ വേലായുധൻ സാറിന്റെ കുടുംബവീടും പുരയിടവും നിൽക്കുന്ന സ്ഥലം കോളജിന്റെ ആവശ്യത്തിന് വിട്ടു കൊടുക്കണമെന്നും അങ്ങനെയായാൽ കുടുംബത്തുനിന്നും ഒരാൾക്ക് കോളജിൽ ജോലി നൽകാമെന്നും മാനേജ്‌മന്റ് വാഗ്ദാനം ചെയ്തു . അതനുസരിച്ചു അവർ സ്ഥലം വിട്ടു കൊടുത്തു.

 വേണാടിന്റെയും ഇളയിടത്ത്‌ സ്വരൂപത്തിന്റെയും ഒക്കെ ചരിത്രവുമായി ബന്ധപ്പെട്ട കൊല്ലപ്പണിക്കാരുടെ ഒരു പുരാതന കുടുംബമായിരുന്നു അവരുടേത്. അവർ വിട്ടു കൊടുത്തതുൾപ്പെടെയുള്ള സ്ഥലത്തിന് പുരാതനമായ ചരിത്രം ഉണ്ടെന്നു വെളിവാക്കുന്ന തെളിവുകൾ ആ പ്രദേശത്തു നിന്ന് കിട്ടിയിട്ടുണ്ട്. ധന്യ സംഭരണത്തിനും ശവമടക്കിനും ഉപയോഗിക്കുന്ന വലിയ മൺപാത്രങ്ങൾ ഉൾപ്പെടയുള്ള നിരവധി പുരാവസ്തുക്കൾ ആ പ്രദേശത്തു നിന്ന് കിട്ടിയിട്ടുണ്ട്. കോളജ് നിൽക്കുന്നിടത്തു തന്നെയും കോളജിന്റെ മുറ്റത്തും കരിങ്കൽപ്പാളികൾ കൊണ്ടുള്ള കല്ലറകൾ ഉണ്ടായിരുന്നു. അതിപ്പോൾ നികത്തിയ നിലയിൽ ആണ്. ഒരു വാളും പൊന്നിന്കുടം നിറയെ സ്വർണനാണയങ്ങളും അവിടുന്ന് കിട്ടിയെന്നും ഒക്കെ അക്കാലത്തുമുതൽ നാട്ടിൽ കേട്ടുകേഴ്വി ഉണ്ടായിരുന്നു.
\
 മാനേജ്‌മന്റ് നിർദ്ദേശിച്ചതനുസരിച്ചുതന്നെ ഇക്കണോമിക്‌സിൽ അദ്ദേഹം ബിരുദാനന്തരബിരുദം പാസ്സായി.ഫസ്റ്റ് ക്‌ളാസ്സുണ്ട്. ജോലി ഉറപ്പ്. അന്ന് കോളജിൽ ജോലി കിട്ടാൻ ഭേദപ്പെട്ട മാർക്കോടെ എം.എ. പാസ്സായാൽ മതിയായിരുന്നു. പക്ഷെ ഫസ്റ്റ് ക്‌ളാസ്സുള്ള വേലായുധൻസാറിന് കോളജിൽ ജോലി കൊടുത്തില്ല. അതോടെ അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും തകർന്നു പോയി. അന്നുമുതൽ തുടങ്ങിയ കുടി പാരലൽ കോളജ് അധ്യാപകൻ ആയിട്ടും നിർത്തിയില്ല. കുറച്ചുകാലം തിരുവനന്തപുരത്ത് കേരളഭാഷാ ഇന്സ്ടിട്യൂട്ടിൽ പരിഭാഷകനായി ജോലി കിട്ടി. അപ്പോൾ സെനിത്തിലെ ജോലി ഉപേക്ഷിച്ചു. ഒരു കൊല്ലം കൊണ്ട് ഭാഷ ഇൻസ്റ്റിയൂട്ടിലെ താൽക്കാലിക ജോലി കഴിഞ്ഞു. പിന്നേയും തൊഴിലില്ലായ്മ. കുടിതന്നെ ശരണം. അങ്ങനെയുള്ള വേലായുധൻസാറാണ് നാട്ടിലെ പ്രമുഖ പാരലൽ കോളജ് അധ്യാപനനായി വിലസുന്നത്. കുടി വേറെ ക്‌ളാസ്സു വേറെ എന്നതായിരുന്നു വേലായുധൻ സാർ. അദ്ദേഹത്തിന്റെ ഷേക്സ്പിയർ ക്‌ളാസുകൾ പ്രസിദ്ധമായിരുന്നു. ഒഥല്ലോയും ഹാംലറ്റും ഒക്കെ പച്ചവെള്ളമായിരുന്നു അദ്ദേഹത്തിന്. അങ്ങനെയാണ് നാട്ടിൽ പ്രസിദ്ധി.

 പട്ടാഴിയിൽ വച്ച് കണ്ടപ്പോൾ വേലായുധൻസാർ പറഞ്ഞു : ഒരു കൂട്ടില്ലാതെ ഞാൻ വിഷമിക്കുകയായിരുന്നു. നീ വാ. അങ്ങനെ ഞങ്ങൾ കൂട്ടുകൂടി ഉത്സവം കണ്ടു നടന്നു. സാറിനു ഒന്നോ രണ്ടോ മണിക്കൂർ കൂടുമ്പോൾ കുടിക്കണം. ഇടതടവില്ലാതെ മുറുക്കണം. ഉത്സവസ്ഥലത്തു പട്ടഷാപ്പുകാർക്കു സ്റ്റാൾ ഉണ്ട്. അവിടെ പോകും. കുടിക്കും എനിയ്ക്കും വാങ്ങിത്തരും. ആ രാത്രിയിൽ തന്നെ ഞാൻ രണ്ടോ മൂന്നോ സെഞ്ച്വറി (100 മില്ലി)അടിച്ചു. വേലായുധൻസാർ അതിന്റെ ഇരട്ടിയിലേറെകുടിച്ചിരിക്കണം- ആകെ ഒരു ലിറ്ററിനടുത്ത് . അതിനിടയ്ക്ക് കടുവാത്തോട്ടിലെങ്ങാട്ട് അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ പോയി രാത്രിയിലെ ഭക്ഷണം കഴിച്ചു. തിരികെയെത്തി വീണ്ടും ഉത്സവപ്പറമ്പിൽ കറക്കം. സ്റ്റേജിൽ മേജർ സെറ്റ് കഥകളി നടക്കുന്നുണ്ട് - ദുര്യോധനവധം. 

 നേരം വെളുക്കുന്നതു വരെ പലതവണ പട്ടച്ചാരായം കുടിച്ചു. പുനലൂർ മദ്യ ദുരന്തം നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. 'പൊടിക്കുപ്പി'മാറ്റി കവർച്ചാരായം വന്നു തുടങ്ങിയ കാലം. നേരം വെളുത്തപ്പോഴേക്കും രണ്ടുപേരുടെയും കയ്യിലെ കാശ് തീർന്നു. വേലായുധൻസാർ പരിഹാരം കണ്ടെത്തി. അദ്ദേഹം എം എയ്‌ക്ക്‌ ട്യൂഷനെടുത്ത ഒരു പെൺകുട്ടിയുടെ വീട് അടുത്തുണ്ട്. അവിടെ ചെന്നു. ആ പെൺകുട്ടിയുടെ അച്ഛനോട് കുറച്ചു പൈസ വാങ്ങി. എനിക്ക് ചമ്മൽ ആയിരുന്നു. അവിടുന്ന് കട്ടങ്കാപ്പിയും കുടിച്ചു കാശും വാങ്ങി പിന്നെയും പട്ടച്ചാരായം കുടിച്ചു. നടന്നു മാലൂരിലെത്തി അദ്ദേഹത്തിൻറെ വീട്ടിൽക്കിടന്നുറങ്ങി. 

വൈകുന്നേരം ആയപ്പോൾ വേലായുധൻസാർ പറഞ്ഞു : എടാ ഇന്ന് പാതിരിക്കൽ അമ്പലത്തിലെ ഉത്സവം ആണ്. അതുംകൂടിക്കഴിഞ്ഞിട്ടു നീ പോയാൽ മതി. എനിക്കും ഉത്സാഹമായി. പാതിരിക്കൽ അമ്പലത്തിലെ ഉത്സവത്തിന് ഞാൻ ആദ്യമായാണ് പോകുന്നത്. അങ്ങനെ പത്തനാപുരത്തെത്തിയിട്ടു നെടുംപറമ്പ് വഴി പാതിരിക്കലിൽ എത്തി. പട്ടം സരസ്വതിയുടെ കഥാപ്രസംഗം ആണ് മുഖ്യ പരിപാടി. അവിടെയും ഉത്സവപ്പറമ്പിൽ പട്ടഷാപ്പുണ്ട്. ചെന്നയുടനെ വേലായുധൻ സാർ കലാപരിപാടി ആരംഭിച്ചു. കവർച്ചാരായം വാങ്ങി ഗ്ലാസിൽ ഒഴിക്കുമ്പോൾ പത്തായുന്നുണ്ട്. അത് വിഷം കലർന്ന ചാരായതിന്റെ ലക്ഷണം ആണെന്ന് പത്രത്തിൽ കണ്ടിരുന്നു. അതൊക്കെ ആര് വകവയ്ക്കുന്നു. സാർ രണ്ടെണ്ണം കഴിച്ചു. ഞാൻ ഒരെണ്ണവും. മുമ്പ് രണ്ടോ മൂന്നോ തവണ മാത്രമേ ഞാൻ പട്ടച്ചാരായം കഴിച്ചിട്ടുള്ളൂ. ഇത് വരെ കഴിച്ചതിന്റെ എത്രയോ അധികം ഇന്നലെ പട്ടാഴി ഉത്സവത്തിന് മാത്രം കഴിച്ചു. ഇന്നിനി കഴിക്കാനുള്ള ബലം ഇല്ല. എങ്കിലും ഞാൻ ഒരെണ്ണം കഴിച്ചു.

ഞങ്ങൾ അവിടെ നിൽക്കുമ്പോഴുണ്ട് ഗോപീസ് കോളജിന്റെ വല്യഗോപിസാർ ഓടി വന്നു വേലായുധൻ സാറിനെ കെട്ടിപ്പിടിച്ചു: എടാ വേലായുധാ.. നീ പട്ടയടിച്ചു ചത്തു പോയെന്നാണ്‌ പത്തനാപുരത്ത് സംസാരം. വേഗം നീ വീട്ടിൽ പോ. പുനലൂർ വിഷമദ്യ ദുരന്തത്തിന്റെ വാർത്തകൾ വന്നു കോട്നിരിക്കുന്നു. പത്തനാപുരം പിക്ച്ചപാലസിലെ പ്രൊജക്റ്റർ ഓപ്പറേറ്റർ ആയിരുന്ന താടിക്കാരൻ രവി പട്ടച്ചാരായം കുടിച്ചു കണ്ണിനു കാഴ്ച പോയെന്നു ആരോ പറഞ്ഞു. എന്തായാലും പട്ടം സരസ്വതിയുടെ കഥാപ്രസംഗം തുടങ്ങി കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ മാലൂർക്കു മടങ്ങി.

 മാലൂർ പട്ടംകാല മുക്കിനു വേലായുധൻസാറിന്റെ വീട്ടിൽ പോയികിടന്നുറങ്ങി. നേരം വെളുത്തു. ഏഴു മണിയോടെ ഞാൻ പറഞ്ഞു : ഞാൻ വീട്ടിൽ പോവാ. സാർ എങ്ങും പോകണ്ട. സാറിൻ്റെ മരണവിവരം അന്വേഷിച്ചു ആളുകൾ വരാൻ സാധ്യതയുണ്ട്. (അങ്ങനെ സംഭവിക്കുകയും ചെയ്തു എന്ന് പിന്നീടറിഞ്ഞു). ഞാൻ കിഴക്കോട്ടു നടന്നു കുണ്ടയത്ത് അമ്പലത്തിനുപടിഞ്ഞാറേ തോട്ടിലെ കടവ് കടന്നു ചെല്ലുമ്പോൾ വലതു വശത്തുള്ള കാപ്പിക്കടയുടെ തിണ്ണയിൽ ഇരിക്കുന്നവരിൽ ഒരാൾ എന്നോട് ചോദിച്ചു : "മാലൂരു ഭാഗത്തു് നിന്ന് വരുവാന്നോ?" "ആന്നു" "നമ്മടെ ആ വേലായുധൻ സാറ് ചത്തെന്നു പറഞ്ഞിട്ട് ശവം ഇങ്ങു കൊണ്ട് വന്നോന്നറിയാമോ ?" ഗോപിസാർ പറഞ്ഞത് ശരിയാണ്. വേലായുധസാർ വിഷമദ്യദുരന്തത്തിൽ മരിച്ചെന്നു നാട്ടിൽ വാർത്ത പരന്നിരിക്കുന്നു. ഞാൻ പറഞ്ഞു : വേലായുധസാർ മരിച്ചിട്ടില്ല. വീട്ടിലുണ്ട്. ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്തു നിന്നാണ് വരുന്നത്. എന്നിട്ടും അവർക്കു വിശ്വസിക്കാൻ പ്രയാസം. 

 ഞാൻ പത്തനാപുരത്തെത്തിയിട്ടു വീട്ടിലേക്കു പോയി. കുറച്ചുദിവസം കഴിഞ്ഞു . ഞാൻ പത്തനാപുരത്തെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ കുന്ദമംഗലം നാരായണന്റെ സാഹിത്യസദസ്സിൽ ഇരിക്കുമ്പോൾ വേലായുധൻസാർ അതുവഴി വന്നു. എന്നോട് പറഞ്ഞു : എടാ ഞാൻ നിന്റെ നാട്ടിലേക്കു പോകുവാണ്. വരുന്നെങ്കിൽ വാ. സന്ധ്യ കഴിഞ്ഞ സമയം ആണ്. ഞങ്ങൾ ഒരുമിച്ചു ബസ്സിൽ കയറി. എനിക്ക് ഇളമണ്ണൂരിലേക്കാണ് ടിക്കറ്റ് എടുക്കേണ്ടത്. ബസ്സിൽ കയറിയതും വേലായുധൻസാർ രണ്ടു ടിക്കറ്റ് പുതുവലിലേക്കു എടുത്തു. ഞാൻ ഇളമണ്ണൂരിലേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു : നീ പുതുവലിലൊക്കെ ഇറങ്ങിയിട്ട് പതുക്കെ പോയാ മതി. അങ്ങനെ പുതുവലിൽ ഇറങ്ങി. നേരെ പടിഞ്ഞാറോട്ടു നടന്നു.

 അവിടെ ഡപ്പി കുഞ്ഞുമോൻ എന്നയാളിന് കള്ളവാറ്റുണ്ട്. അവിടെ ചെന്ന് കയറി. ഓരോ ഗ്ലാസ് ചാരായം കുടിച്ചു. ഡപ്പി കുഞ്ഞുമോൻ ഒരിക്കലും കരുതിയിട്ടില്ല ഞാൻ കുടിക്കുമെന്നു . അയാൾ ചോദിച്ചു :എടേ ഇയാക്ക് ഈ പരിപാടി ഉണ്ടെന്നു എനിക്കറിയില്ലായിരുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. അച്ഛന്റെ പ്രായമുള്ള മേലത്തെതിലെ ജോർജച്ചായനും (ട്രാൻസ്‌പോർട്ട് ഡ്രൈവർ) അവിടിരുന്നു കുടിക്കുന്നുണ്ട്. നാട്ടിലെ നല്ലപിള്ളയായ എനിക്ക് ചെറുതല്ലാത്ത ചമ്മൽ ഉണ്ടായി. തിരിച്ചിറങ്ങി. വേലായുധൻസാർ അടുത്ത വണ്ടിക്കു തിരികെ പത്തനാപുരത്തേക്കു പോയി. 

ഞാൻ പുതുവലിൽ എന്റെ കുടുംബവീട്ടിലേക്കു പോയി. അവിടെച്ചെന്നു അത്താഴമൊക്കെ കഴിച്ചു കഴിഞ്ഞു ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല. ച്ഛർദ്ദിച്ചു. ഞാൻ കൊച്ചമ്മാമ്മ എന്ന് വിളിക്കുന്ന കൊച്ചു കുഞ്ഞമ്മ എന്നെ കിണറ്റുംകരയിൽ അലക്കുകല്ലിലിരുത്തി മൂന്നാലു തൊട്ടി വെള്ളം കോരി എന്റെ തലവഴി ഒഴിച്ചു. ഞാൻ മദ്യപിക്കുമെന്നു വീട്ടിലുള്ളവർ ആദ്യമായി അറിയുകയാണ്.

 പിറ്റേന്ന് രാവിലെ ഞാൻ ഇളമണ്ണൂരിലേക്കു പോകാൻ പുതുവലിലേക്കു ചെല്ലുമ്പോൾ എന്റെ സുഹൃത്ത് ഗോപിനാഥൻ എതിരെ വന്നു.ഗോപി പറഞ്ഞു : ഞാൻ സലിംകുട്ടിയെ അന്വേഷിച്ചു വന്നതാണ് ഗോപി വിവരം പറഞ്ഞു. ഇപ്പോൾ ഗോപി പന്തളത്തു പാരലൽ കോളജിൽ മലയാളം പഠിപ്പിക്കുന്നുണ്ട്. പക്ഷെ കേരളകൗമുദി പത്രത്തിന്റെ പുനലൂർ ലേഖകനായി ജോലി കിട്ടിയത് കാരണം പാരലൽ കോളജിലെ പണി നിർത്തുകയാണ്. പകരം ഞാൻ ആ ജോലി ചെയ്യണം. ഞാൻ ഞെട്ടിപ്പോയി. ഇതുവരെ ഞാൻ ആർക്കും ട്യൂഷനെടുത്തിട്ടുപോലുമില്ല. 

അവിടെ പത്താംക്‌ളാസ്സു തോറ്റവർ മുതൽ ഡിഗ്രിക്കാർ വരെ പഠിക്കുന്ന ഇടമാണ്. എന്നെ ഗോപിക്ക് പകരം നിയമിക്കണമെന്ന് ആ പാരലൽ കോളജിന്റെ പ്രിൻസിപ്പലിന് ഗോപി എഴുതി കവറിലിട്ടു ഒട്ടിച്ച കത്ത് എന്റെ കയ്യിൽ തന്നു. സലിംകുട്ടി ഇന്നുതന്നെപോകണം " ഗോപി പറഞ്ഞു. ഞാൻ ഇളമണ്ണൂരിലെത്തിയിട്ടു വീട്ടിൽ പറഞ്ഞു :ഞാൻ പന്തളം വരെ പോവുകയാണ്. നീ എങ്ങാട്ടെല്ലാം ഉത്സവം കണ്ടു നടന്നിട്ടു വന്നതെല്ല ഉള്ളൂ. പന്തളത്തെന്തുവാ ഉത്സവം വല്ലതുമാന്നോ? ഞാൻ അമ്മയോട് വിവരം പറഞ്ഞു. അച്ഛനും സന്തോഷമായി. എന്റെ ചെലവെങ്കിലും നടക്കുമല്ലോ. 

 ഗോപി തന്ന കത്തുമായി ഞാൻ പന്തളത്തെത്തി. ഗ്രാൻഡ് കോളജ് കണ്ടു പിടിച്ചു. ഇംഗ്ലീഷ് ട്യൂഷന്റെ ഉസ്താദ് ആയ പയ്യനല്ലൂർ ദാമോദരൻ സാർ ആണ് പ്രിൻസിപ്പൽ. അദ്ദേഹത്തെപ്പറ്റി ഗോപി എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗ്രാൻഡ് കോളജിൽ എത്തിയപ്പോൾ അദ്ദേഹം അവിടെയില്ല. കോളജിന്റെ ചുമതലയുള്ള സജീവ് പറഞ്ഞു : സാർ വീട്ടിലാണ്. അവിടെ പോയി കണ്ടാൽ മതി. അയാൾ വഴി പറഞ്ഞു തന്നു. പന്തളം എൻ എൻ എസ് കോളജിന്റെ കോമ്പൗണ്ടിന്റെ അരികുപറ്റി കിഴക്കോട്ടു ചെന്നു വളവുകഴിയുന്നിടത്തതാണ് ദാമോദരൻസാർ താമസിക്കുന്നത്. അതിനപ്പുറം വയലാണ്. 

  ഗോപിതന്ന കത്തുമായി ഞാൻ അവിടെയെത്തി കതകിൽ മുട്ടി. വാതിൽ തുറന്നതു ഒരു കുട്ടിയാണ്. അവനോടു ദാമോദരൻസാറിനെ കാണണമെന്ന് പറഞ്ഞു. അത് കേട്ട് സാർ ഉമ്മറത്തെത്തി. ഞാൻ കത്ത് കൊടുത്തു. അദ്ദേഹത്തിന്റെ കണ്ണുകൾ ചവന്നു ക ലങ്ങിക്കിടക്കുന്നു. കത്ത് വാങ്ങിയിട്ട് അദ്ദേഹം പറഞ്ഞു : എഴുത്ത് സാറുതന്നെയങ്ങു വായിച്ചാട്ടെ. ഞാൻ വല്ലാതായി : ആദ്യമായാണ് ആരെങ്കിലും എന്നെ സാർ എന്ന് വിളിക്കുന്നത്. അതുമാത്രമല്ല ആ എഴുത്ത് ഞാൻതന്നെ വായിക്കണമെന്ന് പറഞ്ഞപ്പോൾ അതും എനിക്ക് ഇഷ്ടപ്പെട്ടില്ല. 

 അദ്ദേഹം പറഞ്ഞു : എനിക്ക് കണ്ണിനുദീനം ആണ്. അതുകൊണ്ടു രണ്ടു ദിവസമായി കോളജിൽ പോകാറില്ല. എഴുത്ത് ഞാൻതന്നെ വായിക്കാൻ പറഞ്ഞതിന്റെ ഗുട്ടൻസ് പിടി കിട്ടി. അങ്ങനെ ആ കത്ത് ഞാൻ പൊട്ടിച്ചു. ഗോപി എന്നെപ്പറ്റി എഴുതിയിരുന്ന സ്തുതിവചനങ്ങളുൾപ്പെടയുള്ളതൊക്കെ ഞാൻതന്നെ വായിച്ചു. അത് കഴിഞ്ഞപ്പോൾ സാർ പറഞ്ഞു : ഞാൻ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ വരുകയുള്ളൂ. സാറു പോയി സജീവിനോട് പറഞ്ഞിട്ടു പോ. നാളെ മുതൽ തുടങ്ങിക്കോ. അങ്ങനെ പിറ്റേന്ന് മുതൽ ഞാൻ പന്തളം ഗ്രാൻഡ് കോളജിലെ മലയാളം അധ്യാപകനായി. പത്താം ക്‌ളാസിൽ തോറ്റവർ, പ്രീഡിഗ്രി പാരലൽകാരും ട്യൂഷൻകാരും, ബിഎ-ബീക്കോംപാരലാൽകാർ . ഇക്കൂട്ടരുടെയൊക്കെ മലയാളം എടുക്കണം. നാളെ പ്രീഡിഗ്രി പാരലൽ കാരുടെ ക്‌ളാസ് മാത്രം എടുത്താൽ മതി. രണ്ടു മണിക്കൂർ എടുക്കണം. ഞാൻ അവരുടെ ഒരു പാഠപുസ്തകം വാങ്ങിക്കൊണ്ടുപോയി. ജി.ശങ്കരക്കുറുപ്പിന്റെ 'പാണനാർ' എന്ന കവിതയാണ് ആദ്യപാഠം. രാത്രി മൊത്തം അതുമായി ഗുസ്തിനടത്തി നന്നായി പ്രിപ്പേർ ചെയ്തു. ഞാൻ ജീവിതത്തിൽ ആദ്യമായി അധ്യാപകവേഷം കെട്ടുകയാണ്. (തുടരും)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം