നായിഡുവും ഒരു ഡഗണ്ടൻ കൊടിയും രാജസ്ഥാനിലെ പട്ടച്ചാരായവും

എസ്. സലിംകുമാർ 


1996 ഏപ്രിൽ. ഥാർ മരുഭൂമിയുടെ ഹൃദയമായ ജോധ്പുർ. കൊടുംചൂടാണ്‌. അതിലും വലുതാണ് തെരഞ്ഞെടുപ്പിന്റെ ചൂട്. പാർലമെന്റ് തെരഞ്ഞെടുപ്പാണ്. ജോധ്പുരിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ മീഡിയ ഓഫീസ് എന്റെ നിയന്ത്രണത്തിലാണ്. ജോധ്പുർ റെയിൽവേസ്റ്റേഷനു തൊട്ടടുത്തുള്ള ശാന്തിഭവൻ ലോഡ്ജിൽ എട്ടാം നമ്പർ മുറിയിൽ ആണ് എന്റെ ഓഫീസ്. പത്താം  നമ്പർ മുറി കൂടിയുണ്ട് - അതിൽ മൂന്നു കിടക്കകൾ ഉണ്ട്. അതിഥികളായെത്തുന്നവർക്ക് വിശ്രമിക്കുവാൻ ആണ്. എതിർ  സ്ഥാനാർത്ഥികളുടെ വർത്തകളേക്കാൾ കൂടുതൽ വാർത്തകൾ ദിവസവും എല്ലാ പത്രങ്ങളിലും വരുത്തുന്നത്തിൽ ഞങ്ങൾ വളരെ ശ്രദ്ധിച്ചിരുന്നു. മിക്ക പത്രങ്ങളുടെയും റിപ്പോർട്ടർമാർ വരും. ഹിന്ദുവിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്സണ്ണി സെബാസ്റ്റിയൻ ( പിൽക്കാലത്തു രാജസ്ഥാൻ മീഡിയ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി. പൊൻകുന്നം സ്വദേശിയാണ്.), ബി ബി സിയുടെ നാരായൺ ബാരഹട്ട്,  തുടങ്ങിയ വലിയ പത്രക്കാരൊക്കെ വരും. ദിവസവും വരുന്ന ഒരാൾ ഉണ്ട് - പുരുഷോത്തം  ദിവാകർ. ദൈനിക് നവജ്യോതി എന്ന ഹിന്ദി പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആണ് ( പിന്നീട് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഫോട്ടോഗ്രാഫർ ആയി).  ഞങ്ങൾ വലിയ കൂട്ട് ആയി. 

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ തെരെഞ്ഞെടുപ്പ് കഴിയുന്നതുവരെ  ഒരുമാസത്തിലേറെ ഞാൻ ജോധ്പുരിൽ അവിടെ ആയിരുന്നു. ദിവസവും വരുന്ന പത്രറിപ്പോർട്ടുകൾ വായിച്ചു ക്ലിപ്പിംഗ് ഉണ്ടാക്കി ബ്രീഫ് തയ്യാറാക്കി കൊടുക്കണം. വൈകുന്നേരമാവുമ്പോഴേക്കും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്രക്കുറിപ്പുകൾ വരും . അതൊക്കെ സംഗ്രഹിച്ചു പത്രക്കാർക്ക് കൊടുക്കുന്നതിനു  സംയം ലോഢ എന്നയാളുണ്ട്. അയാൾ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് (പിൽക്കാലത്ത് ഒന്നിലേറെ തവണ എം എൽ എ ആയി). അയാളും  ഞാനും തമ്മിൽ എപ്പോഴും ഉടക്കാണ്. 

അതൊന്നുമല്ല സംഭവം. ഞാൻ പറയാൻ പോകുന്നത് നായിഡുവിനെപ്പറ്റിയാണ്. അക്കാലത്തു രാജസ്ഥാൻ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജീപ്പിന്റെ ഡ്രൈവർ ആയിരുന്നു നായിഡു. മൊത്തം പേര് എനിക്കറിയില്ല. മുഷിഞ്ഞ പാന്റും കാക്കി മുറിക്കയ്യൻ ഷർട്ടുമാണ് നായിഡുവിന്റെ വേഷം. ആന്ധ്രക്കാരൻ ആണ . നരസിംഹറാവുവിന്റെ ബന്ധുവാണ്  എന്ന് അയാൾ കൂടെക്കൂടെ പറയാറുണ്ട്. 

ജോധ്പ്പൂരിൽ മത്സരിക്കുന്നത് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റും സിറ്റിംഗ് എംപിയുമായ അശോക് ഗെഹ്‌ലോട്ട് ആണ്.ഞാൻ അദ്ദേഹത്തിന്റെ പ്രസ് അസിസ്റ്റന്റ് ആണ്. ദിവസവും ഇരുപത്തഞ്ചിലേറെ ദിനപ്പത്രങ്ങൾ (ഇംഗ്ലീഷും ഹിന്ദിയും) എന്റെ മേശപ്പുറത്തെത്തും. അതൊക്കെ വായിച്ചു അദ്ദേഹത്തിന് ഫീഡ്ബാക്ക് കൊടുക്കണം അതാണ് ജോലി. പ്രസിഡന്റ്  മത്സരിക്കുന്നത് ജോധ്പുരിൽ ആയതിനാൽ എന്നെ അങ്ങോട്ട് നിയോഗിച്ചതാണ്. 
നായിഡുവും താമസിക്കുന്നത് ശാന്തിഭവനിൽ തന്നെയാണ്. 

ഒരു ദിവസം വൈകുന്നേരം നായിഡു വളരെ അസ്വസ്ഥനായി മുറിയിലേക്ക് വന്നു. 'ഞാൻ നാട്ടിൽ പോവുകയാണ്. ഞാൻ ഇവിടെങ്ങാനും കിടന്നു ചത്ത് ​പോവത്തേയുള്ളൂ "
"ഇവിടെക്കിടന്നു ചത്താൽ നിന്റെ ശരീരം നാട്ടിൽ എത്തിക്കാൻ ഉള്ള ഏർപ്പാട് ഞാൻ ചെയ്യാം. നിങ്ങൾ വിവരം എന്താണെന്ന് പറ."
"എനിക്കിനി ജീവിക്കണ്ടേ. അയാൾ എന്നെ രാവിലെ മുതൽ ഇത് വരെ ചീത്ത പറഞ്ഞു തുലച്ചു. ഇതിലും ഭേദം എന്നെ തല്ലിക്കൊല്ലുന്നതാണ്"
"നിങ്ങൾ വിവരം പറയൂ. ഇല്ലെങ്കിൽ ഞാൻ നിങ്ങളെ തല്ലിക്കൊല്ലും."
"നിസാർ അഹമ്മദു  സാർ എന്നെ ചീത്ത പറഞ്ഞു. എനിക്ക് ചാരായം കുടിക്കണം ഇല്ലെങ്കിൽ ഞാൻ ഇവിടെക്കിടന്നു ചത്തുപോകും "

രാജസ്ഥാൻപ്രദേശ്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ന്യൂനപക്ഷ സെല്ലിന്റെ ചെയർമാൻ ആണ് നിസാർ അഹമ്മദ്. ജോധ്പുരിൽ പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷന്റെ  തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന നിസാർ അഹമ്മദ് ആണ് പി സി സി വക  ജീപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. നായിഡുവാണ് ഡ്രൈവർ. 

രാവിലെ സർക്യൂട്ട് ഹൌസിൽ മീറ്റിങ് ഉണ്ടായിരുന്നു. പാർട്ടിയിലെ വലിയ വലിയ നേതാക്കൾ പങ്കെടുക്കുന്ന മീറ്റിംഗ് ആണ്. നേതാക്കൾ ഓരോരുത്തരായി എത്തിയിട്ടുണ്ട്. അപ്പോഴുണ്ട് ഒരു ഡഗണ്ടൻ പാർട്ടിക്കൊടി കെട്ടിയ ജീപ്പ് വന്നു സർക്യൂട്ട് ഹൌസിനു  മുമ്പിൽ നിൽക്കുന്നു. ഇതാരപ്പാ ഇത്ര വലിയ കൊടികെട്ടിയ ജീപ്പിൽ വരുന്നതെന്ന് എല്ലാവരും ശ്രദ്ധിച്ചു. നോക്കിയപ്പോൾ പി സി സിയുടെ ജീപ്പാണ്. നിസാർ അഹമ്മദ് അതിൽ നിന്നിറങ്ങി. അദ്ദേഹം നേതാക്കന്മാരുടെ അടുത്തെത്തിയതും അവരിൽ ചിലർ അദ്ദേഹത്തെ ശകാരിച്ചു.

 ഇത്ര വലിയ കൊടി വാഹനത്തിൽ ഉപയോഗിക്കുന്നത് തെരെഞ്ഞെടുപ്പ് ചട്ടത്തിനു വിരുദ്ധമാണ്. ഇതൊക്കെ അറിയില്ലേ. നിങ്ങൾ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആൾ അല്ലെ എന്നൊക്കെ നിസാർ അഹമ്മദിന് സീനിയർ നേതാക്കൾ വക ശകാരം. 

ജീപ്പിൽ ഇത്ര വലിയകൊടി നായിഡു കെട്ടിയ കാര്യം നിസാർ അഹമ്മദ് ശ്രദ്ധിയ്ച്ചിരുന്നില്ല. അപ്പോൾത്തന്നെ കൊടി ജീപ്പിൽ നിന്നും മാറ്റി. നിസാർ അഹമ്മദ് നായിഡുവിനെ ചീത്ത പറഞ്ഞു ശരിപ്പെടുത്തി. തല്ലിയില്ല എന്നു മാത്രം. വൈകുന്നേരം വരെ പലപ്പോഴായി ശകാരം തുടർന്നു. എല്ലാം കഴിഞ്ഞു തിരികെപ്പോരുമ്പോൾ കയ്യിൽ ഒറ്റക്കാശില്ല എന്ന സത്യം നായിഡുവിന്റെ കൂടുതൽ ദുഖിതനാക്കി. അതിന് എന്നെ അഭയം പ്രാപിച്ചിരിക്കുകയാണ്. എനിക്കാണെങ്കിൽ പണത്തിന്റെ ആവശ്യം ഒന്നുമില്ല. എന്നാലും അത്യാവശ്യം കാശൊക്കെ കയ്യിൽ ഉണ്ട്. നായിഡുവിന് ചാരായം കുടിക്കണം. സർക്കാർ വക പട്ടക്കടകളിൽ പ്ലാസ്റ്റിക് പായ്ക്കറ്റിൽ കിട്ടുന്ന മൂന്നു പായ്ക്കറ്റ് (ഒരു പായ്ക്കറ്റിൽ 250 മില്ലി) വാങ്ങാനുള്ള കാശ് ഞാൻ കൊടുത്തു. രണ്ടെണ്ണം അയാൾക്കും ഒരെണ്ണം എനിക്കും. അങ്ങനെയാണ് രാജസ്ഥാനിലെ പട്ടച്ചാരായം ഞാൻ ആദ്യമായി കുടിക്കുന്നത്. ചാരായം ഉള്ളിൽ ചെന്നതോടെ നായിഡു അടങ്ങി. അടുത്തുള്ള ഒരു ഹോട്ടലിൽ പോയി ഞങ്ങൾ ഒരുമിച്ചു ആഹാരം കഴിച്ചു. പിറ്റേന്ന് മുതൽ വീണ്ടും നായിഡു ജീപ്പ് ഓടിച്ചു തുടങ്ങി. തെരെഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം ഞാനും നായിഡുവും മാത്രമാണ് ആ ജീപ്പിൽ ജോധ്പുരിൽ നിന്നും ജയ്‌പ്പൂരിലേക്കു പോയത്. പിന്നെ കുറേക്കാലത്തേക്കു നായിഡുവിന്റെ കണ്ടില്ല.

ഒരു ദിവസം ഉച്ച കഴിഞ്ഞു ഞാൻ ഓഫീസിൽ (രാജസ്ഥാൻ പ്രദേശ് കോൺഗ്രസ്സ്  കമ്മിറ്റി ഓഫീസ് ഇന്ദിരാഭവൻ ജയ്‌പുർ ) ഇരുന്നു പത്രങ്ങളുമായുള്ള ഗുസ്തി നടത്തുമ്പോൾ പൊടുന്നനെ നായിഡു പ്രത്യക്ഷപ്പെട്ടു. അന്ന് ജോധ്പുരിലെ ലോഡ്ജിൽ വച്ച് കണ്ടതിനേക്കാളേറെ ദുഖിതനും ഭയചകിതനുമായിരുന്നു അയാൾ. ഇപ്പോഴും എന്തോ പ്രശ്നം ഉണ്ട്. ഇരിക്കാൻ പറഞ്ഞിട്ട് അയാൾ ഇരുന്നില്ല. 
"എന്നെ രക്ഷിക്കണം. അവർ എന്നെ കൊല്ലും. പറ്റിപ്പോയി" 
"എന്ത് പറ്റി ? നിങ്ങളെ ആരാണ് കൊല്ലാൻ വരുന്നത്?
"അതൊരു ആക്സിഡന്റ് പറ്റി. "
കുറേക്കാലമായി ഗംഗാനഗർ എംപി യായ ശങ്കർ പന്നുവിന്റെ ജീപ്പ് ഓടിക്കുകയായിരുന്നു നായിഡു. എതിരെ ഒരു മോട്ടോർസൈക്കിളിൽ രണ്ടു പേര് ഒരു ഗ്യാസ് സിലിണ്ടറുമായി വരുന്നുണ്ടായിരുന്നു. അവരെ ജീപ്പ് തട്ടി. ഒരുത്തൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ജീപ്പ് അവിടെ ഇട്ടിട്ടു നായിഡു അവിടുന്ന് രക്ഷപ്പെട്ടു  പോന്നു. ഒന്നുകിൽ മരിച്ചവരുടെ ആൾക്കാർ നായിഡുവിനെ  കൊല്ലും.  അപകടം വരുത്തിയതിനു എംപിയുടെ ആൾക്കാരും വെറുതെ ഇരിക്കില്ല . നായിഡുവിന് സ്വദേശത്തേക്കു മടങ്ങണം. കയ്യിൽ കാശില്ല. ആന്ധ്രവരെയെത്താൻ ഓർഡിനറി ട്രെയിൻ ടിക്കറ്റ് ഇരുന്നൂറു രൂപയെങ്കിലുമാവും. അത്രയും രൂപ ഞാൻ കൊടുക്കണം എന്നതാണ് നായിഡുവിന്റെ ആവശ്യം. എന്റെ കയ്യിൽ പത്തോ പതിനഞ്ചോ രൂപയെ ഉള്ളൂ. ഓഫീസിലെ അക്കൗണ്ടന്റ് ലാൽജിയോട് ഇരുന്നൂറു രൂപ വാങ്ങി നായിഡുവിന് കൊടുത്തു. റെയിൽവെ സ്റ്റേഷൻ വരെ ഞാനും ചെല്ലാമെന്നു പറഞ്ഞു. ഓഫീസിൽ നിന്നും ഒരുമിച്ചിറങ്ങി സംസാർചന്ദ്ര റോഡിൽ ചെന്നപ്പോൾ : ഞാൻ ട്രെയിനിന് പോകുന്നില്ല. ആന്ധ്രയിലേക്ക് പോകുന്ന ഏതെങ്കിലും ലോറിയിൽ പൊയ്ക്കൊള്ളാം എന്നു  പറഞ്ഞു നായിഡു നടന്നു. ഞാൻ കൂടെ പോയില്ല. പട്ടഷാപ്പിന്റെ ഭാഗത്തേക്കാണ് നായിഡു പോകുന്നതെന്ന് എനിക്ക് തോന്നിയത് വെറുതെ ആയ്രിരുന്നുവോ?  

പിന്നെ ഒരിക്കലും ഞാൻ നായിഡുവിനെ  കണ്ടിട്ടില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം