വല്യമ്മച്ചി അഥവാ മൂത്തമ്മ


വല്യമ്മച്ചി പുതിയ ഒരു മുണ്ടുടുത്തു. അതിനു മീതെ വേറെ രണ്ടണ്ണം കൂടി ഉടുത്തു. രണ്ടു നേര്യത് ഒന്നിച്ചു മടക്കി മാറുമറച്ചു. മലക്കുടയ്ക്കു പോവുകയാണ്. മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട. ഇനി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ തിരിച്ചു വരൂ. നാളെയും മറ്റന്നാളും ഒക്കെ മാറിയെടുക്കാനുള്ള മുണ്ടുകളും കൂടിയാണ് വല്യമ്മച്ചി ഉടുക്കുന്നത്. 

യാത്ര ചെയ്യുമ്പോൾ വല്യമ്മച്ചിയുടെ കയ്യിൽ ഒന്നും ഉണ്ടാവില്ല മീതെയുള്ള മുണ്ടിന്റെ മടിയിൽ ഒരടുക്കു വെറ്റ, ഒരു ചെറിയ ചുണ്ണാമ്പുപൊതി, ഒരു പൊയില (പുകയില) നാലഞ്ചു കഷണങ്ങളാക്കിയത്, തോട് കളഞ്ഞ മൂന്നാലു പാക്ക് ഇതൊക്കെയും കുറച്ചു കാശും ആണ് ഉള്ളടക്കം.. വല്യമ്മച്ചി റവുക്ക ഇടാറില്ല. നേര്യതുകൊണ്ടാണ് നെഞ്ചു മറയ്ക്കുന്നത്. പെരുവിരുത്തിമലനട യിൽ ഉത്സവത്തിന് പോവുക എന്ന് പറഞ്ഞാൽ പടിഞ്ഞാറ് പോവുക എന്നാണു. പടിഞ്ഞാറ് എന്ന് പറഞ്ഞാൽ പടിഞ്ഞാറുള്ള കടമ്പനാട്. വല്യച്ഛന്റെ വീട് അവിടെ ഇടയ്‌യ്ക്കാട്ടുണ്ട്. ഞാൻ കുറുമ്പകരയിൽ നിന്നും ഇരുപത്തിമൂന്നിൽ വല്യമ്മച്ചിയുടെ അടുത്ത് വന്നതാണ്. 'അമ്മ വരുന്നില്ല. അച്ഛൻ അവിടെ എത്തുകയേയുള്ളു. 

 വല്യമ്മച്ചിയോടൊപ്പം 'പടിഞ്ഞാറു' പോകുന്നതിന്റെ ചടങ്ങുകൾ ഇങ്ങനെയാണ്: ആദ്യം കല്ലിടവഴിയിറങ്ങി വയൽക്കരയിലൂടെ ഇരുപത്തിമൂന്നിൽ എത്തി അടൂരിനുള്ള ബസ്സു കാത്തു നിൽക്കും. ട്രാൻസ്‌പോർട്ട് ബസ്സും നെൽസൺ, ഇന്ദിര, തുടങ്ങി പ്രൈവറ്റു ബസ്സുകളും കാണും. ആ റൂട്ടിൽ ട്രാൻസ്‌പോർട്ട് ബസ്സുകൾ ഓടിത്തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. നാൽപ്പതു പൈസയാണ്അ അടൂരിനു ബസ് ചാർജ് . സെൻട്രൽ ടോളിൽ ഇറങ്ങി ബസ്സു നോക്കി നിൽക്കും. അതിനിടെ എതിർവശത്തെ ചായക്കടയിൽ നിന്നും പരിപ്പുവട, ബോണ്ട, സുഖിയൻ മുതലായവിൽ ചിലതും തിന്ന് ഒരു കാപ്പിയും കുടിക്കും. ചവറയ്ക്കോ ശങ്കരമംഗലത്തിനോ ഉള്ള ബസ്സിൽ കയറും. സജി മോട്ടോർസ്, ശ്രീആനന്ദൻ, ഗോപാലകൃഷ്ണൻ തുടങ്ങിയ ബസ്സുകളാണ് ആ റൂട്ടിൽ ഓടുന്നത്. 

മണക്കാല, നെല്ലിമുകൾ, തൂവര് മുക്ക് മുഇതളായ സ്ഥലങ്ങൾ കഴിഞ്ഞു കല്ലുകുഴി  എന്ന സ്ഥലത്തിറങ്ങും. അവിടുന്ന് നേരെ പടിഞ്ഞാറോട്ടു പോയാൽ ഇടയ്ക്കാട് എത്തും. ചുമടുതാങ്ങിമുക്കും മറ്റും കഴിഞ്ഞു ആപ്പീസുമുക്കിന് ചെന്ന് താഴോട്ടിറങ്ങിപ്പോകണം. അവിടെ എത്തുന്നതിനു മുമ്പുതന്നെ അണ്ടിക്കമ്പനിയുടെ പുകയും മണവും അനുഭവപ്പെട്ടു തുടങ്ങും. അവിടുന്ന് താഴോട്ടിറങ്ങി റോഡ് തീരുന്നിടത്തെ വയലിലിറങ്ങി പടിഞ്ഞാട്ടു ചെന്ന് കുന്നു കയറിച്ചെല്ലുമ്പോൾ കുമാരൻ വല്യച്ഛന്റെ വീടാണ്. വല്യമ്മച്ചിയുടെ മൂത്ത മകനാണ് കുമാരൻ വല്യച്ഛൻ - അച്ഛന്റെ 'കൊച്ചാട്ടൻ'. കുമാരൻ വല്യച്ഛൻ, അച്ഛൻ, അപ്പച്ചി (പൊന്നമ്മ) അങ്ങനെ മൂന്നു മക്കൾ ആണ് വല്യമ്മച്ചിക്ക്. വല്യമ്മച്ചിയുടെ ഭർത്താവ് ഞങ്ങൾ ഇരുപത്തിമൂന്നിലെ വല്യച്ഛൻ എന്നു വിളിക്കുന്ന മൂത്തേടൻ വേലായുധൻ ഞാൻ എഴുത്തിനിരുന്നതിന്റെ അന്നു മരിച്ചു പോയി. വൈക്കം മൂത്തേടത്തുകാവുകാരൻ ആയതു കൊണ്ട് മൂത്തേടൻ വേലു എന്നോ മൂത്തേട്ടൻ, മൂത്ത ചേട്ടൻ എന്നോ ആളുകൾ വിളിച്ചു. വല്യമ്മച്ചിയെ എല്ലാവരും മൂത്തമ്മ എന്നും വിളിച്ചു. ചിലർ ഞങ്ങളെ വൈക്കത്തുകാരെന്നും വിളിച്ചു.

 വല്യച്ഛന്റെയവിടെ ചെന്നുകഴിഞ്ഞാൽ അവിടെ കുഞ്ഞുമോൾ അക്കച്ചി,വത്സലയക്കച്ചി, വാവ, പൊണ്ണു മോൻ, അമ്പി അവരുടെയെല്ലാം 'അമ്മ പടിഞ്ഞാറത്തമ്മ എന്ന് ഞങ്ങൾ പറയുന്ന ഭവാനിയമ്മയും അവരുടെ അമ്മയും (കടമ്പനാട്ടെ വല്യമ്മ) ചേച്ചി കുട്ടിയമ്മയും രണ്ടു ആണ്മക്കളും (വല്യണ്ണനും കൊച്ചണ്ണനും തൊട്ടു പടിഞ്ഞാറു താമസിക്കിന്നുണ്ട് .

 കൃഷിയിടങ്ങൾക്കിടയിൽ അങ്ങിങ്ങുള്ള ചെറുവീടുകൾ. കിഴക്കു വശത്തു വയലുകൾ ആണ്. സന്ധ്യ കഴിഞ്ഞാൽ കിഴക്കേ വയൽക്കരയിലെ വീട്ടിൽ നിന്നും ചെണ്ടകൊട്ടു കേൾക്കാം. വെക്കേഷൻകാലത്തു ഒന്നുകിൽ അച്ഛന്റെകൂടെ വല്യച്ഛന്റെ വീട്ടിൽ പോകും. അല്ലെങ്കിൽ വല്യച്ഛൻ വരുമ്പോൾ ഞാൻ കൂടെ പോകും. വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ വല്യച്ഛൻ കടമ്പനാട് ചന്തയ്ക്കു പോകുമ്പോൾ എന്നെയും കൂടെ കൊണ്ട് പോകും. തിരികെ വരുമ്പോൾ കുളത്തിനടുത്തുള്ള ശങ്കരപ്പിള്ളയുടെ കടയിൽ നിന്നും ചൂടുപരിപ്പുവടയും കാപ്പിയും വാങ്ങിത്തരും. അതിലെ നടന്നു ചുമടുതാങ്ങിമുക്കിനു വന്നു കയറും. ചന്തയ്ക്കു പോകുന്നവരും വരുന്നവരും ചുമടുതാങ്ങിയിൽ ചുമടിറക്കാറുണ്ട്. വല്യമ്മച്ചി അവിടെച്ചെന്നയുടനെ മടിയിലെ മുറുക്കൻകട തുറന്നു. പാക്കു കണ്ടിക്കാൻ പിച്ചാത്തി വേണ്ട. മുഴുപ്പാക്കിൽ നിന്നും വേണ്ടതിനെ കടിച്ചു പൊട്ടിച്ചെടുക്കും. വെറ്റ മൂന്നാലെണ്ണം ഒന്നിനുപിറകെ ഒന്നായി ചവച്ചു മോണയിൽ തിരുകി ചാറിറക്കും. പിന്നെ പൊയില കൂട്ടി ചവയ്ക്കും. നാലുമണി കഴിയുമ്പോഴേക്കും മലനടയിലേക്കു നടക്കും. കുന്നു കയറി നിരപ്പിലെത്തി ഇടവഴിയെ അമ്മുമോളിൽക്കാരുടെ വീടിനടുത്തുകൂടി ചെന്ന് ഇറക്കമിറങ്ങി ഇടയ്ക്കാട്ടെത്തി പടിഞ്ഞാട്ടു നടന്നു മലനടയിലെത്തും. കെട്ടുകാഴ്ചയും ഊരാളിതുള്ളലും എല്ലാം കണ്ടു കഴിഞ്ഞു തിരിച്ചു പോരും. 



രാത്രിയിൽ പിന്നെയും പോകും. രാത്രിയിൽ ടി എം സൗന്ദരരാജന്റെ ഗാനമേള, നിഴൽക്കുത്ത് മേജർ സെറ്റ് കഥകളി, കമ്പം ഇവയാണ് പരിപാടി.കഥകളി 'നിഴൽക്കുത്ത്' മാത്രമേ അവിടെ കളിക്കാറുള്ളൂ. (ഞാൻ ആദ്യം കഥകളി കാണുന്നതും വല്യമ്മച്ചിക്കൊപ്പമാണ് - പൂതംകര അമ്പലത്തിലെ ഉത്സവത്തിന്). കുഞ്ഞുമോളക്കച്ചി ഉത്സവത്തിനു വാങ്ങിത്തന്ന  ക്യൂട്ടക്സ്  ഞാൻ  രണ്ടുമൂന്നു തവണയായി കയ്യിലേയും കാലിലെയും നഖത്തിൽ പുരട്ടി തീർത്തിട്ടുണ്ടാവും.

 പെരുവിരുത്തിമലനടയിൽ ഉത്സവം കഴിഞ്ഞു. ഒരു ദിവസമായി, രണ്ടു ദിവസമായി, മൂന്ന്വ ദിവസമായി. വല്യമ്മച്ചി മടങ്ങുന്ന ലക്ഷണം ഇല്ല. ഞാൻ ചോദിച്ചു : വല്യമ്മച്ചിയേ ... നമ്മക്ക് പോവണ്ടായോ ? 'അടുത്ത വെള്ളിയാഴ്ച കുണ്ടുവൻ മലനടയിൽ ഉത്സവം ഉണ്ടെടാ. അതൂടെക്കഴിഞ്ഞിട്ടു നമ്മ്ക്കു പോയാ മതി". അടുത്ത വെള്ളിയാഴ്ച എന്നെയും കൂട്ടി കുണ്ടുവോൻ മലനടയിലെ ഉത്സവവം കൂടി കണ്ടിട്ടേ വല്യമ്മച്ചി മടങ്ങിയുള്ളൂ. ഒരിക്കൽ ഉടയോൻമുറ്റത്ത് ലൈബ്രറി വാർഷികത്തിന് ഞാൻ പെൺവേഷം കെട്ടിയ നാടകം കാണാൻ വല്യമ്മച്ചി വന്നിരുന്നു. അതായിരുന്നു ഞങ്ങൾ ഒരുമിച്ച് ഒടുവിൽ പങ്കെടുത്ത ഉത്സവം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും