പി എ മുഹമ്മദ്‌കോയ എന്ന മുഷ്‌താഖ്‌ : കളിയെഴുത്തിന്റെ കുലപതി - സുൽത്താൻവീടിന്റെ കഥാകാരൻ

എസ്. സലിംകുമാർ 

--
ശതാബ്ദി ആഘോഷങ്ങൾ കാണുമ്പോഴാണ് നമ്മൾ പലരെയും എഴുത്തുകാരായി തിരിച്ചറിയുന്നത്. അതേ സമയം മലയാളത്തിലെ ഏറ്റവും മികച്ച പത്തു നോവലുകൾ എടുത്താൽ അതിൽ ഒന്നിന്റെ കർത്താവായ ഈ എഴുത്തുകാരൻറെ ശതാബ്ദി മറക്കുകയും ചെയ്യുന്ന മറവി മലയാളിക്ക് മാത്രം ആയിരിക്കാനേ ഇടയുള്ളൂ.  കോഴിക്കോട്ടുകാർക്ക് ഈ മറവി എങ്ങനെ വന്നു എന്നതാണ് ചോദ്യം.


പി എ മുഹമ്മദ്‌കോയ

ഇദ്ദേഹത്തിൻറെ പേരിൽ കോഴിക്കോട്ടു നഗരത്തിൽ ഒരു റോഡുണ്ട്. മുഷ്താഖ് റോഡ്. ആരാണീ മുഷ്താഖ് എന്ന് ആർക്കൊക്കെ അറിയാം, പ്രത്യേകി ച്ചും സോഷ്യൽ മീഡിയ എന്ന കടലിൽ കിടന്നു പുളയ്ക്കുന്ന എഴുത്തുകാരെന്നു വിളിക്കപ്പെടുന്നവർക്ക് ?

മുഷ്താഖ് എന്നും ഹാരിസ് എന്നും അങ്ങനെ പല പേരിൽ  കോഴിക്കോട്ടു നിന്നിറങ്ങുന്ന സകലമാന പത്രങ്ങളിലും പിന്നെ താൻ എഡിറ്ററായ ചന്ദ്രിക വാരിക, ചന്ദ്രിക പത്രം , വിപ്ലവം പത്രം, മാതൃഭൂമി, ദേശാഭിമാനി അങ്ങനെ സകല പത്രങ്ങളിലും വിളയാടിയിരുന്ന പി എ മുഹമ്മദ് കോയ എന്ന യഥാർത്ഥ പേരുള്ള മനുഷ്യൻ. 

സുൽത്താൻ വീട് എന്ന  ഒറ്റ നോവൽ മതി അദ്ദേഹത്തെ അളക്കാൻ. പിന്നെ സുറുമയിട്ട കണ്ണുകൾ, ഇതുവരെ പുസ്തകരൂപത്തിൽ വരാത്തതും ദേശാഭിമാനി വാരികയിൽ തുടരാനായി വന്നതുമായ കോഴിക്കോടിന്റെ ഫുട്ബോൾ ഹൃദയത്തെ അനാവരണം ചെയ്യുന്ന 'ഗോൾ' എന്ന മറ്റൊരു നോവൽ, കുറേ കഥാസമാഹാരങ്ങൾ, ഇക്കരെ നിന്ന് കൊണ്ട് അക്കരെയുള്ള ദ്വീപിന്റെ ജീവിതം അറിഞ്ഞ ദ്വീപ് കഥകൾ .. ഇതൊന്നുമല്ല ... പി എ മുഹമ്മദ് കോയ .



കോഴിക്കോടൻ ഫുട്ബോൾ ആവേശത്തിന്റെ തത്സമയ അനുഭൂതി പകർന്നു നൽകിയ  റേഡിയോ കമന്റേറ്റർ ആയിരുന്ന പി എ മുഹമ്മദ് കോയ ആണ്  കേരളത്തിലെ കളിയെഴുത്തച്ഛൻ. അദ്ദേഹത്തിന്റെ എഴുത്തിലൂടെ കളിക്കളത്തിലെ ആശയും ആവേശവും കേരളീയ സമൂഹത്തിൽ അലയടിച്ചു. കമ്യൂണിസ്റ്റാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് പി എ മുഹമ്മദ് കോയയെ മുസ്ലിം ലീഗ് പ്രസ്ഥാനമായ 'ചന്ദ്രിക'യുടെ ബൗദ്ധിക അമരത്തിരുത്താൻ സി എച് മുഹമ്മദ് കോയ എന്ന വലിയ മനുഷ്യൻ തുനിഞ്ഞത്. കുറേക്കാലം കൂടി പി എ മുഹമ്മദ് കോയയും സി എച് മുഹമ്മദ് കോയയും കൂടിനടന്നിരുന്നെങ്കിൽ സി എച് കമ്മ്യൂണിസ്റ്റ് ആയിപ്പോയേനെ എന്ന് ചില കോഴിക്കോട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. 


കോഴിക്കോടിന്റെ ഹൃദയത്തെയും ആത്മാവിനെയും ഇത്ര മാത്രം അറിഞ്ഞ വേറെ അധികം ആരും ഉണ്ടാവില്ല. കോഴിക്കോടിന്റെ ഏറ്റവും നല്ല വിവരണം പോലും പി എ യുടേതാണ്. സുൽത്താൻ വീട് എന്ന നോവലിന്റെ ആദ്യത്തെ അദ്ധ്യായം ഇതിനു തെളിവാണ്.  
കോഴിക്കോടൻ കൂട്ടുകുടുംബ സംസ്കൃതിയുടെ ഈറ്റില്ലങ്ങളിൽ ഒന്നായ 'സുൽത്താൻവീട്' കുറ്റിച്ചിറയിൽ ഇപ്പോഴും ഉണ്ട്. അതൊരു പൈതൃക സ്മാരകമാണ്. കോഴിക്കോടിന്റെ ദീപസ്തംഭങ്ങളിൽ ഒന്നായ പി എ മുഹമ്മദ് കോയയെ അദ്ദേഹത്തിന്റെ ശതാബ്ദിയിൽ പോലും കണ്ടെത്താൻ കോഴിക്കോടിന് കഴിഞ്ഞുവോ എന്ന് സംശയം ആണ്. നോവലിസ്റ്റും കളിയെഴുത്തിന്റെ കുലപതിയുമായ പി എ മുഹമ്മദ് കോയയുടെ (മുഷ് താഖിന്റെ) ശതാബ്ദി ഓർക്കാതെ പോയത് ആ വലിയ മനുഷ്യനോട് വായനാലോകം ചെയ്ത പാതകം  ആണ്. പക്ഷെ അദ്ദേഹം അതങ്ങു ക്ഷമിച്ചു . അതാണ്  പി   എ മുഹമ്മദ് കോയ. 
(2022)
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം