എഴുത്തും എഴുത്തുകാരും സച്ചിദാനന്ദനും ഞാനും

എസ്. സലിംകുമാർ 



സ്‌കൂളിൽ പഠിക്കുന്ന കാലത്തൊക്കെ കവിത എന്ന പേരിൽ ചില സാധനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ഒരു കവിയരങ്ങിൽ പങ്കെടുക്കുന്നത് 1981 ലാണ്. പത്തനാപുരത്തെ കോട്ടയ്ക്കൽ ആര്യവൈദ്യശാല ഏജൻസി ആയിരുന്നു അക്കാലത്തു ആ പ്രദേശങ്ങളിലെ കാവ്യലോകത്തിൻ്റെ ആസ്ഥാനം. അവിടുത്തെ കുന്ദമംഗലം നാരായണൻ മികച്ച കവിയും നിരൂപകനും ആണ്. മികച്ച കവിതകൾ എഴുതുകയും എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നല്ലാതെ കവിതകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ മഹാമടിയനാണ് കുന്ദമംഗലം നാരായണൻ. 

 കുരീപ്പുഴ ശ്രീകുമാർ, പി കെ ഗോപി, കൂടൽ ഷാജി, ഉമ്മന്നൂർ ഗോപാല കൃഷ്‌ണൻ, കൂടൽ ശോഭൻ , ശ്രീഭവനം ഗോപാലകൃഷ്ണൻ, കോന്നിയൂർ ബാലചന്ദ്രൻ, കോന്നിയൂർ രാധാകൃഷ്ണൻ, ബാബു പാക്കനാർ, വിശ്വൻ പടനിലം, ചാത്തന്നൂർ സുരേഷ്‌കുമാർ തുടങ്ങിയ ഒരുപാടു പേരെ പരിചയപ്പെടയുന്നത് അക്കാലത്താണ്. ഡി.വിനയചന്ദ്രൻ, അയ്യപ്പപ്പണിക്കർ തുടങ്ങിയവർ ഉള്ള വേദികളിലും കവിത ചൊല്ലാൻ അവസരം കിട്ടിയിട്ടുണ്ട്.

 വളരെ അലക്ഷ്യമായി (ജീവിതം പോലെത്തന്നെ) സ്വന്തം കവിതയെ സമീപിച്ചിരുന്നതിനാലും കവിത ചൊല്ലാൻ അറിഞ്ഞുകൂടാത്തതിനാലും പൊതുവേ ഒറ്റപ്പെട്ട കാവ്യസഞ്ചാരങ്ങൾ ആയിരുന്നു എന്റേത്. ആകാശവാണിയിലൊക്കെ പലതവണ കവിതകൾ വായിച്ചിട്ടുണ്ട്. ഒരിക്കൽ ഓണക്കാല കവിയരങ്ങിൽ കവിത വന്നിട്ടുണ്ട് (1987)

 1985 -88 കാലത്തു ഞാൻ വയനാട്ടിൽ ആണ്. വയനാട് മൊത്തം നടന്നു കാണുകയാണ് ഹോബി. ചില കൂട്ടുകാർക്കൊപ്പം താമസിക്കും. ചിലരുടെ മുറിയുടെ പൂട്ട് പൊളിച്ചു കേറിത്താമസിക്കും. അങ്ങനെയൊക്കെയായിരുന്നു അന്നത്തെ വാസരീതി. കൽപ്പറ്റ, പനമരം, മാനന്തവാടി (പെരുവക), കണിയാമ്പറ്റ തുടങ്ങിയ ഇടങ്ങളിൽ ആയിരുന്നു ഏറെയും താമസം. കവിതയുടെ സൂക്കേട് ശമിച്ചിരുന്നില്ല. ഒരു ട്രൈബൽ ഹോസ്റ്റലിൽ ട്യൂഷൻ, വീടിന്റെയൊക്കെ പെയിന്റടി, കണ്ടംകിള, പനമരത്തെ മണൽവാരൽ തൊഴിലാളികളെ രാത്രിയിൽ അക്ഷരം പഠിപ്പിക്കൽ, മാനന്തവാടിയിലെ ഒരു പാരലൽ കോളജിൽ പഠിപ്പീര്, ഒരു കൂട്ടുകാരന്റെ മുറിയിൽ ചാപ്പാടുവയ്പ് തുടങ്ങിയവയാണ് അവിടെ ചെയ്തിട്ടുള്ള തൊഴിൽ. 

ഞാൻ ആദ്യമായി വോട്ടു ചെയ്യുന്നതും വയനാട്ടിൽ ആണ്. ചിലപ്പോഴൊക്കെ തിരുനെല്ലിയിൽ പോകും. തോൽപ്പെട്ടി വഴിയും ബാവലി വഴിയും ഒക്കെ നടന്നു കർണാടകത്തിൽ പ്രവേശിക്കും. ഇതൊക്കെയാണ് പരിപാടികൾ. 

 ഒരു ദിവസം കവി സച്ചിദാനന്ദന് ഞാൻ ഒരു കത്തെഴുതി. ഞാൻ കവിതാതാല്പര്യം ഉള്ള ആൾ ആണെന്നും അദ്ദേഹത്തിന്റെ മിക്കവാറും കവിതകൾ വായിച്ചിട്ടുണ്ടെന്നും കവിതകൾ എഴുതാറുണ്ടെന്നും   കവികളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുന്നതിനാൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നും മറ്റുമായിരുന്നു കത്തിലെ ഉള്ളടക്കം. 'ബോധി', ഇരിങ്ങാലക്കുട എന്നതായിരുന്നു അദ്ദേഹത്തിന്റെ മേൽവിലാസം. അന്ന് അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ അധ്യാപകൻ ആണ് . 

മടക്കത്തപാലിൽത്തന്നെ സച്ചിദാനന്ദന്റെ കത്ത് വന്നു. കവിതാവബോധത്തിനു കവികളുമായല്ല കവിതകളുമായാണ് കൂടുതൽ ബന്ധം വേണ്ടതെന്നും, ലോകത്തെമ്പാടും എല്ലാ ഭാഷകളിലും ഉള്ള കവിതകൾ വിവർത്തനങ്ങൾ ഉൾപ്പെടെ വായിച്ചു കവിതയുമായി ഗാഢബന്ധം പുലർത്തുകയാണ് വേണ്ടതെന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ കത്തിലുണ്ടായിരുന്നത്. ആ നിർദ്ദേശം എന്നെ വല്ലാതെ ഉൾവലിയുവാൻ പ്രേരിപ്പിച്ചു. പിന്നെ എഴുത്തുകാരെ സന്ദർശിക്കുവാനോ ഞാൻ ശ്രമിച്ചിട്ടില്ല. എഴുത്തുമായുള്ള ഗാഢബന്ധം (അത് പണ്ടേയുണ്ട്) പൂർവ്വാധികം ഭംഗിയായി പുലർത്തുകുകയും ചെയ്തു.

 ജയ്‌പ്പൂരിൽ ആയിരുന്ന കാലത്ത് കുറെ കവിതകൾ കെ. ജി.ശങ്കരപ്പിള്ളയ്ക്ക്  അയച്ചു കൊടുത്തു. അത് അദ്ദേഹം വിവിധ ലിറ്റിൽ മാഗസിനുകൾക്കായി വീതിച്ചു കൊടുത്തു. ഒരെണ്ണം അദ്ദേഹം എഡിറ്റു ചെയ്തിരുന്ന സമകാലിക കവിതയിൽ പ്രസിദ്ധീകരിച്ചു. മറ്റൊന്ന് അക്കാലത്തു ഫറോക്കിൽ നിന്നും ഇറങ്ങിയിരുന്ന 'ജയകേരള'ത്തിലും വന്നു. 

 സച്ചിദാനന്ദനെ ഞാൻ ആദ്യമായി കാണുന്നത് പിന്നെയും ഇരുപതു വര്ഷം കഴിഞ്ഞു ബാംഗ്ലൂരിൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു പരിപാടിയിൽ വച്ചാണ്. ഇപ്പോഴും എഴുത്തുകാരുമായി എനിക്ക് കാര്യമായ ബന്ധങ്ങൾ ഒന്നും ഇല്ല. നാനാവിധത്തിലുള്ള എഴുത്തു കൊണ്ടാണ് കഴിഞ്ഞ മുപ്പതു വർഷമായി ഞാൻ ഉപജീവനം നടത്തുന്നത്. എന്റെ സർഗ്ഗരചനകൾ ഏറെയൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. അഞ്ചാറ് നോവലുകൾ, കുറേകവിതകൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ, കഥകൾ ഇങ്ങനെ ചില സാഹിത്യ ഉരുപ്പടികൾ കൈവശം ഉണ്ട്. ​ഒരു പ്രമുഖ പ്രസാധകരോട് ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ടു കയ്യെഴുത്തു പ്രതി അയച്ചു കൊടുത്തു. 64 പേജുള്ള ഒരു കവിതാപുസ്തകം പ്രസിദ്ധീകരിക്കുവാൻ ആയിരുന്നു പ്ലാൻ. അവരുടെ ഓഫീസിൽ നിന്ന് വിളി വന്നു : പുസ്തകം അവർ പ്രസിദ്ധീകരിക്കും. 35000 രൂപ കൊടുക്കണം. 150 കോപ്പി അച്ചടിക്കും. പത്തു കോപ്പി എനിക്ക് തരും. വേറെ ഒന്നും കിട്ടില്ല. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അന്ന് ഒരു കോപ്പിക്ക് അമ്പത് രൂപ വിലയിടാവുന്ന പുസ്തകത്തിന് പ്രസാധനച്ചിലവ് കോപ്പി ഒന്നിന് 233 രൂപ!!

അവർ ആവശ്യപ്പെട്ട അത്രയും കാശുണ്ടെങ്കിൽ ആ പുസ്തകത്തിന്റെ 2000 കോപ്പി അച്ചടിക്കുവാൻ കഴിയും. പുസ്തകപ്രസാധനം ഇങ്ങനൊക്കെ ആയതിനാൽ പ്രസാധകരെ പ്രസാദിപ്പിക്കേണ്ടെന്നു ഞാൻ തീരുമാനിച്ചു. എന്റെ പുസ്തകങ്ങൾ സ്വയം അച്ചടിപ്പിച്ചു കൊണ്ടുനടന്നു വിൽക്കുവാൻ ആണ് ഉദ്ദേശ്യം. അടുത്തു തന്നെ അത് ചെയ്യുന്നതായിരിക്കും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും