നാലു വേലായുധന്മാർ
എസ്. സലിംകുമാർ
കളത്തിൽ വേലായുധൻ നായർ
ഇരുപത്തിമൂന്നിൽ റോഡുവക്കിൽ വേലാം മുതലാളി എന്ന് എല്ലാവരും വിളിക്കുന്ന വേലായുധൻ മുതലാളിക്ക് ജൗളിക്കട ഉണ്ട്. ജൗളിക്കട എന്നാൽ ഒരു വലിയ ഏറുമാടം ആണ്. നാട്ടിലെ ഏറ്റവും വലിയ ഏറുമാടം അതാണ്. വേലാം മുതലാളിയുടെയും അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ഉള്ള നാട്ടുകാരുടെയും വോട്ടു തനിക്കു തരണമെന്ന് മുതലാളിയോട് കളത്തിൽ വേലായുധൻ നായർ അഭ്യർത്ഥിച്ചു. വേലാം മുതലാളി തോളത്തു കിടന്ന നെടുകെ മടക്കിയ വലിയ തോർത്ത് തോളത്തുനിന്നെടുത്തു വീണ്ടും തോളത്തു തന്നെ ഇട്ടിട്ടു തറപ്പിച്ചു പറഞ്ഞു : "അത് നടക്കില്ല. പി.രാമലിംഗം നാട്ടുകാരൻ ആണ് . ഏഴംകുളം പട്ടരുമഠത്തിലേതാണ്. വോട്ടു സ്വാമിക്കേ കൊടുക്കൂ". മാത്രമല്ല വേലാം മുതലാളി കമ്യൂണിസ്‌റ്റുകാരനുമാണ്.
കളത്തിൽ വേലായുധൻ നായർ നിരാശിതനായി മടങ്ങി.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കളത്തിൽ വേലായുധൻ നായർ ജയിച്ചെന്നു മാത്രമല്ല മന്ത്രിയുമായി - വകുപ്പ് പൊതുമരാമത്ത്. മന്ത്രിയായ ഉടൻ കളത്തിൽ വേലായുധൻ നായർ എടുത്ത ആദ്യത്തെ തീരുമാനം സംസ്ഥാനത്തൊട്ടാകെ റോഡുവക്കിൽ പുറമ്പോക്കിൽ ഉള്ള ഏറുമാടങ്ങൾ എല്ലാം നീക്കം ചെയ്യണം എന്നാണ്. റോഡ് വികസനത്തിന് അത് കൂടിയ കഴിയൂ. അതിന്റെ ഉത്ഘാടനം തന്റെ തന്നെ മണ്ഡലത്തിൽ ഉള്ള ഇരുപത്തിമൂന്നിലെ (കായംകുളത്തു നിന്ന് പുനലൂർക്കുള്ള റോഡിലെ ഇരുപത്തിമൂന്നാം മൈൽക്കുറ്റി നിൽക്കുന്ന നാട്ടുമുക്ക്) വേലാം മുതലാളിയുടെ ഏറുമാടം പൊളിച്ചു നീക്കം ചെയ്തു കൊണ്ടായിരിക്കുമെന്നു തീരുമാനം ആയി. ഏനാദിമംഗലത്തേക്കുള്ള സ്‌പെഷ്യൽ ഓർഡർ ആണ്. നാളെ രാവിലെ മാടം പൊളിച്ചു മാറ്റും.
ഇക്കാര്യം തലേന്നു രാത്രിയിൽത്തന്നെ താലൂക്കാപ്പീസിലെ സർവേയർ ആയ പരമേശ്വരൻ നായർ വേലാം മുതലാളിയെ അറിയിച്ചു. ഉടൻ തന്നെ 23 മുക്ക് സജീവമായി. മാടം പൊളിക്കാനുള്ള നാളത്തെ കളത്തിൽപ്പരിപാടി പൊളിക്കണം. ഭൂതഗണങ്ങൾ ഉണർന്നു പ്രവർത്തിച്ചു.
രണ്ടു വേലായുധൻമാർ തമ്മിലാണ് പോര്. നേരം പാതിരാവായി.
ഇനിയാണ് മൂന്നാമത്തെ വേലായുധൻ - വട്ടക്കാലാ വേലായുധൻ.
ഇരുപത്തിമൂന്നിനു പടിഞ്ഞാറ് ഒരുവിളിപ്പാടകലെയാണ് വട്ടക്കാലാ മുക്ക്. അവിടെ വട്ടക്കാലാ വേലായുധന് പലചരക്കുകടയുണ്ട്. അതിനാലാണ് മുക്കിനു വട്ടക്കാലാ മുക്ക് എന്ന് പേര് വന്നത്. കടയ്ക്കുമുമ്പിൽ, കട പുതുക്കി പണിയുവാൻ വേണ്ടി വെട്ടുകല്ല് അടുക്കി വച്ചിട്ടുണ്ട്. അതിൽ നിന്ന് എഴുപതു വെട്ടുകല്ലുകൾ കുട്ടകംവിഴുങ്ങി നീലകണ്ഠന്റെ മകൻ ഭാസ്കരനും മുല്ലമ്പൂ പൊടിയനുംകൂടി കൈവണ്ടിയിൽ ട്രിപ്പടിച്ചു കൊണ്ടുവന്നു. റോഡിനോട് ചേർന്നുള്ള വയൽ വേലാം മുതലാളിയുടേതാണ്. അങ്ങോട്ടിറക്കി നാലു തൂണുകൾ വെട്ടുകല്ല് കൊണ്ട് പണിതു.
കാപ്പിക്കട ദിവാകരൻ കടയുണ്ടാക്കാൻ അറുത്തുവച്ചിരുന്ന തേമ്പാവിന്റെ ഉരുപ്പടികൾ തൂണുകളിൽ ഉറപ്പിച്ചു.
ആനേകം ആളുകൾ ചേർന്ന് മാടം അതിലേക്കു മാറ്റി വച്ച്. ഇപ്പോൾ മാടം റോഡിനോട് ചേർന്ന് വേലാം മുതലാളിയുടെ വയലിൽ തൂണുകജോളിൽ ആണ്.
അതിരാവിലെ പോലീസും കിടുപിടികളുമായി മാടം പൊളിക്കാൻ ഉദ്യോഗസ്ഥർ വന്നപ്പോൾ അങ്ങനൊരു മാടം 23 ൽ റോഡ് പുറമ്പോക്കിൽ ഇല്ല. വേലാം മുതലാളിയുടെ സ്വന്തം സ്ഥലത്ത് വയലിലെ തൂണുകളിലാണ് ഇപ്പോൾ ഏറുമാടം. വന്നവർ ചമ്മി മടങ്ങി.
അത് കഴിഞ്ഞപ്പോൾ ആണ് ശരിക്കും ഉള്ള പുകിൽ. രാവിലെ വട്ടക്കാലാ വേലായുധൻ കട തുറക്കാൻ വന്നപ്പോൾ മുറ്റത്തിരുന്ന വെട്ടുകല്ലുകളിൽ നല്ലൊരു പങ്കു കാണാനില്ല. അങ്ങേരു വന്നാൽ എന്തെടുക്കുമെന്നറിയുവാൻ വരവും പ്രതീക്ഷിച്ചു വട്ടക്കാലാ മുക്കിനു നിൽക്കുകയായിരുന്നു മുല്ലമ്പൂ പൊടിയൻ. പൊടിയൻ വിവരം പറഞ്ഞപ്പോൾ വട്ടക്കാല വേലായുധൻ പൊട്ടിത്തെറിച്ചു. കാര്യങ്ങൾ അറിഞ്ഞ മാരൂർ രാഘവൻസാർ പൊടിയനെ വഴക്കു പറഞ്ഞു. വട്ടക്കാലാ വേലായുധൻ മുക്കിനു താണ്ഡവമാടുകയാണ്. പൊടിയനെതല്ലാൻ ചെന്നുവെന്നു മാത്രമല്ല, കേസു കൊടുക്കുമെന്നും പോലീസിനെക്കൊണ്ട് ഇടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
വട്ടക്കാലാ വേലായുധന്റെ രൗദ്രരസം കൊഴുക്കുമ്പോൾ വരുന്നു വേറൊരു വേലായുധൻ! എല്ലാവരും മൂത്തചേട്ടൻ എന്നു വിളിക്കുന്ന മൂത്തേടൻ വേലായുധൻ - പൊടിയന്റെ അച്ഛൻ. മൂത്തേടൻ വേലായുധൻ വട്ടക്കാലാ വേലായുധനോട് പറഞ്ഞു: ഇയ്യാൾ എന്തിനാടോ എന്റെ ചെറുക്കനോടു ചാടുന്നത്? ചെറുക്കനെ വല്ലതും ചെയ്‌താൽ ഞെവിടിപ്പൊടിക്കും നിന്നെ ഞാൻ. നീ പോയി ആ വേലാം മുതലാളിയോട് ചോദിക്ക്.
വട്ടക്കാലാ വേലായുധൻ ഉറഞ്ഞുതുള്ളി വേലാം മുതലാളിയുടെയടുത്തേക്കു പാഞ്ഞു. അങ്ങോട്ട് പോയപ്പോഴുള്ള രൗദ്രരസം തിരികെപ്പോവുമ്പോഴേക്കും ശാന്തരസം ആയിക്കഴിഞ്ഞിരുന്നു. കാരണം എഴുപതു വെട്ടുകല്ലിന്റെ കാശ് അപ്പോൾത്തന്നെ വേലാം മുതലാളി കൊടുത്തു. വട്ടക്കാലാ മുക്കിലേക്കു ചെന്നു വിവരം പറഞ്ഞു കാശ് കൊടുക്കാമെന്നു കരുതി വേലാം മുതലാളി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വട്ടക്കാലാ വേലായുധൻ ചെന്ന് ബഹളം വച്ചത്.
ആ വലിയ ഏറുമാടം ഇരുപത്തിമൂന്നിലെ
വ്യാപാരകേന്ദ്രവും കമ്യൂണിസ്റ്റ് പ്രവർത്തകരുടെ സമ്പർക്ക കേന്ദ്രവും ആയിരുന്നു. അതെ നിലയിൽത്തന്നെ ആ മാടം ഇപ്പോഴും ഉണ്ട്. കുറേക്കാലമായി അടച്ചിട്ടിരിക്കുന്നു. ജീർണിച്ച നിലയിൽ ആണ്.
(ഇതിൽപ്പറയുന്ന മുല്ലമ്പൂ പൊടിയൻ (വി.ശ്രീധരൻ) എന്റെ അച്ഛനും മൂത്തേടൻ വേലായുധൻ എന്റെ അപ്പൂപ്പനും ആണ്. അച്ഛൻ പറഞ്ഞ വിവരങ്ങൾ ആസ്പദമാക്കിയാണ് ഈ കുറിപ്പ് )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ