പഞ്ചാബിൽ കളക്‌ടറുടെ തുവ്വൂരിലെ റേഷൻകാർഡ്

എസ്. സലിംകുമാർ 


വയനാട്ടിൽ നിന്നാണ് തുവ്വൂരിൽ എത്തിയത്.  കോഴിക്കോട്ടുവന്ന്  അവിടുന്ന് മഞ്ചേരിയിൽ എത്തി . അവിടുന്ന് പാണ്ടിക്കാട്ടിറങ്ങി. പിന്നെ നിലമ്പൂരിനുള്ള ബസ്സിൽ കയറി തുവ്വൂരിൽ ഇറങ്ങി. ആ വഴി അതിനു മുമ്പും വന്നിട്ടുണ്ട്. കരുവാരകുണ്ടിനടുത്ത് അടയ്ക്കാക്കുണ്ടിൽ സുഹൃത്ത് വി എ ഹമീദിന്റെ വീട്ടിൽ പോയിട്ടുണ്ട്. ആത്മസുഹൃത്തായ ജമാലിന്റെ വീട് കാളികാവിൽ ആണ്.   അക്കാലത്ത് എന്റെ കുഞ്ഞമ്മയ്ക്ക് ജോലി  പാങ്ങ് സ്‌കൂളിൽ ആയിരുന്നു. കരുവാരകുണ്ടിൽ നിന്നും മടക്കകമ്പിയടിച്ചു  കുഞ്ഞമ്മയുടെ അഡ്രസ് വരുത്തിയിട്ടാണ് ഞാൻ  പെരിന്തൽമണ്ണ, കൊളത്തൂർ, ചട്ടിപ്പറമ്പ് വഴി പാങ്ങിൽ എത്തിയത്. 

കുഞ്ഞമ്മ തുവ്വൂർ ഗവണ്മെന്റ് ഹൈസ്‌കൂളിൽ ജോലി ചെയ്യുന്നു. അവിടെ ഹിന്ദി  അദ്ധ്യാപികയാണ്. ആദ്യം തുവ്വൂരിൽ വന്നപ്പോൾത്തന്നെ   "നളിനി ബേക്കലിന്റെ ഭർത്താവ് പായിപ്ര രാധാകൃഷ്ണൻ ജോലി ചെയ്യുന്നത് ഇവിടെയാണ് " എന്ന് കുഞ്ഞമ്മ പറഞ്ഞു. പായിപ്ര രാധാകൃഷ്ണൻ അവിടെയാണ് ജോലി ചെയ്യുന്നതെന്നും നാലിബേക്കലിന്റെ ഭർത്താവ് ആണെന്നുള്ളതും എനിക്ക് പുതിയ അറിവായിരുന്നു. അതിനും കുറെമുമ്പുതന്നെ പായിപ്ര എന്ന എഴുത്തുകാരനെ ഞാൻ  വായിച്ചിരുന്നു. 

തുവൂർ ഹൈസ്‌കൂൾപ്പടി എന്നാണ് ബസ് സ്റ്റോപ്പിന്റെ പേരെങ്കിലും ബസ് നിർത്തുന്നത് ഒരു ചാരായഷാപ്പിന്റെ മുമ്പിലാണ്. സ്‌കൂൾ കുറച്ച അകത്തേക്ക് മാറി ആയതിനാൽ  സ്‌കൂളിനടുത്തു  നിന്ന്  നിയമപരമായ നിശ്ചിതപരിധിക്കു പുറത്ത്  മെയിൻറോഡിന്റെ ഓരത്താണ് ഷാപ്പ്.  ഷാപ്പിന്റെ കോമ്പൗണ്ടിൽ കപ്പയും വാഴയും തെങ്ങിൻ തൈകളും ഒക്കെയുണ്ട്. സ്‌കൂൾ അധ്യാപകരും തുവ്വൂരിലെ  പഞ്ചായത്ത്-വില്ലേജ് ജീവനക്കാരും ഒക്കെ താമസിക്കുന്നത് ഷാപ്പുപറമ്പിന്റെ വേലികെട്ടിയ അതിരിൽ നിന്ന് തുടങ്ങി കിഴക്കോട്ടു മൊത്തം പത്തോ പന്ത്രണ്ടോ, താമസസ്ഥലങ്ങളുള്ള രണ്ടു നീളൻ കെട്ടിടങ്ങൾ ആണ്. അതിന്ന് പിറകിലെ പറമ്പിൽ  ചേമ്പും ചേനയും ശങ്കരൻ എന്ന ചെത്തുകാരൻ ചെത്തുന്ന ചില തെങ്ങുകളും ഉണ്ട്. 

ഓരോ വീടിനും  ഒരോ  വലിയ മുറിയും  അടുക്കളയും ഉണ്ട്. മുൻവശത്തെ തിണ്ണ വേര്തിരിച്ചിട്ടില്ല. കുട്ടികൾ അവിടെ ഓടിച്ചാടി നടന്ന്. രഘു, രാജി, ആസാദ്, നൗഷാദ്, അനുസാദ്, അമൃത, സ്മിത, സ്‌മിനു, നിധീഷ്, കിരൺ, മോനിഷ, അനുഷ, കിഴക്കെ ലോഡ്ജെന്നു പടിഞ്ഞാറെക്കെട്ടിടത്തിലുള്ളവർ വിളിക്കുന്ന കെട്ടിടത്തിലെ വീടുകളിലെ കുട്ടികൾ വേറെയും ഉണ്ട്. എല്ലാം  കൂടി നല്ല പുകിൽ ആണ്. ഡിഡി ഓഫീസിൽ ജോലി ചെയ്യുന്ന ചന്ദ്രശേഖരനും ഭാര്യ ചന്ദ്രികയും, തുവ്വൂർ വില്ലജ് ഓഫിസറും കുട്ടനാട്ടുകാരനുമായ ഉതുപ്പാനും സംസ്കൃതം അധ്യാപികയായ മറിയാമ്മ, സമദ് മാഷും കുടുംബവും, ശ്രീധരൻ പിള്ള സാറും കുടുംബവും, രാധാമണി ടീച്ചർ, ആയിഷ ടീച്ചറും കുട്ടികളും.. വേറെയും ടീച്ചർമാർ.  

കുളക്കടക്കാരൻ മണിലാൽ മാഷും താടിക്കാരൻ ചാക്കോമാഷും താമസിക്കുന്നത് അങ്ങാടിക്കും സ്‌കൂൾപ്പടിക്കും ഇടയ്ക്കു വഴിവക്കിലുള്ള ഓടിട്ട ഇരുനിലക്കെട്ടിടത്തിന്റെ മുകൾനിലയിൽ ആണ്. ആ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അങ്ങാടിമരുന്നുകൾ ശേഖരിച്ചു തരം  തിരിച്ചു കെട്ടുകളാക്കി മൊത്തക്കച്ചവടത്തിനു തയ്യാറാക്കി വയ്ക്കുന്ന ഇടമാണ്. ആ കെട്ടിത്തിന്റെ മുറ്റത്തിരുന്നു മാറ് മറയ്ക്കാത്ത ചില മുതിർന്ന സ്ത്രീകൾ ഉണങ്ങിയ മരുന്നു ചെടികൾ  ചെറിയ കെട്ടുകളാക്കുന്നതു കാണാം. വൈകുന്നേരം ഷാപ്പ് പറമ്പിലെ  വാഴച്ചോട്ടിൽ വട്ടം കൂടിയിരുന്നു ചിരട്ടയിൽ പരദൈവത്തിനു വച്ച ശേഷം പട്ടച്ചാരായം കുടിക്കുന്നവരുടെ കൂട്ടത്തിൽ ആ സ്ത്രീകളെ കാണാറുണ്ട്. 
 
തുവ്വൂരിൽ   ചെന്നു  കഴിഞ്ഞാൽ തുവ്വൂർ അങ്ങാടിയിൽ പോകാത്തിരിക്കാൻ എനിക്ക് കഴിയില്ല. ഒന്നുകിൽ ചിറ്റപ്പൻ പറയും - വാടാ നമ്മക്ക് അങ്ങാടിയിൽ പോയിട്ട് വരാം . അല്ലെങ്കിൽ കുഞ്ഞമ്മ പറയും 
- നീ സക്കീറിന്റെ കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ചോണ്ടു വാ.

ഞാൻ കിഴക്കോട്ടു നടന്നു റെയിൽ മേപ്പാലവും കടന്ന്  അങ്ങാടിയിലെത്തി സക്കീറിന്റെ കടയിൽ നിന്നും കുഞ്ഞമ്മ തന്ന പറ്റുബൂക്ക് കൊടുക്കും. ബുക്കിൽത്തന്നെ എഴുതിയിരിക്കുന്നതു നോക്കി സക്കീർ സാധനങ്ങൾ എടുത്തു വയ്ക്കുമ്പോഴേക്കും  അപ്പുറത്തെ 'മനുസേൻ്റെ' കടയിൽ നിന്നും  ചായയും കുടിക്കും. അങ്ങേരെ ചിറ്റപ്പൻ വിളിക്കുന്നതും ചിറ്റപ്പൻ അങ്ങേരെ വിളിക്കുന്നതും 'മൻസേനേ" എന്നാണു. മൻസേനേ ഒരു ചായ തരൂ  എന്ന് ചിറ്റപ്പൻ ചായയ്ക്ക് പറഞ്ഞാൽ 'മൻസേനേ ചായ' എന്നു  പറഞ്ഞാണ് ചായക്കടക്കാരൻ ചായഗ്ലാസ്സ് മേശപ്പുറത്തു വയ്ക്കുന്നത്. അദ്ദേഹത്തിന്റെ പേര് ഓർക്കുന്നില്ല. ആ പീടികയുടെ അപ്പുറത്തെ മുറിയാണ് റേഷൻകട. 

ചിറ്റപ്പൻ തുവ്വൂരിൽ  ഒരു പാരലൽ കോളജിൽ അധ്യാപകൻ ആയിരുന്നു. പഞ്ചാബിൽ ഹിന്ദിപ്രചാരകനും അധ്യാപകനും ആയിരുന്നു. സംസ്കൃതവും ഹിന്ദിയും മലയാളവും ചിറ്റപ്പന്  ഒരുപോലെ വഴങ്ങിയിരുന്നു. നന്നായി എഴുതാനുള്ള ശേഷി ഉണ്ടായിരുന്നെങ്കിലും ഒന്നും എഴുതിക്കണ്ടിട്ടില്ല. കുമ്പളം പൊയ്ക, വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ, പത്തനാപുരം, തുവ്വൂർ ഇവിടൊക്കെ പാരലൽ കോളജുകളിൽ മലയാളവും സംസ്കൃതവും ഹിന്ദിയും പഠിപ്പിക്കുന്ന മികച്ച അധ്യാപകൻ ആയിരുന്നു. 

ഒരു ദിവസം ഞാൻ തുവ്വൂരങ്ങാടിയിലേക്കു പോകാൻ തുടങ്ങുമ്പോൾ കുഞ്ഞമ്മ പറഞ്ഞു : അപ്പറത്തെ റേഷൻകാർഡിന്റെ പഞ്ചസാരകൂടി നീ വാങ്ങിച്ചോണ്ട് വരണം."

തൊട്ടപ്പുറത്തെ താമസക്കാർ ശ്രീധരൻ പിള്ള സാറും കുടുംബവും ആണ് .   സാർ ജോലി കഴിഞ്ഞെത്തിയിട്ടില്ല. സാറിന്റെ മകൻ രഘു റേഷൻകാർഡ്  കൊണ്ടുവന്നു തന്നു. രഘു മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത്. രഘുവിനിളയ  രാജി ഒന്നിലാണ്. 

ഞാൻ കാർഡ് തുറന്നു നോക്കി : ഗൃഹനാഥന്റെ പേര് ശ്രീധരൻ പിള്ള. തൊഴിൽ : പഞ്ചാബിൽ കലക്റ്റർ!!!. 
എനിക്ക് കൗതുകവും നല്ല തമാശയും തോന്നി. . 
രമുറിവീട്ടിൽ താമസിക്കുന്ന പഞ്ചാബിലെ കലക്റ്റർ. താമസവും റേഷൻ കാർഡും  തുവ്വൂരിൽ.

ശ്രീധരൻപിള്ളസാർ പഞ്ചാബിൽ കലക്റ്റർ അല്ല എന്ന് എനിക്ക് നന്നായറിയാം. എന്തോ സർക്കാർ ഉദ്യോഗം ആണെന്ന് മാത്രമേ അറിയൂ 
ശ്രീധര പിള്ള സാറിനു ജോലി എന്താണെന്നു ഞാൻ  ചിറ്റപ്പനോട് ചോദിച്ചു.
- പഞ്ചായത്ത് ഓഫീസിൽ"
എന്ത് ജോലിയാ?
ബിൽ കലക്റ്റർ .


റേഷൻകാർഡിൽ പഞ്ചാബിൽ  കലക്റ്ററുടെ ഗുട്ടൻസ് എനിക്കു പിടി കിട്ടി. 
പഞ്ചായത്ത് എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്  "പഞ്ചാ.".   പക്ഷെ 'പഞ്ചാ' കഴിഞ്ഞിട്ട് കുത്തോ അകലമോ ഇല്ലാതെയാണ്  ബിൽ കലക്റ്റർ എന്ന് എഴുതിയിരിക്കുന്നത്. . 
അതാണ് 'പഞ്ചാബിൽ കലക്റ്റർ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം