എസ്. സലിംകുമാർ
ചിത്രരചനയുൾപ്പെടെ അറുപതിൽ പരം കരകൗശലവിദ്യകൾ ഉപയോഗിച്ച് ഏറ്റവും കൂടുതൽ വ്യത്യസ്തമായ കലാസൃഷ്ടികൾ ആവിഷ്കരിച്ചതിനു 'ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്ത്യാസ് വേൾഡ് റെക്കോഡ് , ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിൽ ഇടം നേടിയ കലാകാരിയും സംരംഭകയും ആണ് ജിഷ ലെനു ജോർജ്ജ് . നിത്യജീവിതവും കലയും എങ്ങനെ ഫലപ്രദമായി സമരസപ്പെടുത്താമെന്നു തെളിയിച്ച് സ്വന്തം ജീവിതം കലാനിർഭരമാക്കുന്നതിനൊപ്പം പുതുതലമുറയ്ക്ക് അവരുടെ അഭിരുചികൾ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകുവാനും നിരന്തരം പ്രവർത്തിക്കുന്ന മിറക്കിൾ സോൺ എന്ന സ്ഥാപനം നടത്തി വരികയാണ് ജിഷ ലെനു ജോർജ്ജ് . നൃത്തം, സംഗീതം, ഭാഷാപഠനം, ക്രിയേറ്റിവ് റൈറ്റിങ്, കഥപറച്ചിൽ, ചിത്രമെഴുത്ത്,ക്ലേ മോഡലിംഗ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളിലൂടെ കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവരുടെ കഴിവുകൾക്ക് പ്രോത്സാഹനവും വേദിയും മിറക്കിൾ സോൺ നൽകിയിരുന്നു. സ്വീകരണമുറിയിലെ അലങ്കാര വസ്തുക്കൾ മുതൽ അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളിൽ വരെ ജിഷയുടെ കൈവിളയാട്ടം കാണാം.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയാണ് ജിഷ . പിതാവ് എം കെ ജോൺസൺ, അമ്മ ജെസ്സി ജോൺസൺ. ജിഷയുടെ സ്‌കൂൾ വിദ്യാഭ്യാസം കായംകുളം സെന്റ് മേരീസ് ജി എച് എസ്സിൽ ആയിരുന്നു. തിരുവല്ല മാർത്തോമാ കോളേജിൽ പ്രീഡിഗ്രി പഠനം. ബാംഗ്ലൂർ ചന്നസാന്ദ്ര എം വി ജെ കോളജിൽ നിന്ന് എഞ്ചിനീറിങ് ബിരുദം കരസ്ഥമാക്കി . 2005 ൽ വിവാഹം. ഭർത്താവ് ലെനു ജോർജ്ജ് ചെങ്ങന്നൂർ സ്വദേശിയാണ് .
ജിഷ ലെനു ജോർജ്ജുമായി എസ്. സലിംകുമാർ നടത്തിയ സംഭാഷണത്തിൽ നിന്ന്:
മിറക്കിൾ സോൺ എന്ന സ്ഥാപനം തുടങ്ങാൻ പ്രേരിപ്പിച്ചതെന്താണ്?
എന്താണ് മിറക്കിൾ സോണിൻ്റെ ലക്‌ഷ്യം?
മിറക്കിൾ സോൺ തുടങ്ങാനുള്ള കാരണം എൻ്റെ മക്കൾതന്നെ ആയിരുന്നു. വീടിനടുത്ത് ആർട്ട് ക്‌ളാസ്സുകളോ ആക്റ്റിവിറ്റി സെന്ററുകളോ ഉണ്ടായിരുന്നില്ല. ട്യൂഷനുവേണ്ടി കുറെ അന്വേഷിച്ചുവെങ്കിലും ഫലം കണ്ടില്ല . ക്‌ളാസ്സുകൾക്കു വേണ്ടി മറ്റ് പലരും അന്വേഷിക്കുന്നുണ്ടാവുമെന്ന് തീർച്ചയായിരുന്നു. അങ്ങനെയാണ് മിറക്കിൾ സോൺ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നത്. എനിക്ക് ആർട്ടിനോട് താല്പര്യം ഉണ്ടായിരുന്നു. കുട്ടികൾക്കു വർത്തമാനം പറയാനും കളിക്കാനും കൂട്ടുകൂടാനുമുള്ള അന്തരീക്ഷം ഞങ്ങൾ താമസിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്ത് ഇല്ലായിരുന്നു.
രണ്ട് മക്കൾ: ക്രിസ്സും ക്രിസ്റ്റീനും. മകന് പുസ്തകവായന വളരെ ഇഷ്ടമാണ്. അതിനാൽത്തന്നെ ഞങ്ങളുടെ പക്കൽ പുസ്തകങ്ങളുടെ നല്ലൊരു ശേഖരം ഉണ്ടായിരുന്നു. കൂടാതെ ഗെയിമ്സിൻ്റെ സാധനങ്ങളും. അതെല്ലാം വെച്ച് കുട്ടികൾക്ക് ഒത്തു കൂടാനുള്ള ഒരു കളിയിടം ഒരുക്കി. തുടക്കത്തിൽ ക്ലേ മോഡലിങ്ങും കാലിഗ്രാഫിയുമാണ് പഠിപ്പിച്ചിരുന്നത്. അപ്പോഴേക്കും കോവിഡ് കാരണം ലോക്‌ഡൗൺ ആയതിനാൽ തുടരാൻ കഴിഞ്ഞില്ല. പിന്നീട് തുടങ്ങിയ ഓൺലൈൻ ആർട്ട് ക്‌ളാസ്സുകൾ പ്രമുഖ ചിത്രകാരനായ ഷെഫീഖ് പുനത്തിൽ ആണ് എടുത്തിരുന്നത്.
കോവിഡ് കാലത്ത് എന്തായിരുന്നു പ്രവർത്തനങ്ങൾ?
പിന്നെ ഒരു അനിശ്ചിതാവസ്ഥയായിരുന്നു. ട്യൂഷനെപ്പറ്റി അന്ന് ചിന്തിച്ചിരുന്നില്ല. ആർട്ട് ക്ലാസ്സ് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. അപ്പോഴാണ് ഒരു സുഹൃത്ത് ഓൺലൈൻ ക്ലാസ്സിനെപ്പറ്റി അന്വേഷിച്ചത്. ആളുകൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്. ആഹാരസാധനങ്ങൾ വാങ്ങാൻ കിട്ടുന്നില്ല. അങ്ങനെയുള്ള സമയത്ത് ഓൺലൈൻ ക്‌ളാസ്സുകളെ ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ എന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ പലരും ഓൺലൈൻ ക്ലാസ്സിനു തയ്യാറായിരുന്നു. ഈസ്റ്റർ കഴിഞ്ഞ് ക്‌ളാസ് തുടങ്ങാം എന്നു തീരുമാനിച്ചു . 2020 ഏപ്രിൽ 15 ന് ഓൺലൈൻ ക്‌ളാസ് തുടങ്ങി. കോവിഡ് തുടങ്ങിയിട്ട് ഒരു മാസം ആയിട്ടില്ല. ആ സമയത്ത് ഓൺലൈൻ ക്‌ളാസ്സുകൾ വിരളമായിരുന്നു. ഐടി മേഖലയിൽ ആയിരുന്നതു കൊണ്ടാവാം എനിക്ക് പ്രയാസം തോന്നിയില്ല - 'സൂ'മിൽ ആദ്യം മുതലേ ക്‌ളാസ് തുടങ്ങി.
എന്തെല്ലാം ക്ലാസ്സുകളാണ് കൈകാര്യം ചെയ്തിരുന്നത്?
ഇന്റർനാഷണൽ വേദിക് മാത്‍സ് ട്രെയിനർ ആണ്. വേദിക് മാത്‍സ് ശീലിക്കുന്നതിലൂടെ കുട്ടികൾക്ക് നിഷ്പ്രയാസം കണക്കു പഠിക്കുവാനും കൂടുതൽ വേഗതയോടെ ഉത്തരങ്ങൾ കണ്ടെത്താനും കഴിയും. അതു പോലെ റൂബിക്സ് ക്യൂബ് പഠിപ്പിക്കുന്നുണ്ട്. ടുബൈ ടു, ത്രീ ബൈ ത്രീ, ഫോർ ബൈ ഫോർ , പിരമിഡ്, മിറർ ക്യൂബ് എന്നീ റൂബിക്സ് ക്യൂബുകൾ പഠിപ്പിച്ചു വരുന്നു. മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് ക്‌ളാസ്സുകളും സ്‌കൂൾ സിലബസും കൂടാതെ കമ്പ്യൂട്ടർ ക്‌ളാസ്സുകളും ഉണ്ട്.
ഓൺലൈൻ ക്‌ളാസ്സുകൾ എന്തൊക്കെയാണ് നടത്തിയിരുന്നത് ?
ആദ്യം ഡ്രോയിങ് ക്ലാസും തുടർന്ന് ഡാൻസ്, സ്റ്റോറി ടെല്ലിങ്, കുട്ടികളുടെ എഴുതാനുള്ള കഴിവിനെ പോഷിപ്പിക്കുവാനുള്ള ക്രിയേറ്റീവ് റൈറ്റിങ് എന്നിവയും തുടങ്ങി. പഠനത്തിലുപരി പാഠ്യേതര പ്രവർത്തനങ്ങളിൽ ആയിരുന്നു ആദ്യം ശ്രദ്ധിച്ചിരുന്നത്. അതതു വിഷയങ്ങളിലെ മികച്ച അധ്യാപകരാണ് ക്ലാസ് എടുത്തിരുന്നത്. എൻ്റെ ശ്രദ്ധ ക്രാഫ്റ്റിലും അധ്യാപനത്തിലും സ്ഥാപനത്തിൻ്റെ നടത്തിപ്പിലും ആയിരുന്നു. പിന്നെ യാത്രകൾ ഇഷ്ടമാണ്.
മറക്കാനാവാത്ത യാത്രാനുഭവം പറയാമോ?
സിക്കിമിൽ വെച്ചു ചെയ്ത പാരാ ഗ്ലൈഡിങ് ഒരു നല്ല അനുഭവം ആയിരുന്നു. അവിടെ നടത്തിയ യാക്ക് സവാരി പേടിപ്പെടുത്തിയ ഒന്നായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ അതിവിശാലമായ ക്രൂഗർ നാഷണൽ പാർക്കു സന്ദർശിച്ചതും മറക്കാനാവാത്ത യാത്രാനുഭവമാണ്. എത്ര ഫോട്ടോ എടുത്താലും നമ്മുടെ ക്യാമറയുടെ ബാറ്ററി തീരുമെന്നല്ലാതെ ദൃശ്യങ്ങൾ തീരില്ല. ലോകത്തിലെ വലിയ രണ്ടാമത്തെ വന്യമൃഗ സങ്കേതമാണിത്. മൃഗശാലയിലും മറ്റും ഒന്നോ രണ്ടോ മൃഗങ്ങളെ നാം കാണുന്നതു പോലെയല്ല. ഓരോ ഇനത്തിലും പെട്ട നൂറു കണക്കിന് വന്യമൃഗങ്ങളെ വിശാലമായ ഒരു ഭൂപ്രദേശത്ത് അവയുടെ സ്വാഭാവികസാഹചര്യങ്ങളിൽ ഒന്നിച്ചു കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല. ലോകത്തിലുള്ള മിക്കവാറും എല്ലാ മൃഗങ്ങളുടെയും മാംസം അവിടെ വാങ്ങാൻ കിട്ടും.
പിന്നൊരിക്കൽ സിംഹക്കൂട്ടിൽ കയറി. സിംഹക്കൂട് എന്ന് പറഞ്ഞാൽ ഒരു കൂടൊന്നുമല്ല, സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന വിശാലമായ ഒരിടമാണ്. സിംഹവും കുഞ്ഞുങ്ങളും ഒക്കെ ഒന്നിച്ചു കഴിയുന്നിടത്ത് അടുത്തു പോയി അവയെ തൊടാം, ലാളിക്കാം. അവയെ അങ്ങനെ പരിശീലിപ്പിച്ച് വളർത്തിയിരിക്കുന്നതാണ്.
പെൻഗ്വിനുകളെ കാണാൻ ആയിരം കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ച് കേപ് ടൗണിൽ പോയ യാത്രയും അവിസ്മരണീയയാണ്. ധ്രുവപ്രദേശത്തല്ലാതെ പെൻഗ്വിൻ പക്ഷികൾ സ്വാഭാവികമായി അധിവസിക്കുന്ന ഒരേ ഒരു പ്രദേശമാണത്. ഇത്തരം യാത്രകൾ കൂടാതെ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളും സന്ദർശിച്ചിട്ടുണ്ട്. ലെനു ജനിച്ചു വളർന്നത് ദുബായിൽ ആണ്. അതിനാൽ എവിടേക്കും യാത്ര നടത്തിയിട്ടുണ്ട്.
കലയും യാത്രയുമല്ലാതെ മറ്റു താല്പര്യങ്ങൾ എന്തൊക്കെയാണ്?
പാട്ട്, ബാഡ്മിന്റൺ, സ്പോർട്സ് എന്നിവ ഇഷ്ടമാണ്. ദീർഘദൂര ഓട്ടമത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പഠിക്കുന്ന കാലം മുതൽതന്നെ ക്വയറിലെ അംഗമായിരുന്നു.
റിക്കോഡുകൾ സ്ഥാപിച്ചത് എങ്ങനെയാണ്?
ചിത്രകലയിൽ കുട്ടിക്കാലം മുതൽതന്നെ താല്പര്യം ഉണ്ടായിരുന്നു. നൂൽ ഉപയോഗിച്ചു തുന്നൽ ഇൾപ്പെടെയുള്ള വിവിധതരം കലാവസ്തുക്കൾ ചെയ്തിരുന്നു. കടലാസിലും നിരവധി പരീക്ഷണങ്ങൾ നടത്തി. പേപ്പർ കട്ടിങ് ആർട്ട്, ഫോൾഡിങ് ആര്ട്ട്, ഒറിഗാമി അങ്ങനെ പലതരം വിദ്യകൾ പേപ്പറിലും ചെയ്തു. കുറേ കലാവസ്തുക്കൾ ഉണ്ടാക്കിക്കഴിഞ്ഞപ്പോഴാണു മനസ്സിലായത് ഇതൊരു റിക്കോഡ് ആണെന്ന്. അങ്ങനെയാണ് ഇന്ത്യാസ് വേൾഡ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് , ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിൽ പേരു വരുന്നത്. ചിത്രകലയിലും കരകൗശലവിദ്യയിലും ഉള്ള മികവിന് രവീന്ദ്ര നാഥ ടാഗോർ അവാർഡ് കിട്ടിയിട്ടുണ്ട്. ഒരു തവണ ഗിന്നസ് ബുക്ക് റെക്കോർഡ് മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനുള്ള പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഏതൊക്കെ തരം ക്രാഫ്റ്റുകൾ ആണ് പ്രയോഗിച്ചു നോക്കിയിട്ടുള്ളത് ?
സ്ട്രിംഗ് ആർട്ട്, പോർട്രെയിറ്റ് സ്ട്രിംഗ് ആർട്ട്, ഒരു ഫ്രെയിമിൽ ഒന്നിലധികം ഫോട്ടോകൾ, ലൈറ്റ് ബോക്സ് ആർട്ട്, സാൻഡ് ആർട്ട്, ത്രെഡ്ഡ് ഡീകൂപേജ്, ബുക്ക് ഫോൾഡിംഗ് ആർട്ട്, മൊസൈക് ആർട്ട്, ഫ്ലിപ്പ് ബുക്ക് ആർട്ട്, ക്രോസ് സ്റ്റിച്ച് ആർട്ട്, എംബ്രോയിഡറി തുടങ്ങിയ പലതരം തുന്നൽവിദ്യകൾ, ഹാൻഡ് കാസ്റ്റിംഗ്, പെൻസിൽ പോർട്രെയിറ്റ്, സിൽക്ക് ത്രെഡ് ആഭരണ കല, റെസിൻ ആർട്ട്, പോയിൻ്റെലിസം ആർട്ട്, ഒറിഗാമി, കിരിഗാമി, വാൾ ആർട്ട്, ലിപ്പെൻ ആർട്ട്, മണ്ഡല ആർട്ട്, വിവിധ തരത്തിലുള്ള ബോട്ടിൽ ആർട്ട്, ഡ്രോയിങ് , പെയിന്റിങ്, തായ് ആർട്ട്, ബാതിക്, ഫ്ലൂയിഡ് ആർട്ട്, മീനാകാരി, പേപ്പർ ഡോൾസ്, ക്വില്ലിംഗ് എന്നിവയുൾപ്പെടെ 60 തരം ക്രാഫ്റ്റുകൾ ആണ് ചെയ്തത്.
ഐടി രംഗത്തെ ജോലി ഉപേക്ഷിച്ചതിൻ്റെ കാരണമെന്താണ്?
ഐ ടി പി എല്ലിൽ ആയിരുന്നു ആദ്യം. 2014 ൽ ജോലി വിടുകയും പുതിയ വീട്ടിലേക്കു താമസം മാറുകയും ചെയ്തു. വിജനമായ ഒരിടത്തായിരുന്നു വീട്. അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അടുത്തൊക്കെ പുതിയ ലേഔട്ടുകൾ രൂപപ്പെടുകയും പരിസരങ്ങളിൽ വലിയ അപ്പാർട്ട്മെന്റുകൾ ഉയരുകയും ചെയ്തു. ഐടി ഹബ്ബുകളായ വൈറ്റ് ഫീല്ഡിനെയും ഇലക്ട്രോണിക് സിറ്റിയെയും യോജിപ്പിക്കുന്ന തരത്തിൽ വിശാലമായി സമീപത്തെ റോഡ് വികസിക്കുകയും, വീടുകളും സ്ഥാപനങ്ങളും ചുറ്റുപാടും വരുകയും ചെയ്തു.
കലയോട് ഇത്രയ്ക്കും അഭിനിവേശം വരാൻ എന്താണ് കാരണം?
പഠിക്കുന്ന കാലത്ത് പ്രണയസമ്മാനം എന്ന നിലയിൽ സോക്സ്, ജാക്കറ്റ്, ഷാൾ ഇതൊക്കെ നെയ്തും തുന്നിയും ലെനുവിന് നൽകുയായിരുന്നു. അങ്ങനെയൊക്കെയാണ് കരകൗശലകൃതികളുടെ തുടക്കം. ലെനുവിന് കൊടുക്കണം എന്നുള്ളതുകൊണ്ടുതന്നെ അതൊക്കെ പരമാവധി സുന്ദരമായിരിക്കണമെന്നു നിർബ്ബന്ധം ഉണ്ടായിരുന്നു. വിവാഹശേഷവും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവും സൗകര്യങ്ങളും എനിക്കുണ്ട്. എൻ്റെ കലാപ്രവർത്തനത്തെ താല്പര്യപൂർവ്വം പിന്തുണയ്ക്കുന്ന ലെനു മുൻകൈ എടുത്താണ് മിറാക്കിൾ സോൺ തുടങ്ങിയത്. ഇവിടെ പഠിക്കുവാൻ ചേരുന്ന കുട്ടികളിൽ ഒരു മിറക്കിൾ സംഭവിക്കണം എന്നതാണ് മിറക്കിൾ സോൺ എന്ന സ്ഥാപനത്തിൻ്റെ ലക്ഷ്യം. ഞാൻ ചെയ്ത കലാവസ്തുക്കൾ മറ്റുള്ളവർക്ക് സമ്മാനിക്കുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന സന്തോഷമാണ് എൻ്റെ സന്തോഷവും അംഗീകാരവും.
ജോലി വിട്ടതിനു ശേഷം പൂർണ്ണമായും കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനൊപ്പം സമയം കണ്ടെത്തി കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും അറിയുന്ന കാര്യങ്ങൾ സ്വയവും അതാതു മേഖലകളിൽ വിദഗ്ദ്ധരായവരെക്കൊണ്ടും പഠിപ്പിച്ചും അതിലുപരി പുതിയ കാര്യങ്ങൾ പഠിച്ചു പ്രയോഗികമാക്കിയും കലയുടെ പുതിയ മേഖലകളിലൂടെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ജിഷ ലെനു ജോർജ്ജ് എന്ന അതുല്യ കലാകാരി. വലിയ അവകാശവാദങ്ങളും ആരവങ്ങളും ഇല്ലാതെ കലയെ പ്രയോഗികജീവിതവുമായി സമന്വയിപ്പിച്ചു കൊണ്ടുള്ള ജിഷയുടെ കലാസപര്യ പുതിയ ഉയരങ്ങൾ കീഴടക്കുമെന്നതിനു സംശയമില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ