ദുര്യോധനന് ഒരു ആരാധാനാസ്ഥലം : പോരുവഴി പെരുവിരുത്തി മലനട

മഹാഭാരതത്തിലെ പ്രധാന പ്രതിനായകൻ ആയ ദുര്യോധനന് ഒരു ആരാധാനാസ്ഥലം -  പോരുവഴി പെരുവിരുത്തി മലനട. ക്ഷേത്രം എന്ന് പറയാൻ ആവില്ല. ഉയർത്തിയ ഒരു തറ മാത്രമാണ് അവിടെ ഉള്ളത്. പുരാതനകാലം മുതൽ ഇവിടെ ദുര്യോധനനെ ആരാധിച്ചുവരുന്നു. കോഴി, മദ്യം, പുകയില മുതലായവയാണ്‌ ഇവിടുത്തെ നേർച്ച വസ്തുക്കൾ.
\
പോരുവഴി പെരുവിരുത്തി മലനട - കെട്ടുകാഴ്ച

നാടുവാഴിയുടെ യോദ്ധാക്കൾക്കു കരമൊഴിവായി നൽകിയിരുന്ന ഭൂമി എന്നാണു 'വിരുത്തി' എന്ന വാക്കിൻ്റെ  അർത്ഥം. പെരുവിരുത്തിയെന്നാൽ വലിയ വിരുത്തി. ഇവിടം ഒരു യുദ്ധഭൂമിയായിരുന്നെന്നുള്ളതിന്സ്ഥ ലപ്പേരുതന്നെ തെളിവാണ്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പെട്ട 'പോരുവഴി' പഞ്ചായത്തിലെ എടയ്ക്കാട്ട് ആണ് പെരുവിരുത്തിമലനട സ്ഥിതി ചെയ്യുന്നത്. അടൂർ ശാസ്താംകോട്ട റൂട്ടിൽ കല്ലുവാഴയ്, കടമ്പനാട്, ഏഴാംമൈൽ തുടങ്ങിയ സ്ഥലങ്ങളി നിന്നു തിരിഞ്ഞു മലനടയിൽ എത്താം.

എന്തുകൊണ്ടാണ് പൊതുവെ ലോകമെല്ലാം വെറുക്കുന്ന ദുര്യോധനൻ ഇവിടെ ആരാധാനമൂർത്തിയായത്? അതിനു ചരിത്രപരവും നരവംശപരവുമായ കാരണങ്ങൾ ഉണ്ടോ? ഇത്തരം അന്വേഷണങ്ങൾ പെരുവിരുത്തിമലയെപ്പറ്റി നടത്തിക്കാണുന്നില്ല. തിരുവിതാംകൂർ പ്രദേശത്തുള്ള നൂറ്റൊന്നു മലനടകളിൽ ഏറ്റവും വലുതായ പെരുവിരുത്തിമലനടയെമലനടകളുടെ മലനട എന്നു  തന്നെ പറയാം.

പ്രത്യേകിച്ച് വിഗ്രഹങ്ങളോ ക്ഷേത്രമോ ഇല്ലാതെ ഉയർന്ന ഇടത്ത് ഒരു സ്ഥാനം സങ്കൽപ്പിച്ച്  (നട) അവിടെ അഗ്നി ജ്വലിപ്പിച്ച് ആരാധന നടത്തുന്ന സമ്പ്രദായം ആണ് മലനടകളിൽ ഉള്ളത്. മലയിൽ സ്ഥിതിചെയ്യുന്ന നടയായതിനാൽ മലനട. ദുര്യോധനനെ കൂടാതെ കർണ്ണനെയും ദുശ്ശളയെയും ശകുനിയെയുമൊക്കെ ആരാധിക്കുന്ന ഇടങ്ങൾ  കുന്നത്തൂർ, അടൂർ താലൂക്കുകളിലായുണ്ട്. 

പുരാതന കാലത്തു കൊല്ലം തുറമുഖം ഉൾപ്പെടുന്ന വേണാട് പ്രദേശം ഭരിച്ചിരുന്നത് കുറവ രാജാക്കന്മാർ ആയിരുന്നു എന്നുള്ളതിന് ചരിത്രപരമായ തെളിവുകളുണ്ട്. കല്ലട ആയിരുന്നു അവരുടെ പ്രധാന കേന്ദ്രം. കല്ലടയിൽ കുറവ രാജാക്കന്മാർ ആരാധിച്ചിരുന്ന മൂർത്തിയാണ് ഇപ്പോൾ കൊല്ലംനഗരത്തിൽ അമ്മച്ചിവീടു മൂർത്തിയായി ആരാധിക്കപ്പെടുന്നതെന്നു കൊല്ലത്തിൻ്റെ ചരിത്രം പറയുന്നു.  ചിറ്റുമല ക്ഷേത്രം കുറവരുടേതായിരുന്നുവെന്നു ചില ഗ്രന്ഥങ്ങളി കാണുന്നുണ്ട്. എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ കുറവരാജാക്കന്മാരുടെ ശക്തികേന്ദ്രമായിരുന്ന നാഞ്ചിനാട്ടിലെ കുറവരാജാവ് വധിക്കപ്പെട്ടതോടെ കൊച്ചിമുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടന്നിരുന്ന പ്രദേശത്തു പലയിടത്തുമായുണ്ടായിരുന്ന കുറവരാജവംശങ്ങൾ കൂടുതൽ അടിച്ചമർത്തപ്പെട്ടു സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പുറത്തായി. മാർത്താണ്ഡ വർമ്മയുടെ കൊല്ലം ആക്രമണകാലത്തു കുറവപ്പട രൂപീകരിച്ചിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലത്ത് നായ പട്ടാളം ഇല്ലായിരുന്നു. മറവരും കുറവരും മുഗളറും ഒക്കെ ഉൾപ്പെട്ടതായിരുന്നു തിരുവിതാംകൂറിലെ ആദ്യകാലസേന. കല്ലടയിലെയും കൊല്ലത്തെയും ആധിപത്യം നഷ്ടപ്പെട്ട കുറവരാജവംശത്തിനു  അവരെ അധീനത്തിലാക്കിയവർ അവയുടെ പുരാതന ആരാധനാകേന്ദ്രത്തിനു ചുറ്റുമായി കരമൊഴിവായി നൽകിയ വലിയ വിരുത്തി  പ്രദേശങ്ങളാവണം പെരുവിരുത്തി. പെരുവിരുത്തിമലനാടയുടെ സമീപത്തുള്ള ഊരാളതിഹവനങ്ങൾ കൊട്ടാരം എന്നാണ് അറിയപ്പെടുന്നത്.  

മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ഇവിടുത്തെ മലക്കുട മഹോത്സാവം. അന്ന് ദക്ഷിണകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ കെട്ടുകാഴ്ചയും വെടിക്കെട്ടും നിഴൽക്കുത്ത് കഥകളിയും കാണാൻ എത്തുന്നു. നിഴൽക്കുത്ത് എന്ന കഥ മാത്രമേ ഇവിടെ കഥകളിയായി അവതരിപ്പിക്കാറുണ്ടായിരുന്നുള്ളൂ. ഇപ്പോൾ നളചരിതം' പോലുള്ള  കഥകളും അവതരിപ്പിച്ചു വരുന്നുണ്ട് . അതിനു കാരണമുണ്ട്. നിഴൽക്കുത്ത് കൗരവരുടെ ബന്ധപ്പെട്ടതാണ്. ഒരു വിധത്തിലും പാണ്ഡവരെ നശിപ്പിക്കുവാൻ കഴിയാഞ്ഞ കൗരവർ ഭാരത മലയൻ എന്ന മഹാ മന്ത്രവാദിയെക്കൊണ്ട് നിഴൽക്കുത്ത് എന്ന ആഭിചാരം നടത്തുന്നതാണ് നിഴൽക്കുത്തിന്റെ കഥ. ആഭിചാരസമയത്തു ശത്രുവിന്റെ രൂപങ്ങൾ ഉണ്ടാക്കി അതിൽ പ്രയോഗങ്ങൾ നടത്തുമ്പോൾ ശത്രുവും അതുപോലുള്ള പ്രയോഗങ്ങൾ ഏറ്റു മരണപ്പെടും എന്നാണു വിശ്വാസം. ദുര്യോധനന് പ്രിയപ്പെട്ട കഥ എന്ന നിലയിലാണ് നിഴൽക്കുത്ത് അവതരിപ്പിക്കുന്നത്.   

മലനടയുടെ ചുമതലയുള്ള പുരോഹിതൻ ഊരാളിയാണ്. പൂജാദി കർമ്മങ്ങൾ ഊരാളി നടത്തുന്നു.
മലടയുടെ തെക്കും പടിഞ്ഞാറും വിശാലമായ പാടശേഖരങ്ങൾ ആയിരുന്നു. ഇപ്പോൾ ഏറെയും നികന്നുവെങ്കിലുംകുറെയൊക്കെ അവശേഷിക്കുന്നുണ്ട്.

ഇപ്പോഴത്തെ മലനട  ഭരണസമിതിയിൽ കുന്നത്തൂർ താലൂക്ക് എൻ എസ് എസ്, എസ് എൻ ഡി പി യൂണിയൻ എന്നിവർക്ക് മലനട ഭരണ സമിതിയിൽ രണ്ട് അംഗങ്ങൾ വീതം ഉണ്ട്. കുറവ വിഭാഗത്തിൽപ്പെട്ട കടുത്താശ്ശേരി  കുടുംബയോഗത്തിനും ഈഴവരുടെ കെട്ടുങ്ങൽകുടുംബയോഗത്തിനും മലനട ഭരണത്തിൽത്യേക പദവി ഉണ്ട്.
മഹോത്സവദിവസം ഊരാളിയും അനുചരന്മാരും ഗുരുക്കൾശ്ശേരി ഭഗവതി ക്ഷേത്രം സന്ദർശിച്ചു ദേവിയെ മലനടയിലേക്കു ക്ഷണിക്കുന്നു. ഭഗവതി ഘോഷയാത്രയായി മല നടയിൽ എത്തി ദേവിക്കായി ഒരുക്കിയിട്ടുള്ള മണ്ഡപത്തിൽ ഇരിക്കുന്നു.

അത് കഴിഞ്ഞു ഊരാളി തന്റെ ആരൂഢമായ  കടുത്താശ്ശേരി   കൊട്ടാരത്തിൽ എത്തി കച്ചകെട്ടുന്നു. കൂടെ താളിക്കാരൻ, കലശക്കാരൻ, നാലുവീടർ എന്നിവരുമൊത്ത് ഊരാളി മലനടയിലെത്തി ആരാധന നടത്തുന്നു. അതിനുശേഷം അടൈപ്പാട് വഴി മുരവുകണ്ടത്തേക്കും ഊരാളിയും സംഘവും എത്തി കെട്ടുകാഴ്ച കാണുന്നു.

മലക്കുടമഹോത്സാവത്തിന്റെ പ്രധാന ഘടകമാണ് കെട്ടുകാഴ്ച. എടുപ്പുകാളകളും എടുപ്പുകുതിരകളും നാടൻ ശില്പചാരുതയുടെ മകുടോദാഹരണങ്ങൾ ആണ്.തന്റെ വിശുദ്ധ സ്ഥാനത്തു നിന്ന് കൊണ്ട് ഊരാളി എല്ലാം നിരീക്ഷിക്കുകയും ഓരോ കേട്ട് കാഴ്ചയെയും അനുഗര്ഹിക്കുകയും ചെയ്യും. അസ്തമയം അടുക്കാറാവുമ്പോഴേക്കും കെട്ടുകാഴ്ചകൾ  ഒന്നൊന്നായി മലനടയിലെത്തി വിശാലമായ മൈതാനത്ത് മലനട ചുറ്റി  എഴുന്നള്ളത്തും നടത്തും. വിവിധ കരകളിൽ നിന്നുള്ള ചെറുതരം എടുപ്പുകുതിരകളും കാളകളും നൂറുകണക്കിനുണ്ടാകും.പിന്നീട് വിവിധ കലാപരിപാടികൾ അരങ്ങേറും. നിഴൽക്കുത്ത് കഥകളിയായിരിക്കും വേദിയിലെ അവസാന ഇനം. അത് കഴിഞ്ഞു വെടിക്കെട്ട് നടത്തും.

അപ്പൂപ്പൻ എന്നാണു പെരുവിരുത്തിമല നടയിലെ ആരാധനാമൂർത്തിയായ ദുര്യോധനനെ ആരാധകർ വിളിക്കുന്നത്. എല്ലാ മലനടകളുടെയും ആരാധാനാ മൂർത്തികളെ അപ്പൂപ്പൻ അല്ലെങ്കിൽ അമ്മൂമ്മ എന്നാണു സങ്കൽപ്പിക്കുന്നത്. കള്ള് ചാരായം, അടുക്ക് (വെറ്റില, പുകയില , പാക്ക്, ചുണ്ണാമ്പ് - മുറുക്കാനു വേണ്ടുന്ന സാധനങ്ങൾ ), ആട്, കുമ്പൻ (കാളക്കുട്ടി), തീവെട്ടി, കറുപ്പുകച്ച, പട്ട്, കൊടി, വാൾ, മുത്തുക്കുട, ആൾ രൂപങ്ങൾ, ഗദ, ഓലക്കുട, ഉടയാട, പിടിപ്പണം, നേർച്ചക്കാള, സ്വർണനൂൽ, കരിപ്പുകട്ടി- ഇങ്ങനെ യുദ്ധവുമായും, ആഘോഷങ്ങളുമായും ബന്ധപ്പെട്ടുള്ള വിഭവങ്ങൾ ആണ് നേര്ച്ച വിഭവങ്ങളിൽ ഉള്ളത്. ഓരോ വിഭവവുമായും ബന്ധപ്പെട്ടുള്ള അക്കാലത്തെ കാര്ഷികവും സാമൂഹ്യവും സാംസ്കാരികവുമായുള്ള ബന്ധം അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. കിഴങ്ങുവർഗങ്ങൾ, വാഴക്കുലകൾ തുടങ്ങിയ മറ്റു നേർച്ചവിഭവങ്ങളും വർഷത്തിൽ   എല്ലാ ദിവസവും മലനടയിൽ അർപ്പിക്കപ്പെടുന്നു.


എല്ലാ വർഷവും വൃശ്ചികമാസത്തിലെ ഒന്നാമത്തെ ചൊവ്വാഴ്ച അടവിപൂജ (ചുട്ടു പൂജ) നടത്തും.
കിഴങ്ങുവർഗ്ഗങ്ങളും വാഴയ്ക്കായും ചുട്ടു നേദിച്ച്  ഒപ്പം കള്ളും ചാരായവും വച്ച് അടവിദൈവത്തിനു സങ്കൽപ്പിച്ചുള്ള നടയിൽ വച്ച് പടിഞ്ഞാറോട്ടു തിരിഞ്ഞു പൂജ നടത്തും. അടവിയെന്നാൽ പ്രകൃതി എന്നാണു. പ്രകൃതിയുടെ അനുഗ്രഹമില്ലാതെ വിളവുകൾ നന്നായി ലഭിക്കില്ല. പൂജാവേളകളിൽ ഊരാളിക്കൊപ്പം താളിക്കാരും കലശക്കാരും നാലുവീടരും കരക്കാരും ഒക്കെ ഉണ്ടാവും.

​അടവിപൂജയുടെ തൊട്ടടുത്ത ദിവസാം (എല്ലാ വർഷവും വൃശ്ചികത്തിലെ ആദ്യ ബുധനാഴ്ച ) മുഹൂർത്തിക്കാവിൽ പൂജ നടത്തുന്നു. ഊരാളി കടുത്താശ്ശേരിയിൽ അടുക്കു - മുറുക്കാൻ - വച്ച് കലശക്കാരനോടൊപ്പം നാലുവീടരി ൽ ഒരാളെയും മുഹൂർത്തിക്കാവിലേക്ക് അയയ്ക്കുന്നു. പുള്ളിക്കുടത്തിൽ(പുള്ളി കുത്തിയ മൺകുടം) കള്ളുമായിട്ടാണ് അവർ പോകുന്നത്.

വിശേഷപ്പെട്ട മറ്റൊരു പൂജയാണ് പുഴുക്കുപൂജ. വിളവെടുപ്പുമായി ബന്ധപ്പെട്ട വിഭവങ്ങൾ ചേർത്തുള്ള പുഴുക്ക് നേദിക്കുന്ന പുഴുക്കുപൂജ വൃശ്ചികത്തിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് നടത്തപ്പെടുന്നത്.പുഴുക്ക് എല്ലാവര്ക്കും വിതരണം ചെയ്യുന്നു. പുഴുക്കു പൂജയും  കുംഭമാസത്തിലെ ആദ്യ ചൊവ്വാഴ്ച നടത്തുന്ന അവൽപൂജയും കുംഭത്തിലെ ആദ്യത്തെ ബുധനാഴ്ച യും മലക്കുട ഉത്സവത്തിനുള്ള കൊടിയേറ്റത്തുന്നാളും  ഉള്ള  അരിറ്റിച്ചുപൂജയും  ഊരാളിയുടെ കാർമികത്വത്തിൽ   ആണുനടത്തുന്നത്. 
കുംഭമാസത്തിലെ ഒന്നാം വ്യാഴാഴ്ച വടക്കുംപുറത്തു തമ്പുരാന്റെ മുമ്പിൽ ഊരാളി അരിമാവു കൊണ്ടുള്ള പൂജ നടത്തും. കുംഭമാസത്തിലെ രണ്ടാം ചൊവ്വാഴ്ച കിഴക്കേഭാഗത്ത് അവൽ പൂജ നടത്തും. കിഴക്കേഭാഗത്തെ പ്രധാന ആഘോഷമാണിത്. കുംഭത്തിലെ രണ്ടാം ബുധനാഴ്ച വല്ലിയത്ത് കൊട്ടാരത്തിൽ ഊരാളി പൂജ നടത്തും.

കുംഭമാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച മെനക്കശ്ശേരിൽ കൊട്ടാരത്തിൽ ഊരാളി പൂജ നടത്തും.
കുംഭമാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച മുഹൂർത്തിക്കാവിൽ മുഹൂർത്തിപൂജ നടത്തും.
മലക്കുട മഹോത്സാവം ആരംഭിക്കുന്നതിനു മുമ്പ് കടുത്തംശ്ശേരി കൊട്ടാരത്തിൽ അടുക്കളപൂജ നടത്തും.
സംക്രാന്തി നാൾ കടുത്താശ്ശേരി കൊട്ടാരത്തിൽ സംക്രാന്തി പൂജ.കർക്കിടകവാവിന് കടുത്താശ്ശേരി കൊട്ടാരത്തിൽ വാവുപൂജ. ഓണത്തലേന്നു (ഉത്രാടത്തിനു) കടുത്തംശ്ശേരി കൊട്ടാരത്തിൽ ഊരാളി ഉത്രാടപ്പൂജ നടത്തും. ഊട്ടു​പൂജ നടത്തുന്നത് മലക്കുടയുത്സവത്തിന്റെ കൊടിയേറ്റിന്റന്നു രാവിലെയാണ്. ദുര്യോധനനെ പ്രീതിപ്പെടുത്തുവാൻ ആണ് ഇത്. പ്രധാന നടയുടെ മുമ്പിലാണ് ഊട്ടുപൂജ നടത്തുന്നത്. വെള്ളപ്പായസം, മധുരപ്പായസം, പാൽ, പഴം, കരിക്ക് മുതലായവ വച്ചുള്ള പൂജ ഊരാളിയാണ് നടത്തുന്നത്.


ബലികർമ്മപൂജ നടത്തുന്നത് മലക്കുടയുത്സവത്തിൻ്റെയന്ന്  രാത്രിയിൽ ആണ്. മഹാഭാരതയുദ്ധത്തിനു മുമ്പ് മലനട പ്രദേശം സന്ദർശിച്ച ദുര്യോധനൻ താൻ യുദ്ധം ജയിച്ചാൽ ഒരു വെള്ളിയാഴ്ച തിരികെ വരുമെന്ന് പറഞ്ഞിരുന്നു. വന്നില്ലെങ്കിൽ മരിച്ചതായി കണക്കാക്കിക്കൊള്ളണമെന്നും പറഞ്ഞുവത്രേ. അതിനാൽ ആ ദിവസം ദുര്യോധനൻ്റെ  ബലികർമ്മാദികൾ ചെയ്യുന്നു. കടുത്താശ്ശേരി കൊട്ടാരത്തിൽ ആണ് ബലികർമ്മപൂജ നടത്തുന്നത്.

യോഗപ്പാട് എന്ന ആചാരം കടുത്താശ്ശേരി കൊട്ടാരത്തിൽ മലക്കുട മഹോത്സവത്തിൻ്റെ  പിറ്റേന്നു  ശനിയാഴ്ചയാണ് ചെയ്യുന്നത്. ദൂരദേശങ്ങളിൽ നിന്നെത്തുന്നവർക്കു ഊരാളി നെൽവിത്തും ചക്രവും (പണം) പൂക്കളും നൽകുന്നു. തീരപ്രദേശത്തു  നിന്നുള്ളവർ എല്ലാ വർഷവും മുടങ്ങാതെ ഈ ചടങ്ങിൽ പങ്കെടുക്കുന്നു. ​
ഉപാരാധനാ കേന്ദ്രങ്ങൾ:  വല്യപ്പൂപ്പൻ ആണ് കടുത്താശ്ശേരിയിലെ സങ്കൽപ്പമൂർത്തി. കടുത്താശ്ശേരി   മൂപ്പന്റേതാണ്   മലനടയിലെ ഊരാളിസ്ഥാനം. എടയ്ക്കാട് ഒഴികെയുള്ള കരകളുടെ ക്ഷേമ ച്ചുമതല ഊരാളിക്കാണ്

കിഴക്കുംഭാഗത്തു അപ്പൂപ്പൻ: മലനാടയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരിടം ആണ് കിഴക്കുംഭാഗം. മലനട അപ്പൂപ്പന്റെ അനന്തിരവൻ ആണ് ഇവിടുത്തെ സങ്കല്പ മൂർത്തി. വല്യപ്പൂപ്പൻ്റെ അടുത്ത്  അഭയം തേടുന്നവർക്ക് വേണ്ടുന്നതെല്ലാം കൊടുക്കാൻ ചുമതലപ്പെട്ടതു കിഴക്കുംഭാഗത്ത്  അപ്പൂപ്പനാണ്. തനിക്കു കിട്ടുന്നതെല്ലാം കിഴക്കുംഭാഗത്തപ്പൂപ്പൻ വല്യപ്പൂപ്പനു നൽകുന്നു. മലനടയുടെ ക്ഷേമത്തിന് കാരണമായതെല്ലാം കിഴക്കുംഭാഗത്തപ്പൂപ്പൻ ചെയ്യുന്നു എന്നാണു വിശ്വാസം. വല്യപ്പൂപ്പൻ്റെ  നിർദ്ദേശപ്രകാരം എടയ്ക്കാട് കരയുടെ ക്ഷേമമേൽനോട്ടം കിഴക്കുംഭാഗത്തപ്പൂപ്പന് ആണ്. മകരം ഇരുപത്തെട്ടിന് കിഴക്കുംഭാഗത്താപ്പൂപ്പൻ്റെ  ഉത്സവം (ഉച്ചാരം) നടത്തുന്നു.

മെനക്കാശ്ശേരിൽ കൊട്ടാരം : മലനട ഉൾപ്പെടുന്ന പ്രദേശത്തിന്റെ ആദ്യത്തെ ഭരണാധികാരിയാണ് മെനക്കാശ്ശേരിൽ അപ്പൂപ്പൻ. നൂറ്റൊന്നു സ്വരൂപങ്ങളുടെ കേന്ദ്രമായി മെനക്കാശ്ശേരിൽ കൊട്ടാരം അറിയപ്പെടുന്നു.

തെക്കുപുറത്തു ക്ഷേത്രം : മലനാട് അപ്പൂപ്പന്റെ നിർദ്ദേശപ്രകാരം പാണ്ടിനാട്ടിൽ നിന്നുള്ള ഒരു സിദ്ധനെ കുടിയിരുത്തിയിരിക്കുന്ന ഇടമാണിത്. മല നടയ്ക്കു തെക്കുഭാഗത്തും സ്ഥിതി ചെയ്യുന്നു. ഉദരസംബന്ധമായ രോഗങ്ങൾക്ക് ഇവിടെ പ്രാർത്ഥിച്ചാൽ ശമനം കിട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു.

വടക്കുപുറത്തു ക്ഷേത്രം : മലനടയപ്പൂപ്പന്റെ നിർദ്ദേശമനുസരിച്ചു പാണ്ടി നാട്ടിൽ നിന്നുള്ള വേറൊരു സിദ്ധനെ കുടിയിരുത്തിയിരിക്കുന്ന ഇടമാണ് വടക്കുപുറത്തു ക്ഷേത്രം. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ മലനാഡിയുടെ വടക്കുഭാഗത്താണ്‌ ഇത്. ഇവിടുന്നു നേത്ര രോഗങ്ങൾക്കു ശമനം ലഭിക്കുമെന്ന് ക്ക്ആര്ത്തപ്പെടുന്നു.

ചെമ്പിട്ട കൊട്ടാരം : മനസികരോഗങ്ങൾക്കു ശമനം നൽകുന്ന ഒരു സിദ്ധനെയാണ് ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. മേൽക്കൂര ചെമ്പു മേഞ്ഞതിനാലാണ് ചെമ്പിട്ട കൊട്ടാരം എന്ന് അറിയപ്പെടുന്നത്. വൃശ്ചികൾ ഒന്നാതീയതിയും മീനമാസത്തയിലെ ആദ്യത്തെ വെള്ളിയാഴ്ചയും ഇവിടെ ബ്രാഹ്മണരാണ് പൂജ ചെയ്യുന്നത്.

ഗുരുക്കൾശ്ശേരി കൊട്ടാരം : ഭഗവതി/ദേവിയാണിവിടുത്തെ സങ്കൽപ്പമൂർത്തി. വല്യപ്പൂപ്പന്റെ ആയുധശേഖരവും സൈനികകേന്ദ്രവും ഇവിടെയായിരുന്നു. എല്ലാ വർഷവും കൊടിയേറ്റനാൾ ഇവിടുത്തെ കളരിയിൽ നിന്നുള്ളവർ കടുത്തംഷെറിൽ കൊട്ടാരത്തിനു മുമ്പിൽ പയറ്റുമുറകൾ നടത്തും. മലനടയിൽ തൂക്കം നടത്താനുള്ള അവകാശം ഗുരുക്കൾശ്ശേരി കൊട്ടാരത്തിനാണ്.

വല്ലയത്തു കൊട്ടാരം: വല്ലയത്ത് അപ്പൂപ്പൻ ആണ് ഇവിടുത്തെ സങ്കൽപ്പമൂർത്തി. ഭരണത്തിലും പൊതുക്കാര്യങ്ങളിലും കടുത്തംശെരി അപ്പൂപ്പനെ സഹായിക്കുന്ന നാലുവീടറിൽ ഒരാൾ ആണ് വല്ലയത്ത് അപ്പൂപ്പൻ.

പുലിശ്ശേരി കൊട്ടാരം : പുലിശ്ശേരി അമ്മൂമ്മയാണിവിടുത്തെ സങ്കൽപ്പ മൂർത്തി. കൊയ്ത്തും മറ്റു വിളവെടുപ്പുകളും കഴിഞ്ഞു ധാന്യങ്ങളും മറ്റു വളവുകളും സൂക്ഷിക്കുന്ന സംഭരണശാലകള് പശു, കാള, പോത്ത്, എരുമ മുതലായ മൃഗങ്ങൾ നിറഞ്ഞ തൊഴുത്തും ഇവിടുത്തെ പ്രത്യേകതകൾ ആയിരുന്നു. സമൃദ്ധിയുടെ കേന്ദ്രം ആയിട്ടാണ് പുലിശ്ശേരി കൊട്ടാരം കരുതപ്പെടുന്നത്.

ഇലഞ്ഞിമൂട്/മലങ്കരവിള ക്ഷേത്രം : പാണ്ടിയിൽ നിന്നുള്ള സമാധാനപ്രിയനായ ഒരു സിദ്ധൻ ആണ് ഇവിടുത്തെ സങ്കൽപ്പ മൂർത്തി. വെങ്കുളം ഏലായുടെ സംരക്ഷണച്ചുമതല ഈ സിദ്ധന് ആണ്.

മുഹൂർത്തിക്കാവ് : മുഹൂർത്തിക്കാവിൽ ആണ്ടിൽ രണ്ടു തവണ പൂജ നടത്തുന്നു.

കെട്ടുങ്ങൽ ദേവീക്ഷേത്രം : ദുർഗ്ഗ , ഭദ്ര, ഗോശാലകൃഷ്ണൻ എന്നിവരാണ് ഇവിടുത്തെ സങ്കൽപ്പ മൂർത്തികൾ. മലനടയിലെ കലശം, വെടിവഴിപാടുകൾ എന്നിവയുടെ ചുമതല ഈ കുടുംബക്കാർക്കാണ്. മലക്കുടമഹോത്സാവനാൽ ഊരാളിക്കും നാലുവീ ട ർക്കുമൊപ്പം കലശക്കാരനും ഉണ്ടാവണം . മലനട ഭരണസമിതിയിൽ ഈ കുടുംബത്തിൽ നിന്നുള്ള രണ്ടു പേർക്ക് അംഗത്വത്തിനുള്ള അവകാശം ഉണ്ട്.

ഉമ്മശ്ശേരിക്കാവ് : ഉമ്മശ്ശേരിക്കാവിലമ്മയാണിവിടുത്തെ സങ്കൽപ്പ മൂർത്തി. പുലയ സമുദായത്തിൽപ്പെട്ടവർക്കാണ് ഇവിടുത്തെ പൂജാദികൾക്കുള്ള അവകാശങ്ങൾ.

ദേവക്കുന്നു മല : പുലയ സമുദായത്തിൽപ്പെട്ടവരാണ് ഇവിടെ പൂജ നടത്തുന്നത്. വനവാസത്തിലായിരുന്ന പാണ്ഡവരെ തേടി ദുര്യോധനൻ ഇവിടെ വന്നുവെന്നും കടുത്തമശ്ശേരി കൊട്ടാരത്തിലെ വെളിച്ചം കണ്ടിട്ട് ഇവിടെ നിന്നാണ് മ്ലാനടയിലേക്കു പോയതെന്നും ആണ് വിശ്വാസം. കിഴക്കുംഭാഗത്തു അപ്പൂപ്പന്റെ ഉച്ചാരപൂജനാളിൽ ക്ഷേത്ര പരിസരത്തു പ്രവേശിക്കും മുമ്പ് കെട്ടുകാഴ്ച ദേവക്കുന്നു​ മലയിൽ എത്തുന്നു.

കുന്നിരടത്തു മലനട :  നൂറ്റുവരുടെ സഹോദരിയായ ദുശ്ശളയെ ആരാധിക്കുന്ന മലനട ആണ് കുന്നിരടത്തു മലനട. കുംഭമാസത്തിലാണ് ഇവിടുത്തെ മലക്കുടയുത്സവം. എടുപ്പുകാളയും കെട്ടുകുതിരയും ഉൾപ്പെടുന്ന കെട്ടുകാഴ്ച പ്രധാന ആചാരമാണ്. ​

​ഏഴു കരകളിൽ നിന്നുമായി ഇരുപത്തഞ്ചു പ്രതിനിധികൾ ആണ് മലനട ഭരണസമിതിയിൽ ഉള്ളത്. ഈഴവർ (എട്ട്), നായർ (ആറ്) , കുറവർ (നാല്) എന്ന ക്രമത്തിൽ സമുദായങ്ങൾക്ക് പ്രതിനിദ്ധ്യം ഉണ്ട്. മറ്റു സമുദായങ്ങൾക്കും പ്രാതിനിധ്യം ഉണ്ട് .

​പള്ളിപ്പാന എന്ന ചടങ്ങു ഇവിടെ നടത്തിയിരുന്നെങ്കിലും 1999 നു ശേഷം നടത്തിയിട്ടില്ല. ൧൦൧ പറ കല്ല്, ൧൦ കോഴി ഇവ നേര്ച്ച നൽകുന്ന സമ്പ്രദായം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ല. വിവിധ ഇനങ്ങളിലുള്ള പ്രാദേശിക വിളവുകൾ ആണ് മറ്റു നേർച്ചവസ്തുക്കൾ.
​ ​
​മദ്യം (കള്ള് , ചാരായം - ഇപ്പോൾ ചാരായത്തിനു പകരം വിദേശമദ്യവും) നേർച്ച കൊടുത്താൽ കുറച്ചു നടയിൽ വച്ച പാത്രത്തിൽ ഒഴിച്ചിട്ടു ബാക്കി പ്രസാദമായി തിരികെക്കൊടുക്കുകയാണ് പതിവ്. മലനട ദേവസ്വത്തിന്റെ കൗണ്ടറിൽത്തന്നെ കള്ളുകുപ്പി കിട്ടും. രസീതെടുക്കണം.

ദ്രോണർ, കർണൻ, ദുശ്ശള, ശകുനി, ഭീഷ്മർ തുടങ്ങിയവർക്കുംമലനടയിൽ സങ്കൽപ്പസ്ഥാനങ്ങൾ ഉണ്ട്.
​കൊല്ലം, പത്തനംതിട്ടകളിലായി ഉള്ള നൂറ്റൊന്നു മലനടകളുടെ കേന്ദ്രസ്ഥാനം ആണ് പെരുവിരുത്തിമലനട. ​
​ ശൂരനാടിനടുത്ത് എണ്ണശ്ശേരിയിൽ ദുശ്ശാസനനും പുത്തൂരിനടുത്തു മായാക്കോട്ടു ശകുനിക്കും ആരാധനാസ്ഥാനങ്ങൾ ഉണ്ട്. മലനടകളെ സംബന്ധിച്ച 101  എന്ന സങ്കൽപ്പം തന്നെ ദുശ്ശള  ഉൾപ്പെടെ നൂറ്റൊന്നു പേരുള്ള കൗരവരെ സങ്കല്പിച്ചാണെന്നു കരുതപ്പെടുന്നു. ​പുരാതനകാലം മുതൽ മലനടയുടെ ചുറ്റുപാടും ഉള്ള പ്രദേശങ്ങളുടെ പട്ടയാവകാശി ദുര്യോധനൻ എന്നാണു ഭൂമി സംബന്ധമായ രേഖകളിൽ ​ഉള്ളത്.
ഏനാദിമംഗലം പഞ്ചായത്തിൽ ഉള്ള കുറുമ്പകര പുലിപ്പാറമല മലനടയിലെ സങ്കൽപ്പ മൂർത്തി കർണ്ണൻ ആണ്. ​പെരുവിരുത്തി മാലടയ്ക്കടുത്തും കുറുമ്പകാര എന്ന സ്ഥലം ഉണ്ട്. ഏനാദിമംഗലം കുറുമ്പകരയിൽ ഉള്ളതുമാതിരി ഉടയോന്മുറ്റം എന്നൊരു സ്ഥലം പോരുവഴി കുറുമ്പകരയിലും ഉണ്ട്. ഏനാദിമംഗലം ഉടയോൻമുറ്റത്തെ  അമ്മൂമ്മക്കാവിലെ അമ്മൂമ്മ ദുശ്ശളയാണെന്നാണ് സങ്കൽപം. പുലിപ്പാറമലയിൽ കിരാതമൂർത്തി ക്ഷേത്രം,  ഉടയോൻമുറ്റത്ത് ശങ്കരനാരായണക്ഷേത്രം എന്നിവയിച്ചു അടുത്തകാലത്ത് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും  മലനടകളുടെ  യുടെ മൂലസ്ഥാനങ്ങൾ നിലനിർത്തിയിട്ടുണ്ട്  

കുരുവംശജർ ആണ് കുറവർ എന്ന് കരുതുന്നതിൽ തെറ്റില്ല എന്ന് കല്ലടകാരനായ കവി ഡി വിനയചന്ദ്രൻ ഖപ്പെടുത്തിയിട്ടുണ്ട്. ​പല കാലഘട്ടങ്ങളിലും ​യുദ്ധാനന്തരം ഉണ്ടായ രാഷ്ട്രീയ പരിതഃസ്ഥിതികൾ കാരണം സ്വന്തരാജ്യം വിട്ടു പുതിയ ഇടങ്ങളിലേക്ക് വ്യാപിച്ച പരാജിതരുടെ വംശജരും അനുയായികളും ഇവിടെ കുടിയേറി അവരുടെ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും പുലർത്തിപ്പോന്നിരിക്കാം. അവരുടെ വീരനായകരെ ആരാധാനാ മൂർത്തികളായി സങ്കല്പിച്ചിരിക്കാം. വിഗ്രഹങ്ങളോ മറ്റെന്തെങ്കിലുമോ പ്രതിഷ്ഠിക്കാതെ ഉയർന്ന സ്ഥലത്തു അൾത്താര സ്ഥാപിച്ചു അഗ്നി ജ്വലിപ്പിച്ചു ആരാധന നടത്തുന്ന  പുരാതന പേർസ്യൻ ദ്രാവിഡ സമ്പ്രദായം തന്നെയാണ് മലന ടകളിലും ഉള്ളത്. ​ഇത് ഇവരുടെ പേർഷ്യൻ പാരമ്പര്യത്തെയും സൂചിപ്പിക്കുന്നു.

പുരാതന ബാബിലോണിലെ ആദ്യ ഭരണാധികാരിയായിരുന്ന നിമ്രോദ് കറുത്ത ആൾ ആയിരുന്നു. മെഡിറ്ററേനിയൻ ഭാഗങ്ങളിൽ നിന്നുള്ള ആദ്യകാല ദ്രാവിഡകുടിയേറ്റം ​അന്നത്തെ പുരാതന തുറമുഖമായ കൊല്ലത്തും നടന്നിരിക്കാൻ സാധ്യതകൾ ഏറെയാണ്. കടലെടുത്തു പോയ കന്യാകുമാരി മുതൽ കോഴിക്കോട് വരെയുള്ള ഭാഗത്തു പുരാതനകാലത്തുണ്ടായിരുന്ന തുറമുഖങ്ങൾ അക്കാലത്തു പടിഞ്ഞാറൻനാടുകളുടെ ബന്ധം പുലർത്തിയിരുന്നു.


​പുരാതന കൊല്ലം കുരക്കേണിക്കൊള്ളാം എന്നറിയപ്പെട്ടിരുന്നത് കുറ(റ)വ രാജാക്കന്മാരുടെ അധീനതയിൽ ഉള്ള കൊല്ലം എന്നാണെന്ന് ചില ഗവേഷകർക്ക് അഭിപ്രായം ഉണ്ട്. പുരാതന കൊല്ലം തുറമുഖം തേവലക്കര ഭാഗത്തായിരുന്നുവെന്ന്അനുമാനിക്കപ്പെടുന്നു. തങ്കശ്ശേരിയിൽ നിന്ന് രണ്ടു കിലോമീറ്റർ വരെകടലിലേക്ക് തള്ളി നിന്ന ഒരു ചെങ്കൽക്കുന്നതായിരുന്നു പഴയ കൊല്ലം എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കുന്തക്കുറവർ എന്നൊരു വിഭാഗം (ഇവർ കുറവരിൽ ഏറ്റവും മുന്തിയ ജാതിയായി കരുതപ്പെടുന്നു) കുറവക്കിടയിൽ ഉണ്ട്. ഇവരുടെ ആയുധം കുന്തം ആയിരുന്നതിനാൽ ആവാം ഈ പേര് വന്നത്. കുന്തം പ്രധാനമായും പേർസ്യൻ പ്രദേശങ്ങളിലെ ആയുധം ആയിരുന്നു. മാത്രമല്ല ഇവരുടെ യോദ്ധാക്കൾ എന്ന നിലയിലുള്ള ചരിത്രത്തേയും ഇതു സൂചിപ്പിക്കുന്നു.

​ഇല്ലം, സ്വരൂപം, എന്നൊക്കെ ഇവരുടെ ഇടങ്ങൾ അറിയപ്പെടുന്നു. മരുമക്കത്തായം ആണ് ദായക്രമം. ​മാത്രമല്ല പെരുവിരുത്തി മലനടയിലും  മറ്റു പലയിടങ്ങളിലും ഊരാളിയുടെയോ അമ്മൂമ്മയുടെയോ ഇടം കൊട്ടാരം എന്നാണു അറിയപ്പെടുന്നത്. കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശമായ പുന്നലയിൽ അമ്മൂമ്മക്കൊട്ടാരം എന്ന ഒരു പുരാതന ആരാധാനാലയം ഉണ്ട്. 

പതിന്നാലാം നൂറ്റാണ്ടിൽ  ബ്രാഹ്മണർ വാഗ്ദാനം നൽകിയ ക്ഷത്രിയസ്ഥാനം നിരസിച്ചു ​നാഞ്ചിനാട്ടു  കുറവർ വേറിട്ടു  നിന്നെങ്കിലും ബ്രാഹ്മണരാൽ ക്ഷത്രിയരാക്കപ്പെട്ട മറ്റു വിഭാഗങ്ങളുടെ സഹായത്തോടെ നാഞ്ചിനാട്ടു കുറവരുടെ രാജാവിനെയും കൂട്ടത്തെയും  ചതിച്ചു കൊന്നു കീഴടക്കി അവർ ഭരിച്ചിരുന്ന നാട്ടിൽത്തന്നെ അവരെ അടിമകളാക്കി​. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ   അടിച്ചമർത്തലിനെത്തുടർന്ന് കീഴ്ജാതിയായി മാറേണ്ടി വന്ന അവരുടെ ഭൂമിയും അധികാരങ്ങളും ആരാധാനാലയങ്ങളും മറ്റും നശിപ്പിച്ച്   അവകാശങ്ങൾ നിഷേധിക്കപ്പെട്ടു.
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം