ജെ.എസ് പാരിഖ് എന്ന ഫോട്ടോഗ്രാഫറും കുറെ ദിനോസറുകളും ഒരു ഉറുമ്പും ഓ.വി.വിജയനും
എസ്. സലിംകുമാർ
1988 ജൂലായ് 13 ന് ആണ് ഞാൻ ജയ്‌പുരിൽ എത്തുന്നത്. ഒരാഴ്ച കഴിഞ്ഞുകാണും. ഭാര്യ ജോലി ചെയ്യുന്ന ക്യാപിറ്റോൾ ലബോറട്ടറിയിൽ ഞാൻ ചെന്ന ദിവസം ആ കെട്ടിടത്തിന്റെ ഉടമസ്ഥൻ അവിടെ വന്നിരുന്നു. അവിടെ ജോലി ചെയ്യുന്ന 'സിസ്റ്ററിന്റെ' കല്യാണം കഴിഞ്ഞ കാര്യം അദ്ദേഹം അറിഞ്ഞിരുന്നു. ആശംസകൾ അറിയിക്കാൻ അദ്ദേഹം വന്നപ്പോൾ ഞാൻ അവിടെയുണ്ട്. അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വിരുന്നിനു ക്ഷണിച്ചു.
ജെ എസ് പാരിഖ് എന്നാണ് അദ്ദേഹത്തിന്റെ പേര്.
ജയ്‌പൂർ (പിങ്ക് സിറ്റി) നഗരത്തിനകത്തു ഖജനാവാലോം കാ രാസ്ത എന്ന തെരുവിൽ ആണ് അദ്ദേഹത്തിന്റെ വീട്. ചാന്ദ്പോളിൽ (ജയ്പൂർ നഗരത്തിന്റെ ഒമ്പതു കവാടങ്ങളിൽ പടിഞ്ഞാറേ കവാടം ആണ് ചാന്ദ് പോൾ (ചന്ദ്ര കവാടം). ചാന്ദ് പോൾ കഴിഞ്ഞു കുറച്ചു ചെല്ലുമ്പോൾ വലതുവശത്തുള്ള വലിയൊരു തെരുവാണ് ഖജനാവാലോം കാ രാസ്ത. വിസ്മയങ്ങളുടെ ഒരു തെരുവിലാണ്ആ ഞങ്ങൾ ചെന്ന് പെട്ടത്. തെരുവിൽ കയറിയ ഉടൻ തന്നെ കല്ല് കൊത്തുന്ന ശബ്ദം കേട്ടു. ഒരുപാട് കല്ലുളികൾ കല്ലിൽ വീഴുന്ന ശബ്ദം. തെരുവിന്റെന് ഇരുവശത്തും ഉള്ള വീടുകളിലും വീട്ടുമുറ്റങ്ങളിലും പണിശാലകളിലും ഒക്കെയായി ശിൽപ്പികൾ മാർബിൾ ശിൽപ്പങ്ങൾ ഉണ്ടാക്കുകയാണ്. അത്ഭുതകരമായ കാഴ്ച.
വെളുത്ത മാര്ബിളിലാണ് ശില്പങ്ങൾ കൊത്തുന്നത്. നൂറുക്കണക്കിന് ശിൽപികൾ വെണ്ണക്കല്ലുകൊത്തുന്ന ശബ്ദങ്ങളും ദൃശ്യങ്ങലും താണ്ടി ജെ. എസ്. പാരിഖിന്റെ വീട് കണ്ടു പിടിച്ചു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. കാഴ്ചയിൽ നമ്മുടെ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭഗവതരെപ്പോലെയിരിക്കും. മീശയൊക്കെ അതേ സ്റ്റൈൽ തന്നെ. എഴുപതു വയസ്സെങ്കിലും കാണും.
എനിക്ക് ഹിന്ദി സംസാരിക്കുവാൻ അറിയില്ല എന്ന് പറയാൻ കഴിയില്ല - തട്ടിമുട്ടി പറയാം. പത്താംക്‌ളാസ്സുവരെ പഠിച്ച ഹിന്ദിയുടെയും കുഞ്ഞമ്മമാർ രണ്ടു പേർ ഹിന്ദി അധ്യാപകർ ആയിരുന്നതിന്റെയും പശ്ചാത്തലമാണ് എനിക്ക് ഹിന്ദിയുടേത്. കേട്ടാൽ മനസ്സിലാകും. എഴുതാനും വായിക്കാനും അറിയാം. ഇംഗ്ളീഷും അത്ര പോരാ. മലയാളം അല്ലാതെ മറ്റൊരു ഭാഷയും (ചെന്നൈയിൽ മൂന്നു വർഷം താമസിച്ചിരുന്ന കാലത്തെ തമിഴും) അല്ലാതെ ഒരു ഭാഷയും സംസാരിച്ചു പരിചയം ഇല്ല. എനിക്ക് അറിയുന്നത്രയൊക്കെയേ അദ്ദേഹത്തിനും ഇംഗ്ലീഷ് അറിയൂ. ഭാര്യയ്ക്ക് ഹിന്ദി നന്നായി സംസാരിക്കാൻ അറിയുന്നത് കൊണ്ട് ആശയവിനിമയം എളുപ്പമായി.
ജെ.എസ്. പാരിഖ് ഫോട്ടോഗ്രാഫർ ആണ്. പത്രങ്ങളിലും പ്രമുഖ മാഗസിനുകളിലും ഒക്കെ ഫോട്ടോകൾ വരാറുണ്ട്. ഡൽഹിയിലും മുംബൈയിലും ഒക്കെ ഫോട്ടോ പ്രദർശനങ്ങൾ നടത്താറുണ്ട്. ആയിടെ പത്രങ്ങളുടെ സപ്ലിമെന്റുകളിലും മാഗസിനുകളിലും വന്ന ചില ഫോട്ടോകൾ കാണിച്ചു തന്നു. ചുവരിൽ അദ്ദേഹം എടുത്ത ചില ഫോട്ടോകളുടെ എൻലാർജ്‌മെന്റുകൾ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.
ഞാൻ ചിലപ്പോഴൊക്കെ മലയാളത്തിൽ എഴുതാറുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം അകത്തുപോയി ഒരു മാഗസിനുനുമായി തിരികെ വന്നു. മാഗസിൻ എന്റെ കയ്യിൽ തന്നു. പഴയ ഒരു മാഗസിൻ. കവർ കണ്ടു ഞാൻ അന്തം വിട്ടു. 1968 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വാര്ഷികപ്പതിപ്പാണ്. ആനകളുടെ മിനിയേച്ചർ പെയിന്റിങ്ങുകളുടെ ഒരു ഫോട്ടോ ആണ് മുഖചിത്രം. ആ മുഖചിത്രം കീറിയടുത്തിട്ടു അദ്ദേഹം വാര്ഷികപ്പതിപ്പു എനിക്ക് തന്നു. ആ ഫോട്ടോ അദ്ദേഹത്തിന്റേതായിരുന്നു. അറുപതുകളിലും എഴുപതുകളിലും ഒക്കെ അദ്ദേഹത്തിന്റെ ഫോട്ടോകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി വരാറുണ്ടായിരുന്നു.
"ഇത് ആർക്കെങ്കിലും കൊടുക്കണം എന്ന് വിചാരിച്ചിട്ട് ഇതുവരെ കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പോഴാണതു കഴിഞ്ഞത്" എന്നു പറഞ്ഞിട്ട് ആ വാർഷികപ്പതിപ്പ് അദ്ദേഹം എനിക്കു തന്നു. മലയാളത്തിലെ പ്രമുഖരുടെ രചനകൾ അതിലുണ്ട്. അതൊക്കെ ഞാൻ പിന്നീട് മറന്നുപോയി.
പക്ഷേ ഇപ്പോഴും ഓർക്കുന്ന ഒരു കാർട്ടൂൺ അതിൽ ഉണ്ടായിരുന്നു. ഒരു ഫുൾ പേജ് കാർട്ടൂൺ. ഓ.വി .വിജയൻറെ കാർട്ടൂൺ ആണ്. പിൽക്കാലത്ത് അത് ചിന്തകളെ നന്നായി സ്വാധീനിക്കുകയും ചെയ്തു.
ആ കാർട്ടൂൺ ഇങ്ങനെ:
ചില ദിനോസറുകൾ ഒരു ഉറുമ്പിനെ ഇന്റർവ്യൂ ചെയ്യുകയാണ്.
ഉറുമ്പിനോട് ദിനോസറുകൾ ചോദിക്കുന്നു : നിങ്ങൾ എന്തിന് എഴുതുന്നു?
ഉറുമ്പിന്റെ ഉത്തരം : എനിക്കും ചിലതു പറയാൻ ഉണ്ട് !
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ