കുരീപ്പുഴയും ഞാനും
എസ്. സലിംകുമാർ
കുരീപ്പുഴ ശ്രീകുമാറിനെ ഞാൻ ആദ്യം കാണുന്നത് 1982 ൽ ആയിരിക്കണം. പത്തനംതിട്ട ജില്ലയിലെ കൂടൽ നെടുമൺകാവിലുള്ള തേജസ്വിനി ആർട്സ് ക്ളബ്ബിന്റെ കവിയരങ്ങിൽ വച്ച്. 'വീണവില്പനക്കാരൻ' എന്ന കവിതയാണ് കുരീപ്പുഴ അന്ന് ചൊല്ലിയത്.
കുന്ദമംഗലം നാരായണൻ, പി കെ ഗോപി, ഉമ്മന്നൂർ ഗോപാലകൃഷ്ണൻ, മെഴുവേലി എം എം നാരായണൻ, ശ്രീഭവനം ഗോപാലകൃഷ്ണൻ, കൂടൽ ഷാജി, കൂടൽ ശോഭൻ, കോന്നിയൂർ രാധാകൃഷ്ണന്മാർ രണ്ടു പേർ, കോന്നിയൂർ ബാലചന്ദ്രൻ, ഡോ. വിശ്വനാഥൻ, ചാത്തന്നൂർ സുരേഷ് കുമാർ, ആവണീശ്വരം രാമകൃഷ്ണപിള്ള, ബാബു പാക്കനാർ, വിശ്വൻ പടനിലം, ഏഴംകുളം രാജേന്ദ്രൻ, പിറവന്തൂർ കലേശൻ, ജി.പൊന്നപ്പൻ (കേരളകൗമുദി പത്തനംതിട്ട), മാരൂർ കെ.ജി.ധരൻ, എൻ.ഗോപിനാഥൻ,രാധാകൃഷ്ണക്കുറുപ് പ്, ഫെഡറൽ ബാങ്കിലെ വർക്കി തുടങ്ങിയവരൊക്കെയും മീറ്റിങ്ങുകളിൽ ഉണ്ടാവും. പത്തനാപുരത്ത് ദർപ്പണം സാഹിത്യ ചർച്ചാസമിതി, പാരിപ്പള്ളി, പരവൂർ, മയ്യനാട്, പിറവന്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ കൂട്ടായ്മകൾ ഇവിടൊക്കെ വർഷത്തിൽ പലതവണ കവിയരങ്ങുകൾ നടക്കും.
പത്തനാപുരത്ത് കുന്ദമംഗലം നാരായണൻ ആണ് കവികളുടെ പ്രധാന കണക്ഷൻ. രാവിലെ അദ്ദേഹത്തിന്റെ കോട്ടക്കൽ ആര്യവൈദ്യശാല തുറന്നു കഴിഞ്ഞാൽ മുതൽ വൈകിട്ട് അടയ്ക്കുന്നത് വരെ വിവിധ ജനുസിൽപ്പെട്ട കവികൾ അവിടെ വരും. കവിത വായിച്ചു കേൾപ്പിക്കും. തിരുത്താൻ കൊടുക്കും. ചികിത്സയ്ക്കും മരുന്ന് കച്ചവടത്തിനും ഇടയിലൂടെ കവിതയുടെ ഒഴുക്ക് തുടർന്നുകൊണ്ടിരിക്കും. കേരളത്തിലെ ഏറ്റവും വലിയ കവിതാ പൂഴ്ത്തിവയ്പുകാരിൽ ഒരാൾ ആണ് കുന്ദമംഗലം നാരായണൻ. എഴുതി ഉ പേക്ഷിക്കുന്ന കവിതകൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുന്നില്ല. അദ്ദേഹം കവിതയുമായി സംബന്ധംകൂടിയിട്ടേ ഉള്ളൂ എന്നാണോ വിവക്ഷ എന്ന് ചോദിച്ചാൽ ഉത്തരം അദ്ദേഹം തന്നെ പറയേണ്ടി വരും. എന്റെ സ്ഥിരം സങ്കേതം കോട്ടയ്ക്കൽ ആയിരുന്നു. രാവിലെയെന്നല്ല ഉച്ചയ്ക്കെന്നില്ല വൈകിട്ടെന്നില്ല ഞങ്ങൾ തിരുമേനി എന്ന് വിളിക്കുന്ന അദ്ദേഹത്തിന് ബോറടിക്കുന്നതുവരെ അവിടെ കുത്തിയിരുന്ന് സാഹിത്യം പറയുകയും കേൾക്കുകയും ചായകുടിക്കുകയും സിഗററ്റുവലിക്കുകയും ഒക്കെ ചെയ്യും. രവീന്ദ്രൻ പോറ്റി, പി.എസ് .എം ബഷീർ, ഫെഡറൽ ബാങ്കിലെ വർക്കി, ഉറുമീസ്, ഇലക്ട്രിസിറ്റി ബോർഡിലെ രാജഗോപാലും സുകുമാറും (അവർ കുന്ദമംഗലം നാരായണന്റെ ഒപ്പം താമസിക്കുന്നവരാണ്. കനാൽ മുറിച്ചുകടന്ന് കുറച്ചു ചെല്ലുമ്പോൾ ഒരു വീട്ടിൽ അവർ മൂന്നു പേരുമാണ് താമസിക്കുന്നത്. 1981 ൽ വി കെ സദാശിവന്റെ (വി കെ എസ്) നേതൃത്വത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വന്നപ്പോൾ രാത്രി ക്യാമ്പ് ആ വീട്ടിൽ ആയിരുന്നു. പിൽക്കാലത്ത് സകൽ പേപ്പേഴ്സ് എന്ന മറാത്തി പത്രസ്ഥാപനത്തിന്റെ കേരള പ്രതിനിധി ആയിരുന്ന അജയകുമാറും Ajay Kumar അക്കാലത്തു കുറച്ചുനാൾ കുന്ദമംഗലം നാരായണന്റെ ഒപ്പം താമസിച്ചിരുന്നു.
മുന്നറിയിപ്പില്ലാതെ രാത്രിയിൽ അവിടെ കയറിച്ചെന്നു കിടന്നുറങ്ങിയിട്ടു രാവിലെ പഴങ്കഞ്ഞിച്ചോറിൽ അച്ചാറും ഹോർലിക്‌സ് കുപ്പിയിൽ ഉറയൊഴിച്ചുവച്ചിരിക്കുന്ന തൈരും ചേർത്ത് കഴിച്ചിട്ട് രാവിലെ തിരികെപ്പോയിട്ടുണ്ട് ഞാൻ. അവിടുന്ന് രുചിച്ച, ചോറിന്റെ കൂടെ നാരങ്ങാ അച്ചാറും തൈരും എന്ന സംഭവം ഇപ്പോഴും ഞാൻ തുടരുന്നുണ്ട്.
കുന്ദമംഗലം നാരായണൻ മുഖേനയാണ് ഞാൻ ആദ്യം കവിയരങ്ങിൽ പങ്കെടുക്കുന്നതും എന്തല്ല കവിത എന്ന ബോധ്യത്തിലേക്കു വരുന്നതും.
കുരീപ്പുഴ അന്ന് ചൊല്ലിയ വീണവിൽപ്പനക്കാരൻ എന്ന കവിത കേട്ടിട്ട് കൂടൽ ശോഭൻ പറഞ്ഞത് : സ്വന്തം സർഗക്രിയയുടെ പ്രതീകമായ വീണ വിൽക്കുന്നതിലും നല്ലത് കുരീപ്പുഴ ശ്രീകുമാർ ആത്മഹത്യ ചെയ്യുന്നതാണ് എന്നാണ്. അതൊരു ഷോക്കിങ് നിമിഷം ആയിരുന്നു. ആ കവിയരങ്ങ് കഴിഞ്ഞു അധികം കഴിയുന്നതിനു മുമ്പാണ് കുരീപ്പുഴ ശ്രീകുമാർ 'ആത്മഹത്യാമുനമ്പ്' എഴുതുന്നത്.
അന്ന് പരിചയപ്പെട്ട കുരീപ്പുഴയുമായി ഞാൻ നിരന്തരം സൗഹൃദം തുടർന്നു. എന്റെ അരക്ഷിതവും അലക്ഷ്യവുമായ ജീവിതരീതികാരണം ഞാൻ കവിതയെ വിട്ടോ കവിത എന്നെ വിട്ടോ എന്നറിയില്ല. സ്വന്തം കവിത കവിയരങ്ങുകൾ ആവശ്യപ്പെടുന്ന വിധം ചൊല്ലാനുള്ള എന്റെ കഴിവുകേട് എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു.
കവിതയല്ലാത്തതു ചൊല്ലിത്തറപ്പിക്കുന്ന വൻ ശബ്‌ദക്കാർ, കടമ്മിനിട്ടയെയും കൂട്ടരെയും അവരെക്കാളും ഉച്ചത്തിൽ പാടിത്തോൽപ്പിക്കുമെന്നു വീമ്പിളക്കുന്ന അമിതാത്മവിശ്വാസികൾ, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഒരു കവിത അങ്ങനെതന്നെ പകർത്തി തന്റേതാണെന്നു പറഞ്ഞു ചൊല്ലിയിട്ടു തന്നിലെ 'നമ്പൂരിത്തം' എങ്ങനെയുണ്ടെന്നു അഭിപ്രായം ചോദിക്കുന്ന സദാ മുറുക്കാൻചവക്കാരനായ കവി മുതലായവരുടെ സാന്നിധ്യം കവിയരങ്ങുകളുടെ നിത്യമുഖമായിരുന്നു.
കുരീപ്പുഴ കവിതകൾ എഴുതിപ്പാടി കവിയരങ്ങുകളുടെ അനിവാര്യതയായി. അതിനിടെ അദ്ദേഹത്തിന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ജോലി കിട്ടി. അവിടെച്ചെന്നും പിന്നീട് ഡി.പി.ഐ യിലേക്ക് മാറിയപ്പോൾ അവിടെപ്പോയും കണ്ടു. കാണുകയും ചിലപ്പോൾ തിരിച്ചു പോകാതെ കുരീപ്പുഴയുടെ കൂടെക്കൂടുകയും ചെയ്തു. കുരീപ്പുഴയുടെ സുഹൃത്തായ സജനെ പരിചയപ്പെട്ടു. ചാലക്കമ്പോളത്തിലുള്ള സജന്റെ യാഡ്‌ലിപൗഡറിന്റെ സി ആൻഡ് എഫ് ഏജൻസിയിൽ ഒരു ദിവസം കിടന്നുറങ്ങിയ സൗരഭ്യപൂർണ്ണമായ ഒരു രാത്രി മറന്നിട്ടില്ല. (പൂച്ചയ്ക്കും എ കെ ആന്റണിക്കും ഒരു പോലെ ഇണങ്ങുന്ന 64 കാര്യങ്ങൾ കണ്ടുപിടിച്ച ആൾ ആണ് സജൻ).
പോസ്റ്റ് കാർഡ് എന്ന അദ്‌ഭുത സാധനത്തിലൂടെ കുരീപ്പുഴയ്ക്കു ഞാൻ എഴുതും . അദ്ദേഹം എനിക്കെഴുതും.
1988 ജൂലായിൽ ഞാൻ ജയ്പൂരിലേക്കുപോയി. അപ്പോഴും കുരീപ്പുഴയുമായുള്ള എഴുത്തുകൾ തുടർന്നു. അന്ന് ഫോൺ ചുരുക്കം. എസ ടി ഡി എന്ന സംഭവമേ ഇല്ല ഇല്ല. ട്രങ്ക് കാൾ ബുക്ക് ചെയ്‌താൽ എപ്പോഴെങ്കിലും ആവും കിട്ടുക.
ഏറ്റവും ചെലവുകുറഞ്ഞതും സുതാര്യവുമായ മാധ്യമം പോസ്റ്റ് കാർഡ് ആയിരുന്നു. നമ്മുടെ രചന പോസ്റ്റൽ സോർട്ടിങ് മുതൽ പോസ്റ്റുമാൻ വരെയും പോസ്റ്റ്മാന്റെ കയ്യിൽ നിന്നും വാങ്ങി വീട്ടിൽ കൊണ്ടുത്തരുന്ന അയലത്തെ ചേട്ടായി വരേയുമുള്ള സകല അനധികൃത വായനക്കാർക്കുമുൾപ്പെടെ പോസ്റ്റ്കാർഡ് ഒരു അനുഭവം തന്നെ ആയിരുന്നു.
ഒരിക്കൽ തിരുവനന്തപുരത്തു പോയി കുരീപ്പുഴയെ കണ്ടു. ഉച്ച നേരത്താണ്. നാലുമണിക്ക് പബ്ലിക് ലൈബ്രറിയിൽ ചെല്ലണമെന്ന് കുരീപ്പുഴ പറഞ്ഞു. അവിടെ കവിയരങ്ങുണ്ട്. ഞാൻ ചെന്നു. അയ്യപ്പപ്പണിക്കർ, ഡി.വിനയചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയ ആറേഴുകവികൾ ഉണ്ട്. അത് കൂടാതെ ആ വർഷം പത്താംക്‌ളാസ്സിൽ ഒന്നാം റാങ്കു കിട്ടിയ മഞ്ജു എസ് പണിക്കർ എന്ന കുട്ടിയും കവിത ചൊല്ലുന്നുണ്ട്.
അയ്യപ്പപ്പണിക്കരെ ഞാൻ ആദ്യമായികാണുകയാണ്. എനിക്ക് സന്തോഷമായി. അയ്യപ്പപ്പണിക്കരുടെ കവിതയോടുള്ള ഇഷ്ടംകൊണ്ട് ഒരു ലൈബ്രറിയിൽ നിന്ന് ഞാൻ ' അയ്യപ്പപ്പപ്പണിക്കരുടെ കൃതികൾ' ആദ്യ പതിപ്പ് അടിച്ചുമാറ്റിയിട്ടുണ്ടായിരുന് നു. വിനയചന്ദ്രനുള്ള വേദിയിൽ അതിനും രണ്ടു വർഷംമുമ്പ് പന്തളം മുടിയൂർക്കോണം ജനകീയവായനശാലയുടെ വാർഷികത്തിന് ഞാൻ കവിത ചൊല്ലിയിട്ടുണ്ട്.
ആദ്യം കവിത ചൊല്ലാൻ പേരു വിളിച്ചത് കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മഞ്ജു എസ് പണിക്കരെയാണ്. ആ കുട്ടി കവിത അവതരിപ്പിച്ചു കഴിഞ്ഞു. അടുത്ത പേരു കേട്ട് ഞാൻ ഞെട്ടിത്തരിച്ചു. എന്റെ പേരാണ് വിളിച്ചത്. കുരീപ്പുഴ ചെയ്ത പണി ആണെന്ന് മനസ്സിലായി. ഒന്നും അറിയാത്തപോലെ കുരീപ്പുഴ വേദിയിൽ ഇരിക്കുന്നുണ്ട്. എനിക്കാണെങ്കിൽ എന്റെ കവിതകൾ ഒന്നും മൊത്തം കാണാതെ ചൊല്ലാൻ അറിയില്ല. കയ്യിൽ ഒരു കടലാസുതുണ്ടുപോലും ഇല്ല. ' വർത്തമാനം എന്ന കവിതയുടെ മിക്കവാറും വരികൾ അറിയാം. അത് ചൊല്ലി. അയ്യപ്പപ്പണിക്കർ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഡി.വിനയചന്ദ്രന്റെ ആരാധകൻ ആവുന്നത് ശരിക്കും അന്നാണ് . അന്ന് അദ്ദേഹം ചൊല്ലിയ കവിത 'കായിക്കരയിലെ കടൽ' ആയിരുന്നു. ആദ്യമായാണ് ആ കവിത വേദിയിൽ അവതരിപ്പിക്കുന്നത്. പിന്നെയും കുറേക്കാലം കഴിഞ്ഞാണ് അത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. (to be continued....)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ