​ പടപേടിച്ചു പന്തളത്തെത്തിയപ്പോൾ പന്തളം കേരളവർമ്മയും പന്തളം കെ പി രാമൻ പിള്ളയും

 എസ്. സലിംകുമാർ 

ദശകങ്ങളായി  കേരളത്തിൽ ഏറ്റവുമധികം ചൊല്ലപ്പെടുന്ന  മതേതര പ്രാർത്ഥനാഗീതങ്ങൾ രണ്ടും എഴുതിയത് പന്തളത്തുകാരാണ്. പന്തളം  കേരളവർമ്മ (ദൈവമേ കൈതൊഴാം), പന്തളം കെ പി രാമൻ പിള്ള ( അഖിലാണ്ഡമണ്ഡലം). 



പന്തളം കേരളവർമ്മ

കവിയും പ്രസാധകനും  പന്തളം രാജകുടുംബാംഗവുമായിരുന്നു മഹാകവി പന്തളം കേരളവർമ്മ   (ജനുവരി 1879 -  ജൂൺ 1919)    ജനിച്ചത് പന്തളത്താണ്. ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയിൽ അറിയപ്പെട്ടുകഴിഞ്ഞിരുന്നു. 1904 നവംബർ 16ന് കവനകൗമുദി എന്ന പദ്യപാക്ഷികം സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആരംഭിച്ചു. അതിൽ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം, വാർത്ത, ഗ്രന്ഥനിരൂപണം തുടങ്ങി എല്ലാ ഇനങ്ങളും പദ്യത്തിലായിരുന്നു. 

പന്തളം കേരളവർമ്മ
ഇന്നും പ്രസക്തമായ പല വിഷയങ്ങളെക്കുറിച്ചും മുഖപ്രസംഗങ്ങളും എഴുതി. പ്രസിദ്ധമായ ഒട്ടേറെ ബാലകവിതകളും അദ്ദേഹം രചിച്ചു.  കൊച്ചി മഹാരാജാവ് 'കവിതിലകൻ' ബിരുദം നൽകി. തിരുവിതാംകൂർ മഹാരാജാവിന്റെ വിദ്വൽ സദസ്സിൽ അംഗമായിരുന്നു. 1094 ഇടവം 28ന് (1919 ജൂൺ11) നാല്പതാം വയസ്സിൽ പന്തളം കേരളവർമ്മ അന്തരിച്ചു. കൃതികൾ : രുഗ്മാംഗദചരിതം മഹാകാവ്യം, വിജയോദയം കാവ്യം, കഥാകൗമുദി, വഞ്ചീശശതകം, മാർത്താണ്ഡദേവോദയം, സൂക്തിമാല, വേണീസംഹാരം, ദൂതവാക്യം, ശബരിമലയാത്ര, സുംഭനിസുംഭവധം, ഭുജംഗസന്ദേശo, ഭാഗീരഥി വഞ്ചിപ്പാട്ട്

ദൈവമേ കൈതൊഴാം 

ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം

എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം

നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മമാക്കീടണം

ദുഷ്ടസംസർഗം വരാതെയായീടണം
ശിഷ്ടരായുള്ളവർ തോഴരായീടണം

നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം

കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം

ദൈവമേ കൈതൊഴാം കേൾക്കുമാറാകണം



അഖിലാണ്ഡമണ്ഡലം


മലയാളത്തിലെ ഏറ്റവും മികച്ച മതേതരപ്രാര്‍ഥനയാണ് പന്തളം കെ.പി രചിച്ച 'അഖിലാണ്ഡമണ്ഡലം'. എന്‍.എസ്.എസ്സിൻ്റെ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഉത്പന്നപ്പിരിവിനോടനുബന്ധിച്ചു പാടാന്‍ രചിച്ച ഈ കവിത പില്‍ക്കാലത്ത് സ്കൂളുകളില്‍ പ്രാര്‍ഥനാ ഗാനമായി അംഗീകാരവും പ്രചാരവും നേടി. ഏറ്റവും പ്രശസ്തമായ മലയാള കവിതകളില്‍ ഒന്നാണ്   'അഖിലാണ്ഡമണ്ഡലം'. 

ഗാനാത്മകമായ കാല്‍പനികരചനകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന പന്തളം കെ.പി. 1930 കളിലും നാല്‍പ്പതുകളിലും കേരളത്തിൻ്റെ  സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് വിനോദകഥകളും ലേഖനങ്ങളും എഴുതിയ അദ്ദേഹവും മുന്‍ഷി പരമുപിള്ളയും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. അക്കാലത്തെ നിരവധി വിനോദമാസികകളിലെ ആക്ഷേപഹാസ്യം കൊണ്ട് ഭരണാധികാരികളെ വെകിളി പിടിപ്പിക്കുവാന്‍ അവര്‍ക്കു  കഴിഞ്ഞു. 

പന്തളം കെ.പി
ഉത്തരവാദ പ്രക്ഷോഭകാലത്ത് ജയില്‍വാസം അനുഭവിച്ച പന്തളം കെ.പി. രാമൻ പിള്ള  പന്തളം എന്‍ . എസ്. എസ്. ഹൈസ്കൂളില്‍ അദ്ധ്യാപകനും വള്ളിക്കോട്-കോട്ടയം (പത്തനംതിട്ട ജില്ല) ഹൈസ്കൂളില്‍ പ്രധാനാധ്യാപകനും  ആയിരുന്നു. 1954 ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് ഇടതു പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടു. ചെന്നൈയില്‍ അന്തരിച്ചു.
കൃതികള്‍ : ഏകാന്തകോകിലം , മുരളീധരന്‍ , രാഗസുധ, അഖിലാണ്ഡമണ്ഡലം, രാജേന്ദ്രന്‍ , മരതകപീഠം .

അഖിലാണ്ഡമണ്ഡലം

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും .

സുരഗോളലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും.

അവസാനജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണ ശൂന്യമായ് വിലയിച്ചു തീരും
അതു നാളും സത്തു ചിത്താനന്ദദീപ്തം
ഒരു സത്യം നില നില്‍ക്കും അതു നിത്യം ശരണം

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്‍റെ
പരിശുദ്ധ തേജസ്സു വിളയാടിക്കാണ്‍മാന്‍
ഒരു ജാതി, ഒരു മതം, ഒരു ദൈവമേവം
പരമാര്‍ത്ഥവേദാന്തം സഫലമായ് ത്തീരാന്‍
അഖിലാധിനായകാ തവതിരുമുമ്പില്‍
അഭയമായ്‌ ഞാനിതാ പ്രണമിപ്പൂ നിത്യം.

സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്തിരുനാമങ്ങള്‍ പാടി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം