കൊല്ലം ജി.കെ.പിള്ളയും മൈലം വഴി പട്ടാഴി ബസ്സും സി.ഡി.സുരേഷും.

എസ്. സലിംകുമാർ 



കൊല്ലം ജി.കെ.പിള്ള 
 

കൊല്ലം ജി.കെ.പിള്ള മികച്ചഹാസ്യ നടനായിരുന്നു. നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കെഎസ്ആർടിസിയിൽ ഉദ്യോഗസ്ഥനായിരുന്നു.  കൊല്ലം ജി.കെ.പിള്ള എ.ടി.ഒ ആയി കൊട്ടാരക്കര ബസ് സ്റ്റേഷൻ ഭരിക്കുന്ന കാലം. ആയിടെ അദ്ദേഹം സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഇരട്ടപ്പേര് 'ഫൗൾ' എന്നായിരുന്നു. 

കൊട്ടാരക്കരയിൽനിന്ന് എന്നും നാലരയോടെ മൈലം വഴി പട്ടാഴിക്കു ബസ്സുണ്ട്. സ്കൂൾ-കോളജ് വിദ്യാർഥികൾ തിങ്ങി നിറഞ്ഞു പോകുന്ന ബസ്സാണ്. ഒരു ദിവസം അഞ്ചു മണിയായിട്ടും ബസ്സില്ല. പട്ടാഴി യിൽ ബസ്സിറങ്ങി മൂന്നാലു കിലോമീറ്റർ നടന്നു പന്തപ്ളാവു വരെ പോകേണ്ടുന്ന സി ഡി സുരേഷ് സഹപാഠികളുമൊത്ത് എ ടി ഒ യുടെയടുത്തെത്തി. 



ജികെ പിള്ളയ്ക്ക് ആളെ മനസ്സിലായി. ഇടയ്ക്ക് തന്റെ കൗണ്ടറിനടുത്തു വന്ന്‌ 'ഫൗളേ..' എന്നുവിളിച്ചിട്ടു പോവും. അല്ലെങ്കിൽ 'ഫൗളു വല്ലോം ഉണ്ടോ സാറേ' എന്നു ചോദിച്ചിട്ടു പോകും, അങ്ങനത്തെ കുരുത്തക്കേടു ടീമാണ്. 

കൂടെയുള്ളവരോടു സുരേഷ് പറഞ്ഞു: "എടേ ഫൗളൊന്നും പറയല്ലേ..."
അതും അദ്ദേഹം കേട്ടു. 

"സാർ"
"എന്താടേ?"
'ഒരു ഫൗളൊണ്ട്.. " പിള്ള ഒരു നോട്ടം.
"എന്തോന്നാടേ?'
"മൈലം വഴി പട്ടാഴിക്കു ബസ്സില്ല."
"അതിന്?"
"ബസ്സു വിടണം."
"ബസ്സില്ല.. റിപ്പയറാ"
"അതൊന്നും പറഞ്ഞാ പറ്റത്തില്ല. ബസ്സു വിട്ടേപറ്റൂ."
"നീയൊക്കെ വല്ല കാളവണ്ടീം പിടിച്ചു പോടേ.."
ഉടനടി സുരേഷിന്റെ ഉത്തരം: 
"കാളവണ്ടി ഒണ്ടു സാറേ. രണ്ടു കാള വേണം വണ്ടിയേക്കെട്ടാൻ. ഒരെണ്ണം ഒണ്ട്. സാറൂടെ വന്നാ ഞങ്ങക്കു പോകാരുന്നു. "

കൊല്ലം ജി കെ പിള്ള ചാടിയെഴുന്നേറ്റപ്പോഴേക്കും സുരേഷും കൂട്ടുകാരും മാറിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോൾ മൈലം വഴി പട്ടാഴിക്കുള്ള ബസ്  ഒരുമണിക്കൂർ വൈകിയാണെങ്കിലും സ്റ്റാൻഡിൽ പിടിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും