പ്രസിദ്ധീകരിക്കാത്ത ആദ്യകഥയ്ക്കു പ്രതിഫലം കിട്ടിയ കഥ.

 1977 സെപ്റ്റംബർ 21.

എന്തോ ചടപടാന്നു വീഴുന്നു. 
ഞെട്ടിയുണർന്നപ്പോൾ ഒരുപോലീസുകാരൻ നിലത്തു ഷൂസിട്ടു ചവിട്ടിയ ഒച്ചയാണ്. കൂടെ ഡയലോഗും:
"ഓരോ അവമ്മാര് എഴുന്നേക്കണേൽ പെണ്ണുമ്പിള്ള  കടുംകാപ്പീംകൊണ്ടു വന്നു വിളിക്കണമാരിക്കും". 

പാതിരാത്രിക്കു വന്ന ജനയുഗം പത്രം വാങ്ങി വായിച്ചിട്ട് അതും വിരിച്ചു കിടന്നുറങ്ങുകയായിരുന്ന ഞാൻ ചാടിയെഴുന്നേറ്റു. നേരം വെളുത്തിരിക്കുന്നു.
പോലീസുകാരന്റെ തമാശ ആസ്വദിച്ചു കൊണ്ട് ഞാൻ കൊല്ലം ബസ് സ്റ്റേഷന്റെ പുറത്തു കടന്നു. 




എങ്ങാട്ടൂടൊക്കെ നടന്നു  കടപ്പുറത്തെത്തി. വാടി എന്നാണു കടപ്പുറത്തിന്റെ പേര്. അതിരാവിലെ ധാരാളം മീൻവള്ളങ്ങൾ എത്തി. എത്തുന്നു. ഞാൻ കടപ്പുറത്തെ ബഹളങ്ങളിൽ ലയിച്ചു.  നേരം പോയതറിഞ്ഞില്ല. ആദ്യമായാണ് മീൻവള്ളങ്ങൾ അടുത്ത രാവിലത്തെ കടപ്പുറം കാണുന്നത്. 

വിശപ്പു കയറിയപ്പോൾ നടന്നു. ചിന്നക്കടയിൽ നിന്നു ബോണ്ടായും ചായയും കഴിച്ചതോടെ കാശു തീർന്നു. വിശപ്പു തീർന്നില്ല. പത്തു പതിനൊന്നു മണിയായിട്ടുണ്ട്. അമ്മൂമ്മയുടെ പെട്ടിയിൽ നിന്ന് അഞ്ചു രൂപ കട്ടെടുത്ത്  'കോന്നൻ കൊല്ലത്തു പോയപോലെ'  തലേന്ന് കൊല്ലത്തേക്കു പോന്നതാണു ഞാൻ. . കയ്യിലെ കടലാസുപൊതിയിൽ ഏതോ ഒരു പുസ്തകവും ഒരു തോർത്തും ഒരു കഥയെഴുതിയതും ഉണ്ട്. 

കിഴക്കോട്ടു നടന്നു. ഒരിടത്ത് ഗുരുസമാധിദിനത്തിന്റെ കഞ്ഞി വീഴ്ത്തു നടക്കുന്നു. വിശന്നെങ്കിലും കഞ്ഞി കുടിക്കാതെ നടന്നു.

കടപ്പാക്കടയിലാണ് ജനയുഗത്തിന്റെ ഓഫീസ്. ഓർമ്മയായകാലം മുതൽ കാണുന്നതാണ് ജനയുഗം വാരിക.  അവിടെച്ചെന്നുകയറി. കാമ്പിശ്ശേരി മരിച്ചിട്ട് അധികകാലമായിട്ടില്ല. 


മാനേജറോട് എന്തെങ്കിലും ജോലി കിട്ടുമോ എന്നു ചോദിച്ചു. അദ്ദേഹം അകത്തേക്ക് പോയി.
അഞ്ചു മിനിറ്റു കഴിയും മുമ്പ് അകത്തേക്കു വിളിപ്പിച്ചു. അവിടെ ഇരുന്ന മൂന്നു പേരിൽ ഒരാളെ എനിക്കു മനസ്സിലായി. തെങ്ങമം ബാലകൃഷ്ണൻ. അദ്ദേഹം ഞങ്ങളുടെ എംഎൽഎ ആയിരുന്നു. 

"ഇവിടെ ജോലിയൊന്നുമില്ല''. അദ്ദേഹം ആദ്യമേ തന്നെ പറഞ്ഞു.
പേര്, മറ്റു വിവരങ്ങൾ ഒക്കെ തെങ്ങമം ചോദിച്ചു.
സ്ഥലം കുറുമ്പകരയാണെന്നറിഞ്ഞപ്പോൾ കുറുമ്പകര തങ്കപ്പൻ എന്ന തന്റെ സഖാവിനെപ്പറ്റി അദ്ദേഹം സംസാരിച്ചു.


തെങ്ങമം ബാലകൃഷ്ണൻ


വിതുര ബേബി

ഞാൻ എഴുതാറുണ്ട് എന്നു പറഞ്ഞപ്പോൾ "ഇപ്പോൾ എന്തെങ്കിലും ഉണ്ടോ? " തെങ്ങമം ചോദിച്ചു. 
കയ്യിൽ ഉണ്ടായിരുന്ന പൊതി പുറത്തു ഒരു കസേരയിൽ വച്ചിരുന്നു. പോയി അതിൽ നിന്നു കഥയെടുത്തു തെങ്ങമത്തിനു കൊടുത്തു.
കുറച്ചു സമയം പുറത്തിരിക്കാൻ പറഞ്ഞു. ഫലമറിയാൻ ആകാംക്ഷയോടെ ഞാൻ പത്രാധിപമുറിക്കു പുറത്ത് ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അകത്തേക്കുവിളിച്ചിരുത്തി. എനിക്കെതിരെ യിരുന്നയാളെ പരിചയപ്പെടുത്തി - വിതുര ബേബി. എന്റെ കഥ അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്നു.
കഥയെപ്പറ്റി എന്നോട് ചിലതൊക്കെ തെങ്ങമവും  വിതുരയും ചോദിച്ചു. ഞാൻ ഏതാണ്ടൊക്കെ പറഞ്ഞു.
'അവശിഷ്ടങ്ങളിൽ അഭയം' എന്നായിരുന്നു കഥയുടെ പേര്.  
അടിയന്തരാവസ്ഥയ്ക്കുശേഷം ചില പഴയ രാഷ്ട്രീയ പാർട്ടികളുടെ അവശേഷിപ്പുകൾ ചേർന്നുണ്ടായ ജനതാപാർട്ടിയായിരുന്നു കഥാതന്തു.

കഥ ജനയുഗം വാരികയിൽ ഇടാം എന്നു പറഞ്ഞ് ഒരു വൗച്ചറിൽ ഒപ്പിടീപ്പിച്ചു. 
ഇരുപതു രൂപ കയ്യിൽ തന്നു.
"ഇതു കഥയുടെ പ്രതിഫലമാണ്"
തെങ്ങമം പറഞ്ഞു. എങ്ങും കറങ്ങി നടക്കാതെ വീട്ടിൽ പോകണം."

ഞാൻ വീട്ടിലേക്കുതന്നെ പോയി. ആദ്യം തന്നെ അമ്മൂമ്മ യുടെ അടുത്തെത്തി " ഇന്നാ അമ്മൂമ്മേ ഇന്നലെ അമ്മൂമ്മയുടെ പെട്ടിയിൽ നിന്ന് ഞാൻ എടുത്തു കൊണ്ടു പോയ അഞ്ചു രൂപ " എന്നു പറഞ്ഞു  കൊടുത്തപ്പോൾ അമ്മൂമ്മ അടിക്കാൻ വന്നു. അപ്പോഴാണ് അമ്മൂമ്മ അത് അറിയുന്നതു തന്നെ.

ഞാനെഴുതിയ കഥ ജനയുഗം വാരികയിൽ വരുമെന്ന് വീട്ടിലും കൂട്ടുകാരോടുമൊക്കെ പറഞ്ഞു. പക്ഷേ കാത്തുകാത്തിരുന്നിട്ടും ആ കഥ ഒരിക്കലും ജനയുഗത്തിൽ വന്നില്ല.

എന്നെ തിരികെ വീട്ടിൽ പറഞ്ഞു വിടാൻ തെങ്ങമം പ്രയോഗിച്ച വിദ്യയായിരുന്നുവോ അത്? 
അതോ വീട്ടിൽ വന്നിട്ട്  നന്ദി അറിയിച്ചു കൊണ്ട് ഞാൻ എന്ന പയ്യൻ എഴുതിയ കത്തിലെ ഒരു വാചകത്തിൽ 'സുരതം' എന്ന വാക്കു വന്നത് തെങ്ങമത്തെ പ്രകോപിപ്പിച്ചതായിരുന്നുവോ?
രണ്ടും ശരിയായിരിക്കണം.

എന്തായാലും എന്റെ ആദ്യകഥ പ്രസിദ്ധീകരിക്കാതെതന്നെ  മുൻകൂർ പ്രതിഫലം കിട്ടി. ആ കഥയുടെ വേറേ കോപ്പി ഇല്ലായിരുന്നു താനും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും