ചരിത്രം ഗാഢനിദ്രയിലാണ്ട കൊല്ലം നഗരം.


--
എസ്. സലിംകുമാർ 

  


ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും പഴയ മനുഷ്യവാസകേന്ദ്രങ്ങളിൽ ഒന്നെന്നു കരുതപ്പെടുന്ന കൊല്ലം ലോകത്തിലെ ഏറ്റവും പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് . അയ്യായിരം വർഷത്തെയെങ്കിലും തുറമുഖചരിത്രം കൊല്ലത്തിനുണ്ടെന്നു കരുതപ്പെടുന്നു. കുരുമുളക് വ്യാപാരത്തിന്റെ ലോകകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഈ പുരാതന നഗരം എന്നതിനാൽ കുരുമുളകിന് കോലം എന്ന പേര് വന്നു. തിരിച്ചാണെന്നും അഭിപ്രായം ഉണ്ട്. ചൈനീസ് സാമ്രാജ്യത്തിനും പേർസ്യൻ സാമ്രാജ്യത്തിനും ഇടയ്ക്കുള്ള കപ്പൽ ഗതാഗതത്തിന്റെ ഇടത്താവളം ആയിരുന്ന കൊല്ലം അക്കാലത്തു ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങളിൽ ഒന്നായിരുന്നു. കൊടുങ്ങല്ലൂരിനെക്കാൾ പുരാതനവും വലിയതുമായ തുറമുഖം കൊല്ലം ആയിരുന്നു. ചൈനയിലേക്കുള്ള വലിയ കപ്പലുകൾ മസ്‌ക്കറ്റ് വിട്ടാൽ കൊല്ലത്തു മാത്രമാണ് അടുത്തിരുന്നത്. ചൈനയിൽ നിന്ന് പേർസ്യയിലേക്കുള്ള കപ്പലുകളും അങ്ങനെ തന്നെ. ജങ്ക് പോലെയുള്ള കൂറ്റൻ ചൈനീസ് കപ്പലുകൾക്ക് അടുക്കുവാൻ വലിയ സൗകര്യങ്ങൾ വേണമായിരുന്നു. ആയിരത്തഞ്ഞൂറു ആളുകൾ വരെ അത്തരം കപ്പലുകളിൽ സഞ്ചരിച്ചിരുന്നു. കപ്പലുകൾ അടുക്കുവാനും ചരക്കുകൾ സുരക്ഷിതമായി സൂക്ഷിക്കുവാനും ഉള്ള കൃത്യമായ സംവിധാനങ്ങളും നീതിനിർവഹണത്തിലെ മേന്മകളും സർവോപരി ദീർഘയാത്രയ്ക്കാവശ്യമായ വിധത്തിൽ ശുദ്ധജലം സംഭരിക്കാനുള്ള സൗകര്യം, മേൽത്തരം കുരുമുളകും മറ്റു വനവിഭവങ്ങളും ലഭിക്കുന്ന ഇടം... കൊല്ലത്തിന്റെ ഗുണഗണങ്ങൾ പറഞ്ഞാൽതീരില്ല. 
അതിനാലാണ് ചൈനയിൽ നിന്നും പേർസ്യയിൽ നിന്നും ഉള്ള കപ്പൽവ്യൂഹങ്ങൾ കൊല്ലം ഇടത്താവളം ആക്കിയത്. പിൽക്കാലത്ത് കൊടുങ്ങല്ലൂർ ശക്തി പ്രാപിച്ചെങ്കിലും കൊല്ലത്തിന്റെ പ്രാതാപത്തെ ബാധിച്ചില്ല. പക്ഷെ പതിന്നാലാം നൂറ്റാണ്ടിൽ കൊച്ചി തുറമുഖം രൂപപ്പെട്ടതും പോർത്തുഗീസുകാർ അറബിക്കടൽ മേഖലകളിൽ ഉണ്ടാക്കിയ നെറികേടുകളുംതുറമുഖം എന്ന നിലയിൽ കൊല്ലത്തിന്റെ പെരുമയെ ചെറുതാക്കി. മാർത്താണ്ഡവർമ്മയ്ക്കു ശേഷം ഒരു തകർന്ന നഗരമായിക്കഴിഞ്ഞിരുന്ന കൊല്ലം പിൽക്കാലത്ത് തിരുവിതാകൂറിന്റെ വികസനത്തിനനുസരിച്ചും കേരളപ്പിറവിക്ക്‌ ശേഷം കേരളത്തിന്റെ വികസനത്തിനനുസരിച്ചും ഉള്ള മാറ്റങ്ങൾക്കു വിധേയമായി. പിൽക്കാലത്ത് കൊല്ലം തുറമുഖം ഉപേക്ഷിക്കപ്പെടുകയും ആലപ്പുഴയ്ക്ക് പ്രാധാന്യം കൈവരുകയും ചെയ്തു. നീണ്ടകര പാലം വന്നതോടെ വീണ്ടും കൊല്ലം തുറമുഖത്തിന്റെ പൂർവരൂപത്തിനു മാറ്റം വന്നു. അഷ്ടമുടിക്കായൽ കൂടി ഉൾപ്പെടുന്നതായിരുന്നു കൊല്ലം തുറമുഖം. അഴിമുഖത്തിലൂടെ പാലത്തിനടിയിലൂടെ കപ്പലുകൾക്ക് പോകാൻ ആവില്ല. തുറമുഖം എന്ന നിലയിൽ കായലിന്റെ ഈ സാധ്യത നീണ്ടകരപ്പാലത്തിന്റെ നിർമ്മിതിയോടെ ഇല്ലാതായി. 

പണ്ട് ചെറുതരം കപ്പലുകൾ സാമ്പ്രാണിക്കോടി വരെ എത്തിയിരുന്നു. സാമ്പ്രാണി എന്ന വാക്കിന്റെ അർഥം തന്നെ ചെറിയതരം ചൈനീസ് കപ്പൽ എന്നാണ്. പുരാതന റോമാ സാമ്രാജ്യത്തിലെയും ഗ്രീസിലേയും അലക്‌സാൻഡ്രിയയിലെയും രേഖകളിലും ഭൂപടങ്ങളിലും ഒരു പ്രധാന ഇടമായി കൊല്ലം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സിറിയയിലെ നിനവെയിൽ നിന്നുള്ള മാർ സബോത് , മാർ അപ്രേം എന്നിവർ കൊല്ലത്തെത്തിയാണ് കൊല്ലവർഷാരംഭത്തോടെ കൊല്ലം തുറമുഖം പുതുക്കിപ്പണിതത്. ഇറാനിൽ നിന്നുള്ള സുലൈമാൻ-അൽ-താജിർ, സ്‌പെയിൻകാരനായ ബെഞ്ചമിൻ ടുഡേല , വെനീസുകാരനായ മാർക്കോ പോളോ, സിറിയക്കാരനായ അബുൽ ഫിദ, ഫ്രഞ്ചുകാരനായ ജോർഡാനസ്, റോമാക്കാരനായ ഒഡോറിക് പോർഡിനോൻ , മൊറോക്കോക്കാരൻ ആയ ഇബ്നു ബത്തൂത്ത, ചൈനക്കാരനായ ഷെങ് ഹെ, പോർട്ടുഗൽകാരായ അൽ ബുക്കർക്ക് , വാസ്കോ ഡാ ഗാമ മുതലായവരൊക്കെ കൊല്ലത്തെപ്പറ്റി ചരിത്രപ്രാധാന്യം ഉള്ള ഒട്ടേറെ വിവരണങ്ങളും രേഖകളും നൽകുന്നുണ്ട്. പുരാതന സാമ്രാജ്യങ്ങളുടെ രേഖകളിൽ കൊല്ലത്തെപ്പറ്റിയുള്ള പരാമർശങ്ങൾ പ്രത്യേകിച്ചും ചൈനീസ്, പേർസ്യൻ സാമ്രാജ്യങ്ങളുമായി ബന്ധപ്പെട്ടവ ഗവേഷകർക്ക് കണ്ടെത്തുവാൻ കഴിയും. ചൈനാക്കാരുടെ പ്രത്യേക സ്വയംഭരണപ്രദേശം തന്നെ കൊല്ലത്തുണ്ടായിരുന്നുവത്രെ. പേർഷ്യൻ ചൈനീസ് സാമ്രാജ്യങ്ങൾ തകരുന്നതു വരെ ചൈനയുടെ സിൽക്ക് റൂട്ടിലെ പ്രധാന സങ്കേതം ആയിരുന്നു കൊല്ലം. കൊല്ലത്തിന്റെ സമൃദ്ധിയെ കൊള്ളയടിക്കുവാൻ ഡച്ചുകാരും പോർത്തുഗീസുകാരും മത്സരിച്ചു. എല്ലാക്കാലത്തും യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും നിഴലിൽ ആയിരുന്നു കൊല്ലം. പാണ്ഡ്യരുമായും ചോളരുമായും ഒക്കെ വേണാടിന്റെ സൈന്യം ഏറ്റുമുട്ടി. പലതവണ കൊല്ലം അയാൾ രാജ്യങ്ങളുടെ ആക്രമണത്തിനും കൊള്ളയ്ക്കും കൊള്ളിവയ്പ്പിനും വിധേയമായി. അതിൽ നിന്നെല്ലാം കാലാകാലങ്ങളിൽ ഉയിർത്തെഴുന്നേറ്റു വീടും സമരവീര്യത്തോടെ സ്വാതന്ത്ര്യം നിലനിർത്തുവാൻ പൊരുതുന്ന കൊല്ലം ഭരണാധികാരികളെയാണ് ചരിത്രത്തിൽ കാണുവാൻ കഴിഞ്ഞത്. മാർത്താണ്ഡ വർമ്മയുടെ വേണാട് ആക്രമണത്തോടെ കൊല്ലത്തിന്റെ പ്രതാപം തകർന്നടിഞ്ഞു. കൊല്ലം കേന്ദ്രമാക്കി വേലുത്തമ്പി ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ വിപ്ലവത്തോടെ കൊല്ലം കൂടുതൽ അടിച്ചമർത്തലിനു വിധേയമായി. പ്രളയത്തിൽ നശിച്ചുപോയ കൊല്ലം തുറമുഖത്തിന്റെ പുനരുദ്ധാരണവും പുതിയ കൊല്ലം നഗരത്തിന്റെ സ്ഥാപനവും കുറിച്ചുകൊണ്ടാണ് കൊല്ലവർഷം ആരംഭിച്ചത്. കേരളത്തിലെ ബ്രാഹ്മണമേധാവിത്വത്തിനു ശക്തമായ തുടക്കം കുറിക്കുന്നത് ഇവിടെ മുതലാണ്. അത് വരെയും അതിനു ശേഷവും ചിലപ്പോൾ ബ്രാഹ്മണർക്കെതിരായ നിലപാടുകൾ വേണാട്ടിലെ ഭരണാധികാരികൾ സ്വീകരിച്ചിരുന്നതായി കാണാം. കൊല്ലം രാമേശ്വരം ക്ഷേത്രത്തിലെ ശിലാലിഖിതം ഇതിനു തെളിവാണ്. ഡച്ചുകാർ കൊല്ലം കൊട്ടാരവും അവിടുത്തെ ക്ഷേത്രവും തീയിട്ടു നശിപ്പിച്ചു. പോർത്തുഗീസുകാർ കൊല്ലത്തെ വ്യാപാരമേഖലയെ സംഘർഷഭരിതമാക്കി. കൊല്ലത്തേക്ക് വ്യാപാരികൾ വരാതായി. കപ്പൽ നിർമ്മാണത്തിന് പേരുകേട്ട കൊല്ലത്തെ കപ്പൽ നിർമ്മാണം ബ്രിട്ടീഷുകാർ കൊല്ലം പിടിച്ചടക്കിയതോടെ അവസാനിച്ചു,



 കപ്പൽ നിർമ്മാണ രംഗത്ത് അവരുടെ കുത്തക നില നിർത്താൻ വേണ്ടിയായിരുന്നു അത്. പുരാതന മലയാളനാട്ടിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന വേണാടിന്റെ തലസ്ഥാനം ആയിരുന്നു കൊല്ലം. സഞ്ചാരികളും ചരിത്രകാരന്മാരും കൊല്ലം തുറമുഖത്തെയും അവിടുത്ത വ്യാപാരത്തെപ്പറ്റിയും ജനജീവിതത്തെപ്പറ്റിയും നീതി നിർവഹണത്തെപ്പറ്റിയും ഒക്കെ വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. മാർത്താണ്ഡവർമ്മയുടെ കാലം വരെ കൊല്ലം ആയിരുന്നു വേണാടിന്റെ ആസ്ഥാനം. തിരുവനന്തപുരത്തു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം വേണാടിന്റെ അധികാര കേന്ദ്രം ആയതോടെ തലസ്ഥാനം എന്ന നിലയിൽ കൊല്ലത്തിന്റെ പ്രാധാന്യം കുറഞ്ഞു, എന്ന് മാത്രമല്ല വേണാട് പിടിച്ചടക്കാൻ നടത്തിയ യുദ്ധങ്ങളിൽ കൊല്ലം നഗരത്തിലെ കോട്ടകൊത്തളങ്ങളും കൊട്ടാരക്കെട്ടുകളും തുറമുഖനിർമ്മിതികളും മാർത്താണ്ഡവർമ്മയുടെ സൈന്യം ഇടിച്ചു നിരത്തി. പിന്നീട് തുറമുഖം എന്ന നിലയിൽ കൊല്ലത്തിനുണ്ടായിരുന്ന പ്രാധാന്യം കുളച്ചലിന് ആയിത്തീർന്നു. തിരുവിതാംകൂറിന്റെ തലസ്ഥാനമായപദ്മനാഭപുരത്തിനു സമീപം ആണ് കുളച്ചൽ എന്നതിനാൽ അത് തുരുവിതാംകൂർ ഭരണകൂടത്തിന് കുറേക്കൂടി സൗകര്യപ്രദമായി. പിൽക്കാലത്തും ദിവാന്റെ ഓഫീസ്, റെസിഡൻസി, മുതലായ അനേകം പ്രധാന ഓഫീസുകൾ കൊല്ലത്തുണ്ടായിരുന്നെങ്കിലും സ്വാതി തിരുനാളിന്റെ കാലമായപ്പോഴേക്കും എല്ലാ സർക്കാർ കാര്യാലയങ്ങളും തിരുവനന്തപുരത്തേക്ക് മാറ്റി. നഗരം എന്ന നിലയിലും ഭരണ സിരാകേന്ദ്രം എന്ന നിലയിലും കൊല്ലത്തിന്റെ പ്രാധാന്യം കുറഞ്ഞു. പിന്നീട് ഒരു വ്യവസായകേന്ദ്രം എന്നനിലയിൽ കൊല്ലം വളർച്ച നേടിയെങ്കിലും ആ പ്രാധാന്യവും തീർത്തും ഇല്ലാതായി. തിരുവിതാംകൂറിന്റെ ഭരണതലസ്ഥാനം തിരുവനന്തപുരം ആയിരുന്നെങ്കിലും രാഷ്ട്രീയ സിരാകേന്ദ്രം കൊല്ലം ആയിരുന്നു. ക്രിസ്തുവര്ഷാരംഭം മുതൽ തന്നെ സഞ്ചാരികളും ചരിത്രകാരന്മാരും കൊല്ലത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ലോക പ്രശസ്തരായ പല സഞ്ചാരികളും ചൈനീസ്, പേർഷ്യൻ, ഇസ്‌ലാം സാമ്രാജ്യങ്ങളുടെ പ്രതിനിധികളായി കൊല്ലം നഗരം സന്ദർശിച്ചിരുന്നു. സെന്റ് തോമസ് കൊല്ലത്തു പള്ളി സ്ഥാപിച്ചുവെന്നു കരുതപ്പെടുന്നു. പിൽക്കാലത്ത് തരിസാപ്പള്ളി എന്നറിയപ്പെട്ട ഈ പള്ളി നിന്നിടം ഇന്ന് കടലടിയിൽ ആണ്. പുരാതന കൊല്ലത്തിന്റെ വലിയ ഭാഗങ്ങൾ കടലെടുത്തു പോയിട്ടുണ്ട്. ഈ തരിസാപ്പള്ളിക്ക് അന്നത്തെ വേണാട് രാജാവ് എഴുതിക്കൊടുത്ത തരിസാപ്പള്ളി പട്ടയം എന്ന ചെമ്പോല കേരളം ചരിത്രത്തിലെ ലഭ്യമായ അത്തരം രേഖകളിൽ ഏറ്റവും പഴയതാണ്. ഇരവിപുരം മുതൽ ചവറ തേവലക്കര വരെയുള്ള ഭാഗങ്ങളിൽ ആണ് പുരാതന കൊല്ലത്തിന്റെ അവശിഷ്ടങ്ങൾ കടലടിയിൽ കണ്ടെടുക്കപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ. കൊല്ലത്തും പരിസരപ്രദേശങ്ങളിലും ഉത്ഖനനം നടത്തിയാൽ കേരളചരിത്രത്തിനു പുതിയ ഉൾവെളിച്ചം ലഭിക്കുന്ന പുരാവസ്തുപരമായ തെളിവുകൾ ലഭിക്കും. ഇളംകുളം കുഞ്ഞൻപിള്ള ദശകങ്ങൾക്ക് മുമ്പ് ഇതിനു ശ്രമം നടത്തിയെങ്കിലും സർക്കാർതലത്തിൽ അതിനു പിന്തുണ ലഭിച്ചില്ല. മറൈൻ ആർക്കിയോളജിയുടെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊല്ലം കടലിലും കായലിലും പഠനങ്ങൾ നടത്തിയാൽ അത് ഈ പുരാതന നഗരത്തിന്റെ ചരിത്രം കൂടുതൽ അറിയുന്നതിന് സഹായകമാവും. 'കൊല്ലം കണ്ടാൽ ഇല്ലം വേണ്ടാ' എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന തരത്തിൽ എത്ര പറഞ്ഞാലും തീരാത്ത ചരിത്രവും കഥകളും നിറഞ്ഞ സുന്ദരനഗരമായിരുന്നു കൊല്ലം.
posted by s.salimkumar 
(copyright)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും