അച്ഛനും സത്യനും
എസ്. സലിംകുമാർ
എന്തുകൊണ്ടാണെന്നറിയില്ല സത്യന്റെ സിനിമകൾ കാണുന്നതിന് മുമ്പുതന്നെ ഞാൻ വലിയൊരു 'സത്യൻ ഫാൻ' ആയിരുന്നു. സത്യന്റെ പടം എവിടെക്കണ്ടാലും വെട്ടിയെടുത്തു വയ്ക്കും. സത്യനെപ്പറ്റി അച്ഛൻ പലരുമായും സംസാരിക്കുന്നതു കേൾക്കാം.

അച്ഛൻ വി. ശ്രീധരൻ
അതൊക്കെ കേട്ട് കേട്ടാവണം സത്യന്റെ ഫോട്ടോകൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.
സത്യൻ അഭിനയിച്ച സിനിമ ഞാൻ ആദ്യമായി കാണുന്നത് അച്ഛനൊപ്പം ആണ് . മഞ്ഞിലാസിൻ്റെ 'അടിമകൾ' . പത്തനാപുരം പിക്ച്ചർപാലസിൽ ചാരുബഞ്ചിനിരുന്നാണ് സിനിമ കണ്ടത്. അനുജനും കൂടെ ഉണ്ടായിരുന്നു.പാട്ടുപുസ്തകം വാങ്ങിയിരുന്നു. അന്നുതന്നെ അതിലെ പാട്ടുകൾ ഒക്കെ അന്നുതന്നെ കാണാതെ പഠിച്ചു. അത് ഞാൻ കുറുമ്പകര യു പി സ്‌കൂളിൽ കീഴിൽ ആറാംക്ലാസ്സിൽ പഠിക്കുമ്പോഴാണ്. 'താഴമ്പൂ മണമുള്ള .." എന്ന പാട്ട് പറങ്കിമാവിന്റെ മണ്ടയ്ക്ക് കയറിയിരുന്നു തൊണ്ടകീറി പാടുമ്പോൾ അമ്മ പറയും : എടാ ആ പാട്ടു പാടി നടക്കണ്ടാ... " അപ്പോൾ ഞാൻ 'നാരായണം ഭജേ നാരായണം" എന്ന പാട്ടിലേക്കു മാറും.
ഞാൻ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് സത്യൻ അന്തരിക്കുന്നത്. എനിക്ക് ഭയങ്കര വിഷമം ആയിരുന്നു. സിനിമാ മാസികയുടെ സത്യൻപതിപ്പ് വാങ്ങി അത് മൊത്തം വായിച്ചു. അതിൽ എസ് . എൽ പുരം എഴുതിയിരുന്ന 'സത്യൻ എന്നെ അറസ്റ്റു ചെയ്തു, ഞാൻ സത്യനെ അറസ്റ്റ് ചെയ്യിച്ചു " എന്ന ഓർമ്മക്കുറിപ്പിൽ നിന്നാണ് പുന്നപ്ര-വയലാർ സമരകാലത്തു സത്യൻ പുന്നപ്ര പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്നു എന്ന് മനസ്സിലായത്. അന്ന് അറസ്റ്റു ചെയ്യപ്പെട്ടവരെ നിലത്തു കമിഴ്ന്നുകിടന്നിഴഞ്ഞു വാരിക്കുന്തവുമായി പട്ടാളക്കാരുടെയടുത്തേക്കു പോകുന്നതെങ്ങനെയെന്നു കാണിച്ചു കൊടുക്കുവാൻ ഇൻസ്‌പെക്ടർ സത്യൻ പറയും . അവർ അങ്ങനെ ഇഴയാൻ തുടങ്ങുമ്പോൾ അവരുടെ പുറത്തു തടിയൻ പൊലീസുകാരെ കയറ്റിയിരുത്തി കൈകൊട്ടിച്ചിരിക്കുന്ന സത്യനേശൻ നാടാർ എന്ന ഇൻസ്പെക്ടരെപ്പറ്റി എസ എൽ പുരം ആ ലേഖനത്തിൽ പറയുന്നുണ്ട്.
ഒമ്പതാം ക്‌ളാസ് കഴിഞ്ഞുള്ള വേനലവധിക്കാലത് ഒരു ദിവസം അച്ഛൻ ശ്രീകൃഷ്ണന്റെ ഒരു ചിത്രം ഫ്രെയിം ചെയ്തത് വാങ്ങിക്കൊണ്ടു വന്ന് ഭിത്തിയിൽ തൂക്കിയിരുന്നു. ഒരു ദിവസം വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ഞാൻ അതെടുത്തു ഫ്രയിമിളക്കി സത്യന്റെ ഒരു കളർ പടം ചില്ലിനടിയിൽ വച്ച് വീണ്ടും ഭിത്തിയിൽ തൂക്കി. അച്ഛൻ വന്നപ്പോൾ അത് കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല. കുറേക്കാലം ആ ചിത്രം ഭിത്തിയിൽ ഉണ്ടായിരുന്നു.
പിന്നെ ഒരുപാട് വര്ഷം കഴിഞ്ഞു. ഞാൻ ജയ്പൂരിൽ നിന്നും അവധിക്കു വന്ന കാലം എല്ലാവരും കൂടി വീട്ടിലിരുന്നു സംസാരിക്കുമ്പോൾ അച്ഛൻ പറഞ്ഞു ?:
ഞാൻ വാങ്ങിക്കൊണ്ടു വന്ന കൃഷ്ണന്റെ പടം മാറ്റി സിനിമാനടൻ സത്യന്റെ പടം വച്ചവനാ നീ.
ഞാൻ അങ്ങനെ ചെയ്തത് അച്ഛനെ വിഷമിപ്പിച്ചിരിക്കണം എന്ന് തോന്നി. എന്നോട് ഒരിക്കലും ചോദിച്ചിട്ടില്ലാത്ത അക്കാര്യം അപ്പോൾ ഓർക്കാൻ കാരണം എന്താണെന്നറിയില്ല.
ഞാൻ ഒമ്പതിൽ പഠിക്കുമ്പോഴാണ് സത്യൻ ആന്തരിക്കുന്നത്. ഒരു ജൂൺ പതിനഞ്ചിന് .
നാൽപ്പതു വര്ഷങ്ങള്ക്കു ശേഷം അച്ഛൻ അന്തരിച്ചതും ഒരു ജൂൺ പതിനഞ്ചിനാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ