ഒരു ജില്ലാകളക്റ്ററും സിഗരറ്റും ഉമ്മൻചാണ്ടിയുടെ ഓഫീസും

എസ്. സലിംകുമാർ 



1987 ഏപ്രിൽ ഏഴു മുതൽ സാമൂഹ്യപ്രവർത്തകർക്കുള്ള നൂറു ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് ആയിരുന്നു. ബോധവത്ക്കരണം ആണ് ക്യാമ്പിന്റെ തീം. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെ വിവിധ തരത്തിലേക്കുള്ള ക്‌ളാസ്സുകളും പൊതുജനസമ്പർക്കവും ഒക്കെയാണ് പരിപാടികൾ. പതിവു പോലെ രാവിലെ എട്ടു മണി മുതൽ പത്തുമണി വരെ പി.ടി.ഭാസ്കരപ്പണിക്കരുടെ ക്‌ളാസ് കഴിഞ്ഞു. പത്തുമണി കഴിഞ്ഞപ്പോൾ ഒരു ഐ എ എസ് കാരൻ ആണ് ക്ലസ്സെടുക്കാൻ വന്നത്. പേര് കെ.കെ.വിജയകുമാർ. അന്ന് അദ്ദേഹം ഇടുക്കി ജില്ലാകളക്റ്റർ ആണ്. 

\അദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ട് പി.ടി.ഭാസ്കരപ്പണിക്കർ മുകളിലത്തെ നിലയിലെ തന്റെ ഓഫീസിലേക്ക് പോയി. കെ.കെ.വിജയകുമാർ പ്ലാറ്റഫോമിൽ കസേരയിൽ ഇരുന്നു. എല്ലാവരുടെയും പേര് ചോദിച്ചു. തുടർന്ന് കീശയിൽ നിന്ന് വിൽസ് സിഗരറ്റിന്റെ ഒരു പായ്ക്കറ്റ് എടുത്തു മേശപ്പുറത്തു വച്ച . 

എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തെത്തന്നെ നോക്കി. ഒരു ലൈറ്ററും അദ്ദേഹം കീശയിൽ നിന്നെടുത്തു. സിഗററ്റുകൂട് തുറന്ന് ഒരു സിഗററ്റെടുത്തു വിരലുകൾക്കിടയിൽ വച്ച് ചുണ്ടത്തെക്കു വയ്ക്കാൻ തുടങ്ങിയതും കൊല്ലം ജില്ലയിൽ നിന്നുള്ള വെളിയത്തുകാരൻ ഭദ്രൻ (14 ജില്ലകളിൽ നിന്നായി 32 പേരാണ് ക്യാമ്പിൽ ഉള്ളത്) എഴുന്നേറ്റു നിന്ന് പറഞ്ഞു : "സാർ ഇത് സാമൂഹ്യപ്രവർത്തകർക്കുള്ള ട്രെയിനിങ്ങ് ക്യാമ്പ് ആണ്. ഇവിടെ സിഗരറ്റു വലിക്കാൻ പറ്റില്ല". എല്ലാവർക്കും അതിനോട് യോജിപ്പായിരുന്നു - സിഗരറ്റും ബീഡിയും ഒക്കെ വലിക്കുന്ന എനിക്കു പോലും. പുകവലിക്കും മദ്യപാനത്തിനും മറ്റു സകലമാന 'ലഹരി'കൾക്കും എതിരായ പി.എൻ.പണിക്കർ സാർ നേതൃത്വം കൊടുക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ആസ്ഥാന മന്ദിരത്തിൽ ഇരുന്നു സിഗററ്റുവലിക്കാൻ ഒരു ഐ എ എസ്സ്‌കാരനെ അനുവദിക്കുന്നതിന്റെ അനൗചിത്യവും നീതികേടും ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു. കെ.കെ.വിജയകുമാർ എന്ന ചെറുപ്പക്കാരനായ ആ ഐ എ എസ് കാരന് അത് വലിയ ചമ്മൽ ആയിപ്പോയി. ഷോക്ക് ആയ എന്ന് പോലും പറയാം. കലക്റ്റർ എന്ന റാങ്കും ഗ്ലാമറും ഒന്നും അവിടെ വിലപ്പോയില്ല. ഒരു സിഗററ്റൊക്കെ വലിച്ചു റിലാക്സ് ചെയ്തു ക്‌ളാസ് എടുക്കാമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. അത് നടക്കാതെ വന്നതിന്റെ നൈരാശ്യമോ ചമ്മലോ ദേഷ്യമോ ഒക്കെ അപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഭാവപ്രകടനം നടത്തി. ഒന്നും പറയാതെ, എടുക്കാൻ വന്ന ക്‌ളാസ് എടുക്കാതെ കെ.കെ.വിജയകുമാർ എഴുന്നേറ്റു പോയി.
\
\ അക്കാലത്ത് പൊതുസ്ഥലങ്ങളിലെ പുകവലി നിയമം മൂലം നിരോധിച്ചിരുന്നില്ല. സർക്കാർ ഓഫീസുകളിലൊക്കെ സിഗരറ്റു/ബീഡിവലിക്കാർ സ്വന്തം സീറ്റുകളിലും വരാന്തയിലും ഒക്കെയിരുന്നു പുക വലിച്ചിരുന്നു. ഞങ്ങളുടെ നാട്ടിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടർ ശസ്ത്രക്രിയ നടത്തുമ്പോൾ പോലും ചുണ്ടത്തു സിഗരറ്റു എരിയുന്നുണ്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ആളുകൾ ഇന്നത്തെയത്ര പുകവലിവിരോധികൾ ആയിരുന്നില്ല. ഒരിടത്തു മാത്രം ഒരു ഓഫീസിൽ ഒരാൾ ഇരുന്നു പുക വലിക്കുന്നത്  കാണുകയുണ്ടായി. 

ഉമ്മൻചാണ്ടി

സാങ്കേതികമായി അത് ഓഫീസ് അല്ല. എം എൽ എ ക്വാർട്ടേഴ്‌സ് ആണ്. 2019 അഗസ്റ്റിൽ രണ്ടു തവണ ഞാൻ ആ ഓഫീസിൽ പോയി. എം എൽ എ ക്വാർട്ടേഴ്സിലെ ആ ഓഫീസിൽ നാലഞ്ചു പേർ ജോലി ചെയ്യുന്നുണ്ട്. വാതിൽ കടന്നാൽ ഇടതുവശത് ആദ്യം ഇരിക്കുന്ന ആൾ സാവകാശം ആസ്വദിച്ചു സിഗരറ്റു വലിക്കുന്നുണ്ട്. ഒരു തവണ അല്ല രണ്ടു തവണ ഞാൻ അത് നേരിട്ട് കണ്ടു. ആ ഉദ്യോഗസ്ഥൻ സിഗരറ്റു വലിക്കുന്നത് കണ്ടാൽ പുകവലിക്കാത്തവർക്കു പോലും പുക വലിക്കാൻ തോന്നും. അത്രയ്ക്ക് ആസ്വദിച്ചാണ് അദ്ദേഹം സിഗരറ്റു വലിക്കുന്നത്. അദ്ദേഹത്തോട് സത്യത്തിൽ അസൂയ തോന്നിപ്പോയി. എം എൽ എ ക്വാർട്ടേഴ്‌സ് സാങ്കേതികമായി ഒരു സർക്കാർ ഓഫീസ് അല്ല എന്നും താമസസ്ഥലം ആണെന്നും സമാധാനിക്കുകയോ ന്യായീകരിക്കുകയോ ചെയ്യാവുന്നതാണ്. പക്ഷെ അത് കേവലം ഒരു താമസസ്ഥലം മാത്രമല്ലെന്നും തലസ്ഥാനത്തു എം എൽ എമാരുടെ ഓഫീസുകൂടിയാണെന്നും ആണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എം എൽ എ ക്വാർട്ടേഴ്സിൽ ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ ആണ് ആ കാഴ്ച കണ്ടത്. ഞാൻ പോയ രണ്ടു തവണയും ഉമ്മൻ ചാണ്ടി അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ ആ ഓഫീസിൽ നിന്നുള്ള സിഗരറ്റു പുകയുടെ ഗന്ധം ഇപ്പോഴും തൊട്ടടുത്തുള്ളതുപോലെ തോന്നുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം