" ഒന്നും പറ്റിയില്ല സാബ്, താങ്കൾ പൊയ്‌ക്കോളൂ ''

എസ്. സലിംകുമാർ 


1988 നവംബർ. അന്ന് ഞാൻ ജയ്‌പൂരിലെ ഒരു ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. താമസസ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ ദൂരെയാണ്. എന്നും സൈക്കിളിൽ ആണ് ഓഫീസിലേക്കു പോകുന്നത്. ഉച്ചയ്ക്ക് വീട്ടിൽ പോയി ആഹാരം കഴിക്കും. ഒരു ദിവസം ഓഫീസ് മാനേജർ ഘനശ്യാം പാരിഖ് എന്റെ സൈക്കിളും കൊണ്ട് എന്തോ അത്യാവശ്യത്തിനു അയാളുടെ വീട്ടിലേക്കു പോയി. അയാൾ സ്‌കൂട്ടറിൽ ആണ് വരാറുള്ളതെങ്കിലും രണ്ടുദിവസമായി അതു വർക് ഷോപ്പിൽ ആണ്. ഒരുമണിക്ക് എനിക്ക് വീട്ടിൽ പോകണം. ഘനശ്യാം പാരിഖ് എന്റെ സൈക്കിളും കൊണ്ടാണ് പോയിരിക്കുന്നത്.

 ഒന്നരയായിട്ടും അയാളെ കണ്ടില്ല. എനിക്ക് വിശപ്പുകയറി. അയാളോട് ദേഷ്യവും തോന്നി. സൈക്കിൾ പഞ്ചറായതാണോ അതോ ടയർ വെടിതീർന്നോ ഒന്നും അറിയില്ല. അയാൾ ഒരു തടിയൻ ആണു താനും. ഒന്നേമുക്കാൽ ആയപ്പോൾ ഘനശ്യാം വന്നു. ഒരു വിശാലമായ ചിരിയോടെ അയാൾ എന്നോട് സോറി പറഞ്ഞു. വീട്ടിൽ പോയിട്ട് വരാൻ താമസിച്ചതിന്റെ കാരണവും അയാൾ പറഞ്ഞു: വീട്ടിൽ പോയിട്ടു തിരികെ വരുമ്പോൾ ഒരുത്തനെ സൈക്കിൾ ഇടിച്ചു. അവൻ നിലത്തു വീണു. പരിക്കൊന്നും പറ്റിയില്ല. അവൻ എഴുന്നേറ്റു അയാളുടെ തോളത്തു തട്ടി പറഞ്ഞു: ഒന്നും പറ്റിയില്ല സാബ്, താങ്കൾ പൊയ്‌ക്കോളൂ. 

തോളത്തു തട്ടിയപ്പോൾ അവന്റെ കൈ അയാളുടെ ശരീരത്തു തൊട്ടല്ലോ. സൈക്കിൾ ഇടിച്ചു വീണവൻ തൂപ്പുകാരൻ ആണ് (താണ ജാതിക്കാരൻ). അവൻ തൊട്ടതു കൊണ്ട് ഘനശ്യാം തിരികെ വീട്ടിൽ പോയി കുളിച്ചിട്ടാണ് വരുന്നത്. അതു കൊണ്ടാണ് താമസിച്ചത് ! ഉത്തരേന്ത്യയിൽ ഇപ്പോഴും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും