ഒരു 'പത്രപ്രവർത്തന'ത്തിന്റെ' കഥ

 എസ്. സലിംകുമാർ 



ബി.വെല്ലിങ്ടൻ ആരോഗ്യമന്ത്രി ആയിരിക്കുന്ന കാലത്താണ് ഏനാദിമംഗലം പ്രൈമറി ഹെൽത് സെന്ററിന് തറക്കല്ലിടുന്നത്. എ  സി എം അന്ത്രപ്പേർ  സൗജന്യമായിക്കൊടുത്ത സ്ഥലം അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മാരൂർ രാഘവന്റെ പേരിൽ ആയിരുന്നു. 

എ  സി എം അന്ത്രപ്പേർ  

മാരൂർ രാഘവന്റെ അകാലനിര്യാണം മൂലം സ്ഥലം കൈമാറാൻ  കാലതാമസം വന്നു. ആശുപത്രിനിർമ്മാണം നീണ്ടു പോയി. ഇളമണ്ണൂരിൽ റേഷൻകട ഉണ്ടായിരുന്ന കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു ചെറിയ കെട്ടിടത്തിൽ ആയിരുന്നു ആദ്യം ആശുപത്രി. പിൽക്കാലത്ത് അത് മരുതിമൂട്ടിലേക്കു മാറ്റി. തറക്കല്ലൊക്കെ ഇട്ടു വന്നപ്പോഴത്തേക്കും വെല്ലിങ്ങ്ടണുമായി ബന്ധപ്പെട്ട ഒരു കേസിൽത്തന്നെ ഇ എം.എസ് മന്ത്രിസഭ വീണു. തറക്കല്ലു അങ്ങനെ കിടന്നു. സ്ഥലം കാടുപിടിച്ചു. 

ബി.വെല്ലിങ്ടൻ 

 ഒന്നാം നായനാർ മന്ത്രിസഭയുടെ കാലത്ത് ആശുപത്രിക്കെട്ടിടത്തിന്റെ പണി തുടങ്ങി വച്ചു. അത് പൂർത്തിയായില്ല. പിന്നെ വന്ന സർക്കാരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. കെട്ടിടങ്ങൾ അനാഥമായിക്കിടന്നു. കള്ളുകുടിയന്മാരും നായ്ക്കളും ഒക്കെ അവിടെ സ്ഥിരതാവളം ആക്കി. അങ്ങനിരിക്കെ ആശുപത്രിക്കെട്ടിടത്തിനു വേറൊരു ഉപയോഗം കൂടി ഒരാൾ കണ്ടെത്തി. എല്ലാ മലയാള മാസവും ആദ്യത്തെ വ്യാഴാഴ്ച പത്തനാപുരത്ത് കാളച്ചന്തയാണ്. അവിടുന്ന് എട്ടും പത്തും കാളകളെ വാങ്ങിക്കൊണ്ടുവന്നു നാട്ടിലെ പ്രമുഖ കശാപ്പുകാരൻ ആശുപത്രിക്കെട്ടിടത്തിന്റെ അകത്തു കെട്ടുമെന്ന് മാത്രമല്ല, ഞായറാഴ്ചയും ബുധനാഴ്ചയും ഇരുപത്തിമൂന്നിൽ ചന്തദിവസം ആശുപതിക്കെട്ടിടത്തിനകത്തിട്ടുതന്നെ കാളകളെ കശാപ്പു ചെയ്യും. ചന്തയിലെ തട്ടിക്കടയിൽ ഇറച്ചി വിൽക്കും. ആവശ്യക്കാർ ചിലർ രാവിലെ തന്നെ ആശുപതിക്കെട്ടിടത്തിൽ പ്പോയി ഇറച്ചി വാങ്ങും. അങ്ങനെ കുറച്ചുകാലം ആയി.

 ഞങ്ങൾ അന്നത്‌ താമസിക്കുന്നത് മൂലേൽ മുക്കിന് (പിച്ചകശ്ശേരി ജങ്ഷൻ) ആണ്.ഞാൻ അന്ന് ചങ്കൂർ അമ്പലത്തിലെ സെക്രട്ടറിയാണ്. ശ്രീനിവാസൻ ചേട്ടൻ , യശോധരൻചേട്ടൻ, രാജപ്പൻചേട്ടൻചേട്ടൻ തുടങ്ങിയവർ പാപടിഞ്ഞാറേക്കരക്കാരെ സംഘടിപ്പിച്ചു കിഴക്കേക്കരക്കാരിൽ നിന്നും ക്ഷേത്രഭരണം പിടിച്ചെടുത്തപ്പോൾ അവർ സെക്രട്ടറിയാക്കിയത് എന്നെയാണ്.ഉത്സാവത്തിനുമാത്രം അമ്പലത്തിൽ പോകുന്ന എന്നെ സെക്രട്ടറിയാക്കിയത് എന്തിനാണെന്ന് അന്നും ഇന്നും എനിക്ക് അറിയില്ല.

 എന്നും രാവിലെ ക്ഷേത്രത്തിൽ റിക്കാട്‌ വയ്ക്കാനും വഴിപാടുകാർക്കു കണക്കെഴുതാനും ഒക്കെ ഞാൻ പോകും. അത് കഴിഞ്ഞാൽ ആയിടെ ചേന്നൻസാർ റിട്ടയർ ആയപ്പോൾ തുടങ്ങിയ മാരൂരിൽ ഹൈസ്‌കൂളിനടുത്തു തുടങ്ങിയ 'സുപ്പീരിയർ കോളജി'ൽ ട്യൂഷനെടുക്കാൻ പോകും. ഇരുപത്തിമൂന്നു വഴി വരുന്നതിനുപകരം കുറുക്കുവഴിയെ സൈക്കിളിൽ ഞാൻ ചാങ്കൂരിലേക്കും മാരൂരിലേക്കും പോവുകയും തിരികെ വരുകയും ചെയ്യുമ്പോൾ ആശുപത്രിക്കെട്ടിടത്തിനകത്ത് നിരത്തിക്കെട്ടിയിരിക്കുന്ന കന്നാലികൾ കച്ചി തിന്നുന്നതും ചിലപ്പോൾ അറവുകാരൻ്റെയും സഹായിയുടെയും ആളനക്കങ്ങളും ഒക്കെ കാണുന്നുണ്ട്. 

 ഒരു ദിവസം ഞാൻ തിരുവനന്തപുരത്തു പോയി. പരിചയത്തിലുള്ള ഒരു പതിവുപോലെ പി ആർ ഡിയിൽ കയറി എം.വി.തോമസ് സാറിനെയും വർഗ്ഗീസ്തൈ അച്ചായനെയും (ആർട്ടിസ്റ്റ് ഇ.എസ. വർഗ്ഗീസ് ) ഡിപിഐ ഓഫീസിൽക്കയറി കുരീപ്പുഴ ശ്രീകുമാറിനെയും ഒക്കെ കണ്ടിട്ട് വഴുതക്കാട്ട് ടാഗോർ തിയ്യേറ്ററിനടുത്ത് "ഈ നാട്" പത്രത്തിന്റെ ഓഫീസിൽക്കയറി. കേരളകൗമുദിയിൽ നിന്നും പുറത്തുപോന്ന വി.ജഗന്നാഥപ്പണിക്കർ, മനോരമയിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ ജോയി തിരുമൂലപുരം എന്നിവരാണ് 'ഈ നാടി 'ന്റെ സാരഥികൾ. തിരുവനന്തപുരം എഡിഷൻ മാത്രമുള്ള പത്രമാണെങ്കിലും വലിയൊരു വായനാസമൂഹം ആ പത്രത്തിനുണ്ട്. നല്ല പേപ്പറിൽ ഓഫ് സെറ്റിലാണ് അച്ചടിക്കുന്നത്. 

അവിടെ ചെന്നപ്പോൾ ജോയി തിരുമൂലപുരം പിരിച്ചുവച്ച കട്ടിമീശയുമായി ചെറുപുഞ്ചിരിയോടെ സീറ്റിലുണ്ട്. ഞാൻ വിവരം പറഞ്ഞു: ഏനാദിമംഗലം പ്രൈമറി ഹെൽത്ത് സെന്ററിനുവേണ്ടി പണിതിട്ടിരിക്കുന്ന കെട്ടിടം സ്ഥിരമായി കന്നാലികളെ കെട്ടുവാനും കശാപ്പിനുമായിട്ടാണ് ഉപയോഗിക്കുന്നത്. അത് വാർത്ത കൊടുക്കണം. 

 ജോയി തിരുമൂലപുരം പറഞ്ഞു : "അങ്ങനെയൊന്നും വാർത്ത കൊടുക്കാൻ പറ്റില്ല. ഒന്നുകിൽ നാട്ടുകാർ ഒപ്പിട്ട പരാതി കൊടുത്തതിന്റെ കോപ്പി കൊണ്ടുവരണം. അതിലും നല്ലത് അവിടുത്തെ ഏജന്റിനോട് പറയുന്നതാണ്". വാർത്ത കൊടുപ്പിൻ്റെ ബാലപാഠം എനിക്ക് ജോയി തിരുമൂലപുരം  പറഞ്ഞുതന്നു. പത്രം ഏജന്റുമാരോട് അസൂയ തോന്നിയ നിമിഷം!!


ജോയി തിരുമൂലപുരം
ഫോട്ടോ : കേരള പ്രസ് അക്കാദമി 

ഞാൻ തിരികെ വീട്ടിലെത്തി. തെക്കേറാത്തെ വാസുദേവൻ അമ്മാവൻ്റെ മകൻ കുഞ്ഞുമോൻ (സുധാകരൻ) ആണ് 'ഈ നാടി'ൻ്റെ ഇളമണ്ണൂർ ഏജന്റ്. ഞങ്ങൾ കൊച്ചുന്നാളിലേ കൂട്ടുകാരാണ്. അവൻ എന്നേക്കാൾ രണ്ടു വയസ്സ് ഇളയതാണ്. ഒരു മാമ്പഴക്കാലത്ത് ഞാൻ മാവിൽ എറിഞ്ഞപ്പോൾ മാങ്ങാ വീഴുന്നതെടുക്കാൻ ഓടിയ അവൻ്റെ തിരുനെറ്റിക്കുതന്നെയാണ് ഞാൻ എറിഞ്ഞ കല്ല് വന്നു വീണത്. മുറിഞ്ഞു ചോര ഒഴുകി. 

അവൻ്റെ അച്ഛനമ്മമാരുടെ വഴക്കും എൻ്റെ അച്ഛൻ്റെ കയ്യിൽ നിന്ന് തല്ലും ഉറപ്പായിരുന്നെങ്കിലും അവൻ വീട്ടിൽ പറഞ്ഞത് കമഴ്ന്നടിച്ച് ഉരുണ്ടു വീണപ്പോൾ നെറ്റി പൊട്ടിയെന്നാണ്. വാസുദേവനമ്മാവൻ കേരളകൗമുദി പത്രത്തിന്റെ ഏജന്റ് ആണ്. ഇപ്പോൾ പത്രവിതരണത്തിനു അദ്ദേഹവും കുഞ്ഞുമോനും പോകും. അവന്റെ പേരിൽ ആണ് ഈനാട് പത്രത്തിന്റെ ഇളമണ്ണൂർ ഏജൻസി. (അടിയന്തരാവസ്ഥക്കാലത്തും ഇന്ദിരാഗാന്ധി തോൽക്കുന്ന സമയത്തും ഒക്കെ ഞാൻ വാസുദേവനമ്മാവന്റെ പത്രവിതരണക്കാരൻ ആയിരുന്നു). എന്തായാലും പിറ്റേന്ന് കുറുമ്പകരയിൽപ്പോയി ഞാൻ കുഞ്ഞുമോനെ കണ്ടു. അവനോട്   ആശുപത്രിയിലെ അറവുശാലയുടെ കാര്യവും 'ഇ നാട്' ഓഫീസിൽ പോയതും ജോയി തിരുമൂലപുരത്തിനെ കണ്ടതും ഒക്കെ പറഞ്ഞു. ഏഴെട്ടു കാളകൾ അറവു കാത്ത് അവിടെയുണ്ട്. 

കുഞ്ഞുമോൻ (സുധാകരൻ) പിറ്റേന്നു തന്നെ ഇളമണ്ണൂർ കെ.പി.പി.എം ജങ്ഷനിൽ 'ഫൈൻ ഫോട്ടോ സ്റ്റുഡിയോ' നടത്തുന്ന കാപ്പിത്തോട്ടം സാബുവിനെയുംകൂട്ടി ആശുപത്രിക്കെട്ടിടത്തിൽ പോയി കാളകളെ കെട്ടിയിരിക്കുന്ന ഫോട്ടോ എടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ 'ഈ നാട്' പത്രത്തിൽ ഫോട്ടോസഹിതം വാർത്തവന്നു. വാർത്ത വന്നതിന്റെ അന്നുതന്നെ അറവുകാരൻ കാളകളെ അവിടുന്ന് മാറ്റി. 

എ.സി.ഷൺമുഖദാസ്

 ഒരാഴ്ചയ്ക്കകം അധികാരികൾ സ്ഥലത്തെത്തി. പിന്നെ അധികം താമസിയാതെ കെട്ടിടത്തിൻ്റെ ബാക്കി പണി ദ്രുതഗതിയിൽ പുരോഗമിച്ചു. 1987ൽ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന എ.സി.ഷൺമുഖദാസ് ഏനാദിമംഗലം പ്രൈമറി ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്തു. ഇപ്പോൾ അത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും