ലാലിയും വേണുവും

 എസ്. സലിംകുമാർ


 



മഞ്ചേരിയിലെ സഫാ ലോഡ്ജിൽ ഒരു ഉച്ച കഴിഞ്ഞ സമയം. എട്ടുപത്തു കിലോമീറ്റർ ദൂരെ മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് പുല്ലൂർ മനയിൽ സിലിക്കൺ മീഡിയയുടെ 'ജാനകി' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. അതിന്റെ പി ആർ ഓ പ്പണി ആണ് എനിക്ക് . ഇരുപത്തഞ്ചു ദിവസത്തെ ഷൂട്ടിങ്. അതിൽ  ഇരുപതു ദിവസവും പുല്ലൂർ മനയിൽ ആയിരുന്നു. നടീനടന്മാരെയും സാങ്കേതികപ്രവർത്തകരെയും ഇന്റർവ്യൂ ചെയ്യണം. (വിനയ് ഫോർട്ടിനെ ആദ്യമായി ഇന്റർവ്യൂ ചെയ്തത് ഞാൻ ആണ്. ആ ഇന്റർവ്യൂ എങ്ങും വന്നില്ല.) മീഡിയ കണ്ടന്റ് ഉണ്ടാക്കണം.  ദിവസവും പ്രസ് റിലീസ് മഞ്ചേരി  പ്രസ് ക്ലബ്ബിൽ കൊടുക്കണം.  സകല പത്രങ്ങൾക്കും ഇ മെയിൽ ചെയ്യണം. അതിനു മഞ്ചേരിയിലേക്ക്  വന്ന് കടലാസുകളൊക്കെ ശരിയാക്കി ഞാൻ ഇരുന്നു പുക വലിക്കുമ്പോൾ വാതിലിൽ ആരോ മുട്ടി. വെളുത്തു ഉയരമുള്ള ഒരു കട്ടിമീശക്കാരൻ. എനിക്ക് അയാളെ  പരിചയം ഇല്ല. 
ആരാ? - ഞാൻ ചോദിച്ചു.
'ഞാൻ മണ്ണാർക്കാട് ഡെപ്യൂട്ടി തഹസിൽദാർ ആണ്'
'മണ്ണാർക്കാട് ഡെപ്യൂട്ടി തഹസിൽ ദാ ർക്ക് ഇവിടെന്താ കാര്യം?
അയാൾ എന്നെ ഒന്ന് നോക്കി.
'നിങ്ങൾ സിനിമയുടെ ആൾ ആണോ? ഇവിടെ അടുത്ത്  ഷൂട്ടിങ് നടക്കുന്ന..."
'അതെ. 
"
'ഞാനും അതിലുണ്ട്.. അതിനു വന്നതാ. റൂമിൽ വന്നപ്പോൾ കുടിക്കാൻ വെള്ളം ഇല്ല "
"ഇവിടെയുണ്ട് വരൂ '
പുക നിറഞ്ഞ മുറിയിലേക്ക് അയാൾ കയറിയില്ല. ഞാൻ വെള്ളത്തിന്റെ കുപ്പി എടുത്തു കൊടുത്തു.
പിന്നെ പരിചയപ്പെട്ടു. 
പേര് വേണുഗോപലൻ.  ഡെപ്യൂട്ടി തഹസിൽദാർ ആണെങ്കിലും അഭിനയിക്കും. തിയ്യേറ്റർ രംഗത്തു വളരെ സജീവമാണ്. കവിതയൊക്കെ എഴുതും. ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ജാനകി എന്ന സിനിമയിൽ ഒരു റോൾ ഉണ്ട്. 

വേണുഗോപാലൻ 

എന്റെ പേര് പറഞ്ഞപ്പോൾ വേണുഗോപാലൻ പെട്ടെന്ന് ചോദിച്ചു. 
"ലാലിയെ അറിയുമോ?
ഞാൻ അറിയുന്ന ഒരേ ഒരു ലാലിയേ  ഉള്ളൂ. ലാലി എന്റെ സുഹൃത്താണ്. 
​ലാലി എന്നത് വിളിപ്പേരാണ്. ശരിക്കും ഉള്ള പേര് ഐസക്ക് മത്തായി എന്നാണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ ആയ ബാവച്ചന്റെ അനുജൻ. പത്തനാപുരം കോളജിൽ പഠിക്കുന്ന കാലത്ത് ബാവച്ചനുമായി കൂട്ടായതാണ്. മിമിക്രി എന്ന വാക്കു ഞാൻ ആദ്യം കേൾക്കുന്നത് തന്നെ ബാവച്ചനിൽ നിന്നാണ്. ലാലി അന്നേ ഗിറ്റാറിസ്റ്റാണ്. ബാവച്ചനും  അനുജൻ ലാലിയും ഇടപെടാത്ത കലാമേഖലകൾ ഇല്ല. പാട്ട്, മിമിക്രി, ഗിറ്റാർ, ട്രിപ്പിൾ ഡ്രം, നാടകം, ചിത്രമെഴുത്ത്,   കൊട്ടാരക്കര ശ്രീധരൻ നായരുടെ നാടക ട്രൂപ്പ്  , കൊച്ചിൻ സംഘമിത്ര,  അടൂർ പങ്കജത്തിന്റെ,നാടക സമിതി, തൃപ്പൂണിത്തുറ ഹിൽ പാലസിൽ മേഖല കൾച്ചറൽ ആർട്സ് സൊസൈറ്റി, അതിന്റെ ആഭിമുഖ്യത്തിൽ പ്രധാന നഗരങ്ങളിൽ  നാടൻ കലാമേളകൾ.. അങ്ങനെ അങ്ങനെ.....ഇതിനെല്ലാം പുറമെ  മലയാളം ബി എ  ക്കാരൻ  ആയ ലാലി ഹോമിയോ ഡോക്ടർ ആയി. പിന്നെ സുവിശേഷകൻ ആയി. ഇതെല്ലാമായ ലാലിയെ അറിയാമോ എന്നാണു വേണുഗോപലാണ് ചോദിക്കുന്നത്. കൊള്ളാം നല്ല ചോദ്യം!

"അറിയാം..എന്താ ..ലാലിയെ അറിയുമോ?"
"അറിയാം.. പണ്ട് ഞാൻ പുനലൂരിൽ ലക്ഷ്മി നിവാസ് എന്നൊരു ലോഡ്ജിൽ മാനേജർ ആയിരുന്നു. അപ്പോൾ അവിടെ നാടകം  ഗാനമേള പരിപാടികളുമായി ലാലിയും ലാലിയുടെ ചേട്ടനും ഒക്കെ ഉണ്ടായിരുന്നു. അവരെ പരിചയപ്പെട്ടാപ്പോൾ അവർ പറഞ്ഞു അവരുടെ സ്വന്തംട്രൂപ്പിന്റെ നാടകം  ഉടനെ തുടങ്ങും സലിംകുമാർ എന്നൊരാൾ ആണ് എഴുതുന്നത് എന്ന്. ആ സലിംകുമാർ ആണോ? 
അതെ.
വേണുഗോപാലനും ഞാനും സുഹൃത്തുക്കൾ ആയി. 

(പക്ഷെ ആ നാടകം ഞാൻ എഴുതിയില്ല.  അക്കാലത്തെ പ്രൊഫഷണൽ നാടകമെഴുത്തുകാരൻ ആയ കൊച്ചറ ജോയി ആണ് ബാവച്ചന്റെ ട്രൂപ്പിന്റെ ആദ്യ നാടകം ചെയ്തത്. വൈക്കം സുകുമാരൻ നായർ, ബാവച്ചൻ,  ബെന്നി (പറങ്കിമല), ഉണ്ണികൃഷ്ണൻ, ജെ.പി.താനം,  തുടങ്ങിയവർ ആയിരുന്നു അഭിനേതാക്കൾ. സംഗീതം പ്രമാടം രാജു. തൃപ്പൂണിത്തുറ ഹിൽ പാലസിൽ ആയിരുന്നു നാടകസമിതി ഓഫീസും റിഹേഴ്സൽ ക്യാമ്പും.  കല ആർട്ടിസ്ററ്  സുജാതൻ... അക്കാലത്തെ അനുഭവങ്ങൾ പിന്നീട് എഴുതുന്നുണ്ട്).
പിന്നീട് വേണുവുമായുള്ള സൗഹൃദം തുടരുന്നു. 
'ജാനകി'യിൽ വേണുവിന് രണ്ടു വേഷങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് മഹാത്മാഗാന്ധിയുടേതായിരുന്നു. 

മനോരഥങ്ങൾ" എന്ന എംടി കഥകളുടെ പാക്കേജിൽ "ശിലാലിഖിതം"
എന്ന ചലച്ചിത്രത്തിൽ വേണുഗോപാലൻ  (​ഇടത്ത്)

പിന്നീട് പലപ്പോഴും വേണുവുമായി ഫോണിൽ ബന്ധപ്പെട്ടു. 
എന്റെ മകൾ സൂര്യ അവളുടെ വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദത്തിന്റെ ഫൈനൽ പ്രോജക്ട് ആയി ചെയ്ത അട്ടപ്പാടിയിലെ ആദിവാസികളെപ്പറ്റിയുള്ള ഡോക്യുമെന്ററിയുടെ ( https://www.youtube.com/watch?v=42j0Ss0Z2NY )ഷൂട്ടിങിന് അട്ടപ്പാടിയിൽ പോകണം. 
ഞാൻ വേണുവിനെ വിളിച്ചു. ഇപ്പോഴും മണ്ണാർക്കാട് ഡെപ്യൂട്ടി  തഹസിൽദാർ  ആയിരിക്കും എന്നാണു കരുതിയത്. പക്ഷെ അദ്ദേഹം   തഹസിൽദാർ (ആർ ആർ) പാലക്കാട്ടേക്ക് മാറിയിരുന്നു. 
അട്ടപ്പാടിയിൽ ആദ്യമായാണ് പോകുന്നതെന്നും എന്തിനാണ് പോകുന്നതെന്നും ഒക്കെ പറഞ്ഞു. അവിടെ ആരെങ്കിലും പരിചയക്കാർ ഉണ്ടെങ്കിൽ നമ്പർ തരണമെന്നും പറഞ്ഞു.
അഗളി വില്ലേജ് ആഫീസർ ആയിരുന്ന രവികുമാറിന്റെ നമ്പർ വേണു തന്നുവെന്നു മാത്രമല്ല അദ്ദേഹത്തോട് ഞങ്ങൾക്കുവേണ്ടി  സംസാരിക്കുകയും ചെയ്തു. അഗളി ഗവൺമെന്റ് ഗസ്റ്റ് ഹൌസിൽ  മുറി കിട്ടുവാൻ രവികുമാർ സഹായിക്കുക മാത്രമല്ല ഐ ടി ഡി പിയിലെ സോമൻ എന്ന ഉദ്യോഗസ്ഥനെ  പരിചയപ്പെടുത്തിത്തരികയും  ചെയ്തു. 

വേണുഗോപാലൻ നന്നായി കവിത എഴുതും. അദ്ദേഹത്തിന്റെ വിയറ്റ്നാം സന്ദർശനകാലത്തെ കവിതകൾ ഒരിക്കൽ ഞാൻ എഡിറ്റു ചെയ്തിരുന്ന ഒരു മാസികയിൽ പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം