ഇന്ദിരാഗാന്ധി അന്തരിച്ച ദിവസവും എൻ്റെ ​കാമുകിയും

എസ്. സലിംകുമാർ 
 
--- 


 ഇന്ദിരാഗാന്ധി 


ആ ദിവസം ഞങ്ങൾ എട്ടുപത്തുപേർ ഏനാദിമംഗലം പ്രൈമറി ഹെൽത്ത് സെന്ററിൽ ധർണ നടത്തി. 

ഏനാദിമംഗലം പ്രൈമറി ഹെൽത്ത് സെന്റർ അക്കാലത്തു പ്രവർത്തിക്കുന്നത് കിട്ടൻസാറിന്റെ കെട്ടിടത്തിൽ ആണ്. കിട്ടൻസാറിന്റെ മൂത്തമകൻ ഭരതൻസാറിന്റെ വീതത്തിൽ ആണ് ആ കെട്ടിടം. അദ്ദേഹം  തിരുവനന്തപുരത്ത് സർക്കാർ എഞ്ചിനീയർ ആണ്. അതിനാൽ ആ വീട് ഗവണ്മെന്റാശുപത്രിക്കു വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ആശുപത്രിക്കുള്ള സ്ഥലം കൊച്ചുമുരുപ്പേൽ ഉണ്ട്. തറക്കല്ലിടൽ കഴിഞ്ഞതാണ്. അതിനു മുമ്പ്  ഇരുപത്തിമൂന്നിലും മരുതിമൂട്ടിലും ഒക്കെയുള്ള വാടകക്കെട്ടിടത്തിൽ ആണ് ആശുപ[അത്രി പ്രവർത്തിച്ചിരുന്നത്. കല്ലട ഇറിഗേഷന്റെ കനാൽ വന്നപ്പോൾ മരുതിമൂടിന്റെ ഭൂമിശാസ്ത്രം ആകെ മാറുകയും അന്നത്തെ മരുതിമൂട് ജങ്ഷനിൽ ഉള്ള കെട്ടിടങ്ങൾ എല്ലാം പൊളിക്കേണ്ടി വരികയും ചെയ്തു. അങ്ങനെയാണ് ആശുപത്രി കിട്ടൻസാറിന്റെ കുടുംബ വീട്ടിലേക്കു മാറുന്നത്. തോട്ടപ്പാലത്തിനും ​ചാങ്കൂർ ​അമ്പലത്തിനും ഇടയ്ക്കുള്ള പള്ളിയുടെ അതിലേ കേറി ചെല്ലുമ്പോൾ വലത്തോട്ടൊരു  വളവു ഉടനെ ഇടത്തോട്ട് തിരിയുന്നിടത്താണ് ആശുപത്രി. അതിലെ കിഴക്കോട്ടു വേറൊരു ഇടവഴി ഉണ്ട്. ചാങ്കൂർ അമ്പലത്തിനടുത്തുകൂടി വയൽവരമ്പേ ചെന്ന് കുറുക്കു വഴിയേ ആണ് കിഴക്കേ ഭാഗത്തുള്ളവർ ആശുപത്രിയിലേക്ക് വരുന്നത്.

കുണ്ടയത്തുകാരൻ ദാമോദരൻ ഡോക്റ്റർ ആണ് പ്രധാന ഡോക്റ്റർ. ഒരു ലേഡി ഡോക്ട്ടരും ഉണ്ട്. അതിനടുത്തു തെങ്ങുംതറ കുമാരൻസാറിന്റ പഴയ വീട് ഒഴിഞ്ഞു കിടക്കുന്നിടത്താണ് ഞങ്ങളുടെ അക്ഷര ആർട്സ് ക്ളബ്ബിന്റെ  ഓഫീസ്.  ആശുപത്രിയുടെ ചുമതലയിൽ  അക്കാലത്തെ 'കെയർ' എന്ന പരിപാടിയുടെ ഭാഗമായി എന്നും ഉച്ചയ്ക്ക് കുട്ടികൾക്ക് ഉപ്പുമാവ് വിതരണം ചെയ്തിരുന്നു. 

 ആയിടെയായി കെയറിന്റെ നടത്തിപ്പിന് കിട്ടുന്ന ഗോതമ്പ്, എണ്ണ ഇതിന്റെയൊക്കെ കാര്യത്തിൽ അഴിമതി നടക്കുന്നുണ്ട്. എന്ന് മാത്രമല്ല ഗോതമ്പ് വേണ്ടതു പോലെ വേവിച്ചു കൊടുക്കാത്തത്‌കൊണ്ടു പരിസരപ്രദേശത്തുള്ള ഒരുപാട് കുട്ടികൾ അസുഖബാധിതരായി. ഗോതമ്പ് നല്ലതുപോലെ വേവിക്കില്ല. മീതെ സ്വൽപ്പം എണ്ണ പച്ചയ്ക്കു തൂവിയാണ് ഉപ്പുമാവ് കൊടുക്കുന്നത്. അതിനാൽ ആണ് കുട്ടികൾക്ക് വയറിനു അസുഖം പിടിച്ചത്. 

രാവിലെഒമ്പതു മണിക്കുതന്നെ ഞങ്ങൾ  ആശുപത്രിയിൽ എത്തി അവിടെ കുത്തിയിരുന്നു. ഞങ്ങളെ ഇറക്കിവിടാൻ ജീവനക്കാർ നോക്കുന്നുണ്ടായിരുന്നു. ഡോക്ടർ  താമസിച്ചാണ് വന്നത്. വന്നു പത്തു മിനിട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ വിളിപ്പിച്ചു. 

ഗോതമ്പും എണ്ണയും വേണ്ടതുപോലെ ഉപയോഗിച്ച് ആഹാരം നന്നായി വേവിച്ചു കുട്ടികൾക്ക് കൊടുക്കുക. ഇതിന്റെ പേരിൽ ജീവനക്കാരുടെ വെട്ടുമേനി അവസാനിപ്പിക്കുക. അതാണ് ഞങ്ങളുടെ ആവശ്യം.  ആശുപതി ജീവനക്കാർ ഞങ്ങൾക്കടുത്തു കൂടി. രോഗികൾ ആയി എത്തിയവർക്കും പറയാൻ ഉണ്ടായിരുന്നു: "അല്ലെങ്കിലും ആസൂത്രിക്കാർക്കു ഇച്ചിരി സൂക്കേട് കൂടുതലാ"  എന്ന് ഒരു വല്യമ്മച്ചി ഞങ്ങളോടു പറഞ്ഞു. ഞങ്ങൾക്ക് വേറെ ഡിമാന്റുകൾ ഒന്നും ഇല്ല- ഉപ്പുമാവ് നന്നായി വേവിച്ചു വേണ്ടത്ര  എണ്ണ  ഉപയോഗിച്ച് കടുകുവറുത്തു കുട്ടികൾക്ക് കൊടുക്കണം.  

അപ്പോഴാണ് അതിന്റെ  ചുമതലയുള്ള  ജീവനക്കാരി പറയുന്നത് : അതിനു വിറകു വേണ്ടേ? എന്നും എന്നും വിറകു ഞങ്ങൾ എവിടെ പോയി കൊണ്ടുവരും? 
ഡോക്റ്ററും  അത് ശരി വച്ചു. ഉപ്പുമാവിനുള്ള ഗോതമ്പും എണ്ണയും കിട്ടുന്നുണ്ട്. വിറകിനുള്ള ഫണ്ട് കിട്ടുന്നില്ല. അതുകൊണ്ടാണ് ഉപ്പുമാവ്  നല്ലപോലെ വേവിച്ചു കൊടുക്കാൻ പറ്റാത്തത്.
ചില നാട്ടുകാരും ഇടപെട്ടു. ഉപ്പുമാവുണ്ടാക്കാനുള്ള വിറകു കൊടുക്കാമെന്നു ചില അയലത്തുകാർ ഏറ്റു.   ഇടയ്ക്കു ഇനിയും വന്നു നോക്കാം എന്ന് ഡോക്റ്ററോടും മറ്റുള്ളവരോടും പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങുമ്പോൾ ഒരു പിൻവിളി. 
'എടേ" ഡോക്റ്റർ ദാമോദരൻ എന്നെയാണ് വിളിച്ചത്. ഞാൻ തിരിഞ്ഞു നിന്നു  : ഇയാൾ ഒരു നല്ല പയ്യൻ ആണെന്നാണ് ഞാൻ കരുതിയിരുന്നത്. ഇയാളെന്തിനാടെ ഇവരടെ കൂടെ കൂടിയത്?
അവർ എന്റെ കൂടെയാണെന്ന് കൂടിയതെന്നു അദ്ദേഹത്തിന് അറിയില്ലല്ലോ.
 
 ധർണ കഴിഞ്ഞു ഉച്ചയായപ്പോൾ ഞാൻ കുറുമ്പകരയിലേക്കു സൈക്കിൾ ചവുട്ടി. അന്ന് സദാ എന്റെയൊപ്പം സൈക്കിളുണ്ട്. പുതുവലിൽ കുടുംബവീട്ടിൽ എത്തിയപ്പോൾ അമ്മൂമ്മ റേഡിയോ കേട്ടുകൊണ്ട് അടുക്കളയിലെ ജോലികളിലാണ്. ഞാൻ ചെന്നുകയറിയതും  അമ്മൂമ്മ പറഞ്ഞു  : എടാ മോനെ, ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചു.  ഇപ്പം വാർത്തയിൽ പറഞ്ഞതെ ഒള്ളൂ. സുരക്ഷാഭടന്മാരാണ് വെടി  വച്ചതു. അവമ്മാര് സിക്കുകാരാ. 
റേഡിയോയിൽ ഉച്ചവാർത്ത കഴിഞ്ഞിരുന്നു. 
ഞാൻ ഞെട്ടിയിപ്പോയി. ഇന്ദിരയുടെ പരിപാടികളോട് അങ്ങേയറ്റം എതിർപ്പുള്ള രാഷ്ട്രീയ ചിന്തകൾ എനിക്കുണ്ടായിരുന്നു.  പക്ഷെ അത്തരമൊരു മരണം അവർക്കുണ്ടാകുമെന്നു സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. 

ഞാൻ വേഗം പത്തനാപുരത്തേക്കു സൈക്കിൾ ചവുട്ടി. എല്ലാടവും അവധി. ബന്ദ് .  ഗോപീസ് കോളേജിലേക്ക് ചെന്നു. പിള്ളേരെയൊക്കെ എപ്പഴേ വിട്ടിരിക്കുന്നു.  അശോക്  കുമാറും പത്തനാപുരത്തെ പ്രധാന പുസ്തകവായനക്കാരൻ എന്ന് പേരുകേട്ട സുധാകരനും   Sudhakaran Nair ഞാനുംകൂടി അവിടുന്നിറങ്ങി. അവർ രണ്ടുപേരും K P Gopinadhan Pillai യുടെ  ഗോപീസ് കോളജിലെ അധ്യാപകരാണ് . അശോക്  കുമാറിന്  ഒരു ചരിത്രം എം എ വിദ്യാര്ഥിനിയുമായുള്ള പ്രണയം ജ്വലിച്ചു നിൽക്കുന്ന സമയമാണ്. സുധാകരൻ മുടി നീട്ടിവളർത്താൻ തുടങ്ങിയിരുന്ന കാലമാണ്. ഗോപീസിലെ വല്യഗോപിസാർ  അദ്ദേഹത്തിന്റെ അടുത്ത് കെമിസ്ട്രി പഠിക്കാൻ വന്ന  വന്ന സതിയെ പ്രേമിച്ചു കെട്ടിക്കഴിഞ്ഞിരുന്നു. (ആശാൻ പിഴച്ചാൽ ഏത്തമില്ല എന്നാണ് അക്കാലത്തു ഗോപിസാറിന്റെ ഒരു വിദ്യാർത്ഥി ആ സംഭവത്തെപ്പറ്റി പറഞ്ഞത്). പറഞ്ഞത്)

ഞങ്ങൾ   പുറത്തിറങ്ങി കുന്നിക്കോട് റോഡിൽ ചന്തയിലേക്ക് കയറുന്നിടത്തു നിന്ന് വർത്തമാനം പറയുമ്പോൾ  മാനത്തുനിന്നു പൊട്ടി വീണത് പോലെ - 
അവൾ! എന്റെ കാമുകി! 
(
ഞങ്ങൾ തമ്മിൽ കണ്ടിട്ട് മൂന്നു വർഷത്തിൽ ഏറെയായി. എന്നെക്കാൾ രണ്ടു വയസ്സ് മൂത്തതാണ് അവൾ. പക്ഷെ ഞങ്ങൾ കാഞ്ഞ പ്രേമത്തിൽ ആയിരുന്നു. അക്കാലത്തു പത്തനാപുരം ടൗണിലെ ഒരുമാതിരിപ്പെട്ടവർക്കൊക്കെ അറിയാമായിരുന്ന ഒരു പ്രേമം ആയിരുന്നു അത്.  എന്നെക്കാൾ ബുദ്ധിയുള്ളതുകൊണ്ടും പ്രയോഗികചിന്തകൊണ്ടും അവൾ എന്നോട് അകലുകയായിരുന്നു. ഞാൻ കാരണം അവൾക്കു സ്വന്തം വീട്ടിൽ നിന്ന്   ആവണീശ്വരത്തു കുഞ്ഞമ്മയുടെ വീട്ടിലേക്കു മാറിത്താമസിക്കേണ്ടി വന്നു. അവളുടെ അമ്മാവന്മാർ എന്നെ അന്വേഷിച്ചു പത്തനാപുരത്തെ ലൈബ്രറിയിൽ വരുമെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. അക്കാര്യം ഞാൻ അന്നത്തെ ലൈബ്രെറിയനായ നസീറിനോട് പറയുകയും ചെയ്തു .ചില മുൻകരുതലുകൾ എടുത്തു. പിന്നെയാണ് സിനിമാകളിക്കാൻ ഞാൻ മദിരാശിക്ക്‌ പോയത് - 1978 ൽ. അക്കാലത്താണ് അവൾ എന്നെ വിട്ടത്. 

ഞാൻ മദിരാശിജീവിതം മതിയാക്കി നാട്ടിൽ തിരികെ വന്നപ്പോഴേക്കും അവൾ അവളുടെ ചേച്ചിയും കുടുംബവും ഒപ്പം താമസിച്ച് ജോലിയിൽ  ചേരാനായി മുംബൈയിലേക്ക്‌ പോയി. പിന്നെ ആദ്യമായാണ് അവളെ കാണുന്നത്. അവളെ കണ്ടപ്പോൾ എന്നെക്കാൾ മുഖം വിടർന്നത് അശോക് കുമാറിനാണ് -
 ദോണ്ടെടാ നിനിന്റെ ... "  അവൻ പറഞ്ഞു.
എനിക്ക് ഒന്നും തോന്നിയില്ല.  അവൾ ചുവന്ന സാരിയാണ് അണിഞ്ഞിരുന്നത്. എന്നെക്കാളും പൊക്കം ഉള്ള അവൾക്ക് സാരിയിൽ ഒരുപാട് പൊക്കം തോന്നിച്ചു. അവൾ എന്നെ കണ്ടു ചിരിച്ചു കൊണ്ടു എന്റെ അടുത്തേക്ക് വന്നു. 
എന്ന് വന്നു ?
രണ്ടു ദിവസമായി 
അവൾ കയ്യിലിരുന്ന കടലാസ് പൊതി നിവർത്തിഎനിക്ക് നീട്ടി . നെല്ലിക്കയാണ്. അപ്പോൾ വാങ്ങിയതാണ്.
ഞാൻ ഒരെണ്ണം എടുത്തു. 
അവൾ ചിരിച്ച്‌  നടന്നു.
അശോക് കുമാർ എന്നെ കളിയാക്കുന്നുണ്ടായിരുന്നു. ഇതൊന്നും അറിഞ്ഞുകൂടാതിരുന്ന സുധാകരനോട് അവൻ എന്റെ പ്രേമത്തെപ്പറ്റി പറഞ്ഞു. 
പിന്നെ ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം