എന്നെ എഴുത്തിലേക്ക് 'വഴിതെറ്റിച്ച' ബഷീർ

 എസ്. സലിംകുമാർ 



​വൈക്കം മുഹമ്മദ് ബഷീറിനെ ഓർക്കുവാൻ മലയാളിക്ക് പ്രത്യേക ദിവസങ്ങൾ ആവശ്യമില്ല. എല്ലാ ദിവസവും മലയാളികൾ ബഷീറിനെയോ ബഷീറിയൻ കഥാപാത്രങ്ങളെയോ ഓർക്കുന്നു. സമകാലീന രാഷ്ട്രീയത്തിൽ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം വ്യത്യസ്തത രൂപഭാവങ്ങളിൽ എല്ലാ ദിവസവും വാർഡ് തലം മുതൽ ആഗോളതലം വരെ നിറഞ്ഞാടുന്നതു നാം കാണുകയാണ്. അതുപോലെ എത്ര എത്ര കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും കൊണ്ട് ബഷീർ സ്ഥലകാലരഹിതമായി ജീവിതത്തെ ആവാഹിച്ചു വച്ചിട്ടുണ്ട്. ബഷീർ തുറന്നുവിടുന്ന സാഹിത്യലാവണ്യത്തിന്റെ ഭൂതം നിങ്ങളെ വിഴുങ്ങാതിരിക്കില്ല.


 'ജന്മദിനം' 'എന്നൊരു കഥ ബഷീർ എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജന്മദിനം എന്നാണെന്ന് അദ്ദേഹത്തിനു പോലും അറിയില്ലായിരുന്നുവല്ലോ. ഭൂലോകത്താർക്കും ഇന്നുരെ അതറിയില്ല. അതിനാൽ ബഷീർ ജന്മദിനം എന്നൊരു സംഭവം ആഘോഷിക്കാനുള്ള ധൈര്യം ആർക്കുമില്ല. ചരമദിനം ആചാരണത്തിനപ്പുറം ആഘോഷമാക്കാനും നാം ശ്രദ്ധിക്കാറുണ്ട്. ഞാൻ ആദ്യം വായിക്കുന്ന ബഷീർ കൃതി 'വിശ്വവിഖ്യാതമായ മൂക്ക് 'ആണ്. അത് ഹൈസ്‌കൂൾ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു വെങ്കിലും അക്കൊല്ലത്തെ സിലബസിൽ ഇല്ലായിരുന്നു. പിന്നെ വായിക്കുന്നത് മുച്ചീട്ടുകളിക്കാരന്റെ മകൾ, ആനവാരിയും പൊന്കുരിശും എന്നിവയാണ്. 

ബഷീർ ഒരു തമാശക്കഥയെഴുത്തുകാരൻ ആണെന്നാണ് ഞാൻ ആദ്യം ധരിച്ചിരുന്നത്. പക്ഷെ ബഷീർ, തകഴി, ദേവ് എന്ന ത്രയത്തെപ്പറ്റി ചില തിരിച്ചറിവുകൾ ഉണ്ടായപ്പോൾ ബഷീറിന്റെ തമാശകൾ വെറും തമാശകൾ അല്ലെന്നും ബഷീർ ഒരു തമാശക്കാരനേ അല്ല എന്നും ബഷീറിന്റെ എഴുത്തിൽ ദേവിന്റെയോ തകഴിയുടെയോമറ്റ് എഴുത്തുകാരുടെയോ എഴുത്തിൽ ഇല്ലാത്ത ഒരു അനായാസതയും അകൽച്ചയില്ലായ്മയും എനിക്ക് അനുഭവപ്പെടുകയും അതങ്ങനെ മനസ്സിൽ വിളയുകയും ചെയ്തു. മറ്റുള്ള വരുടെ കൃതികൾ വായിക്കുന്തോറുമാണ് ബഷീർ എന്താണെന്നു എനിക്ക് ശരിക്കും മനസ്സിലായിത്തുടങ്ങിയത്. ബഷീർ കൃതികൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു 'ഇത്' മറ്റു എഴുത്തുകാരുടെ കൃതികളിൽ നിന്നും ലഭിക്കാതായി. ബാല്യകാലസഖി വായിച്ചു കഴിഞ്ഞപ്പോൾ പിന്നെ ബഷീറിന്റെ എല്ലാ കൃതികളും വായിക്കുവാൻ ഉള്ള ആക്രാന്തം ആയി. പിന്നെ കിട്ടിയത് 'ശബ്ദങ്ങൾ'ആണ്. പത്തിൽ പഠിക്കുമ്പോൾ ആണ് അത് വായിച്ചതു. 'ശബ്ദങ്ങൾ' മനസ്സിൽ വല്ലാതെ കേറിയങ്ങ് ഏശി. 

 ബഷീറിന്റെ പുസ്തകങ്ങൾ ചെറുതായിരുന്നു. വേഗം വായിച്ചു തീർക്കാം. പക്ഷെ അതിലും വലിയ പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്നത്തിലും വലിയ ഒരു വായനാനുഭവം ആണ് ബഷീർ കൃതികളിൽ എനിക്ക് നൽകിയത്. മുല എന്ന് പറഞ്ഞാൽത്തന്നെ ആകാശം ഇടിഞ്ഞു വീഴും എന്ന് കരുതിയിരുന്ന പ്രായത്തിൽ 'ഒരു ഭഗവദ്‌ ഗീതയും കുറെ മുലകളും' എന്ന പുസ്തകം വീട്ടിൽ കൊണ്ട് വന്നു ആരും കാണാതെ വായിക്കാൻ കാരണം പുസ്തകത്തിന്റെ പേര് തന്നെ. പാത്തുമ്മായുടെ ആട് വായിച്ചതോടെ ഞാൻ ബഷീറിന്റെ കടുത്ത ആരാധകൻ ആയി എന്നു മാത്രമല്ല എനിക്ക്ഏറ്റവും ഇഷ്ടപ്പെട്ട മലയാള കൃതി 'പാത്തുമ്മയുടെ ആട്' എന്ന് ഞാൻ ഉറപ്പിക്കുകയും ചെയ്തു.

 ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു പ്രീഡിഗ്രി രണ്ടാം വർഷക്കാർക്കു പാഠപുസ്തകം ആയിരുന്നത് മുളന്തുരുത്തിയിൽ ഒരു പാരലൽ കോളജിൽ ഞാൻ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. ആ സമയത്തും ബഷീറുമായി കത്തിടപാടുകൾ നടത്തിയിരുന്നു. കിട്ടുന്ന എല്ലാ കത്തുകൾക്കും മറുപടി അയയ്ക്കുന്ന സ്വഭാവം ബഷീറിനുണ്ടായിരുന്നു. ബഷീറിന് ഞാൻ ആദ്യം കത്തെഴുതുന്നത് 'നേരും നുണയും' എന്ന അദ്ദേഹത്തിന്റെ പുസ്തകംവായിച്ചിട്ടാണ്. കൊല്ലത്തു നിന്നും മഞ്ജുഷ വിദ്യാധരൻ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ആ പുസ്തകത്തിൽ വിവിധ പത്രങ്ങളിൽ ബഷീർ കൈകാര്യം ചെയ്തിരുന്ന ചോദ്യോത്തര പംക്തികൾ, അദ്ദേഹത്തിന്റെ ചില കത്തുകൾ മുതലായവ ആണ് ഉണ്ടായിരുന്നത്. ബഷീർ എന്ന വ്യക്തിയെപ്പറ്റി കൂടുതൽ മനസ്സിലാ ക്കിയത് അതിൽ  നിന്നാണ്. അതും കഴിഞ്ഞാണ് 'ഓർമ്മയുടെ അറകൾ' വായിക്കുന്നത് ബഷീറിനോടുള്ള ആരാധന മൂത്തു ഞാൻ കത്തെഴുതി.

 ഒരാഴ്ചയ്ക്കകം മറുപടി വന്നു. 'മകൾ ഷാഹിനയുടെ കല്യാണമാണ് , വരണം' എന്നും അതിൽ ഉണ്ടായിരുന്നു. പോയില്ലെങ്കിലും പിന്നെയും ഞാൻ അദ്ദേഹത്തിന് കത്തുകൾ എഴുതി. വൈക്കം എന്ന പേരിനോടും എനിക്ക് നല്ല ഇഷ്ടം ഉണ്ടായിരുന്നു. കാരണം എന്റെ അപ്പൂപ്പന്റെ കുടുംബം വൈക്കത്താണ്. എന്തുകൊണ്ടാണ് മറ്റുള്ളവരെ അപേക്ഷിച്ചു വളരെ കുറച്ചു മാത്രം എഴുതിയ ബഷീർ ഒരു ഐതിഹ്യപരിവേഷത്തിൽ എല്ലാവരേക്കാളും ഉയരത്തിൽ നിൽക്കുന്നത്? അനുഭവങ്ങളുടെ അഗ്നിയിലിട്ടു സ്ഫുടം ചെയ്ത എഴുത്തു ഇതുപോലെ സൂക്ഷ്മമായി മറ്റാരും മലയാളത്തിന് നൽകിയിട്ടില്ല. മറ്റ് ഏതെങ്കിലും എഴുത്തുകാരന്റെ ജീവിതം മലയാളി ഇതുപോലെ തൊട്ടു, അവിഭക്തഇന്ത്യയിൽ വിപുലമായ സഞ്ചാരം നടത്തി. സായുധസമരത്തെ അനുകൂലിച്ചു. ഇതുപോലൊക്കെ അനു ആഘോഷിച്ചിട്ടില്ല. കഥയെഴുതിയതിനു ജയിലിൽ പോയ എഴുത്തുകാരൻ ആണ് ബഷീർ. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു, ഗാന്ധിയെഭവ സമ്പത്തുള്ള എഴുത്തുകാർ വേറെ ആരുണ്ട്? 

അത് കൊണ്ടാണ് ബഷീറിന്റെയത്ര ഔന്നത്യത്തിൽ പ്രതിഷ്ഠിക്കപ്പെടാൻ മറ്റു എഴുത്തുകാർക്കു കഴിയാതെ പോയത്. പുരസ്കാരങ്ങൾ ബഷീറിയേനു വളരെ കുറച്ചേ കിട്ടിയിട്ടുള്ളു. പക്ഷെ മലയാളി ഇത്രറെ ആഘോഷിച്ച വേറെ ഏതു എഴുത്തുകാരൻ ആണുള്ളത്? ബഷീറിനെ തരം താഴ്ത്തിക്കെട്ടുവാൻ ഇവിടുത്തെ അക്കാഡമിക് ശിങ്കങ്ങൾ പലവുരു ശ്രമിച്ചുവെങ്കിലും ആ എഴുത്തിന്റെ ചങ്കുറപ്പിനെ തോൽപ്പിക്കുവാൻ അവർക്കു കഴിഞ്ഞില്ല. തന്റെ എഴുത്തു മാത്രമല്ല ഭ്രാന്തുപോലും ഒന്നാംതരം ഒറിജിനൽ ആണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്വന്തം ഭ്രാന്തിനെപ്പറ്റി ബഷീർ 'പാത്തുമ്മയുടെ ആടിന്റെ' മുഖവുരയിൽ എഴുതിയിട്ടുണ്ടല്ലോ.

ചിലപ്പോഴൊക്കെ താൻ ഭ്രാന്ത് അഭിനയിക്കുമെന്ന് '​സുൽത്താൻവീട് ' എന്ന വിഖ്യാത നോവലിന്റെ രചയിതാവും സ്പോർട്സ് ലേഖകനും കമന്റേറ്ററുമായിരുന്ന മുഷ്‌താഖ്‌ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴിക്കോടിന്റെ കഥാകാരനായ പി എ മുഹമ്മദ് കോയയോട് ബഷീർ പറയുമായിരുന്നു- ചിലർ മദ്യപിച്ചിട്ടു വന്നു സമയം മിനക്കെടുത്തും, അവരെ ഓടിക്കുവാൻ ഭ്രാന്ത് അഭിനയിക്കുകയല്ലാതെ വേറെ മാർഗമില്ല എന്ന്. 

 ബഷീർ ഒരൊറ്റ തിരക്കഥയെ എഴുതിയിട്ടുള്ളു - 'ഭാർഗവീനിലയം'. മലയാളത്തിലെ മികച്ച തിരക്കഥകളിൽ ഒന്നായിട്ടാണ് അതിനെ പരിഗണിക്കുന്നത്. മലയാളത്തിന് ബഷീർ സംഭാവന ചെയ്ത വാക്കാണ് ഭാർഗവീനിലയം. എട്ടുകാലി മമ്മൂഞ്ഞിന്റെ 'അത് ഞമ്മളാ', മജീദിന്റെ 'മ്മിണി ബല്യ ഒന്ന് ', കൊച്ചുതാച്ചുമ്മയുടെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു' - ഇതൊക്കെ ഇന്ന് മലയാളശൈലികൾ ആയി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ പദപ്രയോഗങ്ങളുടെയും ആശയങ്ങളുടെയും മൗലികതയും അനുഭവങ്ങളോടുള്ള സത്യസന്ധതയും മലയാളത്തിലെ മറ്റൊരു എഴുത്തുകാർക്കും അവകാശപ്പെടുവാൻ കഴിയില്ല. വളരെകുറച്ചു മാത്രം എഴുതുകയും അനുഭവങ്ങളുടെ പെരുങ്കടലിനെ ഉള്ളിൽ കൊണ്ടു നടക്കുകയും ചെയ്ത ബഷീർ തുടക്കം മുതലേ സാമൂഹ്യ പ്രതിബദ്ധതയും രാഷ്ട്രീയബോധവും ഉള്ള എഴുത്തുകാരൻ ആയിരുന്നു. 

 അക്കാദമിക് പാണ്ഡിത്യങ്ങളുടെ അഹംഭാവത്തെയും പൊള്ളത്തരത്തെയും സ്വന്തം ജീവിതവും എഴുത്തും കൊണ്ടു ചെറുത്ത എഴുത്തുകാരൻ ആണ് ബഷീർ. എഴുത്തിന്റെ ജീവൻ അക്കാഡമിക് യോഗ്യതകൾ അല്ലെന്നും എന്നാൽ അനുഭവം മാത്രം അല്ല എഴുത്തെന്നും അതിലൊക്കെ ഉപരിയുള്ള മനുഷ്യത്വം ആണെന്നും വജ്രത്തിന്റെ സൂക്ഷ്മതയും ശോഭയും കരുത്തും ഉള്ള ബഷീർ കൃതികൾ വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ബഷീറിന്റെ അഡിക്റ്റ് ആയാൽ അതിനു മറുമരുന്നില്ല. അത്രമാത്രം ജീവിതലഹരി അദ്ദേഹത്തിന്റെ കൃതികളിൽ നമുക്ക് അനുഭവവേദ്യമാകും. എഴുത്തും ജീവിതവും പരസ്പരം വേര്പെ ടുത്തുവാൻ ആവാത്തമട്ടിൽ ലയിച്ചു ചേർന്നിരിക്കുന്ന കൃതികളുടെ ആഖ്യാനരീതിയും പൊരുളും ആണ് അല്ലാതെ അതിലെ 'ആഖ്യയും ആഖ്യാതവും' അല്ല നമ്മളെ ബഷീറിന്റെ ആരാധകർ ആക്കുന്നത്. വായനക്കാരൻ എന്ന നിലയിൽ ഞാൻ ഏറ്റവും അധികം സന്തോഷിച്ചിട്ടുള്ളത് ബഷീറിന്റെ കൃതികൾ വായിക്കുമ്പോൾ ആണ്. എഴുത്തിന്റെ ലോകത്തിലേക്ക് എന്നെ 'വഴി തെറ്റിച്ചു'വിട്ടതിൽ ബഷീറിന്റെ എഴുത്തിനു വലിയ പങ്കുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം