ഇളമണ്ണൂരിലെ കാപ്പിക്കട രാഘവൻ

എസ്. സലിംകുമാർ 




അക്കാലത്ത് ഇളമണ്ണൂരിൽ കാപ്പിക്കട എന്ന് പറഞ്ഞാൽ ഒറ്റ അർത്ഥമേ ഉള്ളൂ - കാപ്പിക്കട രാഘവൻ. കാപ്പിക്കടയുടെ കാപ്പിക്കട എന്നാണു അദ്ദേഹത്തിന്റെ കാപ്പിക്കട അറിയപ്പെട്ടിരുന്നത്. ഇരുപത്തിമൂന്നിൽ ചന്തയിലേക്ക് കയറുന്ന വഴിയുടെ ഇടതു വശത്തായിരുന്നു കൈപ്പള്ളിൽ രാഘവൻ എന്ന കാപ്പിക്കട രാഘവന്റെ കാപ്പിക്കട. രാഘവന്റെ ചേട്ടൻ കാലിനു മുടന്തുള്ള ആൾ ആയിരുന്നു. കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന അദ്ദേഹത്തെ നാട്ടുകാർ ഞൊണ്ടിയാശാൻ എന്നാണു വിളിച്ചിരുന്നത്. നിമിഷകവി ആയിരുന്നു അദ്ദേഹം. ഇളമണ്ണൂർ എൽ പി സ്‌കൂളിന് കിഴക്കു വശത്തെ കൈപ്പള്ളിൽ വീട് അന്നാട്ടിലെ ഭേദപ്പെട്ട കുടുംബങ്ങളിൽ ഒന്നായിരുന്നു. അവിടുത്തെ മൂത്ത പുത്രൻ ആയ ഞൊണ്ടിയാശാന്റെ പേര് കൊച്ചുചെറുക്കൻ എന്നായിരുന്നു. അതിനിളയതാണ് രാഘവൻ. അതിനും ഇളയ പത്മനാഭൻ മൈസൂരിൽ കല്ലുവെട്ടുപണിക്കു പോയിട്ട് അവിടെത്തന്നെ താമസമാക്കി. രാഘവന് 12 വയസ്സുള്ളപ്പോൾ കൈപ്പള്ളിലെ കാരണവർ (അവരുടെ അച്ഛൻ) അന്തരിച്ചു. പലയിടത്തും അലഞ്ഞുതിരിഞ്ഞു നടന്നിട്ടു രാഘവൻ, അവരുടെതന്നെ സ്ഥലം ഒറ്റി വാങ്ങിച്ചവർ നടത്തിയിരുന്ന കാപ്പിക്കടയിൽ സിൽബന്ധിയായി നിന്നു. ​

പതിനേഴു ​വയസ്സ് വരെ രാഘവൻ അവിടെത്തന്നെ ജോലിക്കാരനായി കഴിഞ്ഞു. പിന്നെയാണ് സ്കിന്നർപുരം തോട്ടത്തിൽ കാട്ടുപണിക്കാരൻ ആയി ചേരുന്നത്. രാഘവന്റെ ബന്ധുവായ പുതുമംഗലം രാഘവനും അവിടെ ജോലി ജോലി ചെയ്യുന്നുണ്ട്. രാഘവന്മാരും തോട്ടത്തിലെ സില്ബന്ധികളും തമ്മിൽ വഴക്കുണ്ടായി. രാഘവന്മാർ ഓട്ടുപാൽ മോഴടിച്ചെന്നു തോട്ടക്കാർ കള്ളക്കേസുണ്ടാക്കി. കേസ് ഭയന്ന് കൈപ്പള്ളിൽ രാഘവൻ നാടു വിട്ട് ആസാമിലേക്കു പോയി കൂലിപ്പട്ടാളത്തിൽ ചേർന്നു. പുതുമംഗലം രാഘവനെ പോലീസ് പിടിച്ചു ക്രൂരമായി മർദ്ദിച്ചു. തോട്ടക്കാർ അയാളെപ്പിടിച്ചു പുകപ്പുരയിലിട്ടു ശ്വാസം മുട്ടിച്ചു. അതിനു ശേഷം പുതുമംഗലം രാഘവൻ കിഴക്കൻ മലകളിലെ മാഞ്ചിമല തോട്ടത്തിലേക്കു പണി തേടിപ്പോയി. 

 ഏഴെട്ടു കൊല്ലം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ കൈപ്പള്ളിൽ രാഘവൻ വട്ടക്കാലാ മുക്കിനു കാപ്പിക്കട തുടങ്ങി. അങ്ങനെ കൈപ്പള്ളിൽ രാഘവൻ കാപ്പിക്കട രാഘവനായി. വീയപുരം മേപ്പാടത്തു ഭവാനിയെ രാഘവൻ വിവാഹം ചെയ്തു. പമ്പയാറിന്റെ കൈവഴിക്കരയിലാണ് ഭവാനിയുടെ വീട്. കെട്ടു കഴിഞ്ഞു പുതുപ്പെണ്ണിനെയും കൊണ്ട് പുഴക്കടവിൽ എത്തിയപ്പോൾ തുഴച്ചിൽ അറിയുന്ന ആരും ചെറുക്കന്റെ കൂട്ടത്തിൽ ഇല്ല. അവിടെ കടത്തുകാർ ഇല്ല. അക്കരയ്ക്കു പോകുന്നവർ സ്വയം വള്ളമൂന്നി അക്കരെ എത്തി വള്ളം അവിടെ കെട്ടിയിടും ഇക്കരയ്ക്കു വരുന്നവർ അതുപോലെ വള്ളം ഇക്കരെ കെട്ടും. അതാണ് വീയപുരത്തെ പതിവ്. എല്ലാവരെയും വള്ളത്തിൽ കയറ്റി പുതുപ്പെണ്ണു തന്നെ വള്ളമൂന്നി അക്കരെയെത്തിച്ചു.

 ഇളമണ്ണൂരിലെ കമ്യൂണിസ്റ്റു രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രം കാപ്പിക്കട രാഘവന്റെ കാപ്പിക്കട ആയിരുന്നു. കേരളകൗമുദി, നവജീവൻ തുടങ്ങിയ പത്രങ്ങൾ രാഘവന്റെ കടയിൽ വരുത്തുന്നുണ്ട്. മാവിള രാഘവൻ പിള്ള, ഡോക്റ്ററുണ്ണിത്താൻ, ബാങ്കർ നീലകണ്ഠൻമൺകണ്ടം രാഘവൻ, കുട്ടി മുതലാളി മുതലായവരൊക്കെ രാവിലെ അവിടെ ഉണ്ടാവും.പത്രവായനയും ചർച്ചയും അങ്ങനെ നടന്നുകൊണ്ടിരിക്കും കേൾക്കാൻ ധാരാളം ആളുകൾ ഉണ്ടാവും. അപ്പോഴാവും കളീക്കൽ കിഴക്കേതിൽ താമസിക്കുന്ന മുൻഷി പരമുപിള്ളയും സേവകൻ കറിയാച്ചനും കൂടി ഒറ്റച്ചായ കുടിക്കാൻ അവിടെ എത്തുന്നത്. 

 ഇളമണ്ണൂർ കെ വി ചന്തയിൽ ബാങ്കർ നീലകണ്ഠൻ പണിയിച്ച കെട്ടിടത്തിലേക്ക് രാഘവന്റെ കാപ്പിക്കട മാറ്റി. രാഘവന് കാപ്പിക്കട നടത്താൻ വേണ്ടി മാത്രമാണ് ആ കെട്ടിടം പണിയിച്ചത്. സ്ഥലത്തെ ഏറ്റവും നല്ല ചായയും പലഹാരങ്ങളും അവിടെയാണ് കിട്ടുക. രാഘവന്റെ കടയിലെ പരിപ്പുവടയും നെയ്യപ്പവും നാട്ടിൽ പ്രസിദ്ധമായിരുന്നു. ആരെയും വക വയ്ക്കാത്ത പ്രകൃതം ഉള്ള കരിമ്പാറ പോലെ ഉറച്ച ശരീരവും മനസ്സും ഉള്ള രാഘവൻ നാട്ടിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരൻ ആയിരുന്നു. 

ഇളമണ്ണൂരിൽ വരുന്ന നേതാക്കന്മാർ ആരും രാഘവന്റെ കടയിൽ കയറാതെ പോവില്ല. പി.രാമലിംഗം, പുന്നയ്ക്കാക്കുളങ്ങര മാധവനുണ്ണിത്താൻ, പന്തളം പി.ആർ.മാധവൻ പിള്ള, പനങ്കുന്നിൽ കുട്ടപ്പനുണ്ണിത്താൻ , കെ.ജി.ദാമോദരനുണ്ണിത്താൻ, കെ.എം.ഭാർഗവൻ പിള്ള, ഈ.കെ.പിള്ള ഇവരൊക്കെ അവിടെ വരും. കമ്യൂണിസത്തിൽ നല്ല അറിവാണ് രാഘവന്. എവിടുത്തെയും കമ്യൂണിസത്തെയും നേതാക്കന്മാരെയും പറ്റിയും പാർട്ടി ലൈനും ഒക്കെ വിശദീകരിക്കാൻ കഴിയുന്ന മയം വന്ന കമ്യൂണിസ്റ്റായിരുന്നു രാഘവൻ. രാഘവന്റെ കടയിൽ പറ്റുവരവു ബുക്ക് ഇല്ല. രാഘവൻ ആരുടേയും പറ്റ് എഴുതി വയ്ക്കില്ല. പറ്റുണ്ടെകിൽ പറ്റുകാർ സ്വയം കൊടുത്തു കൊള്ളണം. സ്ഥലത്തെ മറ്റൊരു കടയിൽ ഭിത്തിയിലാണ് കണക്കെഴുതി ഇടുന്നത്. ആ കടക്കാരൻ ആരോടും ഒന്നും മിണ്ടില്ല . എപ്പഴും ജോലിതന്നെ ജോലി. 

 പുട്ട്, അപ്പം, ഇടിയപ്പം, ദോശ, പലഹാരങ്ങൾ ഇതൊക്കെ രാഘവന്റെകടയിൽ ഉണ്ട്. നാട്ടിലെ ഏറ്റവും നല്ല കണ്ണാടിയലമാര രാഘവന്റെ കടയിലേതാണ്. ​ കുറേക്കാലം കഴിഞ്ഞപ്പോൾ കെട്ടിടം ഉടമയായ ബാങ്കർ നീലകണ്ഠനും രാഘവനും തമ്മിൽ പിണങ്ങി. കേസായി. കരിഞ്ചന്തക്കാരായ സ്ഥലത്തെ വലിയ കടമുതലാളിമാരും റേഷൻകട സ്റ്റേഷനറിക്കടക്കാരും ഒക്കെ രാഘവന് എതിരായിരുന്നു. കരിഞ്ചന്തയിൽ റേഷൻ വിറ്റാൽ രാഘവൻ പിടിപ്പിച്ചിരിക്കും. ജന്മിമാരുടെ ശത്രുവായ രാഘവൻ എന്നും തൊഴിൽ ചെയ്തുതന്നെയാണ് ജീവിച്ചത്. കുറേക്കാലം ഇളമണ്ണൂർ ചന്തപ്പിരിവ് ലേലത്തിൽ പിടിച്ചു നടത്തിയിരുന്നു. 

 കാപ്പിക്കട രാഘവന്റെ കടയിൽ ചായകുടിച്ചു രാഷ്ട്രീയം ചർച്ച ചെയ്തു രാഘവന്റെ അഭിപ്രായങ്ങൾ അറിഞ്ഞിട്ടേ നേതാക്കന്മാർ പോകൂ. രാഘവൻ രാഷ്ട്രീയം പറയുമ്പോൾ ആരെങ്കിലും ചായ കുടിക്കാൻ വന്നാൽ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം തീർത്തിട്ടേ ചായ കൊടുക്കൂ. അവിടെ ചായ കുടിക്കാൻ വരുന്നവർ ചായ കുടിക്കാതെ പോവില്ല. അത്ര മെച്ചമായിരുന്നു കാപ്പിക്കട രാഘവന്റെ കടയിലെ ചായ. 

 പത്തു സെന്റ് സ്ഥലത്ത് കട്ട കെട്ടിയ ചെറിയ ​വീട്ടിൽ ആയിരുന്നു രാഘവനും കുടുംബവും താമസിച്ചിരുന്നത്ത്ത്. ​ഇരുപത്തഞ്ചു വര്ഷം രാഘവൻ ഇരുപത്തിമൂന്നിൽ ചന്തയ്ക്കടുത്തു കാപ്പിക്കട നടത്തി. കേസ് ബാങ്കർ നീലകണ്ഠന് അനുകൂലമായി വിധിച്ചപ്പോൾ കട ഒഴിഞ്ഞു കൊടുത്തു. പിന്നെ ഇളമണ്ണൂർ എൽ.പി.സ്‌കൂളിനടുത്ത് കട വാടകയ്‌ക്കെടുത്തു കച്ചവടം തുടങ്ങി. കാപ്പിക്കട രാഘവനെ ആളുകൾ കാപ്പിക്കട എന്ന് മാത്രം വിളിച്ചു. കാപ്പിക്കട എന്ന പേര് ഏനാദിമംഗലത്തു കമ്യൂണിസത്തിന്റെ വിളിപ്പേരായിക്കഴിഞ്ഞിരുന്നു. 

 പണ്ട് രാഘവന്റെ കുടുംബവീട് (കൈപ്പള്ളിൽ) നിന്നിടം അന്യാധീനമായിപ്പോയിടത്തു പുതിയ ഉടമസ്ഥൻ മുരുപ്പേൽ ഗോപിനാഥൻ നായർ പണിയിച്ച കട വാടകയ്‌ക്കെടുത്താണ് പുതിയ കാപ്പിക്കട തുടങ്ങിയത്. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായിരുന്ന സമീപവാസിയായ ഒരാൾ രാഘവനുമായി അടുത്തു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു കഴിയുകയായിരുന്ന അയാൾ രാഘവന്റെ മൂത്ത മകളെ ബലമായി കല്യാണം കഴിച്ചു. പക്ഷെ പെൺകുട്ടി രാഘവന്റെ വീട്ടിൽത്തന്നെ നിൽക്കേണ്ടിയും വന്നു. അയാളുമായി രാഘവൻ പിണങ്ങിയെങ്കിലും പിന്നീട് ലോഹ്യമായി. ആ മകൾക്കിലായതു ഒരു മകൻ ആണ്. അവൻ ചിറ്റപ്പൻ പത്മനാഭന്റെ കൂടെ കുറേക്കാലം മൈസൂരിൽ ആയിരുന്നെങ്കിലും നാട്ടിൽ തിരിച്ചെത്തി സ്വന്തം വീടൊക്കെ വച്ച് കുടുംബസമേതം താമസമാക്കി. മൂന്നാമത്തെ സന്താനം സന്നി വന്നു മരിച്ചു. നാലാമത്തെയാൾ നാട്ടിൽത്തന്നെ രാഘവനൊപ്പം താമസിച്ചു. അഞ്ചാമത്തെയാൾ മൈസൂരിൽ താമസിച്ചു. ആറാമത്തേതു പെണ്കുട്ടി. അവളെയും കല്യാണം കഴിച്ചയച്ചു. ​

പഞ്ചായത്തു തെരഞ്ഞെടുപ്പ് വന്നു. സ്ഥലത്തെ പ്രധാനികളാണ് സ്ഥാനാർത്ഥികൾ. കിട്ടൻ സാർ (ചാങ്കൂർ ചെമ്പകശ്ശേരിൽ കൃഷ്ണൻ മുതലാളി. ഏനാദിമംഗലത്ത് ആദ്യമായി ഒരു വ്യവസായം (സോപ്പുകമ്പനി) തുടങ്ങിയ ആളാണ്. നൂറു പേരെ ജാഥയായി നയിച്ചു കൊണ്ടു പോയി തിരു-കൊച്ചി അസ്സംബ്ലി തെരഞ്ഞെടുപ്പിന് ഓപ്പൺ വോട്ടു ചെയ്യിച്ച ആളാണ്) കോൺഗ്രസ്സ് സ്ഥാനാർഥി. കെ.വേലായുധൻ ഐക്യമുന്നണി സ്ഥാനാർഥി. അന്ത്രപ്പേരുടെ തോട്ടത്തിലെ സൂപ്രണ്ട്‌ ആറ്റുമാലിക്കൽ എ .കെ .സ്കറിയ, ഡോ. ആർ.ശ്രീനിവാസൻ ഇവരൊക്ക മത്സര രംഗത്തുണ്ട്. പണവും ആൾസ്വാധീനവും കോൺഗ്രസ്സിനുണ്ട്.

 കോൺഗ്രസ്സുകാർ കയ്യാലയടിച്ചു തെളിച്ചിട്ടിരുന്നിടത്തൊക്കെ കാപ്പിക്കട രാഘവന്റെ നേതൃത്വത്തിൽ ചുവരെഴുത്ത്. മുല്ലമ്പൂ പൊടിയനും ജോബേലും ആണ് കയ്യാളുകൾ. കാട്ടിലെ ചുണ്ണാമ്പുവള്ളി പറിച്ചു കൊണ്ടുവന്നു ഉരലിലിട്ടിടിച്ചു ചാറെടുത്തു കുമ്മായം കലക്കിയതുമായി ലയിപ്പിച്ച് കയ്യാലയിൽ എഴുതിയാൽ മഴയത്തും ഇളകിപ്പോകില്ല. "ഓരോ വോട്ടും ഐക്യമുന്നണിക്ക്", "ആനപ്പെട്ടി സിന്ദാബാദ്","ഓരോ വോട്ടും കെ.വേലായുധന് ആനപ്പെട്ടിയിൽ നിക്ഷേപിക്കുക" - ഇതൊക്കെയാണ് ചുവരെഴുത്ത്. കാപ്പിക്കട രാഘവൻ റാന്തൽ പിടിക്കും. താഴ്ത്തി തിരിയിട്ട റാന്തൽ. ജോബേ​ൽ കയ്യാല വൃത്തിയാക്കി പോച്ചയൊക്കെ മാറ്റിക്കൊടുക്കും. ​​ ​മുല്ലമ്പൂ പൊടിയ​ൻ എഴുതും. പൊടിയനു പതിന്നാലു വയസ്സാണ്.

 ​ഇതേ സമയത്ത് വേറൊരു രാഘവൻ - മൺകണ്ടം രാഘവൻ- പാറപ്പുറത്തൊക്കെ കയറി നിന്ന് മെഗാഫോണിലൂടെ വിളിച്ചു പറയും. അത് കേൾക്കാതിരിക്കാൻ ചങ്കൂർ പവിത്രനും സീറ്റും അതെ നേരത്തു ഉച്ചത്തിൽ പാട്ട കൊട്ടി ഒച്ചയുണ്ടാക്കും. ഐക്യമുന്നണി യുടെ ഭാഗത്തേക്ക് ചെയ്യാൻ സാധ്യതയുള്ള വോട്ടുകൾ കിട്ടൻ സാറിന്റെ ആളുകൾ രണ്ടും അഞ്ചും രൂപയൊക്കെക്കൊടുത്തു മറിക്കുന്നുണ്ടെ ന്നറിഞ്ഞപ്പോൾ രാഘവതന്ത്രം പ്രവർത്തനം തുടങ്ങി. തെരഞ്ഞെടുപ്പിന്റെ തലേന്നു രാത്രി മൂന്നു വീടിനു ഒരാൾ വീതം ​കാവൽ നിന്നു. പത്തുപതിനഞ്ചു പേര് വീതം ഉള്ള ടീമുകൾ അങ്ങനെ വാര്ഡിന്റെ പല ഭാഗത്തും ​കാവൽ നിന്നു. വേറെ ആരെങ്കിലും ഏതെങ്കിലും വീട്ടിൽ ചെന്നാൽ രാഘവൻ നിയോഗിച്ച കാവൽക്കാർ അങ്ങോട്ട് ചെല്ലും. വന്നവർക്കു രഹസ്യം പറയാൻ പറ്റാത്ത തരത്തിലാണ് നിരീക്ഷണം.
ആ തെരെഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർഥി കെ.വേലായുധൻ എന്ന വേലാം മുതലാളി ജയിച്ചു. ഭൂരിപക്ഷം ആറു വോട്ട്. 

 എസ്റ്റേറ്റ് സമരകാലത്തു തൊഴിലാളി സംഘാടകരെയും അനുകൂലിക്കുന്നവരെയും പ്രതിചേർത്തു വകുപ്പു 107 പ്രകാരം ​കേസെടുക്കുക, സംശയാസ്പദമായി അറസ്റ്റുചെയ്തു മർദ്ദിക്കുക ഇതൊക്കെ പോലീസിനെ സ്വാധീനിച്ചു തോട്ടമുടമകൾ ചെയ്യിച്ചു. നാട്ടുകാരെ കള്ളക്കേസിൽ കുടുക്കി പോലീസ് തേർവാഴ്ച നടത്തി. (ഇരുമ്പു)കാലൻ പരമേശ്വരൻ പിള്ള ​എന്ന ഇൻസ്‌പെക്ടർ കടകളിൽ കയറി ആളുകളെ മർദ്ദിച്ചു പുറത്തിറക്കി.

 പതിനെട്ടുകാരാനായ മു​ല്ല​​മ്പൂ ​പൊടിയൻ കുട്ടി മുതലാളിയുടെ ​ഹോൾസെയിൽ പലചരക്കുകടയുടെ തിണ്ണയ്ക്കിട്ട ബെഞ്ചിൽ ഇരുന്നു ബീഡി തെറുക്കുകയായിരുന്നു. മടിയിൽ ബീഡിമുറം. പൊടിയൻ ഇരുന്ന ബെഞ്ചിൽ ഇരുന്ന മറ്റുള്ളവർ എഴുന്നേറ്റു. കടയുടമ കുട്ടി മുതലാളി വരെ എഴുന്നേറ്റു. പൊടിയൻ ഒന്നും അറിയാത്തപോലെ ബീഡി തെറുത്തുകൊണ്ടേയിരുന്നു. പൊടിയനെ ശരിക്കൊരു നോട്ടം നോക്കിയിട്ടു കാലൻ പരമേശ്വരൻ പിള്ള നേരെ   രാഘവന്റെ കാപ്പിക്കടയിൽ ചെന്നു കയറി. ഏഴെട്ടാളുകൾ ചായ കുടിക്കാൻ ഇരിക്കുന്നു. രാഘവൻ ചായ അടിക്കുന്നു. "അവര് ചായ കുടിക്കാൻ വന്നവരാ. അവര് വേറൊന്നിനും വന്നവരല്ല." ഏതായാലും കാപ്പിക്കട രാഘവന്റെ കടയിൽ ഇരുന്നവരെ ഇരുമ്പുകാലൻ തല്ലിയിറക്കിയില്ല. (അപൂർണ്ണം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം