മേരി റോയിയും മറിയാമ്മ മൈക്കിളും

 എസ്. സലിംകുമാർ 




മേരി റോയിയെ ഓർക്കുമ്പോഴൊക്കെ ഞാൻ ഉൾനീറ്റലോടെ ഓർക്കുന്ന ഒരു പേരാണ് മറിയാമ്മ മൈക്കിൾ. മറിയാമ്മ മൈക്കിളിനെ ഞാൻ ആകെ ഒരു പ്രാവശ്യമേ നേരിൽ കണ്ടിട്ടുള്ളു-  അത് തിരുവനന്തപുരത്തെ ഊളമ്പാറ എന്ന് കുപ്രസിദ്ധമായ മനസികാരോഗ്യകേന്ദ്രം അഥവാ ഭ്രാന്താസ്പത്രിയിൽ വച്ചാണ് - 1987ജൂൺ മാസത്തിൽ. തീയതി ഓർമ്മയില്ല. 

അന്ന് സ്റ്റേറ്റ് റിസോർസ് സെന്റർ ആയ കാൻഫെഡ് നടത്തുന്ന 100 ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ട 32 സാമൂഹ്യപ്രവർത്തകരിൽ ഒരാൾ ആയിരുന്നു ഞാൻ. ഒരു ബുധനാഴ്ചദിവസം ഞങ്ങളിൽ ചിലരെ ഊളമ്പാറയിൽ ​ രോഗം ഭേദമാവുന്നവരെയും ഭേദമായവരെയും സന്ദർശിക്കുവാൻ കൊണ്ടുപോയി. അവരുമായി സംസാരിക്കുവാനും സംവദിക്കുവാനും ആയിരുന്നു അത്. കേട്ടുകേഴ്വിമാത്രമുള്ള ഊളമ്പാറയിൽ ഞങ്ങൾ പ്രവേശിച്ചു. ഞങ്ങളുടെ കോ ഓർഡിനേറ്റർ ശ്രീദേവി ടീച്ചർക്കൊപ്പം ഞാൻ, കാഞ്ചനച്ചേച്ചി, (സാക്ഷാൽ കാഞ്ചനമാല അഥവാ കാഞ്ചന കൊറ്റങ്ങൽ), ലീല (വെള്ളിനേഴി), ഉണ്ണി( പാലക്കാട്), രത്നമ്മ (കാട്ടാക്കട) എന്നിവർ ആണ് ടീമിൽ ഉള്ളത്. അവിടുത്തെ അന്തേവാസികളെ കാണുക, അവരുമായി സംസാരിക്കുക ബോധവത്കരണം നടത്തുക എന്നിവയാണ് ലക്‌ഷ്യം. 

അവിടെ ചെന്നപ്പോൾ അധികൃതർ അനുവദിച്ചത് രോഗം ഭേദമായവരെയും ഭേദമായിക്കൊണ്ടിരിക്കുന്നവരെയും സന്ദർശിച്ചു വർത്തമാനം പറയാൻ ആണ് - സ്ത്രീകളുടെ വാർഡിൽ.
ഞാൻ ബുദ്ധനെപ്പറ്റിയാണു സംസാരിച്ചത്.

അവരിൽ ഒരാൾ ഞങ്ങളെ വല്ലാതെ ആകർഷിച്ചു. കുറുകിയ ശരീരം. മുഖത്തുറഞ്ഞ സഹനത്തിന്റെ ഭാവം. പേര് ചോദിച്ചു : മറിയാമ്മ മൈക്കിൾ. ഇടുക്കി ജില്ലയിൽ എവിടെയോ ആണ് വീട് . പതിന്നാലു വര്ഷം വീട്ടിലെ മുറിയിൽ പൂട്ടിയിട്ട ശേഷം സഹോദരന്മാർ (അഞ്ചോ ആറോ പേരുണ്ട്   അവർ) ഭ്രാന്താസ്പത്രിയിൽ കൊണ്ടാക്കിയതാണ്. കാരണം  സഹോദരന്മാർക്കൊപ്പം ഒരേ ഒരു സഹോദരിയായിരുന്ന മറിയാമ്മയ്ക്കും സ്വത്തിൽ തുല്യാവകാശം നൽകിക്കൊണ്ട് അപ്പൻ മൈക്കിൾ സ്വത്തു വീതിച്ചു. 

മേരി റോയ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിനു വേണ്ടി പൊരുതിത്തുടങ്ങുന്നതിനും വർഷങ്ങൾക്കു മുമ്പായിരുന്നു മൈക്കിൾ എന്ന  പിതാവിന്റെ ആ തീരുമാനം. പക്ഷെ പിതാവിന്റെ മരണശേഷം സഹോദരന്മാർ മറിയാമ്മയെ ഒരു ഇടുക്കു മുറിയിൽ പൂട്ടിയിട്ടിട്ട്  അവർക്കു പിതാവ് നൽകിയ സ്വത്ത്  - ഏക്കർ കണക്കിനുള്ള  ഭൂമി സ്വന്തമാക്കി.  പതിന്നാലുവർഷം മറിയാമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷം ഊളമ്പാറയിലെ ഭ്രാന്താസ്പത്രിയിൽ കൊണ്ടുതള്ളി. അവർ അവിടെ വന്നിട്ട് നാലു കൊല്ലത്തിൽ ഏറെ യായിരുന്നു. ആരും തിരികെ കൊണ്ടുപോകാൻ ഇല്ലാതെ അവിടെത്തന്നെ കഴിയുകയാണ്.  അങ്ങനെയുള്ള നിരവധി പേരെ അവിടെ കണ്ടു. ഭ്രാന്താസ്പത്രിയിൽ ആക്കിയിട്ടു പോയ ബന്ധുക്കൾ തിരിഞ്ഞു നോക്കാതെ ആരും വിളിക്കാൻ ഇല്ലാതെ അവിടെത്തന്നെ കഴിയുന്ന ഹതഭാഗ്യരായ സ്ത്രീകൾ. അതിൽ ഒരാൾ മാത്രമാണ് മറിയാമ്മ മൈക്കിൾ. 

അത്തരത്തിൽ വേറെ ഒരാൾ ഒരു അമ്മച്ചി ആയിരുന്നു. അവരുടെ വീട് കോട്ടയം ജില്ലയിൽ എവിടെയോ ആണ്. ഞാൻ കാണുമ്പോൾ അവരുടെ വേഷം ഒരു നീല കൈലിയും ചട്ടയും ആണ്. മരുമകളുമായി   വഴക്ക് ആയിരുന്നു അമ്മച്ചി. പേര് സാറാ.  ഒരു ദിവസം വഴക്കു മൂത്തപ്പോൾ അവർ പറഞ്ഞു  : നിന്റെ കൊച്ചിനെ എടുത്തു ഞാൻ കിണറ്റിൽ ഇടും. പക്ഷെ മകൻ വന്നപ്പോൾ മരുമകൾ പറഞ്ഞു : നിങ്ങടെ തള്ള എന്നെ തല്ലി.  കൊച്ചിനെ എടുത്തു കിണറ്റിൽ ഇടാൻ പോയി. 
മൂന്നാം ദിവസം മകൻ പറഞ്ഞു : അമ്മച്ചീ നമ്മക്ക് പരുമല പെരുന്നാളിന് പോകാം . അങ്ങനെ പറഞ്ഞു അവരെ ഊളമ്പാറ ഭ്രാന്താസ്പത്രിയിലേക്കാണ് കൊണ്ടു വന്നത്. വന്നിട്ട് വർഷം രണ്ടായി. കൊണ്ടുപോകാൻ ആരും  വന്നില്ല. ആരും വരില്ല . ആ അമ്മച്ചിക്ക് പ്രതീക്ഷകൾ ഒന്നും ഇല്ല. 

വേറെ ഒരാൾ സോമലത. അവരുടെ ഭർത്താവ് ഗൾഫിൽ ആയിരുന്നു. തിരികെ വന്നു തടിക്കച്ചവടം തുടങ്ങി. വേറെ ഒരുത്തിയുടെ കൂടെ  അവിഹിതത്തിൽ  ആയി. അതിനെ എതിർത്ത സോമലതയെ പണത്തിന്റെ ബലത്തിൽ ഊളമ്പാറയിൽ കൊണ്ടു  തള്ളി. വിളിക്കാൻ ആരും വരുന്നില്ല. ഞങ്ങളുടെ കൂട്ടത്തിൽ വന്ന ഉണ്ണി (പാലക്കാട്) കവിത ചൊല്ലിയപ്പോൾ സോമലത ചോദിച്ചു : എടോ ഇത് താൻ തന്റെ പ്രേമനൈരാശ്യം കൊണ്ട് എഴുതിയ കവിത അല്ലെ? 

അതിനിടെ അപ്പുറത്തെ ജാലകത്തിലൂടെ ഞങ്ങൾ കണ്ടു : നഗ്നരായി നടക്കുന്ന വയറുന്തിയ ചില പെൺകോലങ്ങൾ. ഞെട്ടിപ്പോയി. ആ ഞെട്ടൽ ഇപ്പോഴും പിന്തുടരുന്നു. 

വേറെ ഒരു പെൺകുട്ടി. . പാപ്പാ എന്ന് അവിടെ വിളിക്കുന്ന തല മൊട്ടയടിച്ച ആ പെൺകുട്ടിയോട് ആരും ഒന്നും ചോദിക്കുകയോ മിണ്ടുകയോ ചെയ്യരുതെന്ന് അധികൃതർ പറഞ്ഞു. തൊട്ടപ്പുറത്തെ പോലീസ് ക്യാമ്പിൽ നിന്നും മതിൽ ചാടി വന്നും മതിൽ കടത്തപ്പെട്ടും പീഡിപ്പിക്കപ്പെടുന്ന പെൺകോലങ്ങളെപ്പറ്റി സുഗതകുമാരി കുറച്ചു കാലം മുമ്പ് എഴുതിയിരുന്നത് ഞാൻ ഓർത്തു. 

മറിയാമ്മ മൈക്കിൾ   വളരെ പ്രസന്നവദനയായി ഞങ്ങളോട് സംസാരിച്ചു. പതിന്നാല് വര്ഷം ഏറ്റ  പീഡനത്തിന്റെയും പിന്നീടുള്ള ഭ്രാന്താസ്പത്രിവാസത്തിന്റെയും ഓർമ്മകളും അനുഭവങ്ങളുടെ അടയാളങ്ങളും കുറുകിയ  ആ മുഖം ഞാൻ ഒരിക്കലും മറക്കില്ല. 

സ്വയം  രചിച്ച ഒരു പാട്ടും ഞങ്ങളെ മറിയാമ്മ മൈക്കിൾ പാടിക്കേൾപ്പിച്ചു. അതിലെ
"ജീസസ്സേ നിൻ പിക്ച്ചർ കണ്ടെൻ
ഹാർട്ടിനുള്ള ഹാപ്പിനെസ്സു വർദ്ധിക്കുന്നു " - എന്ന വരികൾ മാത്രമേ എനിക്ക് ഇപ്പോൾ ഓർമ്മയുള്ളൂ. 

ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിനായുള്ള മേരി റോയിയുടെ അവിരാമമായ സമരത്തിന്റെ വാർത്തകൾ വരുമ്പോഴൊക്കെ അതിനും എത്രയോ മുമ്പ് തന്റെ മകൾക്കും  ആൺമക്കൾക്കൊപ്പം അവകാശം കൊടുത്ത മൈക്കിൾ എന്ന ആ പിതാവിനെയും മറിയാമ്മ മൈക്കിളിനെയും ഞാൻ ഒരുപാട് ഓർത്തു. 

ഞാൻ ജയ്‌പൂർ വിട്ടു ബാംഗ്ലൂരിലേക്ക് വരുന്നതിനു തൊട്ടുമുൻപ് എപ്പോഴോ ഒരു ദിവസം ദൂരദർശൻ മലയാളം ചാനലിൽ  ഒരു പരിപാടി കണ്ടു - തിരുവനന്തപുരത്തെ സാന്ത്വനം  എന്ന ഒരു അനാഥാശ്രമത്തെ പറ്റിയാണ് . അതിലെ അന്തേവാസിയായ ഒരു  സ്ത്രീ സംസാരിക്കുന്നു -  മറിയാമ്മ എന്ന് പേര് പറഞ്ഞ അവർ മറിയാമ്മ മൈക്കിൾ ആണെന്ന്   ഞാൻ തിരിച്ചറിഞ്ഞു. അവർ അന്ന് ആ അനാഥാലയത്തിന്റെ സംരക്ഷണയിൽ ആണ്. എനിക്ക് സന്തോഷം തോന്നി. ഊളമ്പാറ എന്ന നരകത്തിൽ നിന്നും അവർ രക്ഷപെട്ടല്ലോ. 

മേരി റായിക്കും മുമ്പേ നടന്ന മൈക്കിൾ എന്ന ആ പിതാവിനും മനസ്സിനെ മഥിച്ച   മറിയാമ്മ മൈക്കിളിനും സ്നേഹാദരങ്ങൾ. 
മറിയാമ്മ മൈക്കിൾ ഇപ്പോഴും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം