അച്ഛൻ വി.ശ്രീധരൻ കുറുമ്പകര എഴുതിയ 'ഏനാദിമല'യും എൻ്റെ ചില പുസ്തക വ്യവഹാരങ്ങളും

എസ്. സലിംകുമാർ 





എൻ്റെ  അച്ഛൻ വി.ശ്രീധരൻ എഴുതിയ 'ഏനാദിമല' എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. എന്റെ പുസ്തകക്കച്ചവടക്കാലത്തൊരിക്കൽ ആണ് അച്ഛൻ ഈ പുസ്തകത്തിന്റെ രചന തുടങ്ങിയത്. അക്കാലത്തും പിന്നീടും ഞാൻ നടത്തിയ ചില പുസ്തകവ്യവഹാര സാഹസങ്ങൾ ഓർമ്മ വന്നു:

  
വി. ശ്രീധരൻ 

 അന്നെനിക്ക് നാട്ടിൽ പുസ്തകക്കച്ചവടം ഉണ്ടായിരുന്നു. ഞാൻ തയ്യാറാക്കി പത്തനാപുരത്തെ കോമ്പാഖ് കംപ്യൂട്ടേഴ്സിൽ ഡി ടി പി ചെയ്ത് കൊട്ടാരക്കരയിലോ പത്തനംതിട്ടയിലോ കോന്നിയിലോ തിരുവനന്തപുരത്തോ ഒക്കെ അച്ചടിച്ച പുസ്തകങ്ങൾ. ഒരു തവണ ഒരു പുസ്തകം മാത്രം. അത് അവസാന കോപ്പി വരെയും വിറ്റിട്ട് അടുത്ത പുസ്തകം. മിക്കവാറും എന്റെ കയ്യിൽ കാശൊക്കെ തീർന്നു സാമ്പത്തിക കാര്യങ്ങൾ വഷളായിത്തുടങ്ങുമ്പോഴായിരിക്കും അടുത്ത പുസ്തകം ഇറക്കുന്നത്. മിക്ക പുസ്തകങ്ങളുടെയും പ്രസിദ്ധീകരണത്തിനു പിന്നിൽ ചില കഥകൾ ഉണ്ട്. അതൊക്കെ പിന്നീട് വിശദമായി എഴുതുന്നുണ്ട്. പുസ്തകം എന്നാൽ പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് അഞ്ചു രൂപയ്ക്കു വാങ്ങാവുന്ന പുസ്തകങ്ങൾ. ഒരു ഓണക്കാലത്തും നാട്ടിലുള്ളപ്പോൾ കയ്യിൽ കാശ് ഇല്ലാത്ത സ്ഥിതി ആയി. അങ്ങനെയാണ് കിട്ടാവുന്നിടത്തോളെ ഓണപ്പാട്ടുകൾ ശേഖരിച്ചു പത്തനാപുരത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളുടെ പരസ്യം കൊടുത്തുകൊണ്ട്  ഓണപ്പാട്ടുകൾ എന്ന പുസ്തകം ഇറക്കിയത്. മുത്തശ്ശിയമ്മയുടെ മാല പണയം വച്ച കാശുമായി ശിവകാശിയിൽ പോയി പുസ്തകം അടിപ്പിക്കുകയായിരുന്നു. 

 'കുടുക്ക' എന്നായിരുന്നു രണ്ടാമത്തെ പുസ്തകത്തിന്റെ പേര്. മലയാളത്തിലെ നാടൻകുട്ടിപ്പാട്ടുകളുടെ ഒരു സമാഹാരം ആയിരുന്നു അത്. കുഞ്ഞുണ്ണി മാസ്റ്റർ ശേഖരിച്ചു പ്രസിദ്ധീകരിച്ച 'നാടൻകുട്ടിക്കവിതകൾ' ആയിരുന്നു പ്രചോദനം. ഡി പി ഇ പി കുട്ടികൾക്ക് ചൊല്ലിയും കളിച്ചും പഠിക്കാൻ ഉതകുന്ന പാട്ടുകൾ ആയിരുന്നു അത്. അതിൽ തിന്നും മലയാളത്തിലെ വിവിധ നാടൻപാട്ട്പു ശേഖരണങ്ങളിൽ നിന്നും, അമ്മയും അയൽക്കാരും ഒക്കെ പറഞ്ഞു കേട്ടതും കുട്ടിക്കാലത്തു പാടാനും കളിക്കാനും ഒക്കെ ഉപയോഗിച്ചിരുന്നതുമായ നൂറോളം ചെറുപാട്ടുകൾ അതിൽ ഉണ്ടായിരുന്നു. പുസ്തകത്തിന് വിലയിട്ടിരുന്നത് പത്തു രൂപയാണ്. നാല് രൂപയ്ക്കാണ് സ്‌കൂളുകളിൽ കൊടുത്തത്. അഞ്ചു രൂപയ്ക്കു അത് കുട്ടികൾക്ക് കൊടുക്കും. നാലു രൂപ എനിക്ക് കിട്ടും. ഒരു രൂപ സ്‌കൂളിലെ കഞ്ഞിവയ്പ്പിനു വിറകു വാങ്ങാൻ ഉപയോഗിക്കും അങ്ങനെ ആയിരുന്നു വ്യവസ്ഥ. വിൽക്കാത്ത പുസ്തകങ്ങൾ തിരികെ എടുക്കും എന്നതായിരുന്നു സ്‌കൂളുകളെ സംബന്ധിച്ച ഏറ്റവും ആകർഷകമായ വ്യവസ്ഥ. പുസ്തകം വിറ്റു തന്നാൽ എന്തു കമ്മീഷൻ തരുമെന്ന് ഒരു സ്‌കൂളിലെ മാഷ് ചോദിച്ചു - പുസ്തകവില്പനയുടെ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം ആയിരുന്നു. 

അത് വരെ ഏഴോ എട്ടോ സ്‌കൂളുകളിൽ ഞാൻ പുസ്തകം കൊടുത്തു കഴിഞ്ഞിരുന്നു. ഒരു പു സ്തകത്തിനു ഒരു രൂപ വീതം കിട്ടണം എന്നതായിരുന്നു ആ മാഷിന്റെ ആവശ്യം. അത് ഞാൻ അംഗീകരിച്ചു. അടുത്ത സ്‌കൂളിൽ ചെന്നപ്പോൾ ഞാൻ തന്നെ അങ്ങോട്ട് പറഞ്ഞു : കുട്ടികൾക്ക് അഞ്ചു രൂപയ്ക്കു പുസ്തകങ്ങൾ കൊടുക്കാം. എനിക്ക് നാല് രൂപ വച്ച് തന്നാൽ മതി. ആ മാഷ് എന്നോട് പറഞ്ഞു : ഞങ്ങൾക്ക് കമ്മീഷൻ ഒന്നും വേണ്ട, കുട്ടികൾക്ക് പുസ്തകം അഞ്ചു രൂപയ്ക്കു വിൽക്കും. പക്ഷെ നാല് രൂപ വച്ചേ ഞങ്ങൾ തരൂ. ബാക്കി തുക ഞങ്ങൾ ഉച്ചക്കഞ്ഞി വയ്ക്കാനുള്ള വിറകിനു ചെലവാക്കും. അതൊരു നല്ല ഐഡിയ ആണെന് എനിക്ക് തോന്നി. അടുത്ത സ്‌കൂളിൽ മുതൽ ഞാൻ അക്കാര്യം കൂടി പറഞ്ഞു : എനിക്ക് ഒരു പുസ്തകത്തിനു നാലു രൂപവീതം തന്നാൽ മതി ബാക്കി ഒരു രൂപ കഞ്ഞി വയ്ക്കാൻ വിറകിനു ഉപയോഗിക്കാം. 

 ആ പുസ്‌തകം പതിനായിരം കോപ്പിയിലേറെ വിറ്റു. ആദ്യം ആയിരം കോപ്പി അടിച്ചു. രണ്ടാമത് രണ്ടായിരവും പിന്നീട് അയ്യായിരവും അതിനു ശേഷം രണ്ടായിരവും കോപ്പി വീതം അടിച്ചു. പുസ്തകങ്ങൾ ആദ്യം വീട്ടിലും, അവിടെ അസൗകര്യം ആയപ്പോൾ പത്തനാപുരത്തെ ഫാത്തിമ ലോഡ്ജിൽ പ്രതിമാസം ആയിരത്തഞ്ഞൂറു രൂപയ്ക്കു വാടക മുറിയിലേക്ക് മാറി.

​ഞാൻ അച്ചടിപ്പിച്ചു വിറ്റ ചില പുസ്തകങ്ങൾ 

 ഞാൻ രാവിലെ ഒരു ഓട്ടോയിൽ മുന്നൂറിൽ കുറയാത്ത പുസ്തകങ്ങളുമായി സ്‌കൂളുകൾ തേടി പുറപ്പെടും. ഓരോ സ്‌കൂളിലും അവിടുത്തെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചോ അതില്കുറച്ചോ പുസ്തകങ്ങൾ കൊടുക്കും. അടുത്താഴ്ച ഇതേ ദിവസം വരും എന്ന് പറഞ്ഞു അവർ പറയുന്നത്ര പുസ്തകങ്ങൾ കൊടുത്തിട്ടു പോകും. അടുത്താഴ്ച കയ്യിൽ ഒരു ബിഗ്‌ഷോപ്പറിൽ അമ്പതിൽ കുറയാതെ പുസ്തകങ്ങളുമായി ബസ്സിലും ഒക്കെയാവും പോവുക. പുസ്തകം കൊടുത്ത സ്‌കൂളിൽ ചെല്ലും. ചിലേടത്തു പുസ്തകങ്ങൾ കുറച്ചൊക്കെ ബാക്കിയുണ്ടാവും. ചിലേടത്തു ഇനിയും പുസ്തകങ്ങൾ വേണം. കാശു പിരിച്ചത് നാലു രൂപ നിരക്കിൽ ഉണ്ടാവും. അത് വാങ്ങും. ബാക്കിയുള്ള പുസ്തകങ്ങൾ തിരികെയെടുക്കും. കൂടുതൽ പുസ്തകങ്ങൾ വേണമെങ്കിൽ അത് കൊടുക്കും.

 കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ​നൂറില്പരം ലോവർ-അപ്പർ പ്രൈമറി സ്‌കൂളുകളിലും ചില ടി ടി സി കോളേജുകളിലും ഇങ്ങനെ പുസ്തകം വിറ്റു. പകൽ സമയം ഞാൻ ലോഡ്ജിൽ ഉണ്ടാവില്ല. അച്ഛൻ ആ നേരത്തു അവിടെ വന്നിരിക്കും. അച്ഛന്റെ പൊതുജനസമ്പർക്കകേന്ദ്രന്മായി അവിടം മാറി.

 അതിനും കുറെ നാലു മുമ്പുതന്നെ അച്ഛനൊടു അനുഭവങ്ങൾ എഴുതാൻ ഞാൻ പറഞ്ഞിരുന്നു. സംഭവങ്ങളെ വിവരിക്കുന്നതിൽ അച്ഛനുള്ള കഴിവ് കുട്ടിക്കാലം മുതലേ ഞാൻ കേട്ടിരുന്നിട്ടുള്ളതാണ്. അച്ഛൻ അടുത്തന്റെ പരിചയക്കാരോടോ സുഹൃത്തുക്കളോടോ ആരോടെങ്കിലും സംസാരിക്കുമ്പോൾ ലഭിക്കുന്ന അവിസ്മരണീയമായ ചിലതു അതിനെ ആകർഷ ണീയമാക്കി. ഞാൻതന്നെ ഒരു നോട്ട് ബുക്ക്‌ വാങ്ങിക്കൊടുത്തു. ഒരു ദിവസം അച്ഛൻ എഴുതിത്തുടങ്ങി. ഞാൻ ജയ്പൂരിലേക്കു തിരികെപ്പോയപ്പോൾ മുറി ഒഴിഞ്ഞു. വീട്ടിൽകിരിക്കുമ്പോഴും അച്ഛൻ രചന തുടർന്നു. 

2003 ൽ ഞാൻ ബാംഗ്ലൂരിലേക്ക് കുടിയേറി. നാട്ടിൽ ചെന്നപ്പോൾ അച്ഛന്റെ പുസ്തകം വായിച്ചു. ബാംഗ്ലൂരിൽ കൊണ്ട് വന്നു ഡി ടി പി ചെയ്തു. അച്ഛനും അമ്മയും ബാംഗ്ലൂരിൽ വന്നപ്പോൾ അത് കംപ്ഊറ്ററിൽ വായിക്കാൻ നോക്കിയപ്പോൾ അത് കമ്പ്യൂട്ടറിൽ നിന്നും എങ്ങനെയോ മാഞ്ഞു  പോയിരുന്നു. വീണ്ടും ഡി ടി പി ചെയ്‌തെങ്കിലും 2014 ൽ അച്ഛൻ മരിക്കുന്നതു വരെയോ അതിനു ശേഷമോ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ആണ് അത് പ്രസിദ്ധീകരിക്കുവാൻ ഒരുങ്ങുന്നത്.

 ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ ഇങ്ങനെ പിന്നെയും പുസ്തകങ്ങൾ ഇറങ്ങി. എന്റെ പണി തരക്കേടില്ല എന്ന് കണ്ട ഒരു സുഹൃത്ത് പാർട്ണർ ആയി കുറച്ചു പണം മുടക്കിയെങ്കിലും അത് പ്രശ്നങ്ങളിൽ കലാശിച്ചതിനാൽ പിന്നെയും ഞാൻ ഒറ്റയ്ക്കായി. സ്‌കൂളുകളിലും, ഓഫീസുകളിലും, കടകളിലും എന്ന് വേണ്ട വഴിയിൽ തടഞ്ഞു നിർത്തിവരെ ആൾക്കാർക്ക് പുസ്തകങ്ങൾ വിറ്റിട്ടുണ്ട്. അഞ്ചു രൂപ തന്നു ആരും വാങ്ങുന്ന പുസ്തകം ആയിരുന്നു അത്. പത്തു രൂപയ്ക്കു വിൽക്കാമായിരുന്നിട്ടും അഞ്ചു രൂപയ്ക്കാണ് പുസ്തകം വിറ്റത്. ശരാശരി ഒന്നര രൂപയായിരുന്നു എനിക്ക് ഓരോകോപ്പിക്കും. ഓട്ടോക്കൂലിയും മറ്റു ചെല വുകളും ഒക്കെ കഴിഞ്ഞാലും ഒരു പുസ്തകത്തിൽ രണ്ടു രൂപയെങ്കിലും ലാഭം ആയിരുന്നു. 

 മലയാളം അക്ഷര പാഠാവലി എന്നൊരു പുസ്തകവും ഞാൻ ഇങ്ങനെ തയ്യാറാക്കി അച്ചടിപ്പിച്ചു  വിറ്റിട്ടുണ്ട്. അതിന്റെ രണ്ടാമത്തെ എഡിഷൻ മൊത്തം വയനാട് ജില്ലയിലെ സ്‌കൂളുകളിൽ ആണ് വിറ്റത്. അത് ഞാൻ ബാംഗ്ലൂരിൽ വന്നതിനു ശേഷം ആയിരുന്നു. ബാംഗ്ലൂരിൽ നിന്നും അഞ്ചാറ് മണിക്കൂർ കൊണ്ട് എത്താവുന്ന ഇടമാണെന്നുള്ളതും എന്റെ വയനാടൻ നൊസ്റാൾജിയയും ആയിരുന്നു അതിനു കാരണം. മുപ്പതു രൂപ വിലയിട്ട 64 പേജുള്ള പുസ്തകം പത്തു രൂപയ്ക്കും ഇരുപതു രൂപയ്ക്കും മുപ്പതു രൂപയ്ക്കും ഒക്കെ വിട്ടു. കല്പറ്റ, ബത്തേരി, മാനന്തവാടി, പനമരം, പുൽപള്ളി, നടവയൽ, ചെന്നിലോട്, കമ്പളക്കാട്, പുൽപള്ളി, കേണിച്ചിറ, മീനങ്ങാടി മുതലായ ഇടങ്ങളിലെ എല്ലാ കടകളിലും സ്ഥാപനങ്ങളിൻ കയറിയിറങ്ങി പുസ്തകം വിറ്റു. 

 അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി - വ്യാപാരികളിൽ നല്ലൊരു ഭാഗവും മുന്തിയ വായനാശീലം ഉള്ളവരാണ്. അവരുടെ മേശപ്പുറത്തു മലയാളത്തിലെ മികച്ച പല കൃതികളും കണ്ടു. പതിനഞ്ചു രൂപ വിലയിട്ടു 'പഴഞ്ചൊല്ലിൽ പതിരില്ല' എന്നൊരു പുസ്തകവും ഞാൻ വയനാട് കൂടാതെ പാലക്കാട് നഗരത്തിലും വ്യാപകമായി വിറ്റു. ജയ്‌പ്പൂരിൽ അച്ചടിച്ച പുസ്തകവുമായി പാലക്കാട്ടെത്തി അവിടുത്തെ പുസ്തകവില്പന കഴിഞ്ഞു വയനാട്ടിൽ എത്തുകയായിരുന്നു.

 മാനന്തവാടിയിലെ ഹക്സൻസ് ലോഡ്ജിൽ ആയിരുന്നു മുറിയെടുക്കുന്നത്. ദിവസ വാടക 75 രൂപ. ഒരാഴ്ചയൊക്കെ തുടർച്ചയായി താമസിക്കും. ആദ്യം ഒരു തവണ കഴിഞ്ഞപ്പോൾ അവിടെ അഡ്വാൻസ് ഒന്നും കൊടുക്കണ്ട, മുറിയൊഴിയുമ്പോൾ കാശ് കൊടുത്താൽ മതി എന്നായി. അത് കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞായിരുന്നു മലയാളം അക്ഷരപാഠാവലിയുടെ കച്ചവടം. സ്‌കൂളുകളിൽ നിന്ന് തിരികെയെടുക്കുന്ന കോപ്പികൾ എല്ലാ വൈകുന്നേരത്തും ടൗണുകളിൽ ഇറങ്ങി കടകളിൽ കൊടുത്തു. കടകളിൽ കടയുടമ കൂടാതെ അപ്പോൾ അവിടെ സാധനം വാങ്ങാൻ വന്ന പലരും പുസ്തകം വാങ്ങും. 

 മലയാളം അക്ഷര പഠനക്രമം, ചെറുപാട്ടുകൾ, നാവു വഴങ്ങാൻ, നടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കഥകൾ ഇങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കും രസകരമായി ഉപയോഗിക്കാവുന്ന ഒരു പുസ്തകം ആയിരുന്നു അത്. ചെന്നിലോട് സ്‌കൂളിൽ പുസ്തക വിൽപ്പന നടത്താൻ ഏറെ സഹായിച്ച പുഷ്പലത ടീച്ചർ പനമരം ബസ്സപകടത്തിൽ മരിച്ചത് പത്രവാർത്തയിൽ നിന്നാണ് അറിഞ്ഞത്. അതൊരു ദുഃഖസ്മരണയായി മനസ്സിൽ ഉണ്ട്. 2008 ൽ അക്ഷരപാഠാവലിയയുടെ 2000 കോപ്പികൾ പരസ്യപ്പേജുകൾ കൂടി ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു ബാംഗ്ളൂരിലെ മലയാളി സംഘടനകൾ മുഖേനയും മലയാളികളായ പൊതുജനങ്ങൾക്കിടയിലും സൗജന്യമായി വിതരണം ചെയ്തതിട്ടുണ്ട്. മലയാളം പഠിക്കുവാൻ ബാംഗ്ലൂരിൽ നിന്നും ഇറങ്ങിയിട്ടുള്ള മൂന്നു പുസ്തകങ്ങളും തയ്യാറാക്കിയതും അവയിൽ രണ്ടെണ്ണം പ്രസിദ്ധീകരിച്ചതും ഈയുള്ളവനാണ്. പിന്നെയും എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ബാംഗ്ലൂരിൽ മലയാളം മിഷന്റെ വരവ്.  

 പിന്നീട് 2018 ൽ 'കന്നഡ സംസാരപാഠാവലി. എന്നൊരു പുസ്തകവുമായി ഞാൻ വയനാട്ടിലെ ടൗണുകളിലെ പുസ്തകശാലകളിൽ കയറി ഇറങ്ങി. അഞ്ഞൂറിലേറെ പുസ്തകങ്ങൾ വയനാട്ടിൽ വിറ്റു. അഞ്ചും പത്തും പതിനഞ്ചും കോപ്പികൾ വീതം പുസ്ടകശാലകളിൽ റെഡി ക്യാഷിനു കമ്മീഷൻ കൂടുതൽ കൊടുത്തായിരുന്നു വില്പന. കർണാടകത്തിലേക്കു പോകുന്ന ബസ്സുകളിലും കൊച്ചുവേളി ബാംഗ്ലൂർ ട്രെയിനിലും ഒക്കെ 'കന്നഡ സംസാര പാഠാവലി' വിറ്റിരുന്നു. നൂറു രൂപ വിലയിട്ടിരുന്ന പുസ്തകം ബാംഗ്ലൂരിലെ കടകളിലും പ്രൈവറ്റ് ബസ് ഏജൻസികളുടെ ഓഫീസുകളിലും ഒക്കെ വിറ്റു. കന്നഡ സംസാര പാഠാവലി, മലയാളം അക്ഷരപാഠാവലി എന്നിവയുടെ അടുത്ത പതിപ്പ് ഉടനെ ഇറങ്ങുന്നുണ്ട്. കുടുക്ക (നാലു പതിപ്പുകൾ), മലയാളം അക്ഷരപാഠാവലി (രണ്ടു പതിപ്പുകൾ) മറ്റുള്ളവരുടെ നാല് മലയാളം പുസ്തകങ്ങൾ രണ്ടു ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയും ബാംഗ്ലൂരിലെ 40 മലയാളി എഴുത്തുകാരുടെ രചനകൾ ഉൾപ്പെടുത്തി സമതലം എന്ന 400 പേജുള്ള പുസ്തകവും എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'മുൻഷി പരമു പിള്ള - വ്യക്തിയും ജീവിതവും' എന്നൊരു പുസ്തകം അടൂരിലെ ലെൻസ് ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്. അതിന്റെ പുതിയ പതിപ്പും ഇംഗ്ലീഷ് പരിഭാഷയും അച്ചടിക്ക് തയാറായി വരുന്നു. 

കൊറോണക്കാലത്ത് രണ്ടു പുസ്തകങ്ങൾ കേന്ദ്രസാഹിത്യ അക്കാദമിക്ക് വേണ്ടി വിവർത്തനം ചെയ്യാൻ കഴിഞ്ഞു. തെംസുല ആഓ യുടെ Laburnam for My Head (ചെറുകഥകൾ), കൊലകലൂരി ഇനോക്കിന്റെ 'ഊരബാവി" (തെലുങ്ക് കഥകൾ എന്നിവ. എനിക്ക് തെലുങ്ക് അറിയില്ല. അതിനാൽ 'ഊര ബാവി - ഗ്രമക്കിണർ പി.ജയലക്ഷ്മി  വിവർത്തനം ഇംഗ്ലീഷ് പതിപ്പിനെ ആസ്പദമാക്കിയാണ് വിവർത്തനം ചെയ്തത് . ഗ്രന്ഥകാരനുമായി  നിരന്തര സമ്പർക്കവും നടത്തിയിരുന്നു) എന്നീ കൃതികൾ. കൊറോണ കാരണം പ്രസിദ്ധീകരണം നീണ്ടു പോയ ആ പുസ്തകങ്ങൾ ഈ വര്ഷം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 



കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച വിവർത്തനം 

 എൻ്റെ മറ്റൊരു വിവർത്തനകൃതിയാണ്    ആസാം സർക്കാറിനു വേണ്ടി   2024 ജനുവരി 20 ന് ഗൗഹാട്ടിയിൽ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിലീസ് ചെയ്ത അരൂപ് കുമാർ ദത്തയുടെ  'അസമിൻ്റെ വീരഹൃദയം - ലാചിത്  ബൊർഫുകൻ'  എന്ന പുസ്തകം  

'അസമിൻ്റെ വീരഹൃദയം - ലാചിത്  ബൊർഫുകൻ' 
പ്രസാധനം : പുബ്ലിക്കേഷൻ ബോർഡ്, ആസാം സർക്കാർ 

പണ്ടാരച്ചെമ്പ് , അകം, അതിർത്തി, ശിഥിലം, പീഠഭൂമി, നാടാറുമാസം എന്നീ നോവലുകൾ, ഒരു ചെറുകഥാസമാഹാരം (ഒമ്പതു കഥകൾ), കവിതാസമാഹാരം (150 കവിതകൾ), അഭിമുഖങ്ങൾ, ലേഖനങ്ങൾ, പള്ളിക്കൂടപ്പത്ത് (ഓർമ്മകൾ). സിനിമാക്കാലം എന്നിങ്ങനെ കുറേ സാധനങ്ങൾ പ്രസിദ്ധീകരിക്കുവാൻ ഉണ്ട്. 

സ്വന്തം എഴുത്തിനോട് സ്വതേയുള്ള അശ്രദ്ധയും പ്രസാധകരുടെ അത്യാഗ്രഹങ്ങളും കാരണം പ്രസിദ്ധീകരണം നീണ്ടു പോയി. എലാം സ്വന്തമായി പ്രസിദ്ധീകരിക്കുവാനുള്ള ചെറിയ ചുവടുവയ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു. എന്തായാലും അച്ഛൻ എഴുതിയ 'ഏനാദിമല' പ്രസിദ്ധീകരിച്ചതിന് ശേഷമേ എന്റെ കൃതികൾ പ്രസിദ്ധീകരിക്കുന്നുള്ളൂ. 'മലയാളം റൈറ്റേഴ്‌സ് നെറ്റ്‌വർക്ക് 'മുഖേന ആയിരിക്കും എല്ലാറ്റിൻ്റെയും പ്രസാധനം. മലയാളം റൈറ്റേഴ്‌സ് നെറ്റ് വർക്കിൻ്റെ  ബാനറിൽ പ്രസിദ്ധീകരിക്കുന്ന അഞ്ചാമത്തെ പുസ്തകമായ 'ഏനാദിമല'യുടെ അവതാരിക എഴുതിയിരിക്കുന്നത് വി കെ അജിത് കുമാർ ആണ്. പ്രകാശനം  ബാംഗ്ലൂരിൽ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം