വാസുദേവന്റെ തയ്യൽക്കട: ആദ്യ അദ്ധ്യായം

എസ്. സലിംകുമാർ 



വാസുദേവൻ  പന്ത്രണ്ടാമത്തെ വയസ്സിൽ രാഷ്ട്രീയത്തിൽ ഇറങ്ങി. അമ്പത്തേഴിലെ ആദ്യത്തെ ഇലക്ഷന് വാസുദേവൻ രംഗത്തുണ്ട്. പൊടിയൻചേട്ടൻ എന്നു വാസുദേവൻ വിളിക്കുന്ന മുല്ലമ്പൂ പൊടിയൻ,  കുഞ്ഞുപിള്ള, പിന്നെ വാസുദേവന്റെ അമ്മാവൻ വേലാംമുതലാളി, കാപ്പിക്കട രാഘവൻ, മൺകണ്ടം രാഘവൻ, സുലൈമാൻ റാവുത്തർ ഇവരൊക്കെയായിരുന്നു അന്ന് ഇളമണ്ണൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റുകാർ.   പന്ത്രണ്ടു വയസ്സിനു മുമ്പുതന്നെ വാസുദേവനെയും അതുപോലുള്ള ചില കുട്ടികളെയും അവിടുത്തെ കമ്മ്യൂണിസ്റ്റുകാർ  പ്രവർത്തനത്തിനിറക്കി.   എന്തിനാണെന്നറിയാമോ? 

മൺകണ്ടം രാഘവൻ, സുലൈമാൻ റാവുത്തർ മുതലായവർ സന്യാസിമുരുപ്പിന്റെ  (ഉള്ളംകുന്നത്ത് മലനട) മുകളിൽ കയറിനിന്നു മെഗാഫോൺ വച്ച്  ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കും. അതിനും ഇതിനുമൊക്കെ അവർ മുരുപ്പിൽ കയറിനിന്നു മെഗാഫോൺ അനൗൺസ്‌മെന്റ് നടത്തും. അതു  നാട്ടുകാർ കേൾക്കാതിരിക്കാൻ ചില കോൺഗ്രസ്സുകാർ ചേർന്ന് പാട്ട കൊട്ടി ശബ്ദമുണ്ടാക്കും. എന്നു  മാത്രമല്ല സ്ഥലത്തെ   ചുവരെഴുത്തിനും പർട്ടിപ്രവർത്തനത്തിനുമൊക്കെ പോകുന്ന കമ്മ്യൂണിസ്റ്റുകാരെ കോൺഗ്രസ്സുകാർ കല്ലെറിയും. സേവാദളം പാപ്പച്ചൻ, ചാങ്കൂർ  പവിത്രൻ മുതലായവരാണ് സ്ഥലത്തെ പ്രധാന കോൺഗ്രസ്സുകാർ. കമ്മ്യൂണിസ്റ്റുകാർ ഇരുപത്തിമൂന്നിൽ നാരായണൻ മുതലാളിയുടെ റേഷൻ കടയിൽ വന്നു അനുവാദം ചോദിക്കും - വാസുദേവനെയോ ചേട്ടന്മാരെയോ ആരെയെങ്കിലും കൂടി അവരുടെ കൂടെ രാത്രിയിൽ  കൊണ്ടു പൊയ്ക്കോട്ടേയെന്ന്. നാരായണൻ മുതലാളിയുടെ മകനാണ് വാസുദേവൻ. റാന്തൽവിളക്കും ഒക്കെയായിട്ട് ഊടുവഴികളിലൂടെയൊക്കെയാണ്  യാത്ര. അവർ ആരെങ്കിലും വീട്ടിൽ വന്നു വിളിച്ചാൽ  വാസുദേവൻ ഇറങ്ങും. ആൾ ചെറുതാണെങ്കിലും  എടുത്തു ചാടും. 

സംഗതി എന്താണെന്നു വച്ചാൽ പിന്നീടാണ് വാസുദേവന് കാര്യം പിടി കിട്ടുന്നത് : മുതലാളിയുടെ മക്കളാരെങ്കിലും സംഘത്തിന്റെ കൂടെ ഉണ്ടാവും. ആരുടേയും ശല്യം ഉണ്ടാവാതിരിക്കാനാണ് മുതലാളിയുടെ മക്കളെ കൂടെ കൊണ്ട് പോകുന്നത്. കല്ലേറ് വന്നാൽ മുതലാളിയുടെ മോന് ഏറു കൊള്ളും അത് പ്രശ്നമാവും. അതിനാൽ കല്ലേറിന്  ആളുകൾ മുതിരില്ല. ഇതൊന്നും വാസുദേവന് അന്ന്    അറിയില്ല. വരുന്നു-വിളിക്കുന്നു-വാസുദേവൻ ആവേശത്തോടെ ചാടുന്നു. 

വാസുദേവന് കൊച്ചുന്നാളിലേ പാർട്ടിയോട് താല്പര്യം ഉണ്ടാവാൻ വേറെയും കാരണം ഉണ്ട്: പന്തളം പി ആർ മാധവൻ പിള്ള, രാമലിംഗം പോറ്റി, വൈ തോമസ്, പി.സി.ആദിച്ചൻ  ഇവരെല്ലാം വാസുദേവന്റെ വീട്ടിൽ - ഒളിവിൽ താമസിച്ചിട്ടുണ്ട് . രണ്ടോ മൂന്നോ പേർ  വീട്ടിൽ ഒളിവിൽക്കാണും  കാപ്പിക്കട രാഘവൻ, സഖാവ് ഏനാദി തുടങ്ങിയ ഇളമണ്ണൂർ പ്രദേശത്തുള്ള കമ്യൂണിസ്റ്റുകാരൊക്കെ ചന്തയ്ക്കു വടക്കുവശത്തുകൂടി മലകയറി നാരായണൻ മുതലാളിയുടെ വീട്ടിലേക്കിങ്ങു പോരും. സന്ധ്യ കഴിയുമ്പോ ഴാണ് എല്ലാത്തിന്റെയും കൂടി വരവ്. അവിടെ വന്നാൽ തെക്കേ അറ്റത്തെ മുറിയിൽ നിറയെ പാർട്ടിക്കാരാണ്. എന്താണെന്നൊന്നും വാസുദേവന് അറിയില്ല. വീട്ടിൽ എല്ലാവരും കൂടി പണിയോട് പണി. പത്തുകിലോ ചീനിയാണ് പുഴുങ്ങുന്നത്. കട്ടങ്കാപ്പിയും കാന്താരിയുടച്ച ചമ്മന്തിയും. ആ കാലത്ത്  ഇളമണ്ണൂർ ഭാഗത്തെ പാർട്ടി അനുഭാവികളായ നായന്മാരൊക്കെ അക്കൂട്ടത്തിലുണ്ട്. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ ഇളമണ്ണൂരിൽ വാർത്ത പരന്നു - നാരായണൻ  മുതലാലിയുടെ വീട്ടിൽ പന്തളം പി ആർ ഒളിവിൽ ഉണ്ട്. നാലാമത്തെ ദിവസം സന്ധ്യയ്ക്കു മാവിളയിൽ വാസുദേവന്റെ അമ്മയുടെ വീട്ടിലേക്കു പി ആറിനെ മാറ്റി. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ കണ്ടും കെട്ടുമാണ് വളർന്നത്. അങ്ങനെയാണ് വാസുദേവൻ കമ്മ്യൂണിസ്റ്റായത്. 

വാസുദേവന്റെ അച്ഛൻ നാരായണൻ മുതലാളി സ്ഥലത്തെ പ്രധാന ബിസിനസ്സുകാരൻ ആയിരുന്നു. അദ്ദേഹം മറ്റാരുടെയും അടുത്തേക്ക് പോവുകയില്ല. എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് വരും. വരിക മാത്രമല്ല വരുന്നവരൊക്കെ അദ്ദേഹത്തെ വണങ്ങും. നാരായണൻ മുതലാളിയുടെ റേഷൻകട 1943 ൽ തുടങ്ങിയതാണ്. മുമ്പ് പലചരക്കു കടയും മറ്റു പല വിധ  കച്ചവടങ്ങളും ഉണ്ടായിരുന്നു. ബീഡിയില ചുക്ക  പുകയില കച്ചവടം പോരാഞ്ഞിട്ട് 24 ആളുകൾ ഇരുന്നു ബീഡി തെറുക്കുന്ന  രാജാ ബീഡിക്കമ്പനി. 

പിൽക്കാലത്ത്   നാരായണൻ മുതലാളിയുടെ കടയുടെ അപ്പുറത്ത് കുട്ടിമുതലാളിയുടെ പലചരക്കുകട വന്നു. മാവിളയിൽ വാസുദേവന്റെ വീടിനു നേരെ കിഴക്കേ വീട്ടിലെ മണിയൻ പിള്ളയുടെ അച്ഛൻ ഗോപാലപിള്ളയുടേതായിരുന്നു ചന്തയ്ക്കകത്തെ പലചരക്കുകട. 

കച്ചവടവും  കാര്യങ്ങളുമൊക്കെ പൊടിപൊടിച്ചു. ഒരു നസ്രാണിയായിരുന്നു കണക്കെഴുത്തുകാരൻ. പണിക്കാർ ഒരുപാടുപേർ. മൂന്നുപേർ മുതലാളിയുടെ വീട്ടിൽത്തന്നെ താമസിച്ചുകൊണ്ടാണ് കടയിൽ ജോലി ചെയ്യുന്നത്. കച്ചവടം പുരോഗമിച്ചു പുരോഗമിച്ചു ചില കാര്യങ്ങളിൽ നാരായണൻ മുതലാളി നിയന്ത്രണങ്ങൾ അയച്ചതോടെ കടയിൽ നിന്നും കാശുൾപ്പെടെ പലതും പലരും അടിച്ചു മാറ്റി. വാസുദേവന്റെ മൂത്ത ചേട്ടൻ സോമൻ കലഞ്ഞൂർ സ്‌കൂളിൽ പഠിക്കുമ്പോൾ വൈകുന്നേരം കടയിൽ വരും. കുറച്ചു നേരം അവിടെ യിരിക്കും. പുസ്തകത്തിന്റെ പൊതിയ്ക്കകത്തു നൂറിന്റെ നോട്ടെടുത്തു വച്ച് കൊണ്ട് പോകും :
"ഇത്തറേം വീതീം ഇത്തറേം നീളോം ഒള്ള നോട്ടാടാ സോമന്റെ പൊസ്തകത്തിനകത്തിരിക്കുന്നെ" എന്ന് സോമന്റെ കൂട്ടുകാർ തമ്മിൽത്തമ്മിൽ പറയും.  ഇതൊക്കെ പിന്നീടാണ് മുതലാളി അറിയുന്നത്. 

നാരായണൻ മുതലിയുടെ കുഞ്ഞമ്മയുടെ മക്കൾ കൂടെയുണ്ടായിരുന്നു. അവരും മറ്റു പലരും പലവിധത്തിൽ മുതലാളിയുടെ പണം ചോർത്തിയെടുത്തു.  അതു  കൂടാതെ നാട്ടുകാരിൽ ഒരുപാടുപേർക്കു കടയിൽ പറ്റുവരവുണ്ടായിരുന്നു. പറ്റുകാശ് ഒരുപാടു  പിരിഞ്ഞു കിട്ടാനുണ്ട്.    കച്ചവടം ശോഷിച്ചു ശോഷിച്ചു വന്നു. നാരായണൻ മുതലാളി വസ്തുവിറ്റു തുടങ്ങി. രണ്ടും മൂന്നും കാളവണ്ടി നിറച്ചു സാധനങ്ങൾ ആഴ്ചയിലും വന്നുകൊണ്ടിരുന്ന കടയിൽ നിന്നാണ് എസ്റേറ്റുപണിക്കാരും നാട്ടുകാരിലേറെയും സാധനങ്ങൾ വാങ്ങിയിരുന്നത്. വസ്തു പലേടത്തും വിറ്റു  പിന്നെയും നാരായണൻമുതലാളി കടയിൽ സാധനങ്ങൾ വാങ്ങിച്ചിട്ടു. അങ്ങനെ ഭൂസ്വത്തൊക്കെ കുറെയേറെ  അന്യാധീനമായി. 

അവസാനം എല്ലാം നിറുത്തി റേഷൻകട വേറെ ഒരാൾക്കു വിറ്റു - വാസു അമ്മാവൻ എന്ന് എല്ലാവരും വിളിക്കുന്ന വാസുദേവൻ പിള്ളയ്ക്ക്. പലചരക്കു കച്ചവടവും നിർത്തി. അതും നിർത്തി ഇതും നിർത്തി എല്ലാം നിർത്തി. എല്ലാം കഴിഞ്ഞു  കടയിൽക്കിടന്ന സാധനങ്ങൾ - പെട്രോമാക്സ് രണ്ടെണ്ണം ഉണ്ടായിരുന്നു- മേശകൾ, കസേരകൾ - അതുമിതുമെല്ലാം അവിടെ വന്നു ചോദിച്ചവർക്കൊക്കെ കൊടുത്തു. അതെല്ലാം തീർന്നപ്പോൾ രണ്ടു തടിയൻ ബുക്കുകൾ ബാക്കി വന്നു.. അതുമെടുത്തുകൊണ്ടു നാരായണൻ മുതലാളി കടയിൽനിന്നിങ്ങോട്ട് ഇറങ്ങി.  കടയുടെ മുമ്പിലിട്ടു മണ്ണെണ്ണയൊഴിച്ചു ബുക്കുകൾ  കത്തിച്ചു. അന്നാട്ടിൽ അപൂർവ്വം പേരെ ഉണ്ടാവൂ നാരായണൻമുതലാളിയുടെ പറ്റുകാർ അല്ലാതെ. എല്ലാ സമുദായക്കാരും നാരായണൻ  മുതലാളിയുടെ പുസ്തകത്തിലെ പേരുകാർ ആയിരുന്നു.   ഒന്നും വേണ്ട എന്ന് പറഞ്ഞിട്ട് പറ്റുപുസ്തകങ്ങളും കത്തിച്ചിട്ടു നാരായണൻമുതലി നേരെ വീട്ടിൽ ചെന്ന് കയറി. ചുറ്റുപാടുമുള്ള പലരും പറയുന്നത് വാസുദേവൻ സ്വന്തം ചെവികൊണ്ട് കേട്ടു  : ഓ, നാരായണൻ മൊതലാളി ഇനി എവിടേലും പോയങ്ങു ചാവ്വേ  ഒള്ളു "
ഒരാൾ ഇത്രയും രാജാവായി ജീവിച്ചിട്ട് ഒന്നുമില്ലാതെ വീട്ടിൽ പോയി ഇരിക്കുകയാണെന്നുള്ള കാര്യം നാട്ടുകാർക്ക് ആലോചിക്കുവാൻ പോലും പ്രയാസമായിരുന്നു. 

പക്ഷെ നാരായണൻ മുതലാളി ആ ഇനത്തിൽപ്പെട്ട ആൾ ആയിരുന്നില്ല. കടയെല്ലാം ഇല്ലാതായ ശേഷം നാരായണൻ മുതലാളി ഇറങ്ങി കൃഷിയങ്ങു തുടങ്ങി. നന്നായി കിളയ്ക്കും പുള്ളി. വാസുദേവനെയും ചേട്ടന്മാരെയുമൊക്കെ കൊണ്ടുപോയി കിളപ്പിക്കും. പണിക്കാരെക്കൊണ്ടും പറമ്പിലെ പണികൾ ചെയ്യിച്ചു. കിളയ്ക്കുകമാത്രമല്ല, കണ്ടം  പൂട്ടാനും നാരായണൻ മുതലാളിക്കു നന്നായി അറിയാമായിരുന്നു. വാസുദേവൻ ആയിരിക്കും മിക്ക ദിവസവും കാളകളെയും കൊണ്ട് അച്ഛന്റെ കൂടെ പോകുന്നത്. 

കോട്ടൂർ സുകുമാരപിള്ളയും നാരായണൻ മുതലാളിയും ഭയങ്കര ദോസ്തുക്കളാണ്. റേഷൻകട കോട്ടൂരിനോട് നടത്താൻ പറഞ്ഞു. കോട്ടൂരിന്റെ  ചേട്ടന് പൂതങ്കരയിൽ ഒരു റേഷൻകടയുണ്ട്. ഇളമണ്ണൂരിൽ ഒരു കട കോട്ടൂരിന്റെ പേരിൽ അനുവദിച്ചിട്ടുണ്ട്. കോട്ടൂരാൻ പറഞ്ഞു : എനിക്കിതെല്ലാംകൂടി  വല്യ പ്രയാസം. മൊതലാളി ഏൽക്കാമെങ്കിൽ ഞാൻ എടുത്തു നടതതാം. നാരായണൻ മുതലാളി പറഞ്ഞു : ഞാൻ ഏതായാലും  കടേലോട്ടിരിക്കുന്ന പരിപാടി ഇല്ല. ഇനി എനിക്കതു പറ്റിയേല. 
മൊതലാളി വരണം വന്നു കടേലിരിക്കണം.  അതെന്തുവാന്നു വച്ചാൽ ആ കണക്കു മാത്രമൊന്നു ശരിയാക്കിത്തന്നാ മതി. 
മൂന്നുകടകൾ. പൂതങ്കരയിലൊന്നു. ഇളമണ്ണൂരിലൊന്ന്. ഇരുപത്തിമൂന്നിലൊന്ന്. 
കണക്കുമാത്രം ശരിയാക്കിത്തന്നാ മതിയെങ്കി കണക്കു ഞാൻ റെഡിയാക്കിത്തരാം. എനിക്കൊന്നും വേണ്ടാ. ഫ്രീയായിട്ടു ഞാൻ ചെയ്തു തരാം. 
ആ സമയത്ത് ചന്തയ്ക്കു വടക്കേപ്പൊറത്തു  കോട്ടൂർ സുകുമാരപിള്ളയുടെ വക പത്തേക്കർ  സ്ഥലത്ത് നാരായണൻമുതലാളി കൃഷി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇരുപത്തിമൂന്നിലെ കടയിൽ നിന്നും അരി, പഞ്ചാര, ഗോതമ്പ്, എല്ലാം വീട്ടിൽ കൊടുത്തയയ്ക്കും. 

മൂന്നു കണക്കുബുക്കുകളുണ്ട്. സപ്ലൈ ഓഫീസിൽ പോകണമല്ലോ. പോകാൻ ആരുമില്ല. മൂന്നു ബുക്കും കൊണ്ടുപോയി കണക്കൊക്കെത്തീർത്ത് പെട്ടെന്നിങ്ങു വരണ്ടേ ?
നാരായണൻ മുതലാളി പറഞ്ഞു :
ഞാൻ ബുക്ക് കൊണ്ടുപോയി കണക്കൊക്കെക്കൊടുത്ത് അതോറിട്ടിവാങ്ങിച്ചോണ്ട് വരാം. പിന്നെ നിങ്ങള് പോയി ബാക്കി കാര്യങ്ങൾ ചെയ്താൽ മതി. 
നാരായണൻ മുതലാളി മൂന്നു ബുക്കുകളും കൂടി ട്വൈൻ ഇട്ടു കെട്ടി അടൂർ സപ്ലൈ ഓഫീസിൽ കൊണ്ടുപോകും. വരുന്നവര് വരുന്നവര് ബുക്കുകൾ മുകളിൽ മുകളിൽ വയ്ക്കും. ഒടുവിൽ അത് തിരിച്ചുവച്ച് ആദ്യത്തേത് ആദ്യം എന്ന കണക്കിൽ പരിശോധിച്ച് തിരികെക്കിടുക്കും. 

സുഖമില്ലാതാവും വരെ നാരായണൻ മുതലാളി കൃഷിപ്പണികളിൽ മുഴുകിയിരുന്നു. മൂന്നു കടകളിലെയും  കണക്കു ശരിയാക്കി മുന്നോട്ടു പോകവേ   1967 ൽ നാരായണൻ മുതലാളി മരിച്ചു. 

വാസുദേവൻ വിവിധ ജോലികളിൽ ഏർപ്പെട്ടു. ഗോപിയപ്പനും വാസുദേവനും കൂടിയായിരുന്നു പന്തൽപണി. ഗോപിയപ്പൻ എന്ന് അടുപ്പമുള്ളവർക്കിടയിലും   പന്തലു ഗോപി എന്നു നാട്ടുകാർക്കിടയിലും അറിയപ്പെടുന്നയാളായ  ഗോപിക്ക് സൈക്കിൾ ചവുട്ടാൻ അറിയില്ല. വാസുദേവൻ ആണ് സൈക്കിളിൽ ഇരുത്തി  കൊണ്ടുപോകുന്നത്. അവർ ഒരുമിച്ച് എവിടെല്ലാം പോയിട്ടുണ്ട് ! രണ്ടു പന്തലൊക്കെ ഒരു ദിവസം ഉള്ള ദിവസം ഉണ്ട്. ഒന്ന് ഗോപിയും ഒന്ന് വാസുദേവനുമായിരിക്കും നോക്കുന്നത്. തേയില വരുന്ന വലിയ വീഞ്ഞപ്പെട്ടിയ്ക്കകത്താണ് ഡെക്കറേഷൻ സാധനങ്ങൾ എല്ലാം.  ഗോപി വീഞ്ഞപ്പെട്ടി സൈക്കിളിന്റെ വലിയ കാര്യറിൽ കെട്ടിമുറുക്കി വയ്ക്കും.ആദ്യം വാസുദേവൻ സൈക്കിളിൽ കയറിയിരിക്കും. പിന്നെ ഗോപിയെ മുന്നിലിരുത്തിക്കൊണ്ടാണ് പന്തലുപണിക്കു പോകുന്നത്. അങ്ങനെ ഗോപിക്കൊപ്പം വാസുദേവൻ കുറേ നടന്നു. 

അത് കഴിഞ്ഞു വാസുദേവന് തടിക്കച്ചവടം ആയിരുന്നു. അളിയനുമൊത്താണ്  തടിക്കച്ചവടത്തിനു പോവുക. റാന്നിയിലെ മന്ദമരുതിയിൽ മറിയക്കുട്ടിക്കൊലക്കേസുനടന്ന റബ്ബർ തോട്ടത്തിൽ എണ്ണൂറു മരങ്ങൾ വാങ്ങി. അവിടുന്ന് തടി വാങ്ങി ലോറിയിൽക്കയറ്റി കുണ്ടറയിൽ കൊണ്ടുപോയാണ് വിൽക്കുന്നത്. പണം വാങ്ങാൻ കുണ്ടറയിൽ പോകുന്നത് വാസുദേവൻ ആണ്. കുറേക്കാലം ആ പണി കൊണ്ടു  നടന്നു. അതുകഴിഞ്ഞു ഇരുപത്തിമൂന്നിൽ മുക്കിനു (കായംകുളം പുനലൂർ റോഡിലെ ഇരുപത്തിമൂന്നാം മൈൽക്കുറ്റി നിൽക്കുന്ന നാട്ടുമുക്ക്) പാപ്പച്ചൻ മുതലാളിയുടെ കടയിലിരുന്നു  കുറച്ചുനാൾ 'ഗുസ്തി' നടത്തി തയ്യൽ പഠിച്ചു. ഓ അതൊന്നും പറയണ്ടാ.  അതിനിടയ്ക്ക് രാഷ്ട്രീയത്തിൽ ഇറങ്ങി. അതിനു കുറേ നടന്നു. 

(വാസുദേവന്റെ തയ്യൽക്കട: പത്തു അധ്യായങ്ങൾ ഉള്ള പുസ്തകത്തിലെ ആദ്യ അദ്ധ്യായം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം