ഒന്നാം ക്‌ളാസ്സിലെ ആനയും അടിയും

എസ്. സലിംകുമാർ 


ഒന്നാം ക്‌ളാസ്സിലെ ആദ്യ ദിവസം. ചേന്നൻ സാർ പിള്ളാരെ പഠിപ്പിച്ചുകൊണ്ടു നിൽക്കുമ്പോൾ ദൂരേന്നു ചങ്ങലകിലുക്കം കേട്ടു. ആന വരുന്നതാണെന്ന് പിള്ളാർക്ക് മനസ്സിലായി. ആന അടുത്ത് വരാറായെന്നു മനസ്സിലാക്കിയ കുട്ടികൾ ക്‌ളാസിൽ നിന്നിറങ്ങി ഓടി വഴിവക്കിൽ ചെന്നു നിന്ന് ആനയെ കണ്ടു. സാറും കൂടെ ചെന്നു. എല്ലാവർക്കും വലിയ സന്തോഷമായി. ചിലർ ആദ്യമായാണ് ആനയെ കാണുന്നത്. 



 ആന പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും കലപില ആനയെപ്പറ്റി പറഞ്ഞുകൊണ്ട് ക്‌ളാസ്സിൽക്കയറി. ചേന്നൻ സാർ ഓൾ സ്റ്റാൻഡ്, റൈറ്റ് ടേൺ , ഫ്രണ്ട് , ലെഫ്റ്റ് ടേൺ, ഫ്രണ്ട്, സിറ്റ് പറഞ്ഞു. ഓൾ സ്റ്റാൻഡ് പറഞ്ഞു. കുട്ടികൾ എല്ലാവരും എഴുന്നേറ്റു നിന്നു. എലാവരും ആനയെ കണ്ടോ ? കണ്ടു. ഒറ്റശാബ്ദത്തിൽ അമ്പതോളം കുട്ടികൾ പറഞ്ഞു. എല്ലാർക്കും ആനയെ ഇഷ്ടപ്പെട്ടോ? ഇഷ്ടപ്പെട്ടു - പിന്നെയും ഏകശബ്ദം. 

 അവർ അതു പറഞ്ഞു കഴിഞ്ഞപ്പോൾ കുട്ടികളെ ഓരോരുത്തരെയായി കൈവെള്ളയിൽ മുല്ലക്കമ്പുകൊണ്ടു ഓരോ അടി കൊടുത്തിട്ടു സാർ എല്ലാവരെയും നോക്കി. ചിലർ ഒച്ചയുണ്ടാക്കിയും ഒച്ചയുണ്ടാക്കാതെയുമാണ് കരയുന്നുണ്ട്. ചിലർ കൈ കുടയുന്നുണ്ട്. എന്തിനാണ് അടിച്ചതെന്നു കുട്ടികൾക്ക് മനസ്സിലായില്ല. 

 സാർ ചോദിച്ചു : എന്തിനാണ് അടിച്ചതെന്നു മനസ്സിലായോ? ആരും ഒന്നും പറഞ്ഞില്ല. ആന വന്നപ്പോൾ സാറിനോട് പറയാതെ ക്‌ളാസിൽ നിന്നും ഇറങ്ങിപ്പോയില്ലേ? അതിനാണ് അടിച്ചത്. ഇനി മേലാൽ സാറിനോട് ചോദിക്കാതെ ക്‌ളാസ്സിനു പുറത്തിറങ്ങരുത്. മനസ്സിലായോ? കുട്ടികൾക്കെല്ലാവർക്കും നല്ലതുപോലെ മനസ്സിലായി.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും