​കുറുമ്പകര സി. എ.എം ഹൈസ്‌കൂളിലെ ലീഡർ തെരെഞ്ഞെടുപ്പും ഗോപിയും രവിയും ഞാനും

എസ്. സലിംകുമാർ 


ഒമ്പതാം ക്ളാസിൽ സ്കൂള്‍ പാർലമെന്റ് തെരെഞ്ഞെടുപ്പിന്‍റെ സമയത്ത് ലീഡര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്‍ .ഗോപിനാഥന്‍ ആണ്. ഗോപിയെ എനിക്ക് നേരത്തെ അറിയാം. നന്നായി സംസാരിക്കും. പ്രസംഗിക്കും . കുറുമ്പകര യു.പി.എസ്സില്‍ എന്നെക്കാള്‍ ഒരു ക്ലാസ് മുമ്പില്‍ ആയിരുന്ന ഗോപി അവിടെയും സ്കൂൾ ലീഡർ ആയിരുന്നു. അന്നു ഗോപി ഏഴിലും ഞാൻ ആറിലുമാണ്. 

ഞാന്‍ കുറുമ്പകര ഇരുപത്താറാം കുറ്റി  സി. എ. എം. ഹൈ സ്ക്കൂളില്‍  എട്ടില്‍ എത്തിയപ്പോള്‍ ഗോപി ഒമ്പതില്‍ ആണ്. ഞാന്‍ ഒമ്പതില്‍ എത്തിയപ്പോള്‍ ഗോപി പത്തിലായി. സ്കൂള്‍ ലീഡറായി ഗോപിനാഥന്‍ നോമിനേഷന്‍ കൊടുത്തു. ഗോപിക്കെതിരെ ആരും നോമിനേഷന്‍ കൊടുത്തിരുന്നില്ല. ഞാന്‍ ഒമ്പതിലെത്തിയപ്പോള്‍, ഒമ്പതില്‍ രണ്ടാം കൊല്ലം പഠിക്കുന്ന രവിയുമായി സൌഹൃദത്തില്‍ ആയി. 

ചെങ്കിലാത്ത് ആണ് രവിയുടെ വീട്. കുറേ നല്ല പുസ്തകങ്ങള്‍ രവിയുടെ പക്കല്‍ ഉണ്ട്. ഒരിക്കല്‍ ഞാന്‍ രവിയെ എന്റെ വീട്ടിലേക്കു വിളിച്ചിട്ട് രവി വന്നില്ല. രവി വരുമെന്ന് കരുതി അമ്മൂമ്മ സ്പെഷ്യല്‍ കൂട്ടാന്‍ ഒക്കെ ഉണ്ടാക്കി. പക്ഷെ ഞാന്‍ ഉച്ചയ്ക്ക് വീട്ടില്‍ ചെന്നപ്പോള്‍ ഒറ്റയ്ക്കായിരുന്നു. പകുതി വഴിക്ക് വരെ വന്നിട്ട് രവി തിരിച്ചു പോവുകയായിരുന്നു. അതിന്‍റെ കാരണം എനിക്ക് മനസ്സില്‍ ആയില്ല. പക്ഷെ എനിക്ക് വളരെ വിഷമം തോന്നിയിരുന്നു.

തെരഞ്ഞെടുപ്പ് ഇല്ലെന്ന് എല്ലാവരും വിചാരിച്ചെങ്കിലും അവസാന ദിവസം രവി നോമിനേഷന്‍റെ കടലാസ് എന്റെ കയ്യില്‍ കൊണ്ടുവന്ന് ഒപ്പിടീപ്പിച്ചു ഓഫീസില്‍ കൊടുത്തു. അതു കാരണം ഇലക്ഷന്‍ നടത്തേണ്ടി വന്നു. എന്‍റെ വോട്ടുള്‍പ്പെടെ വളരെ കുറച്ചു വോട്ടേ രവിക്ക് കിട്ടിയുള്ളൂ. ഗോപി ജയിച്ചു.

 പിറ്റേന്നുതന്നെ ഹെഡ്മാസ്റ്റർ ജോണ്‍ സാര്‍ എന്നെ പൊക്കി. "എടാ നീ നല്ലൊരു ചെറുക്കന്‍ ആണെന്നാണ്‌ ഞാന്‍ വിചാരിച്ചത്. പക്ഷെ നിന്‍റെ കൂട്ടുകെട്ടൊക്കെ മോശം ആണ്. നീ എന്തിനാടാ ആ രവിയുടെ നോമിനേഷനില്‍ ഒപ്പിട്ടത്.? ഞാൻ ഒന്നും പറഞ്ഞില്ല. ഒന്ന് ഇരുത്തി മൂളിയിട്ട് ജോൺസാർ പറഞ്ഞു : "പൊയ്ക്കോ.| ഞാൻ ജീവനും കൊണ്ടു രക്ഷപ്പെട്ടു.

 പക്ഷേ നല്ലൊരു പണി കിട്ടി. "മകന്‍റെ കൂട്ടുകെട്ടൊക്കെ മോശം പിള്ളാരുമായിട്ടാണെ"ന്നു ജോണ്‍ സാര്‍ എന്റെ അച്ഛനോട് അധികം താമസിയാതെ പറഞ്ഞു. "അതെന്താടാ സാര്‍ അങ്ങനെ പറഞ്ഞത്?" എന്ന് അച്ഛന്‍ എന്നോട് ചോദിച്ചു" പക്ഷെ രവിക്ക് എന്ത് കുഴപ്പം ആണെന്നാണ്‌ എനിക്ക് മനസ്സില്‍ ആകാഞ്ഞത്.

 ഒമ്പതാം ക്ലാസിൽ തോറ്റു പഠിക്കുന്ന സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥി കളില്‍ ഒരാളാണ് രവി. പഠിക്കാന്‍ വളരെ മോശം. ജോണ്‍ സാറിനു രവിയോടു ദേഷ്യം തോന്നാന്‍ വേറൊരു കാരണം കൂടി ഉണ്ടായിരുന്നു. ആയിടെ സ്ഥലെത്തെ പ്രമാണിയുടെ മകനും രവിയും തമ്മില്‍ ക്ലാസ്സില്‍ വച്ചു വഴക്കായി . രവി അവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അവനു ശ്വാസം മുട്ടി. നഖപ്പാടായി. കുറെ ദിവസത്തേക്ക് രവിയെ ക്ലാസ്സില്‍ കയറ്റിയില്ല.(ആ കഥ പിന്നെ). അത് കഴിഞ്ഞു ഏറെക്കഴിയുന്നതിനു മുമ്പായിരുന്നു ഗോപിയും രവിയും തമ്മിലുള്ള ലീഡര്‍ഷിപ്പ് മത്സരം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം