നവോത്ഥാനത്തോടൊപ്പം വളര്‍ന്ന ലീലേടത്തി : (സംഭാഷണം : ലീലാ നമ്പൂതിരിപ്പാട് /എസ്. സലിംകുമാര്‍)

നവോത്ഥാനത്തിനു തുടക്കം  കുറിച്ച ആ വിധവാവിവാഹത്തിലെ വധുവിന് ഒന്നരവയസ്സുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ആകുട്ടി 'നവോത്ഥാന'ത്തോടൊപ്പം വളർന്നു. പ്രശസ്തയായ നർത്തകിയും അഭിനേതാവുമായി. അവർക്ക് എൺപതുവയസ്സുള്ളപ്പോഴാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. അതിങ്ങനെ :

ബാംഗ്ലൂരിൽ നിന്ന് ഞാൻ മഞ്ചേരിയിലെത്തിയിരിക്കുന്നു. പ്രകാശ്ബാരെ  നിർമ്മിച്ച് എം ജി ശശി സംവിധാനം ചെയ്യുന്ന ജാനകി എന്ന സിനിമയുടെ  ഷൂട്ടിങ് മഞ്ചേരിക്കടുത്തു മഞ്ഞപ്പറ്റ പുല്ലൂർ മനയിൽ നടക്കുന്നു. സഫാ ലോഡ്ജിലെത്തി ഞാൻ പ്രകാശിനെ വിളിച്ചപ്പോൾ പ്രകാശ് പറഞ്ഞു, നിങ്ങൾ വരാൻ കാത്തിരിക്കുകയായിരുന്നു ഞാൻ - ഒരു ആർട്ടിസ്റ്റിനെ കൊണ്ടുവരാൻ പോകണം. അംജത്ത്  കാറുമായി വരും. വിളിച്ചുകൊണ്ടു വരേണ്ടത്  എം ആർ ബി യുടെ മകളെയാണ്!

എം ആർ ബി ആരാണെന്ന് എനിക്കറിയാം. പ്രേംജി, വി.ടി ഭട്ടതിരിപ്പാട് ഇവരെയൊക്കെ ഞാൻ ഓർത്തു. എനിക്ക് ആകാംക്ഷയായി. പോകേണ്ടത് തൃശൂർ മുളങ്കുന്നത്തുകാവിലാണ്.  അംജദ് എത്തി. അംജദിനെ എനിക്കു പരിചയമുണ്ട് - പ്രകാശ് ബാരെയുടെ ഡ്രൈവർ ആണ്. 

അംജദ്​ ഹിന്ദി ഭാഷിയാണ്. കന്നഡ അറിയാം. എനിക്കന്നു കന്നഡ അറിയില്ല. അയാൾക്കു മലയാളവു അറിയില്ല, എനിക്ക് ഹിന്ദി അറിയാം. അതിനാൽ ഞങ്ങൾ ഹിന്ദിയിൽത്തന്നെയാണ് സംസാരം. ഷൂട്ടിങ്ങിൻ്റെ  ഏർപ്പാടുകൾ തുടങ്ങുമ്പോൾ  മുതൽ  ഒആഴ്ചയിലേറെയായി  അംജദ്​ കേരളത്തിൽത്തന്നെയാണ്. ,ആലപ്പുര, തൃശൂർ എണാകുളം ജില്ലകളിലെ എല്ലാ റൂട്ടുകളും അയാൾക്ക് ദൂരം ൾപ്പെടെ നിശ്ചയമാണ്. 

മുളങ്കുന്നത്തുകാവ് ക്ഷേത്രത്തോട് ചേർന്നാണ് എം ആ ബിയുടെ മകളുടെ വീട്. അത് കണ്ടു പിടിച്ചു. കുറൂർ മന. വിളിക്കാൻ ആളെത്തുമെന്നറിയാവുന്നതുകൊണ്ട് അവരും ആയ ദേവകിയും തയ്യാറായിരുന്നു. അവരുടെ പേര് ഞാൻ ചോദിച്ചറിഞ്ഞു - ലീല. എമ്പതു വയസ്സുണ്ട്. വീൽചെയറിലാണ് അവർ. ഞാൻ അവയെയെടുത്ത് പിന് സീറ്റിൽ ഇരുത്തി. കൂടെ ദേവകി കയറി. അവിടുന്ന് ,മഞ്ഞപ്പറ്റയിൽ ഷൂട്ടിംഗ് സ്ഥലത്തെത്തുന്നതുവരെ ഞാൻ അവരുമായി സംസാരിച്ചു. 

​പുല്ലൂർ മനയിലെത്തി ലീലേടത്തിയെയും ഇതു കൈകളിലും ഒരു കുഞ്ഞിനെപ്പോലെ എടുത്തുകൊണ്ടാണ് ഞാൻ 'ജാനകി'യുടെ ഷൂട്ടിങ് ഫ്ലോറിൽ കയറുന്നത്. പിന്നെ ഇരുപത്തഞ്ചു ദിവസം ഞങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഞാൻ ലീലേടത്തിയുമായി സംസാരിച്ചു. '​ജാനകി'യിൽ മുത്തശ്ശിയുടെ വേഷമായിരുന്നു ലീല നമ്പൂതിരിക്ക്. ഷൂട്ടിങ് ഇല്ലാത്തപ്പോഴൊക്കെ അവർ ലൊക്കേഷനിലെ തന്നെ (പുല്ലൂർ മന) മുറിയിലാണ്. എന്റെ ക്യാമറയും ഫോണുമ്മ ഒക്കെ ചാർജ്  ചെയ്യാൻ ഞാൻ അവിടെ വച്ചിട്ട് പോകും. 

ആറങ്ങോട്ടുകര തച്ചൻകുന്നിൽ (എം ജി ശശിയുടെ വീടിനടുത്ത്) ആയിരുന്നു അവസാന ദിവസത്തെ ഷൂട്ടിങ്. ഷൂട്ടിങ്  കഴിഞ്ഞു ലീലേടത്തിയെ തിരികെ വീട്ടിൽ കൊണ്ടു  വിട്ടതും ഞാൻ ആയിരുന്നു. 

അന്നൊക്കെ സംസാരിച്ചതിനെ ആസ്പദമാക്കി 'വിപ്ലവസാക്ഷിയായ കൊച്ചു നക്ഷത്രം' എന്നൊരു ലേഖനം ഞാനെഴുതി തിരുവനന്തപുരത്തു നിന്നിറങ്ങുന്ന 'സാകേതം' മാസികയിൽ വന്നിരുന്നു. പിന്നെ കുറേക്കാലം കഴിഞ്ഞപ്പോൾ പ്രിയസുഹൃത്ത് പി വി മോഹനൻ പറഞ്ഞു, അവയുടെ ഒരു ഇന്റർവ്യൂ എടുക്കണം. ഒരു വോയിസ് റിക്കോർഡറും  മോഹനൻ തന്നു വിട്ടു. ഞാൻ തൃശൂരെത്തി വിയ്യൂർ പാടൂർക്കാട് സുഹൃത്തു സോമനെയും കൂട്ടി അവന്റെ കാറിൽ മുളങ്കുന്നത്തുകാവിലേക്കു പോയി ലീലേടത്തിയുമായി ദീർഘനേരം സംസാരിച്ചു. ആ ഇന്റർവ്യൂ പി വി മോഹനൻ മാനേജിങ് എഡിറ്ററായിരുന്ന 'ശാന്തം' മാസികയിൽ പ്രസിദ്ധീകരിച്ചു. അതു കഴിഞ്ഞു 'ശാന്തം' മാസികയുടെ പ്രതിനിധി അവരെ കാണാൻ ചെല്ലുമ്പോഴേക്കും അതിനും  ഏതാനും ദിവസങ്ങൾ  മുമ്പ് അവർ അന്തരിച്ചിരുന്നു. 


" 1110 ചിങ്ങം​ 28.  ഉയര്‍ത്തപ്പെട്ട ഒരു പ്ലാ​റ്റ്ഫോമായിരുന്നു വിവാഹവേദി. ഒരു നമ്പൂതിരി കന്യകയുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്ന യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഗണപതി നിവേദ്യം, ഹോമദ്രവ്യങ്ങള്‍, അര്‍ദ്ധനഗ്നനായ പുരോഹിതന്‍, പുണ്യാഹം, ദക്ഷിണ ഇത്യാദി വഷളത്തരങ്ങളൊന്നും ആചരിക്കപ്പട്ടതുമില്ല.​ എം.ആര്‍.ബി എന്ന പേരില്‍ അറിയപ്പെടുന്ന വന്നേരി മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് അനുചരസംഘത്താല്‍ വിവാഹമണ്ഡപത്തില്‍ ആനയിക്കപ്പെട്ടു. വി.ടി. ശ്രീദേവി അന്തര്‍ജനം തൻ്റെ  അനുജത്തിയെ കൈപിടിച്ച് വേദിയിലേക്കാനയിച്ചു. വധൂവര​ന്മാര്‍ ഉപവിഷ്ടരായപ്പോള്‍ സദസി​ൻ്റെ  കണ്‍പീലികളില്‍ സന്തോഷത്തിൻ്റെ   തെളിനീര്‍ പൊടിഞ്ഞു. അവരുടെ ആദരാഞ്ജലികളാല്‍ പരിസരം ശബ്ദായനമായി. വധൂ വര​ന്മാര്‍  അന്യോന്യം  മാലയിട്ടു. വധുവിൻ്റെ നഗ്നമായ കഴുത്തില്‍ എം.ആര്‍.ബി മംഗല്യത്താലി കെട്ടി. പാണിഗ്രഹണം നടന്നു. ഇതെല്ലാം ആചരിച്ചപ്പോള്‍ അവരുടെ കൈകള്‍ വിറച്ചില്ല. കാലുകള്‍ പതറിയില്ല. എന്നാല്‍ മഹത്തായ വിശുദ്ധിയുടെ പരിമളം ആ പരിസരങ്ങളില്‍ വീശിയടിച്ചുച്ച.​...  കേരളക്കരയില്‍ ആധിപത്യമുറപ്പിച്ച ശേഷം നമ്പൂതിരി​ മനുഷ്യോചിതമായ ഒരു സല്‍ക്കര്‍മ്മം നിറവേറ്റിയിട്ടുങ്കെില്‍ അത് അന്നാണെ​ന്നു ഞാന്‍ വിചാരിക്കുന്നു"​   വി.ടി.ഭട്ടതിരിപ്പാട്.
  
നവോത്ഥാനത്തോടൊപ്പം വളര്‍ന്ന ലീലേടത്തി

ലീലാ നമ്പൂതിരിപ്പാട് 


എസ്. സലിംകുമാര്‍: 
കേരളീയ നവോത്ഥാനത്തിന് ആക്കം കൂട്ടിയ സംഭവങ്ങളിലൊന്നായിരുന്നു മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാടി​ൻ്റെയും ഇട്ടിയാംപറമ്പത്ത് ഉമാദേവി അന്തര്‍ജനത്തിൻ്റെ   വിവാഹം. ആ വിവാഹ സമയത്ത് ലീലേടത്തിക്ക്  ഒരു വയ​സ്സ് എങ്ങനെയാണ് പറഞ്ഞു തുടങ്ങുക?

ലീല നമ്പൂതിരിപ്പാട്  :
പറയാന്‍ ഒരു പാടു കാര്യങ്ങളു​ണ്ട്.    ഞാന്‍ ജനിച്ചതും  ഒരു വയസുവരെ വളര്‍ന്നതും എ​ൻ്റെ അമ്മയുടെ വീട്ടിലാണ്. നമ്പൂതിരി സമുദായത്തില്‍ കല്യാണ ചടങ്ങുകള്‍ നാലു ദിവസമായിരുന്നു. കല്യാണത്തിനു മുമ്പ് പെണ്ണും ചെറുക്കനും തമ്മില്‍ കാണില്ല. എവിടെയെങ്കിലും പെണ്‍കുട്ടികള്‍ ​ഉണ്ടെങ്കിൽ മുതിര്‍ന്നവര്‍ ​കണ്ടുവയ്ക്കും. ജാതകം കൈമാറും. പൊരുത്തപ്പെട്ടാല്‍ കല്യാണം ഉറപ്പിക്കും. ചെറുക്ക​ൻ്റെ അച്ഛനാണ് താലി കെട്ടുക. പാണീഗ്രഹണമാണ് പ്രധാനം. വധു എട്ടു​മുണ്ടുകള്‍​കൊണ്ട്  ഒരുങ്ങും. നാലു,​മുണ്ടുടുക്കും. നാലുമുണ്ടു   പുത​യ്ക്കും. മുഖം പുറത്തു കാണുവാനാവില്ല. കയ്യില്‍ വാല്‍ ക്കണ്ണാടി​ഉണ്ടാവും. നാലു ദിവസവും ഇങ്ങനെയാണ്. നാലാം ദിവസമാണ് പെണ്ണും ചെറുക്കനും തമ്മില്‍ കാണുന്നത്. അങ്ങനെ ഒരു ദിവസം മാത്രമേ​എൻ്റെ അച്ഛനും അമ്മയും തമ്മില്‍ പങ്കിട്ടിട്ടുള്ളു. അങ്ങനെയാണ് ഞാന്‍​ഉണ്ടായത്. കൂട്ടി​ക്കൊണ്ടു  പോകാന്‍ തീയതി നിശ്ചയിച്ചു വരാം എന്നു പറഞ്ഞ് പോയ അച്ഛന്‍ ആറുമാസം കഴിഞ്ഞാണ് വന്നത്. '​'എനിക്ക് സുഖമില്ല ഉമാദേവിയെ കാണണം​'' ​  എന്നു പറഞ്ഞാണ് വന്നത്. ​കണ്ടിട്ടു പോയി. അതില്‍ പിന്നെ അച്ഛന്‍ വന്നിട്ടില്ല. മരിച്ചു പോയി. അങ്ങനെ ഇരുപതാം വയസില്‍ അമ്മ വിധവയായി. ​രണ്ടു വയ​സ്സുവരെ ഞാന്‍ അമ്മയുടെ വീട്ടിലാണ് വളര്‍ന്നത്.

വി.ടി. ഭട്ടതിരിപ്പാടുമായുള്ള ബന്ധം എന്താണ്
വിടിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനത്തി​ൻ്റെ  അനുജത്തിയാണ് എന്റെ അമ്മ ഉമാദേവി. ഒരു കൊയ് ത്തു കാലത്താണ് അമ്മയും ഞാനും വലിയമ്മയോടൊപ്പം വി​,ടിയുടെ വീടായ രസികസദനത്തിലെത്തുന്നത്. വിധവയെന്നനിലയില്‍ വീടി​ൻ്റെ  അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടുന്നതില്‍ അമ്മക്ക് വിഷമമു​ണ്ടായിരുന്നു. കുടുംബത്തിനും സമൂഹത്തിനും ​വേണ്ടി  എന്തെങ്കിലും ചെയ്യണമെന്ന് അമ്മക്ക് വലിയ ആഗ്രഹമായിരുന്നു.

​വി.ടി. ഭട്ടതിരിപ്പാട് 

അമ്മയുടെ വിവാഹത്തെ പറ്റിയുള്ള​ ഓര്‍മ്മകള്‍ കേട്ടറിവുകള്‍​..?
ഒരിക്കല്‍ യോഗക്ഷേമസഭയുടെ ഒരു മീറ്റീങ്ങില്‍ വച്ച് പാര്‍വ്വതി  നെന്മിനിമംഗലം ചോദിച്ചു. "ഒരു വിധവ പുനര്‍ വിവാഹത്തിനൊരുങ്ങിയാല്‍ അവളെ സ്വീകരിക്കുവാന്‍ നിങ്ങളാരെങ്കിലും തയ്യാറാകുമോ"​?. സദസിലു​ണ്ടായിരുന്ന മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് (എം.ആര്‍.ബി​   "​ ഉവ്വ് ഞാന്‍ തയ്യാറുണ്ട്"  എന്നു ​പറഞ്ഞ്  എഴുന്നേറ്റു നിന്നു. ഇക്കാര്യം അമ്മക്ക് അറിയാമായിരുന്നു. അമ്മയും വലിയമ്മയും ഇക്കാര്യം സംസാരിക്കുകയും വി.ടി.യുമായി ചര്‍ച്ചചെയ്യുകയും ചെയ്തു. വി.ടി.യും എം.ആര്‍.ബിയും തമ്മില്‍ ​കണ്ടു  സംസാരിച്ചു. അക്കാലത്ത് പൊതുരംഗത്തു പ്രവര്‍ത്തിച്ചിരുന്ന പ്രമുഖരുമായി അവര്‍ ചര്‍ച്ചചെയ്തു. അങ്ങനെയാണ് അത് തീരുമാനമായത്.​ എനിക്ക് നേരിയ ​ഓര്‍മ്മ​യുണ്ട്. കുറേ ആള്‍ക്കാരും ബഹളവും. ഞാന്‍ അമ്മയുടെ അടുത്ത് ചെന്നിരുന്ന് കരഞ്ഞ് ബഹളം വച്ചപ്പോള്‍ ആരോ എന്നെ എടുത്തു​കൊണ്ടു  പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഫോട്ടോ എടുക്കാനായി എന്നെ ഒരു കസേരയില്‍ ഇരുത്തി. ഇത്രയും ഒാര്‍മ്മ​യുണ്ട്. ബാക്കിയൊക്കെ പറഞ്ഞു കേട്ടുള്ള അറിവാണ്. വിവാഹത്തിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്നു സദ്യ​ (മിശ്രഭോജനം നടന്നു.കൊല്ലവര്‍ഷം  1110  ചിങ്ങം​ 28ന് ​ആയിരുന്നു അമ്മയുടെ വിവാഹം. നാലപ്പാട്ട് നാരായണമേനോന്‍, ചെങ്ങന്നൂര്‍ സി.പി ഭട്ടതിരി, എം സി ജോസഫ്, നിലമ്പൂര്‍ വലിയ രാജ, സഹോദരന്‍ അയ്യപ്പന്‍, പാര്‍വ്വതി അയ്യപ്പന്‍, ആര്യാ പള്ളം, കുട്ടികൃഷ്ണമാരാര്‍, കെ.എ ദാമോദരന്‍, ഇ.എം.എസ് നമ്പൂതിരിപ്പാട്, ചൊവ്വര പരമേശ്വരന്‍, മുതലായവരൊക്കെ വിവാഹചടങ്ങില്‍ പങ്കെടുത്തു. അമ്മയെ കല്യാണ മണ്ഡപത്തിലേക്ക് ആനയിച്ചത് വലിയമ്മ ശ്രീദേവി അന്തര്‍ജനം ആയിരുന്നു.


ഉമാദേവി, എം ആർ ബി, ലീല  
വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു ശേഷം എടുത്ത ഫോട്ടോ
(from Leela's  album)

അമ്മവീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു
​?
രുവിലക്കു​ണ്ടായി. ആരും.​.. ഒരു സമുദായക്കാരും സഹകരിക്കാതായി. കുറേക്കാലം ​വിടി.യുടെ വീടായ രസികസദനത്തില്‍​ത്തന്നെ  ഞങ്ങളെല്ലാവരും താമസിച്ചു.

അവിടുന്ന് എങ്ങോട്ടാണ് താമസം മാറ്റിയത് അതിന്റെ കാരണം എന്തായിരുന്നു​?
പട്ടാമ്പിക്കടുത്ത് കൊടുമു​ണ്ടയില്‍ നിന്ന് വി​.ടി പത്രാധിപരായി​ '​'ഉദ്ബുദ്ധ കേരളം'​' എന്ന പത്രം തുടങ്ങിയപ്പോള്‍ അച്ഛന് (എം.ആര്‍.ബി) അവിടെ ജോലി​യുണ്ട്. . അതിനാല്‍ ഞങ്ങളെല്ലാവരും കൊടുമു​ണ്ടയിലേക്ക് താമസം മാറ്റി. ഉദ്ബുദ്ധകേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാവരും കൂടി ഒരു കോളനിയായിട്ടാണ് കഴിഞ്ഞിരുന്നത്. ഉദ്ബുദ്ധകേരളം കോളനി എന്നാണ് അവിടം അറിയപ്പെട്ടിരുന്നത്. അവിടെ വച്ചാണ് എ​ൻ്റെ  അനുജത്തി സരള (എം.ആര്‍.ബി)യുടെ മകള്‍) പിറക്കുന്നത്. എനിക്കന്ന് നാലുവയസാണ്. എന്തോ കാരണത്താല്‍ ഉദ്ബുദ്ധ കേരളം പത്രത്തി​ൻ്റെ  പ്ര​സിദ്ധീകരണം നിലച്ചു. അത് പ്രവര്‍ത്തിച്ചിരുന്ന വീടും സ്ഥലവും വിറ്റു പോയി. എല്ലാവരും പലവഴിക്കു പോയി. അവിടുന്ന് മാറിയേ പ​റ്റൂ . ഞങ്ങള്‍ക്കു പോകാനിടമില്ല. കാഞ്ഞൂര്‍ ഭട്ടതിരിപ്പാടും കുടുംബവും മാത്രം ഞങ്ങളെ കൈവെടിഞ്ഞില്ല. അവരുടെ കുറച്ചു സ്ഥലം വാങ്ങി ഞങ്ങള്‍ അവിടെ കഴിഞ്ഞു. വീടെന്നു പറഞ്ഞാല്‍ പനമ്പട്ട മേഞ്ഞ ഒറ്റമുറി വീട്. ചെറിയൊരു ഇറയവും അടുക്കളയും ​ഉണ്ട്  അവിടെ താമസിക്കുമ്പോഴാണ് ഞാന്‍ ആദ്യം സ്കൂളില്‍ പോയി തുടങ്ങിയത്​ - കൊടുമു​ണ്ട യിലെ പ്രൈമറി സ്കൂളില്‍. ഒരു നീ​ണ്ട ഓലപ്പുരയായിരുന്നു സ്കൂള്‍.

അന്നത്തെ അനുഭവങ്ങള്‍​?
യുദ്ധം കഴിഞ്ഞ കാലമാണ്. ക്ഷാമകാലം. അരി കിട്ടാനില്ല. ബജറ വറത്തു പൊടിച്ചു കഴിച്ചിട്ടാണ് ​മി ക്കപ്പോഴും സ്കൂളില്‍ പോവുക. വെറും മോരു മാത്രം കഴിച്ച് അമ്മ ദിവസങ്ങള്‍ കഴിച്ചു കൂട്ടി.​ വീടു ചെറുതാണെങ്കിലും കുറച്ചു സ്ഥല​ണ്ട് . അമ്മ അവിടെ പച്ചക്കറികള്‍ നട്ടുനനച്ചു വളര്‍ത്തി. വെള്ളരിയും കുമിളുമൊക്കെ പറിച്ചു തിന്ന് വിശപ്പടക്കി ഞാനും അനുജത്തിയുമൊക്കെ സ്കൂളില്‍ പോയി​ട്ടുണ്ട്.  ആത്തേമാര്‍ മറക്കുട പിടിച്ചു പോകുന്ന​തു  കാണുമ്പോള്‍ ഞാന്‍ അമ്മയോട് ചോദിക്കുമായിരുന്നു '​' ഇതെന്താമ്മേ കുട നടന്നു പോകുന്നത്​''? . അതു കേള്‍ക്കുമ്പോള്‍ അമ്മയ്ക്കു കരച്ചില്‍ വരും. എനിക്കറിയില്ലല്ലോ കാര്യങ്ങള്‍. മറക്കുടയെ​പ്പറ്റിയൊക്കെ മന​സ്സിലാക്കുന്നതിനു മുമ്പുതന്നെ ഞങ്ങള്‍ ആ ഇടങ്ങളൊക്കെ വിട്ടു പോന്നിരുന്നു. ആ ജീവിതം ഞാന്‍ ​കണ്ടിട്ടില്ല. കാഞ്ഞൂര്‍ ഭട്ടതിരിപ്പാടിൻ്റെ  കുടുംബമല്ലാതെ മറ്റാരും ഞങ്ങള്‍ താമസിക്കുന്നിടത്തേക്ക് വരാറില്ല. ഭഷണത്തിനു ​വേണ്ടുന്ന സാധനങ്ങളൊക്കെ അരിയും ഉപ്പും ഉക്കെ ഒരാഴ്ചത്തേക്കു ​വേണ്ടുന്നത് അദ്ദേഹം കൊടുത്തയക്കും. മിക്കപ്പോഴും അമ്മയും ഞാനും അനുജത്തിയും മാത്രമാണ് ​ഓലപ്പുരയില്‍. പല രാത്രികളിലും അമ്മയും ഞങ്ങളും ഉറങ്ങാതെ കഴിഞ്ഞി​ട്ടുണ്ട്‌.   വീടിനു ചുറ്റും കാടുപിടിച്ചു കിടക്കുന്ന പറമ്പുകളാണ്. ചിലപ്പോള്‍ പാമ്പുകള്‍ പുരയ്ക്കുള്ളില്‍ കയറിവന്നു. വീടിനടുത്ത് വലിയൊരു പനയു​ണ്ടായിരുന്നു. വലിയ മഴയും കാറ്റു​മുണ്ടായിരുന്ന ഒരു രാത്രിയില്‍ അത് കടപുഴകി ഭയങ്കര ശബ്ദത്തോടെ വീണു. വീടി​ൻ്റെ  മുകളിലേക്കാണ് അതു  വീഴുന്നതെന്നു  കരുതി ഞങ്ങള്‍ നിലവിളിച്ചു. പക്ഷെ കുറച്ച് അപ്പുറത്തേക്കാണത് വീണത്.

അക്കാലത്തെ എം.ആര്‍.ബിയുടെ പ്രവര്‍ത്തനങ്ങള്‍​ എന്തൊക്കെയായിരുന്നു?
അച്ഛന്‍ എപ്പോഴും സര്‍ക്കീട്ടാണ്. സമുദായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ​ഓട്ടമാണ്. എഴുത്തു മാത്രമാണ് വരുമാനമാര്‍ഗ്ഗം. ​രണ്ടു  രൂപ അഞ്ചു രൂപ ​ഒക്കെയാണ് ഒരു ലേഖനത്തിനു കിട്ടുക. അന്നത്തെ അഞ്ചു രൂപ​യ്ക്കൊക്കെ നല്ല വില​യുണ്ട്. പക്ഷെ യുദ്ധകാലമാണ്.  എം.ആര്‍.ബി   ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തി​ൻ്റെ  പിണ്ഡംവച്ച് പടിയടച്ചു. ജീവിക്കാന്‍ പണിയില്ല. കയറിച്ചെല്ലാന്‍ ഇടമില്ല. അച്ഛ​ൻ്റെ  മന​സ്സില്‍ എപ്പോഴും തീയായിരുന്നു. സാഹിത്യ പ്രവര്‍ത്തനത്തിലൂടെയാണ് മൂന്നു ഭട്ടതിരിമാരും (വിടി, എം.ആര്‍.ബി, ​പ്രേംജി) സാമൂഹ്യ പ്രവര്‍ത്തനത്തിന് അടിത്തറയിട്ടത്​. അയിത്തോച്ചാടനം, പൂണൂല്‍ പൊട്ടിക്കല്‍, മിശ്രവിവാഹം, ആചാര ലംഘനം തുടങ്ങിയ കാര്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി​ക്കഴിയുകയായിരുന്നു അച്ഛന്‍. അമ്മയും അക്കാലത്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഞങ്ങ​ൾ  താമസിച്ചിരുന്ന വീടും പുരയിടവും വില്‍ക്കേ​ണ്ടിവന്നു. പിന്നേയും ഒരു അനിശ്ചിതാവസ്ഥയിലായി. എങ്ങോട്ടാണ് പോകേതെന്നറിയില്ല. വിഷമിച്ചുപോയ അമ്മയോട് ആര്യാ പള്ളം പറഞ്ഞു. ഒരു സംശയവും വേ​ണ്ടാ  ഞങ്ങളുടെ കൂടെ പോരൂ. എത്രകാലം വേണമെങ്കിലും അവിടെ താമസിക്കാം. ആര്യാ പള്ളം മുടിയൊക്കെ മുറിച്ചുകളഞ്ഞ് നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സമയമാണ്. പള്ളത്ത് കൃഷ്ണന്‍ നമ്പൂതിരിയാണ് ആര്യയുടെ ഭര്‍ത്താവ്. ഞങ്ങല്‍ ​രണ്ടു വര്‍ഷത്തോളം അവിടെ താമസിച്ചു. പക്ഷെ അതിനിടെ ഞങ്ങളുടെ പഠിപ്പു മുടങ്ങി. ഒരു ടീച്ചര്‍ അവിടെ വന്ന് കുട്ടികളെയൊക്കെ നൃത്തം​ ​പഠിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ ആദ്യം നൃത്തം പഠിക്കുന്നത്.

ആര്യാപള്ളത്തി​ൻ്റെ വീട്ടില്‍ നിന്ന് എങ്ങോട്ടാണ് മാറിയത് അതിന്റെ കാരണമെന്തായിരുന്നു​?  പുതിയ സ്ഥലത്തെ അനുഭവങ്ങള്‍.​...
സാമൂദായിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായപ്പോള്‍ അമ്മയുടെ സേവനം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ​വേണ്ടിയായി. കോഴിക്കോടായിരുന്നു അമ്മയുടെ പ്രവര്‍ത്തനമേഖല. അതിനാല്‍ ഞങ്ങളും ​(ഞാനും സരളയും​) അമ്മയോടൊപ്പം കോഴിക്കോട്ടേക്ക് താമസം മാറി. റെയില്‍വേ സ്റ്റേഷനടുത്ത് ഒരു കമ്യൂണ്‍ ആയിട്ടാണ് എല്ലാവരും താമസിച്ചിരുന്നത്. പി.കൃഷ്ണപിള്ളയുടെ ഭാര്യ, ഇ.എം.എസ്സിന്റെ ഭാര്യ ആര്യ അന്തര്‍ജനം, ടി.സി. നാരായണന്‍ നമ്പ്യാരുടെ ഭാര്യ ലക്ഷ്മിക്കുട്ടി എന്നിവരും അവിടെ ​ഉണ്ടായിരുന്നു. ഞങ്ങ​ളെ  അവരുടെ അടുത്താക്കിയിട്ടാണ് അമ്മ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പോയിരുന്നത്. ഇ.എം,എസ്സും പി.കൃഷ്ണപിള്ളയുമൊക്കെ ഇട​യ്ക്കിടെ അവിടെ വരും.​ കോഴിക്കോട് താമസിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം നടക്കുന്നു. ബി.ടി രണദിവെ, പി.സി.ജോഷി തുടങ്ങിയ നേതാക്കള്‍ക്കു സ്വീകരണം ജോഷിക്കു മാലയിട്ടു സ്വീകരിച്ചത് ഞാനാണ്. സി.എച്ച് കണാരന്‍ എന്നെ എടുത്തു പൊക്കിയാണ് മാലയിട്ടത്. അമ്മയുടെ പ്രവര്‍ത്തനം വടക്കേ മലബാറിലേക്ക് മാറിയതിനാല്‍ ഞങ്ങള്‍ പില്‍ക്കാലത്ത് ഷൊര്‍ണൂരിലേക്ക് താമസം മാറ്റി.

സി.എച്ച് കണാരന്‍


ഷൊര്‍ണ്ണൂരിലെ ജീവിതം എങ്ങനെയായിരുന്നു​ ?
ഷൊര്‍ണ്ണൂര്‍ക്ക് താമസം മാറ്റിയതില്‍ പിന്നെയാണ് ഞാന്‍ ​വീണ്ടും  സ്കൂളില്‍ പോയി​ത്തുടങ്ങിയത്. മിഷന്‍ സ്കൂളിലാണ് എന്നെ ചേര്‍ത്തത്. അനിയത്തിയെ കോണ്‍വെന്റിലും. അമ്മ കുറേക്കാലം അവിടെയൊരു സദനം നടത്തിയിരുന്നു. പകല്‍ നേരത്ത് കുട്ടികളെ സൂക്ഷിക്കലും പരിചരണവും ഒക്കെയായിരുന്നു അവിടെ. ഒളപ്പമണ്ണ വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍, ഇ.എം.എസ്സിന്റെ മകള്‍, എടമല ​- വെള്ളിനേഴി മനകളിലെ കുട്ടികള്‍ ഒക്കെ അവിടെ​ ഉണ്ടായിരുന്നു. അക്കാലത്താണ് മംഗളോദയത്തില്‍ ജോലികിട്ടി പ്രേംജി ​തൃശൂരെത്തിയത്. അച്ഛ​ൻ്റെ  അനുജനാണ് എം.പി ഭട്ടതിരിപ്പാടെന്ന പ്രേംജി. ആഴ്ചയിലൊരിക്കല്‍ അദ്ദേഹം വരും ഞങ്ങല്‍ക്കു ​വേണ്ടുന്ന സഹായങ്ങല്‍ ചെയ്യും. അന്നൊക്കെ ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടി​ട്ടുണ്ട്. ഒരു നല്ല ഉടുപ്പിടാന്‍ മോഹിച്ചി​ട്ടുണ്ട് . പരുക്കന്‍ ഖാദി ​കൊണ്ടുള്ള ഉടുപ്പ്. കുടയില്ല. ​ഓലക്കുടകൊ​ണ്ടാണ് സ്കൂളില്‍ പോവുന്നത്.

അമ്മയേയും അച്ഛനേയുംകുറിച്ചുള്ള ​ഓര്‍മ്മകള്‍?
വീടു പുലര്‍ത്തുവാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടി​ട്ടുണ്ട്. എനിക്ക് അസുഖം വന്ന കാലത്തൊക്കെ ​ഓരോ പറമ്പിലും പോയി പച്ചമരുന്നുകള്‍ പറിച്ചു ​ണ്ടു  വന്ന് കഷായം വച്ചും എണ്ണ കാച്ചിയും അമ്മ ശുശ്രൂഷിച്ചു. അമ്മ എനിക്കു ​വേണ്ടി  ഒരുപാട് ബുദ്ധിമുട്ടിയി​ട്ടുണ്ട്.  അതിന് ഒന്നും തിരിച്ചു കൊടുക്കുവാന്‍ എനിക്കു സാധിച്ചിട്ടില്ല. അതൊരു വലിയ വിഷമമായി മനസി​ലുണ്ട്.   അമ്മയോട് ഒരു മറുവാക്ക് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. അച്ഛന്‍....... മറ്റൊരാളില്‍ പിറന്ന കുട്ടിയെ നോക്കുകയെന്നു പറഞ്ഞാല്‍ സാധാരണ ഗതിയില്‍ ആര്‍ക്കും കഴിയുന്ന കാര്യമല്ല. ലോകത്ത് ഒരച്ഛനും മക്കളെ ഇത്രമാത്രം സ്നേഹിച്ചി​ട്ടുണ്ടാവില്ല. അതും മറ്റൊരാള്‍​ക്കു  പിറന്ന മകളെ. എ​ൻ്റെ ഭാഗ്യമാണ് ഇങ്ങനെയൊരു അച്ഛനെ കിട്ടിയത്.

എം. ആര്‍. ബി

പ്രേംജി
അമ്മയുടെ വീട്ടില്‍ പോയിട്ടു​ണ്ടോ?
​എനിക്ക് അഞ്ചു വയ​സ്സായപ്പോഴേക്കും അമ്മയും ഞാനും അങ്ങോട്ടു ചെല്ലുവാന്‍ അവര്‍ ക്ഷണിച്ചു. പോയാലും അകത്തേക്കൊന്നും പോവില്ല. അവരെയൊക്കെ കാണും. ഞങ്ങളെ  കണ്ടാൽ കയ്യില്‍ തൊടാതെ നാലണ തരും. കൈയ്യില്‍ തൊട്ടാല്‍ എന്താണെന്ന് ഞാന്‍ ചോദിക്കും. അങ്ങനെ പറയുവാന്‍ പാടില്ലന്ന് അവര്‍ വിലക്കും. മുത്തച്ഛനെ ആദ്യമായി ക​ണ്ടപ്പോള്‍ എനിക്കു തോന്നി മുത്തച്ഛൻ്റെ  അടുത്തു പോയി ഇരിക്കണമെന്ന്. അക്കാര്യം അമ്മയോടു പറഞ്ഞു. നീ ഇവിടെ നിന്നു ​കണ്ടാല്‍ മതിയെന്ന് അമ്മ പറഞ്ഞു. പക്ഷെ മുത്തച്ഛന്‍ വിളിച്ച് അടുത്തിരുത്തി​ ഓമനിച്ചു. അദ്ദേ​കൊണ്ട്  ഇഷ്ടമാണ്. അയല്‍പക്കക്കാര്‍ക്കും മറ്റുമാണ് പ്രശ്നം.

എപ്പോഴെങ്കിലും അച്ഛ​ൻ്റെ  വീടുമായി ബന്ധപ്പെട്ടിരുന്നോ​?
എടമന നാരായണന്‍ നമ്പൂതിരി എന്നായിരുന്നു അച്ഛ ൻ്റെ   പേര്. വലിയ പ്രാസംഗകന്‍ ആയിരുന്നെന്ന് കേട്ടി​ട്ടുണ്ട്. അദ്ദേഹത്തിൻ്റെ   ഫോട്ടോകളൊന്നുമില്ല. അച്ഛൻ്റെ  ഇല്ലത്ത് ഞാനൊരിക്കല്‍ പോയി​ട്ടുണ്ട്. അതിനടുത്തൊരു സ്ഥലത്ത് നാടകം അഭിനയിക്കാന്‍ പോയപ്പോള്‍ അവിടെയാണ് ഞാന്‍ താമസിച്ചത്.

കലാരംഗത്ത് സജീവമാകുന്നത് എന്നുമുതലാണ്​?

കലാരംഗത്തേക്ക് വരാന്‍ പ്രധാന കാരണം പ്രേംജിയാണ്. അദ്ദേഹം വരുമ്പോഴൊക്കെ​ ഓരരോ ഭാവങ്ങള്‍ അഭിനയിച്ചു കാണിക്കും. അഭിനയത്തിൻ്റെ  മറ്റാര്‍ക്കുമറിയാത്ത ഭാവങ്ങള്‍​ഉണ്ടാവുന്നത് പ്രേംജിയുടെ പ്രകടനങ്ങള്‍ കിട്ടാണ്. എനിക്ക് സ്കൂള്‍നാടകത്തിലെ വേഷത്തിന് സമ്മാനം കിട്ടി. മാലിനി എന്നായിരുന്നു നാടകത്തിൻ്റെ   പേര്. ഒരു രജപുത്ര കഥയായിരുന്നു അത്.​ 1948 ല്‍ ആനന്ദ ശിവറാമും കലാമണ്ഡലം ഗംഗാധരനും ചേര്‍ന്ന് കൊടുങ്ങല്ലൂരില്‍ ഒരു ഡാന്‍സ് ട്രൂപ്പ് തുടങ്ങി. ഞാനും ആ ട്രൂപ്പില്‍ ചേര്‍ന്നു. എഴുത്തുകാരന്‍ രാമവര്‍മ്മയുടെ ഭാര്യ വിലാസിനിയുംആനന്ദ ശിവറാമിൻ്റെ   ഭാര്യ ജാനകിയമ്മയും അവിടെ​യുണ്ട്. കലാമണ്ഡലം ഗംഗാധരൻ്റെ വീട് കൊടുങ്ങല്ലൂരാണ്. എനിക്ക് ആദ്യമായി ഒരു പ്രതിഫലം കിട്ടുന്നത് ആ ട്രൂപ്പില്‍ നിന്നാണ്​  - പതിനഞ്ചു  രൂപ.



ആരേയും പേടിക്കേ​ണ്ട  ആവശ്യമില്ല. വരുന്നെങ്കില്‍ ഇവിടെ വന്ന് താമസിച്ചോട്ടെ എന്ന് അമ്മയുടെ ആങ്ങളമാരും പറഞ്ഞു. എൻ്റെ   ഒരമ്മാവന്‍ കടുത്ത കമ്യൂണിസ്റ്റായിരുന്നു. ഞങ്ങള്‍ കൊടുമു​ണ്ടയിലെ ​ഓലക്കുടിലില്‍ കഴിയുന്ന കാലത്ത് ഒരു അമ്മാവന്‍  ​ഐ.സി.പി നമ്പൂതിരിപ്പാട് ഒളിവിലായിരുന്നു. അമ്മയുടെ നേരെ മൂത്തതാണ്   ​ഐ. സി.പി.​   ഏറ്റവും മൂത്തത് വി​.ടിയുടെ ഭാര്യ ശ്രീദേവി. അമ്മക്ക് ഇളയതാണ് വി​.ടിയുടെ അനുജന്‍ വി.ടി നാരായണൻ്റെ ഭാര്യ.​   ആനന്ദശിവറാം മെല്‍ബണിലേ​ക്കു പോയതിനാല്‍ ട്രൂപ്പ് പിരിച്ചുവിട്ടു. നൃത്തവിദ്യയുടെ മാസ്മരലോകമായിരുന്നു അത്. ചങ്ങമ്പുഴയുടെ 'കാവ്യനര്‍ത്തകി'യുടെ നൃത്തശില്പമാണ് ഞാന്‍ അവിടെ അവതരിപ്പിച്ചിരുന്ന ഒരു ഇനം.

എങ്ങനെയാണ് നൃത്ത സംഘത്തില്‍ എത്തപ്പെട്ടത്.

അച്ഛൻ്റെ  ജേഷ്ഠൻ്റെ മകളെ കല്യാണം കഴിച്ചു​കൊണ്ടു പോയ ഒരാളുണ്ട്.ബോംബെ​ന്നുണ്ട്. അവിടെ ചേരാന്‍ താല്‍പര്യമുങ്കെില്‍ അവരുമായി ബന്ധപ്പെടുത്തി തരാം. ലിറ്റില്‍ ബാലെ ട്രൂപ്പ് എന്നാണതിൻ്റെ   പേര്.  ഡിസംബറില്‍ ഞാന്‍ അവര്‍ക്കൊപ്പം ബോംബെയിലേ​ക്കു  പോയി. അനുജത്തി അന്ന് പത്താംക്ലാസില്‍ പഠിക്കുന്നു. ആ ട്രൂപ്പില്‍ ചേര്‍ന്ന് അധികം താമസിക്കാതെ തന്നെ ഒരു ഹിന്ദി സിനിമയുടെ നൃത്തരംഗത്ത് അഭിനയിക്കുവാന്‍ ​എനിക്ക് അവസരം കിട്ടി. മുല്‍ക്ക് രാജ് ആനന്ദിൻ്റെ   പ്രശസ്തമായ ​'രണ്ടിലയും ഒരു മൊട്ടും​' എന്ന കൃതിയുടെ ചലചിത്രാവിഷ്കാരമായിരുന്നു അത്. ഒരു തേയിലത്തോട്ടത്തിൻ്റെ   പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ പ്രധാന വേഷമിട്ടിരുന്നത് ദേവാനന്ദും നളിനി ജ​യ്വന്തുമായിരുന്നു. രാഖി ആദ്യമായി അഭിനയിച്ചതും ആ ചിത്രത്തിലാ​ണ്.

നൃത്തസംഘത്തിലെ അനുഭവങ്ങള്‍​?
നൃത്തസംഘത്തിലെ അനുഭവങ്ങള്‍ അവസ്മരണീയമാണ്. വെളുപ്പിനു നാലുമണിക്ക് എഴുന്നേല്‍ക്കും. ചെറുപയറോ കടലയോ മുളപ്പിച്ചത് കഴിക്കും. ആറുമണി വരെ വ്യായാമമാണ്. ആറുമണിക്ക് ചായ. പിന്നെ പ്രഭാത കര്‍മ്മങ്ങള്‍. തുടര്‍ന്ന് ​12 മണിവരെ നൃത്ത പരിശീലനം. അതു കഴിഞ്ഞാല്‍ അടുക്കളയിലേ​ക്കു  കടക്കും. ചപ്പാത്തിയും കറികളുമൊക്കെ എല്ലാവരും ചേര്‍​ന്നു  തയ്യാറാക്കും.പത്താം ക്ലാസു കഴിഞ്ഞ് അനുജത്തി സരളയും എൻ്റെയൊപ്പം ട്രൂപ്പില്‍ വന്നു. പൊന്നാനി ഭാഗത്തു നിന്ന് തലശ്ശേരിയില്‍ കല്യാണം കഴിച്ചയച്ച ഒരു പെണ്‍കുട്ടിയും ഞങ്ങള്‍ക്കൊപ്പം ​ഉണ്ടായിരുന്നു. നൃത്തഗുരുവിൻ്റെ   പേര് ശാന്തിവര്‍ദ്ധന്‍​. അദ്ദേഹത്തിൻ്റെ   ഭാര്യ ഗുജറാത്തിയാണ്.  ഗുർ ജാവേരി എന്നുപേരുള്ള  അവരാണ് ചുവടുകള്‍ കാട്ടിത്തരുന്നത്. ഉച്ചക്ക് ​ഊണുകഴിഞ്ഞാല്‍​പ്പിന്നെ എല്ലാവരും അവരവരുടെ വേഷഭൂഷാദികളുടെ പണിയില്‍ ഏര്‍പ്പെടും. വേഷങ്ങള്‍ ചാക്കു ​കൊണ്ടുള്ളതാണ്. തുന്നല്‍ക്കാരനും കുടുംബസമേതം അവിടെയാണ് താമസിക്കുന്നത്​.  അയാള്‍ അളവെടുത്ത് തയ്യാറാക്കി​ത്തരുന്ന കുപ്പായങ്ങളില്‍ എന്തൊക്കെ അലങ്കാരപ്പണികള്‍ വേണമെന്ന് ഗുരു പറഞ്ഞുതരും. അതനുസരിച്ച് നിറം കൊടുത്തും വിവിധതരം തുന്നല്‍​പ്പണികള്‍ ചെയ്തും വേഷഭൂഷാദികള്‍ തയ്യാറാക്കും. ഡസ്റ്റുകള്‍ക്കിടയില്‍ ചൂരല്‍ പിടിപ്പിക്കും. മണിപ്പൂരി ശൈലിയുലുള്ള ബാലെ   നൃത്തമായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നത്.ഡാന്‍സു പഠനത്തിനും ​പ്രത്യേകതകളുായിരുന്നു. ഒരിക്കല്‍ ചെയ്യുന്ന സ്റ്റെപ്പ് പിന്നീട് ആവര്‍ത്തിക്കില്ല. ആദ്യാവസാനം ചുവടുകളെല്ലാം വിത്യ​സ്തങ്ങളായിരുന്നു. അക്കാലത്തു ചെയ്ത ഒരു നൃത്താവിഷ്കാരം ​'രാമായണം ബാലെ​' ആയിരുന്നു. മുഖംമൂടി വച്ചാണ് നൃത്തം. സംഭാഷണങ്ങളില്ല. പാവക്കൂത്തുപോലെയാണ് ചലനങ്ങള്‍. ഒരുപാ​ടു  സ്റ്റേജുകളില്‍ ​'രാമായണം ബാലെ​' അവതരിപ്പിച്ചു. മൃണാളിനി സാരാഭായിയുടെ ദര്‍പ്പണയില്‍ താമസിച്ച് അഞ്ചു ദിവസം തുടര്‍ച്ചയായി രാമായണം ബാലെ അവതരിപ്പിച്ചിരുന്നു. ബല്‍രാജ്​ സാഹ്‌നി , അരുണ സച്ദേവ് തുടങ്ങിയവര്‍ അവിടെ നിത്യ സന്ദര്‍ശകരായിരുന്നു. ആയിടെ പിരിച്ചുവിടപ്പെട്ട ​ഐ .പി.ടി.എ​ (ഇപ്റ്റ) യിലെ കലാകാ​രന്മാരും അവിടെണ്ടായിരുന്നു.

'രാമായണം ബാലെ'യിൽ നിന്ന് 

'​ണ്ടിലയും ഒരുമൊട്ടും​' എന്ന ചിത്രത്തിലെ നൃത്തരംഗത്തില്‍ അഭിനയിച്ചപ്പോഴത്തെ ഒരു സ്റ്റില്‍ ഫോട്ടോ അക്കാലത്തെ സോഫ്ട് ഡ്രിങ്ക് കമ്പനിയായ ഗോള്‍ഡ് സ്പോട്ട് പ്രമുഖ ഇന്ത്യന്‍ പത്രങ്ങളില്‍ പരസ്യത്തിന് ഉപയോഗിച്ചിരുന്നു. ​1950 ല്‍ ​ഈവ്സ് വീക്കലിയുടെ മുഖചിത്രമായും ആ ഫോട്ടോ വന്നി​ട്ടുണ്ട്. 

  'ഗോൾഡ്‌സ്‌പോട്ടി'ൻ്റെ രസ്യത്തിൽ ലീല

​1951 ല്‍ ട്രൂപ്പ് പിരിച്ചു വിട്ടപ്പോള്‍ നാട്ടില്‍ തിരികെയെത്തി. അനുജത്തി സെ​ന്റ്   തെരാസസ് കോളേജില്‍  പഠിത്തം തുടര്‍ന്നു. എറണാകുളത്ത് കൃഷ്ണന്‍ നായര്‍ ​സ്റ്റുഡിയോ  നില്‍ക്കുന്ന സ്ഥലത്തും മറ്റൊരിടത്തും എം.ആര്‍.ബിയും കുടുംബവും താമസിച്ചി​ട്ടുണ്ട്. ഞാന്‍ ഡാന്‍സും, ചിത്രരചനയും പഠിക്കാന്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍ ചേര്‍ന്നു. ഷാഡോ ഗോപിനാഥ് ആണ് നൃത്താദ്ധ്യാപകന്‍. ആര്‍എല്‍വിയില്‍ നിന്ന് ആണ് പെയിന്റിങ്ങും പഠിച്ചത്

​സിനിമയിലേക്ക് എങ്ങനെ വന്നു ? സിനിമയിലെ അനുഭവങ്ങള്‍.

വചനം, ഉണ്ണിക്കുട്ടനു ജോലി കിട്ടി, ഒരു മെയ്മാസപുലരിയില്‍, ക​ണ്ടതും കേട്ടതും, മാളൂട്ടി, നയം വ്യക്തമാക്കുന്നു, ഏക് കലി ദോ പത്തിയാം (ഹിന്ദി), സച് (ഹിന്ദി) തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കളിയാട്ടത്തലേ​ക്കു  വിളിക്കുവാന്‍ വന്നത്. എം.ജി ശശിയാണ്. സാറാ ജോസഫിൻ്റെ   മരുമകന്‍ എന്നേ അന്നു ശശിയെപ്പറ്റി അറിയുകയുള്ളു. കളിയാട്ടത്തിൻ്റെ  അസോസിയേറ്റ് ഡയറക്ടറായിരുന്നു ശശി. പിന്നീട് ശശി സംവിധാനം ചെയ്ത് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച ​'അടയാളങ്ങള്‍​', 'ജാനകി​' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 

'​ന്മദം​' എടുക്കുന്ന കാലത്ത് ലോഹിതദാസ് വിളിച്ചിരുന്നു. പക്ഷെ ​പോകാൻ കഴിഞ്ഞില്ല. അസുഖമായിപ്പോയി. അല്ലങ്കില്‍ ​'​ന്മ​'ത്തിലെ മുത്തശ്ശിയുടെ വേഷം ഞാന്‍ ചെയ്യേതായിരുന്നു. എം.ജി ​ശശിയുടേയും ബെന്നി സാരഥിയുടേയും ചില സീരിയലുകളിലും അഭിനയിച്ചു. ദൂരദര്‍ശനില്‍ ടി.എന്‍ ഗോപിനാഥന്‍ നായരുടെ കഥയെ ആസ്പദമാക്കി ശ്രീകുമാരന്‍ തമ്പി ചെയ്ത ​'വൈതരണി​' എന്ന  സീരിയലിലും ജയറാം, മോഹിനി, കെ.പി.എ.സി ലളിത മുതലായവര്‍ അഭിനയിച്ച് ​  ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത സീരിയലിലും അഭിനയിച്ചു. ഇടശ്ശേരിയുടെ പൂതപ്പാട്ടിനെ ആസ്പദമാക്കി ദൂരദര്‍ശന്‍ നിര്‍മ്മിച്ച സിനിമ ടെലികാസ്റ്റ് ചെയ്തില്ല. അതു വന്നിരുന്നുവെങ്കില്‍ അഭിനയജീവിതത്തില്‍ വഴിത്തിരിവായേനെ. അമ്മ, ഭാര്യ, മുത്തശ്ശി എന്നിങ്ങനെ വിത്യസ്ത ഭാവങ്ങളിലുള്ള ഒരു കഥാപാത്രമായിരുന്നു അത്. ചെറുകാടിൻ്റെ   ​'നമ്മളൊന്ന്​', എം.ആര്‍.ബിയുടെ ​'മറക്കുടക്കുള്ളിലെ മഹാനരകം​' മുതലായ നാടകങ്ങളി​ലും നാടകങ്ങളിലും അഭിനയിച്ചി​ട്ടുണ്ട്.


​ലീല  (വലത്തെയറ്റം) നൃത്ത വേഷത്തിൽ

 വിവാഹം, കുടുംബം​, മക്കൾ...?


​1959 ല്‍ ചെമ്പൂക്കാവില്‍ വച്ചായിരുന്നു വിവാഹം. തൃശൂര്‍ കുന്നങ്കുളം റൂട്ടില്‍ കൈപ്പറമ്പില്‍ കുറൂര്‍ മനയ്ക്കല്‍ കൃഷ്ണന്‍ ഭട്ടതിരിപ്പാടാണ് (കെ.കെ ഭട്ടതിരിപ്പാട്) വിവാഹം കഴിച്ചത്. കല്യാണത്തിനു പതിവുള്ള കുടിവെയ്പ്പ് എന്ന ചടങ്ങ് ഇല്ലായിരുന്നു. വേദപഠനം നടത്തിയിട്ടുള്ള കെ.കെ ഭട്ടതിരപ്പാട് പൂരക്കമ്പക്കാരനും ആനക്കമ്പക്കാരനുമാണ്. 

കെ.കെ ഭട്ടതിരിപ്പാട്

രണ്ടു പെണ്‍കുട്ടികളാണ്. ലതയും, രേഖയും. ഇരുവരും വിവാഹിതരാണ്. ഹരിയാനയിലെ കര്‍ണാലില്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദേ്യാഗസ്ഥയായ ലതയുടെ ഭര്‍ത്താവ് സബീക്കി പഞ്ചാബിയാണ്. ജിയോളജിസ്റ്റായ രേഖ ആസ്ട്രേലിയയിലെ പെര്‍ത്തില്‍ കുടുംബസമേതം കഴിയുന്നു. ​2003 ല്‍ ഞാന്‍ ആസ്ട്രേലിയയില്‍ മകളുടെയടുത്ത് കുറേക്കാലം താമസിച്ചിരുന്നു.​. കുറേക്കാലമായി ഞാന്‍ വീല്‍ചെയറിലാണ്. എം.ജി ശശിയുടെ ജാനകിയില്‍ അഭിനയിച്ചതും വീല്‍ചെയറിലിരുന്നാണ്

നടക്കാനുള്ള ശേഷി ​വീണ്ടുകിട്ടുമെന്നുള്ള പ്രതീക്ഷയിലാണ്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെവരാ​റുണ്ട്. അഭിനയം തുടരുവാനുള്ള മോഹം ഇപ്പോഴു​മുണ്ട് . എ​ൻ്റെ പരിമിതികള്‍ക്കകത്തു നിന്നു​കൊണ്ട്  ചെയ്യാന്‍ കഴിയുന്ന മികച്ച വേഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഞാന്‍. പ്രതീക്ഷിക്കാന്‍ എന്തെങ്കിലുമൊക്കെ ​ഉണ്ടാവുന്നത​ല്ലേ  നല്ലത്?
(Subject to Copyright)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം