ഞാനെന്ന സൈക്കിൾസഞ്ചാരി
എസ്. സലിംകുമാർ
അന്നെനിക്ക് സൈക്കിൾ ഉണ്ട്. എപ്പോഴും സൈക്കിളിൽ ആണ് സഞ്ചാരം. താമസം ഇളമണ്ണൂരിൽ ആണെങ്കിലും കൂട്ടുകെട്ട്, പ്രണയം പുകവലി മുതലായ ഇടപാടുകളെല്ലാം പത്തനാപുരത്തും പരിസരങ്ങളിലും ആണ്. പത്തനാപുരത്തു നിന്നും കുണ്ടയം വഴി കുറ്റിമൂട്ടിൽക്കടവും കടന്നു പന്ത്രണ്ടുമുറി മുക്കിന് കയറി പന്തപ്ലാവിൽ സുരേഷിന്റെ വീട്ടിൽ പോകും. സുരേഷിന്റെ അച്ഛൻ ദാസൻ പിള്ള സാർ എന്റെ യു പി സ്‌കൂൾ അധ്യാപകൻ ആണ്. ഞാൻ 'പിഴച്ചു'പോയതിൽ പരിതാപം ഉള്ള സ്നേഹസമ്പന്നനായ അധ്യാപകൻ ആയിരുന്നു ദാസൻ പിള്ള സാർ. അദ്ദേഹത്തിന്റെ മകൻ സുരേഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തിൽ പഠിക്കുമ്പോൾ പത്തനാപുരത്തെ സെനിത്ത് കോളജിൽ കണക്കു ട്യൂഷന് പോയപ്പോഴാണ്. അപ്പോഴാണറിയുന്നത് അവൻ ദാസൻ പിള്ള സാറിന്റെ മകൻ ആണെന്ന്. ഞങ്ങൾ നല്ല കൂട്ടുകാരായി. പന്തപ്ലാവിൽ കല്ലടയാറ്റിൻ തീരത്തെ ചെമയംതോട്ടം വീട്ടിൽ ഞാൻ ഒരു അംഗത്തെപ്പോലെ ആയിരുന്നു.
സുരേഷിനെയും പിന്നിൽ വച്ച് ഞാൻ പട്ടാഴിക്കു സൈക്കിൾ ചവിട്ടും. തിരികെയും സൈക്കിൾ ചവിട്ടുന്നത് ഞാൻ ആണ്. ചിലപ്പോഴൊക്കെ സുരേഷും ചവിട്ടും. പട്ടാഴിയിൽ രുദ്രൻ, പ്രതാപൻ, രവി, എസ് വൈ തോമസ് , ജോസ് (രണ്ടാലുമ്മൂട്) തുടങ്ങിയ സുഹൃത്തുക്കൾ ഉണ്ട്. പോകുന്ന വഴിക്കൊക്കെയും സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളും ഉണ്ട്. പട്ടാഴി ഉത്സവക്കാലത്തും സൈക്കിളിൽ ആയിരുന്നു കൂടുതലും യാത്ര. പന്തപ്ലാവിലെക്കുള്ള വഴിയിൽ ജഡ്‌ജിമുക്കിനടുത്തു വാസുദേവന്റെ ചായക്കടയുടെ തിണ്ണയിലോ കടയ്ക്കകത്തോ സൈക്കിൾ വയ്ക്കും.
അശോക് കുമാറിന്റെ കൂടെ എവിടെയെങ്കിലും പോയാൽ ആണ് എനിക്ക് പണി . അവനു സൈക്കിൾ ചവുട്ടാൻ അറിയില്ല. പിന്നിൽ ഇരിക്കുകയെ ഉള്ളൂ. അവനെയും പിന്നിലിരുത്തി കോന്നിയിലും പിറവന്തൂരിലും കുന്നിക്കോട്ടും ഒക്കെ സൈക്കിളിൽ പോയിട്ടുണ്ട്. ഞാൻ ഒറ്റയ്ക്കാണെങ്കിൽ അലക്ഷ്യമായ യാത്രകളുടെ ദൈർഘ്യം കൂടും. പത്തനാപുരത്തെ നിന്നും പുനലൂരും അവിടുന്ന് കൊട്ടാരക്കരയും പിന്നെ പത്തനാപുരത്തേക്കു തിരിച്ചും ഒക്കെ സൈക്കിൾ യാത്രകൾ ആണ്. അതിനിടയ്ക്ക് എലിക്കാട്ടൂരും കമുകുംചേരിയും പനമ്പറ്റയും പിടവൂരും ഒക്കെ കഴിഞ്ഞിട്ടുണ്ടാകും . ചിലപ്പോൾ ചേകം വഴി പള്ളിമുക്കിന് വന്നു കയറും. സൈക്കിൾ പോകുന്നതാണ് വഴി. ഞാൻ സൈക്കിളിനെയാണോ സൈക്കിൾ എങ്ങനെയാണോ നയിച്ചിരുന്നത് എന്നത് ഇപ്പോഴും ഞാൻ എന്നോട് തർക്കിക്കുന്ന വിഷയമാണ്.
ആദ്യത്തെ സൈക്കിളിടി
രണ്ടുതവണ എന്റെ സൈക്കിൾ ആളുകളെ ഇടിച്ചിട്ടുണ്ട്. ആദ്യത്ത തവണ പുതുവലിനു കുറച്ചു പടിഞ്ഞാറു വച്ചാണ്. അതൊരു ബെല്ലും ബ്രേക്കും ലൈറ്റും ഇല്ലാത്ത സൈക്കിൾ ആയിരുന്നു. . സന്ധ്യ കഴിഞ്ഞു. ഇരുട്ടായിട്ടുണ്ട്. അതു വരെ റോഡേ നടന്നു വന്നിരുന്ന ഒരമ്മച്ചിയുണ്ട് എന്റെ സൈക്കിളിന്റെ മുമ്പിലേക്ക് കയറി. ഞാൻ സൈക്കിൾ വലത്തോട്ട് വെട്ടിച്ചപ്പോൾ അവർ ആ വശത്തേക്കായി. ബ്രേക്ക് എന്ന സാധനം സൈക്കിളിനുണ്ടങ്കിലും അത് പിടിച്ചാൽ വണ്ടി നിൽക്കണ്ട? നിന്നില്ല. അവരെ സൈക്കിൾ ഇടിച്ചു. അയ്യോ എന്നെ കൊന്നേ എന്ന് പറഞ്ഞു തലയിലിരുന്ന കുട്ടയുമായി അവർ വീണു. ഞാനും വീണു. എഴുന്നേറ്റ് അവരെ പിടിച്ചെഴുന്നേൽപ്പിക്കാൻ ഞാനും കൂടി. അവരുടെ മകനും കൂടെയുണ്ട്. രണ്ടു പേരും കൂടി പത്തനാപുരത്തെ ചന്തയിൽ പച്ചക്കറിക്കച്ചവടം കഴിഞ്ഞു തിരികെ വരികയാണ്. കുട്ടയിൽ മിച്ചം വന്ന കുറച്ചു പച്ചമുളക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പഴത്തേക്കും പുതുവലിലെ പള്ളിക്കടയിൽ കച്ചവടം നടത്തുന്ന തോമാച്ചൻ വന്നു. വേറെ ആരാണ്ടൊക്കെയോ കൂടി. ഞാൻ ഏതാണെന്നും എവിടുത്തെയാണെന്നും ഒക്കെ ചോദിച്ചിട്ടു തോമാച്ചൻ നിൽക്കുമ്പോഴുണ്ട് ഞാൻ അറിയുന്ന വെള്ളയംകോട്ടെ രാഘവൻ മേശിരിയും അവിടെ വന്നു. ഇയാള് പോയാട്ടെ സൈക്കിൾ ഇവിടെ ഇരിക്കട്ടെ. ഞാൻ സൈക്കിളിൽ തൂക്കിയിട്ടിരുന്ന ഹാൻഡ് ബാഗ് ഊരിയെടുത്തു വേഗം നടന്ന് തിരുമങ്ങാട്ടെത്തി ദിവാകരൻ അമ്മാവന്റെ കടയിൽ വിവരം പറഞ്ഞു. ചിട്ടിപ്പിരിവിന്റെ കാശ് ആ ബാഗിൽ ഉണ്ടായിരുന്നു. ഇളമണ്ണൂർ ഭാഗത്തെ ചിട്ടിപ്പിരിവിന് ഞാൻ ആണ് പോകുന്നത്.
പിറ്റേന്ന് ദിവാകരൻ അമ്മാവൻ പോയി സൈക്കിളിടിച്ചു വീണ ചേടത്തിക്ക് ആശുപത്രിച്ചെലവിനെന്നു പറഞ്ഞു ഇരുപത്തഞ്ചു രൂപ കൊടുത്തിട്ടേ സൈക്കിൾ തിരികെക്കൊടുത്തുള്ളൂ.
"ഇനീം മൊതലു നീ ബസ്സിൽ പോയാ മതി " എന്ന് ദിവാകരൻ അമ്മാവൻ പറഞ്ഞു.
പിന്നെ മുതൽ സൈക്കിൾ ഇല്ല.
രണ്ടാം സൈക്കിളിടി
ഞാൻ ഇരുപത്താറാം കുറ്റി, മാലൂർ, പള്ളിപ്പുറത്തുകടവ് വഴി വള്ളക്കാരൻ പൊടിയൻ കൊച്ചാട്ടന് സൈക്കിൾ കടത്തുകൂലി നാലണ കൊടുത്തു അക്കരെക്കയറി പന്തപ്ലാവിലെത്തി സുരേഷിനെയും കണ്ടു ഞങ്ങൾ ഒരുമിച്ചു പന്ത്രണ്ടുമുറി ഭാഗത്ത് കടകളിലൊക്കെ കയറിയിരുന്നു വർത്തമാനവും പറഞ്ഞു ചായയും കുടിച്ചു സിഗരറ്റും വലിച്ചു കുറച്ചു കഴിഞ്ഞു കൊച്ചിക്കടവ് തിരികെക്കടന്നു കുണ്ടയത്തു കയറി മൂലക്കടമുക്കിനൂടെ പത്തനാപുരത്തെത്തി നിർത്താതെ ചവിട്ടി വിട്ടു.
ജംഗ്‌ഷനിൽ നിന്ന് പടിഞ്ഞാറോട്ടു വേഗം ചവുട്ടി. വിജയ പ്രസ്സിന്റെ മുമ്പിൽ എത്തിയതും ഒരു ചെറുക്കൻ കുറുകെ ഒരു ചാട്ടം. അവൻ തെറിച്ചു വീണു. ഞാൻ ബ്രേക്ക് പിടിച്ചു മുന്നോട്ടാഞ്ഞു കാൽ നിലത്തു കുത്തി. എന്തും സംഭവിക്കാം. കടകളിൽ നാലഞ്ചാളുകൾ കണ്ടുകൊണ്ടിരിക്കുകയാണ്.
സൈക്കിളിടി കൊണ്ട് വീണതും ആ പയ്യൻ എഴുനേറ്റ് ഒറ്റ ഓട്ടം. എതിർ വശത്തെ കടയിൽ മുറുക്കാൻ വാങ്ങിക്കാൻ വന്നതാണവൻ. ഞാൻ അങ്ങനെ തന്നെ നിന്നു.
പൊയ്ക്കോ പൊയ്ക്കോ - കടയിലിരുന്നവർ പറഞ്ഞു. അവൻ കുറുക്കു ചാടിയതാ ഒന്നും പറ്റിയില്ല. മുറുക്കാൻ അപ്പോഴും അവൻ വലതുകൈയിൽ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന് നു.
അവന്റെ ഓട്ടം കണ്ടു അവരും ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങനെ രക്ഷപ്പെട്ടു.
അവൻ അപ്പോൾ ഓടിയില്ലായിരുന്നെങ്കിൽ ഞാൻ ഓടേണ്ടി വന്നേനെ.
1975 -78 കാലത്ത് പത്രവിതരണത്തിനു പോയിരുന്നതും സൈക്കിളിൽ ആണ്. പുതുവലിൽ നിന്നും ഇളമണ്ണൂരെത്തി മങ്ങാട്, മരുതിമൂട്, മാവിള , കുടുത്ത, പൂതംകര, ,മുരുപ്പേത്തറ, കൊടുമൺ പ്ലാന്റേഷൻ ഇവിടങ്ങളിലൊക്കെ പത്രവിതരണം കഴിഞ്ഞുവരുമ്പോഴേക്കും ഉച്ചയാവും. ചില ദിവസങ്ങളിൽ എനിക്ക് വേറെ റൂട്ട് ആയിരിക്കും, അന്ന് ഇളമണ്ണൂർ നിന്ന് ചാങ്കൂർ, മാരൂർ, ചുട്ടിവട്ടം, കുറുമ്പകര, മണയറ, മീനം, മാലൂർ കോളജ് വഴി തിരികെ പുതുവലിൽ തിരികെയെത്തും
പിന്നൊരിക്കൽ സൈക്കിളിൽ നിന്ന് വീണു. ഒരു ബന്ദ് ദിവസം ആണ്. 1984ൽ ആയിരിക്കണം. അന്ന് ഞാൻ തൃപ്പൂണിത്തുറ ഹിൽപാലസിൽ ആണ് വാസം. ഹിൽപാലസ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മേഖല കൾച്ചറൽ ആർട്സ് സൊസൈറ്റിയുടെ ഓഫീസിലായിരുന്നു ആദ്യം താമസം. അതുകഴിഞ്ഞു മുളന്തുരുത്തിയിലെ ഒരു പെൺപാരലൽ കോളജിൽ മലയാളം പഠിപ്പിച്ചു തുടങ്ങിയപ്പോൾ അതിന്റെ പ്രിൻസിപ്പൽ താമസിക്കുന്ന ഹിൽപാലസിലെ കുളക്കരയിലുള്ള എട്ടുകെട്ടിലാണ് താമസം. അദ്ദേഹത്തിന്റെ ഭാര്യക്ക് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ആണ് ജോലി. അവർക്കു ക്വാർട്ടേഴ്‌സ് ആയി കിട്ടിയിരിക്കുന്നത് പണ്ട് പരീക്ഷിത്തു തമ്പുരാൻ താമസിച്ചിരുന്ന കൊട്ടാരം ആണ്. രാജാവിന്റെ തേവാരപ്പുരയായിരുന്ന പുറത്തെ മണ്ഡപമുറിയിലാണ് എന്റെ വാസം. അവിടെ എന്നെക്കാണാൻ സി ഡി സുരേഷും സിദ്ദിഖ് ഷമീറും എന്റെ അച്ഛനും ഒക്കെ വന്നിട്ടുണ്ട്.
അത് വേറെ കഥ.
പിന്നെ യൂണിവേഴ്സിറ്റി ഓഫീസ് പൂർണമായും കളമശ്ശേരിക്കുമാറി.
അങ്ങനെയുള്ളതായ കാലത്ത് ഒരു ബന്ദിന്റെ അന്ന് ഞാൻ ഹിൽപാലസ് മെയിൻഗേറ്റിനു പുറത്തു പെട്ടിപ്പീടികയുള്ള മോഹനന്റെ സൈക്കിളും വാടകയ്ക്ക് എടുത്തു കൊണ്ട് മുളന്തുരുത്തിയിലേക്കു പോയി. ഹിൽപാലസിൽ നിന്നും തിരുവാങ്കുളം, ചോറ്റാനിക്കര, വട്ടുക്കുന്നു വഴി പള്ളിത്താഴത്തെത്തി. ഓഫീസിൽ നിന്നും ഷേക്സ്പിയർ സമ്പൂർണ കൃതികൾ ഇംഗ്‌ളീഷിൽ ഉള്ളത് (എടുത്തു സൈക്കിളിന്റെ കാര്യറൽ ക്ലിപ്പിട്ടുവച്ചു. അതിലെ സോണറ്റുകൾ ഹിൽപാലസിന്റെ ഭീകര ഏകാന്തതയിലിരുന്നു വായിക്കുക എന്നതാണ് ദുരുദ്ദേശം.
പള്ളിത്താഴത്തു നിന്ന് പള്ളിക്കടുത്തു കയറിയാൽ പള്ളിക്കു കിഴക്കുഭാഗത്തുകൂടി പെരുമ്പിള്ളിയിൽ ചെന്ന് കയറുന്ന ഒരു വഴിയുണ്ട്. അവിടെ ഹെയിൽ മേരി സ്‌കൂളിലെ ഓഫീസിൽ പോകേണ്ടുന്ന ഒരു ആവശ്യം ഉണ്ട്. അത് കഴിഞ്ഞു തിരികെ സൈക്കിൾ വേഗം ചവിട്ടി. ചരലും ചെങ്കല്ലും ഒക്കെയുള്ള വഴിയാണ്. ഒരു കയറ്റം ചവുട്ടിക്കയറ്റുകയാണ്. സീറ്റിൽ നിന്നും എഴുന്നേറ്റു നിന്നുള്ള കയറ്റം ചവിട്ടലാണ് - അതും നല്ല സ്പീഡിൽ.
എഴുനേറ്റു നിന്ന് വേഗം ചവിട്ടുമ്പോൾഹാൻഡിലിന്റെ വലതു ഭാഗത്തെ ക്യാപ്പ് ഊരി കയ്യിൽ വന്നു. ഹാൻഡിൽ ബാലൻസ് തെറ്റി. സാമാന്യം നല്ല ഒരു വീഴ്ചയങ്ങു വീണു. വലതുകാലിലെ ചെറുവിരൽഭാഗത്തു എന്തോ സംഭവിച്ചതിന്റെ പെരുപ്പും വേദനയും. എഴുന്നേറ്റു നിന്ന് നോക്കിയപ്പോൾ ചെറുവിരൽ വലത്തേക്ക് നിവർന്നു പോയി. ശബ്ദം കേട്ട് വന്ന വഴിവക്കത്തെ വീട്ടുകാരൻ എന്നെ പിടിച്ചെഴുന്നേല്പിച്ചു നടത്തികൊണ്ടുപോയി. അപ്പോഴാണ് മനസ്സിലായത് ഇടത്തെ കൈമുട്ടിനു നല്ല നാലഞ്ച് വര വീണിട്ടുണ്ട്. അത് നീറുന്നു. അയാൾ എന്നെ ഒരു കസേരയിൽ ഇരുത്തി ടർപൻടൈൻ പുരട്ടി തിരുമ്മി വിരൽ വലിച്ചു പഴയപോലെ ആക്കിത്തന്നു. കുടിക്കാൻ കട്ടൻ ചായയും വന്നു. സൈക്കിൾ എടുത്തു മുൻചക്രം കാല്മുട്ടുകൾക്കിടയിൽ അമർത്തി ഹാന്റിലിന്റെ ചെരിവ് നേരെയാക്കി.
പിന്നെ തിരികെ അതെ വഴി. ചോറ്റാനിക്കര തിരുവാങ്കുളം വഴി. തിരുവാങ്കുള .
അവിടെ പി ജെ തിയേറ്റേഴ്സിന്റെ ഓഫീസും റിഹേഴ്സൽ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. തീ എന്നാണു നാടകത്തിന്റെ പേര്. തീകത്തുന്നത് പോലെയുള്ള അക്ഷരത്തിലാണ് തീ എന്നുള്ള ബോർഡ്. തിലകന്റെ നാടകസമിതി ആണ് . . അപ്പോൾ പി ജെ തിയ്യേറ്റേഴ്സിന്റെ വേറെ ഒരു നാടകം കൂടി ഉണ്ടായിരുന്നു - കാഴ്ചബംഗ്ലാവ്. ചിലപ്പോഴൊക്കെ ഞാൻ മുളന്തുരുത്തിയിൽ നിന്ന് ബസ്സിൽ തിരികെ വരുമ്പോൾ പി ജെ തിയ്യേറ്റേഴ്‌സിന്റെ വാൻ നാലു വശത്തും തീ എന്ന് എഴുതിയ ബോർഡും വച്ച് അവിടുന്ന് പുറപ്പെടുന്നതോ വഴിയിൽ എവിടെങ്കിലും വച്ച് കടന്നു പോകുന്നതോ കാണാം. തീയിൽ അഭിനയിച്ചിരുന്ന ജോയി എന്നൊരു നടനെ എനിക്ക് പരിചയം ഉണ്ടായിരുന്നു. അയാൾ കേരള എക്സ്പ്രസ്സ് തീവണ്ടിയിൽ കാറ്ററിങ് വിഭാഗത്തിൽ കുറേക്കാലം ജോലി ചെയ്തിട്ടുണ്ട്.
എന്റെ സുഹൃത്ത് ബാവച്ചനും റോസ്‌മോഹനും സോമനും ഒക്കെക്കൂടി അക്കാലം വരെ നടത്തിയിരുന്ന നാടന്കലാമേളകൾ നിർത്തി വച്ച് മേഖലാ തിയ്യേറ്റേഴ്‌സ് പ്രൊഫഷണൽ നാടകം തുടങ്ങിയപ്പോൾ അവിടെ വന്നു തിലകന്റെ മകൻ വിവരങ്ങൾ ഒക്കെ അന്വേഷിച്ചിരുന്നു.
ഷമ്മിയെന്നാണ് പേര് പറഞ്ഞത്.
മേഖല തിയ്യേറ്റേഴ്സിന്റെ ആദ്യ നാടകം 'ടാർ' ആയിരുന്നു. രചന കൊച്ചറ ജോയി. വൈക്കം സുകുമാരൻ നായർ (ജനാർദ്ദനന്റെ ജ്യേഷ്ഠൻ - അദ്ദേഹത്തിനാണ് കേരളത്തിൽ ആദ്യമായി ഏറ്റവും മികച്ച നാടക നടനുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിക്കുന്നത്), അക്കാലത്തിറങ്ങിയ കാക്കനാടൻ - ഭരതൻ സിനിമയായ 'പറങ്കിമല'യിൽ നായകനായിരുന്ന ബെന്നി, ബാവച്ചൻ, റോസ് മോഹൻ, മുണ്ടക്കയംകാരി കുമുദം, ജെ പി താനം, ഉണ്ണികൃഷ്ണൻ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്. രംഗപടം സുജാതൻ. ഭാരതീയ വിദ്യാഭവനിൽ ആദ്യ ഷോ അരങ്ങേറുമ്പോൾ വന്നിരുന്നു രംഗത്തേക്ക് കയറിക്കിടക്കുന്ന ഒരു റോഡ് റോളറിന്റെ അവസാന മിനുക്കു പണികൾ നടത്തുന്ന ആർടിസ്റ്റ് സുജാതന്റെ ദൃശ്യം ഇപ്പോഴും മനസ്സിലുണ്ട്.
തിരുവാങ്കുളം എന്ന് ആദ്യം കേൾക്കുന്നത് 'ഖസാക്കിന്റെ ഇതിഹാസത്തി'ന്റെ ആദ്യപേജുകളിൽ എവിടെയോ ആണ്. രവി സഞ്ചിയിൽ നിന്നെടുത്തു ജാലകപ്പടിയിൽ അടുക്കി വയ്ക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ മുട്ടത്തു വർക്കി, പ്രിൻസ് തിരുവാങ്കുളം എന്നിവരുണ്ട്. ആ സ്ഥലമാണ് ഈ സ്ഥലം. അവിടുത്തെ തിയ്യേറ്ററിൽ കഴിഞ്ഞാഴ്ച ഒരു പഴയ സിനിമ കണ്ടതാണ് _ ഉണ്ണിയാർച്ച. തിരുവാങ്കുളത്തു നിന്നും ഹിൽപാലസിൽ എത്തി.
ഹിൽപാലസിൽ നിന്നും മുളന്തുരുത്തിയിലേക്കും അവിടുന്ന് ആമ്പല്ലൂർ, ബ്രഹ്മപുരം, കാഞ്ഞിരമറ്റം, ആരക്കുന്നം തുടങ്ങിയ പ്രദേശങ്ങളിലൂടെ സൈക്കിൾസഞ്ചാരം നടത്തിയിട്ടുണ്ട്. അന്ന് പഠിപ്പിച്ചിരുന്ന പാരലൽ കോളജിന്റെ ബാനർ കെട്ടുന്ന സംഘത്തോടൊപ്പം ആയിരുന്നു ആ യാത്ര. മുളന്തുരുത്തിയിൽ നിന്നും നടന്നു വഴിതെറ്റി ചെമ്പു ഭാഗത്തേക്ക് പോയിട്ടുണ്ട്. പിന്നെ തിരിഞ്ഞു നടന്നു ഉദയംപേരൂഭാഗത്തു വന്നിട്ട് അവിടുന്ന് തൃപ്പൂണിത്തുറ വഴി ഹിൽ പാലസ് വരെ ഒരിക്കൽ നടന്നിട്ടും ഉണ്ട്.
2017 ൽ ഒരു കണ്ടനാട്ടു സന്ദർശനം പ്രമാണിച്ചു ഉദയംപേരൂരിൽ നിന്നും കണ്ടനാടു വഴി വട്ടുക്കുന്നു വരെ നടന്നു. അവിടുന്ന് എറണാകുളത്തേക്കു ബസ് കിട്ടി.
ReplyForward |

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ