രാജസ്ഥാൻ മരുഭൂമിയിലെ കുരീപ്പുഴ

എസ്. സലിംകുമാർ 




ഇന്ത്യയുടെ പിങ്ക് നഗരം എന്നറിയപ്പെടുന്ന ജയ്‌പൂർ. 1993 ജനുവരി അവസാനം. സമയം വൈകുന്നേരം  നാലുനാലര ആയിക്കാണും. കോളിംഗ് ബെൽ ശബ്ദിച്ച​തു  കേട്ട് ഞാൻ കതകു തുറന്നു.

ഒരു കൈ  വാതിലിനടുത്തു ഭിത്തിയിൽ കുത്തി തോളിൽ സഞ്ചിയും കടുംപച്ച  ഷർട്ടും ഇരുണ്ട ജീൻസും വേഷത്തിൽ വാതിൽ നിറഞ്ഞു  നിൽക്കുന്നു കവി -  കുരീപ്പുഴ ശ്രീകുമാർ . ഡൽഹിയിൽ ദേശീയ കവിസമ്മേളനത്തിനു വരുന്നുണ്ട് അപ്പോൾ ജയ്‌പ്പൂരിൽ വരും എന്ന് കാർഡുണ്ടായിരുന്നു. പിന്നെ വേറൊരു കാർഡും വന്നിരുന്നു - ജയ് പൂരിലേക്ക് വരുന്നില്ല എന്ന് . ആ കാർഡ് കിട്ടിയത്തിൻ്റെ  പിറ്റേന്നാണ്‌   ജയ്‌പ്പൂരിൽ ഖാത്തിപുര ഗോവിന്ദ്നഗറിൽ ഞാൻ താമസിക്കുന്ന വീടിൻ്റെ  വാതിലിൽ കവി പ്രത്യക്ഷപ്പെട്ടത്. 

കുരീപ്പുഴ ശ്രീകുമാർ

എനിക്ക് അത്ഭുതം സമ്മാനിച്ചു കൊണ്ട് അഡ്രസ് വച്ച് അന്വേഷിച്ചു കണ്ടെത്തിയതാണ്  കവി. എൻ്റെ മകൾ സൂര്യ കൈക്കുഞ്ഞാണ് - നാലുമാസം. പുഷ്പയും കുഞ്ഞും ഞാനും ഞങ്ങളുടെ സഹായി സജീവുമാണ് വീട്ടിലുള്ളത്.   ഞാൻ താമസിക്കുന്ന വീടിൻ്റെ   ഉടമസ്ഥൻ  മിലിട്ടറി എഞ്ചിനീയറിംഗ് സർവീസിൽ ജോലി ചെയ്യുന്ന എം എം മുഹമ്മദും (അദ്ദേഹം ഈയിടെ അന്തരിച്ചു) കുടുംബത്തെ കവിക്കു പരിചയപ്പെടുത്തി. 

സന്ധ്യയായപ്പോൾ കുരീപ്പുഴയും ഞാനും ജയ്‌പൂർ നഗരം കാണാനിറങ്ങി. പഴയനഗരത്തിൻ്റെ  വാസ്തുഭംഗിയിലൂടെ ചാന്ദ് പോളും ഛോട്ടി  ചോപ്പടും ബഡി ചോപ്പാഡും കണ്ടു.  ഹവാമഹലിനടുത്തും കറങ്ങി. ജന്തർമന്തർ കാണണമെന്നുണ്ടായിരുന്നെങ്കിലും സന്ദർശകസമയം എപ്പോഴേ കഴിഞ്ഞിരുന്നു. ഞങ്ങൾ ചുറ്റിത്തിരിഞ്ഞ് സാംഗാനേരി ഗേറ്റിനടുത്തെത്തി. അവിടെ രാംനിവാസ് ബാഗിൻ്റെ  എതിർ വശത്തു രാംലീല മൈതാനത്ത്  എത്തിയപ്പോൾ   കവിയരങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ജയ്‌പൂർ കാവ്യമഞ്ച് എന്ന കവിക്കൂട്ടത്തിന്റെ പരിപാടിയാണ്. എനിക്കറിയാവുന്ന നാരായൺ ചതുർവേദി, ബുദ്ധിപ്രകാശ് പാരിഖ് തുടങ്ങിയവരെ അവിടെ കണ്ടു.    ഞങ്ങൾ അങ്ങോട്ട് ചെന്നു. അവിടെയുള്ളവർക്കു ഞാൻ കവിയെ പരിചയപ്പെടുത്തി.

 ഡൽഹിയിൽ ആകാശവാണിയുടെ ദേശീയ കവിസമ്മേളനത്തിൽ അക്കൊല്ലം മലയാളത്തിലെ പ്രതിനിധീകരിച്ചു കവിത ചൊല്ലിയത് കുരീപ്പുഴയാണ് എന്ന് പറഞ്ഞപ്പോൾ അവർ ആദരവോടെ കുരീപ്പുഴയെ ഒരു കവിത ചൊല്ലാൻ ക്ഷണിച്ചു. കവിതയുടെ ഇംഗ്ലീഷ് ചുരുക്കം കവിയുടെ പക്കൽ ഉണ്ടായിരുന്നത് അവർക്കു കൊടുത്തു.  കവിയെ പരിചയയപ്പെട്ടുത്തി. കവിത ചൊല്ലാൻ ക്ഷണിച്ചു. 'രാഹുലൻ ഉറങ്ങുന്നില്ല' എന്ന കവിത കുരീപ്പുഴ ചൊല്ലി. ഹിന്ദി കവിത ചൊല്ലുമ്പോഴത്തെ  വാഹ് വാഹ് പറച്ചിലിനുമപ്പുറത്തു ഭാഷയുടെ പരിമിതികളെ മറികടന്നു കവിത സഞ്ചരിക്കുന്നത് നേരിൽക്കാണുന്ന അനുഭവം പറയാവതല്ല . 'രാഹുൽ നഹിം സോ  രഹാ ഹൈ ' എന്നാണ് കവിതയുടെ പേര് എന്നും അതിൻ്റെ  ഉള്ളടക്കം എന്താണെന്നും ഇംഗ്ലീഷ് വിവരണത്തെ അടിസ്ഥാനമാക്കി നാരയൺ ചതുർവേദി പ്രസംഗിച്ചു. ഗംഭീര കരഘോഷത്തോടെ ഒരു 'മദ്രാസി കവി' അവിടെ രാജസ്ഥാനി കാവ്യാസ്വാദകരുടെ മനം കവർന്നു. കവിത ഇങ്ങനെ ചൊല്ലിക്കേൾക്കുന്നത് ജയ്‌പൂരിലെ കവികൾക്ക് പുതിയൊരു അനുഭവം ആയിരുന്നു. 

അംബർ കൊട്ടാരം (ജയ്‌പൂർ)

അന്നു തന്നെ കുരീപ്പുഴ ഒരിനഅജണ്ട അവതരിപ്പിച്ചു. മരുഭൂമിയിൽ പോകണം. ഒരു പുൽത്തുമ്പുപോലും ഇല്ലാത്ത തനി മരുഭൂമി കാണണം. 'ഒറ്റ വഴിയേയുള്ളൂ.  ജൈസാൽമീറിനു  പോകാം" ഞാൻ പറഞ്ഞു. അങ്ങനെതന്നെ തീരുമാനിച്ചു. പിറ്റേന്ന് ജയ്‌പൂരിൻ്റെ പഴയ തലസ്ഥാനമായ ആമേർ (അംബർ) കോട്ടയും കൊട്ടാരവും മറ്റു പല  പല ഇടങ്ങളും സന്ദർശിച്ചിട്ടു വൈകിട്ട് ജൈസാൽമീറിന് പുറപ്പെട്ടു. ജോധ്‌പൂരിൽ രാവിലെ ആറു  മണിക്ക് എത്തി. 

ഞാൻ വിചാരിച്ചു : രാവിലെ ബാബു അണ്ണൻ്റെ  വീട്ടിൽ പോകാം. വടക്കേലെ ബാബുഅണ്ണൻ (പി ജെ വർഗീസ് ) ജോധ്പുരിൽ ശ്രമിക് വിദ്യാ പീഠത്തിൽ ഉദ്യോഗസ്ഥനാണ്. അവിടെ പോയിട്ട് പോകാം. പാൽ റോഡ് എന്ന സ്ഥലത്താണ് ബാബു അണ്ണൻ താമസിക്കുന്നത്. അത് പറഞ്ഞപ്പോൾ കുരീപ്പുഴ പറഞ്ഞു : നമ്മക്ക് ആ ചേട്ടൻ്റെ  വീട്ടിൽ ഇപ്പോൾ പോകണ്ട. നേരെ മരുഭൂമിയിലേക്ക് പോകാം. 

അവിടെ അടുത്തെവിടെയെങ്കിലും മരുഭൂമി ഉണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഒരാൾ ഫലൗദിയിൽ പോയാൽ മരുഭൂമി കാണാംഎന്ന് പറഞ്ഞു. പുരാണപ്രസിദ്ധമായ കദളീവനം (ഫലോദ്യാനം) ആണത്രേ ഫലൗദി.  പക്ഷെ തനി മരുഭൂമി കടലുപോലെ കാണണമെങ്കിൽ ജൈസാൽമീരിൽത്തന്നെ പോകണം. അല്ലെങ്കിൽ ബാഡ്‌മേർ, ബിക്കാനീർ  ജില്ലകളിൽ എവിടെങ്കിലും പക്ഷെ  ഥാർ മരുഭൂമിയുടെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ ജയ്സാൽമീർ ജില്ലയിൽ ആണ്. അങ്ങോട്ട് പോകാൻ ഞങ്ങൾ തീർച്ചപ്പെടുത്തി. ജൈസാൽമീരിൽത്തന്നെ പോകാം എന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി. 

അങ്ങനെ ജയ്‌സൽമെറിനുള്ള ബസ്സിൽ കയറി. മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ ഞങ്ങൾ രണ്ടും പിന്നെ ഒരു രാജസ്ഥാനിയും. അയാൾ ഞങ്ങളോട് ഹിന്ദിയിൽ സംസാരിച്ചു തുടങ്ങി. ഇദ്ദേഹം കവിയാണെന്നും പ്രസിദ്ധനാണെന്നും ഒക്കെ ഞാൻ പറയുന്നതിനു മുമ്പുതന്നെ കുരീപ്പുഴയുടെ കയ്യിലെ വ്യാഴമണ്ഡലത്തിലെ ഏതോ രേഖ നോക്കിയിട്ടു ഈ രേഖയുള്ള  ആൾ പ്രസിദ്ധനാവും എന്ന് അയാൾ പറഞ്ഞു.  കൈനോട്ടം അയാളുടെ ഹോബിയാണ്. എൻ്റെ  കയ്യിലും ആ രേഖ ഉണ്ടോ എന്ന് നോക്കാൻ അയാളോട് പറഞ്ഞു. 'ആത്മഹത്യാമുനമ്പി'ൻ്റെ   ഇംഗ്ലീഷ് പരിഭാഷ സഞ്ചിയിൽനിന്നും പുറത്തെടുത്ത്  കുരീപ്പുഴ അയാളെ കാണിച്ചു.

ഞങ്ങൾ ബസ്സിലാണ്. ലോകാവസാനത്തോളം ഉള്ള ഒരു നേർരേഖ പോലെ ജൈസാൽമീരിലേക്കുള്ള ടാറിട്ട റോഡ്. വഴിക്കിരുവശവും ആൾ പാർപ്പില്ലാത്ത മണൽപ്പടർപ്പുകൾ. ചിലേടത്തു കുറ്റിക്കാടുകൾ. വരണ്ടു പോയ നദികളുടെ ഒഴുക്കു പാടുകൾ. ചന്ദൻ , ലാഠി എന്നൊക്കെ പേരുള്ള ഗ്രാമങ്ങൾ. 

പകുതി വഴിയാവാറായപ്പോൾ പരിചിതമായ ഒരു പേരുള്ള ഒരു ടൌൺ - പോകരൺ (പൊഖ്‌റാൻ എന്ന് പത്രക്കാരെഴുതുന്ന പേര്. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണ സ്ഫോടനം നടന്ന മണ്ണ്. ദൂരെ നിന്നെ പോകരൺ പട്ടണത്തിൻ്റെ  ദൃശ്യം കൗതുകരമായിരുന്നു. അതിവിശാലമായ ഒരു  ഭൂമികയിൽ മെറൂൺ നിറത്തിലുള്ള കല്ലു കൊണ്ടു (അത് അവിടുത്തെ കല്ലുകളുടെ സ്വാഭാവിക നിറമാണ്) കെട്ടിയ കെട്ടിടങ്ങൾ ചെറിയ ചതുരങ്ങൾ. .  വിശാലമായ  വൃത്തത്തിൻ്റെ  ഒരു ബിന്ദുവിൽനിന്നു നോക്കുമ്പോൾ കാണുന്ന രേഖാചിത്രങ്ങൾ പോലെയുള്ള  കാഴ്ചകൾ.  ചുറ്റും ചക്രവാളത്തിൻ്റെ   പൂർണവൃത്തം. ആ വൃത്തത്തി ൻ്റെ   പരിധിക്കുമേലെ കമഴ്ത്തി വച്ച ആകാശത്തിൻ്റെ   കീഴെയാണ് ഞങ്ങളും ഞങ്ങളുടെ ബസ്സും അത് പായുന്ന നേർരേഖയും. 

പട്ടണമടുത്തപ്പോൾ ഒരിടത്തു ബസ്സു നിർത്തി. ബസ് സ്റ്റോപ്പിനടുത്തുള്ള കോമ്പൗണ്ടിൽ ഒരു ആശുപത്രിയാണ്. അതിൻ്റെ   മുറ്റത്തു നിന്ന് ഒരു മോപ്പഡ് സ്റ്റാർട്ട് ആക്കുന്ന നഴ്സ് ഒരു മലയാളി ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. ഞങ്ങളുടെ ബസ് വിടുന്നതിനു മുമ്പ് അവരുടെ മോപഡ് സ്റ്റാർട്ട് ആയി അവർ പോയി. 

ജോധ്പുരിൽ നിന്നും ജൈസാൽ മീറിലേക്ക് റോഡുമാർഗം മുന്നൂറു കിലോമീറ്ററിൽ ഏറെയുണ്ട്.  നേർവര പോലെ റോഡ്  അങ്ങനെ അനന്തതയിൽ ലയിച്ചു കിടക്കുന്നു. ബസ്സ് ഓടുകയാണ്. വിശാലമായ ഒരു വൃത്തത്തിൻ്റെ  നടുവിലാണ് നാം. ഞങ്ങൾ സഞ്ചരിക്കുന്ന ബസ് ആണ് അതിന്റെ കേന്ദ്ര ബിന്ദു. നാം ആ കേന്ദ്രബിന്ദുവിൽ നിശ്ചലമാണ്. ലോകം സഞ്ചരിക്കുകയാണ്. എന്നിട്ടും നാം ആ ബിന്ദുവിൽത്തന്നെയാണ്. അത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. ഒരിടത്തെത്തിയപ്പോൾ മരുഭൂമിയിലൂടെ ട്രെയിൻ  പോകുന്നു. ട്രെയിനിൻ്റെ   ആദ്യാവസാനം മരുഭൂമിയിലൂടെ നീങ്ങുന്ന  ഒരു നേർവരപോലെ ട്രെയിൻ നീങ്ങുന്നു. 

ചിലേടത്തു ദൂരെ വെള്ളം കാണാം. പക്ഷെ അവിടെ എത്തുമ്പോഴാണറിയുക അത് വെള്ളമല്ല - മരീചികയാണ്. ചിലേടങ്ങളിൽ വെള്ളം തിരയടിക്കുന്നതു പോലെ തോന്നും. അവിടുത്തെ മണലിൽ ഉപ്പു കലർന്നിട്ടുണ്ട്. കാറ്റടിക്കുമ്പോൾ   മണൽ  വന്നടിഞ്ഞിടിക്കുന്നതു ദൂരെ നിന്നു  നോക്കിയാൽ വെളുത്ത തിരമാലകൾ ആണെന്നെ തോന്നൂ. ചിലേടത്തു അസംഖ്യം മഞ്ഞ ഗോളങ്ങൾ കഥകളിലെ ആനറാഞ്ചിപ്പക്ഷികളുടെ ദ്വീപിലെ രത്നക്കല്ലുകൾ പോലെ    ചിതറിക്കിടക്കുന്നു. എന്താണെന്നു പിടികിട്ടിയില്ല. ഞങ്ങൾ   മണിക്കൂറുകളായി നേർരേഖയിൽ മാത്രം   പോകുന്ന യാത്രയുടെ തലകറക്കത്തിൽ കാഴ്ചകളുടെ ലഹരിയിൽ ഇരുന്നു. 

ജൈസാൽമീർ അടുക്കാറായപ്പോൾ കെട്ടിടങ്ങൾക്കു മഞ്ഞ നിറം ആയി. മഞ്ഞക്കല്ലു കൊണ്ട് പടുത്ത കെട്ടിടങ്ങൾ. സ്വർണക്കോട്ട (സോനാർകെല്ല ) എന്ന പേരിൽ ഇവിടം പശ്ചാത്തലമാക്കി സത്യജിത്‌റായി  ഒരു സിനിമ ചെയ്തിട്ടുണ്ട്. 

ജയ്‌സാൽമേർ കോട്ട 

രാവണൻ്റെ  ലങ്ക ഇവിടെയായിരുന്നു എന്നൊരു വിശ്വാസം രാജസ്ഥാനിൽ ഉണ്ട്. മണ്ഡോദരിയുടെ സ്ഥലം ജോധ്പുരിൻ്റെ പഴയ തലസ്ഥാനമായ മാൻഡോർ ആണെന്ന് മാർവാഡിലുള്ളവർ വിശ്വസിക്കുന്നു. രാവണ രാജ്‌പുത് എന്നൊരു രാജപുത്രവിഭാഗം മാർവാഡിൽ ഉണ്ട്.  ത്രികൂടം എന്നാണു ജൈസൽമേർ സ്ഥിചെയ്യുന്ന മലയുടെ പേര്.  സ്വർണനിറമുള്ള കല്ലു  കൊണ്ട് ഭാട്ടി രാജവംശക്കാർ കെട്ടിയ കോട്ടയ്ക്കകത്താണ് ഇപ്പോഴത്തെ ജൈസാൽമീർ പട്ടണം. വൈകുന്നേരത്തെ വെയിലിൽ കോട്ട സ്വർണം പോലെ തിളങ്ങി.  ഒരു മണൽമലയിൽ നിന്നും മണൽ എല്ലാം ഊർന്നു പോയി ഇപ്പോൾ  തെളിഞ്ഞ ഒരു സ്വർണ്ണക്കോട്ട പോലെ.... കോട്ടയുടെ താഴ്‌വരയിൽ പുതിയനഗരം വളരുകയാണ്.  

ലോകത്തിലെതന്നെ ആൾപാർപ്പുള്ള ചുരുക്കം കോട്ടകളിൽ  ഒന്നാണ് ജൈസൽമേർ കോട്ട.  കോട്ടയ്ക്കകത്തു കയറി. എല്ലാടവും ചുറ്റിക്കാണാൻ സമയം ഇല്ല. ഒരിടത്തെത്തിയപ്പോൾ  ന്യൂസ് സ്റ്റാൻഡിൽ  ഹിന്ദി -ഇംഗ്ലീഷ് പത്രങ്ങൾക്കൊപ്പം  മലയാളം വീക്കിലികൾ. മംഗളവും മനോരമയും.   ഇതൊക്കെ ആരു  വാങ്ങും എന്ന് ചോദിച്ചപ്പോൾ വിൽപ്പനക്കാരൻ പറഞ്ഞു : ഇവിടെ എയർ ഫോഴ്സിൽ ൽ ജോലി ചെയ്യുന്ന മലയാളികൾ ഉണ്ട്. അവർ ആണ് ഈ വീക്കിലികൾ വാങ്ങുന്നത്.  മറ്റു മലയാളം പ്രസിദ്ധീകരണങ്ങൾ കണ്ടില്ല. 

രാജസ്ഥാൻ ടൂറിസത്തിൻ്റെ  ഒരു ഓഫീസിൽ ഞങ്ങൾ പോയി. അവർ ആണ് പറഞ്ഞത് മരുഭൂമിയിലിലേക്കു ട്രിപ്പ് പോകുന്ന ജീപ്പുകൾ ഉണ്ട്. അഞ്ചു പേരെങ്കിലും ഉണ്ടെങ്കിലേ അവർ പോകൂ. ആളൊന്നുക്ക് നൂറ്റമ്പതു  രൂപയാണ്. അപ്പോൾത്തന്നെ ഞങ്ങൾ സീറ്റ് ബുക്ക് ചെയ്തു. ജീപ്പ്  സം സാൻഡ് ഡ്യൂൺസ് (മണൽപ്പരപ്പുകൾ) വരെ പോകും. ജയ്സല്മേരിൽ നിന്ന് നാൽപ്പതു കിലോമീറ്ററിൽ ഏറെയുണ്ട്.  ഞങ്ങൾ  ജീപ്പിൽ കയറി. കെട്ടിടങ്ങളും പുൽപ്പരപ്പുകളും ഒന്നുമില്ലാത്ത ഇടങ്ങൾ. ഞൊറിഞ്ഞു ഞൊറിഞ്ഞു കിടക്കുന്ന മണൽപ്പരപ്പുകൾ. നിശ്ചലമായ മണൽക്കടൽ. വെള്ളത്തിൻ്റെ  തിരമാലകൾക്കു പകരം മണൽഞൊറിവുകൾ. രണ്ടു വിദേശി ദമ്പതികളും ജീപ്പിൽ ഉണ്ട്. എൻ്റെ  കയ്യിൽ ക്യാമറ ഉണ്ട്. പോക്കറ്റിൽ കൊണ്ടു  നടക്കാവുന്ന ഒരു കാനോൻ ഓട്ടോമാറ്റിക് ക്യാമറയാണ്. ഒരു റോൾ ഫിലിം  അതിൽ ലോഡ് ചെയ്തിട്ടുണ്ട്.  

ഇടയ്ക്കു രണ്ടു ഗ്രാമങ്ങളിൽ വണ്ടി നിർത്തി. ആദ്യം  ദാമോദര എന്നൊരു ഗ്രാമത്തിൽ ആണ്  നിർത്തിയത്. അതൊരു മരുപ്പച്ച  ആണ്. കുറച്ചു വീടുകൾ ഉണ്ട്. വീടുകളുടെ മുൻഭാഗം കണ്ടാൽ ഒരു മണൽമതിൽ ആണെന്നെ തോന്നു. മണ്ണും മണലും കുഴച്ചുകെട്ടിയ ആ ചുവരിൽ നിന്നും കാറ്റടിച്ചു മൺതരികൾ പറന്നു പോയതിനാൽ മണൽ തെളിഞ്ഞു പരുക്കനാണ്  ഭിത്തി. അതിൻ്റെ  ഒരു വശത്തുള്ള വാതിലിലൂടെ കടന്നാൽ ഒരു നടുമുറ്റത്താണെത്തുക. മരുഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്ന  ഖേജിഡി മരത്തിൻ്റെ  തടിയും, മണ്ണും പുല്ലും കൊണ്ടു  തീർത്ത വീട്ടിൽ പത്തുപതിനഞ്ചാളുകൾ ഉണ്ട്. ഒട്ടകത്തെ വളർത്തലും കൃഷിയും ഉണ്ട്. 

കുറേക്കഴിഞ്ഞപ്പോൾ വേറെ ഒരു ഗ്രാമത്തിലും ജീപ്പ് ഞങ്ങളെ കൊണ്ട് പോയി. കനോയി എന്നാണു ഗ്രാമത്തിന്റെ പേര്. അവിടുത്തെ വീടുകൾ എല്ലാം വൃത്താകൃതിയിൽ ആണ്.  കൂർമ്പൻ മേൽക്കൂരകൾ.  കാറ്റിനെ അതിജീവിക്കുവാൻ ആണ്. 
അവിടെ ഒരു വീടിൻ്റെ  മേൽക്കൂരയ്ക്കടുത്തുള്ള തട്ടിൽ ആ സാധനം കൂട്ടി വച്ചിരിക്കുന്നു. നേരത്തെ മരുഭൂമിയിൽ കണ്ട ഓറഞ്ചിനേക്കാളും വലുപ്പമുള്ള സ്വർണഗോളങ്ങൾ. അതെന്താണെന്നു അവിടെയുള്ള ഒരാളോട് ചോദിച്ചു. തൂസ് എന്നാണതിനു പറയുന്നത്. അതൊരു കായയാണ്. അയാൾ കുറച്ചപ്പുറത്തു നിലത്തു കിടക്കുന്ന കായകൾ കാണിച്ചു തന്നു. അവ വാസ്തവത്തിൽ നിലത്തു പടരുന്ന വള്ളികളിലാണ് ഉണ്ടാവുന്നത്. അകലെ നിന്ന് നോക്കിയാൽ നേർത്ത വള്ളി  കാണാൻ കഴിയില്ല. ആ വള്ളിയിൽ പുളിയിലയിതളിൻ്റെയത്രയുള്ള ഇലകളും ഉണ്ട്. തൂസ് കായകൾ ശേഖരിച്ച് അതിൻ്റെ  കുരു ഉണക്കി വെള്ളത്തിലിട്ട്  ഊറ്റ കളഞ്ഞു ആഹാരമായി ഉപയോഗിക്കാറുണ്ട്. ആ പ്രദേശത്തെ ആടുകളുടെ പ്രധാന തീറ്റയാണ് തൂസ് കായകൾ. ആടുകളുടെ കാഷ്ഠത്തിലൂടെയാണ് ഇതിൻ്റെ  വിത്തുവിതരണം നടക്കുന്നത്. 

ഗ്രാമീണരുടെ വേഷവും ആഭരണങ്ങളും വീടിനകവും എന്തിന് .. അവർ വളർത്തുന്ന  ഒട്ടകങ്ങളുടെ ശരീരം പോലും കലാനിർഭരമാണ്. ഒട്ടകങ്ങളുടെ രോമത്തിൽ കത്രികകൊണ്ടു ജ്യോമിതീയ രൂപങ്ങളിലുള്ള ചിത്രങ്ങൾ കത്രിച്ചുണ്ടാക്കിയിരിക്കുന്നു.. 

പിന്നെയും ചെല്ലുമ്പോൾ മരുഭൂമിയിലൂടെയുള്ള റോഡ് ടാർ ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ. കുറേക്കഴിഞ്ഞു ഞങ്ങൾ സം മണൽപ്പരപ്പിൽ എത്തി.  ജീപ്പുകാർ ഞങ്ങളെ ഇറക്കി വിട്ടിട്ട്  അതേ സ്ഥലത്തുതന്നെ  ഒരു മണിക്കൂർ കഴിഞ്ഞു തിരിച്ചെത്താൻ പറഞ്ഞു. ഞങ്ങൾ മണൽക്കാട്ടിലേക്കു കയറി. അവസാനമില്ലാത്ത മണൽപ്പരപ്പുകൾ. കടൽ പോലെ മണൽ മാത്രം. വെളിച്ചം തട്ടി സ്വർണ്ണവർണ്ണത്തിൽ  ഞൊറിഞ്ഞു കിടക്കുന്ന മണൽത്തിരകൾ നമ്മളെ ഒരു മാന്ത്രിക ലോകത്തേക്ക് മാടി വിളിക്കുന്നത് പോലെ. മറ്റൊന്നും ഓർക്കാൻ കഴിയാത്തതുപോലെ ഒരു മായികലോകം. ചുറ്റും വൃത്താകാരമായി ലോകം. 

ഞാൻ ഷൂസ് അഴിച്ചു ലേസുകൾ കൂട്ടിക്കെട്ടി തോളത്തിട്ടു മണൽപ്പരപ്പിലൂടെ നടന്നു. ചിരപരിചിതമായ ഒരു ബാല്യകാലഭൂമി എന്ന പോലെ മരുഭൂമി അങ്ങോട്ട് വിളിക്കുകയാണ്. അസ്തമിക്കാൻ തുടങ്ങുന്ന സൂര്യൻ്റെ വെളിച്ചം മരുഭൂമിയുടെ ഞൊറിവുകളിലും കുന്നിൻപള്ളകളിലും തലപ്പുകളിലും ജ്വലിക്കുന്നു. ചിലേടത്തു നോക്കിയാൽ സ്വർണ്ണക്കുന്നുകളുടെ താഴ്വരകളിൽ സ്വർണ്ണപ്പാടങ്ങൾ. ചിലേടത്തു ആ കുന്നിനപ്പുറത്തു കൃഷിഭൂമിയാണെന്നു തോന്നും അങ്ങോട്ട് പോയാലോ എന്നുതോന്നും. പക്ഷെ എല്ലാം പ്രതീതിയാണ് - മായക്കാഴ്ചകൾ.  ഞൊറിഞ്ഞു ഞൊറിഞ്ഞു കിടക്കുന്ന മണൽക്കുന്നുകൾ നാളെ അവിടെക്കാണില്ല. മരുക്കാട്ടിൽ മണൽക്കുന്നുകളുടെ സ്ഥാനം മാറിക്കൊണ്ടേയിരിക്കും. കാറ്റും വെളിച്ചവും കൂടി മണലാരണ്യത്തെ അതിവിശാലമായ ഒരു ചിത്രമായി എപ്പോഴും വരച്ചും  മായ്ച്ചും നിറം മാറ്റിയും കൊണ്ടിരിക്കും. 

മരുഭൂമിയിലെ മണൽപ്പരപ്പുകൾ

ഞാൻ കുരീപ്പുഴയുടെ കുറച്ചു ഫോട്ടോകൾ എടുത്തു. മരുഭൂമിയുടെ മണലിൽ തലയ്ക്കു കയ്യും കൊടുത്തു കിടക്കുന്ന ഒരു ഫോട്ടോ, അതുതന്നെ ഒട്ടകത്തിൻ്റെ കീഴിലൂടെ എടുത്തത്, അസ്തമയത്തിൻ്റെ വിവിധ ദൃശ്യങ്ങൾ. കവിയുടെ പല പോസിലുള്ള ഫോട്ടോകൾ.  ഫിലിം അവിടെ തീർത്തു. അസ്തമയം കാണാനാണ് വിജനമായ  സം  മണൽപ്പരപ്പുകളിൽ ആളുകൾ എത്തുന്നത്. ഒട്ടകപ്പുറത്തു കയറി കുറച്ചുദൂരമൊക്കെ സഞ്ചരിക്കാൻ കഴിയും. മണിക്കൂറുകണക്കിനു കാശു  കൊടുക്കണം. 

അസ്തമയം കഴിഞ്ഞപ്പോൾ ഞങ്ങൾ ജീപ്പ് വരുന്നിടത്തെത്തി. ജീപ്പ് അവിടെ കാത്തു കിടക്കുന്നുണ്ടായിരുന്നു. ജയ്സാൽമീറിൽ നിന്നും ജോധ്പുരിലെത്തി രാത്രിയിൽത്തന്നെ ജയ്പൂരിലേക്കു തിരിച്ചു. 

പിറ്റേന്ന് നോബിൾ ചേട്ടൻ്റെ  വീട്ടിൽ പോയി. കൊല്ലം മയ്യനാട് സ്വദേശിയായ നോബിൾ ലാൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസിൽ ആണ്.  കുടുംബസമേതം ജയ്‌പ്പൂരിൽ ആണ്. കുറച്ചു നേരം സംസാരിച്ച് ഇരുന്നു. 

കുരീപ്പുഴ മരുഭൂമിയിൽ നിൽക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്ന ഫോട്ടോകളുടെ ചില പ്രിന്റുകൾ അദ്ദേഹത്തിന്  അയച്ചു കൊടുത്തു. ഒരു പുസ്തകത്തിൻ്റെ ആവശ്യത്തിനായി രണ്ടു സ്നാപ്പിൻ്റെ നെഗറ്റിവും അയച്ചു. 


നോബിൾ ചേട്ടൻ അന്ന് 

                                       നോബിൾ ചേട്ടൻ ഇന്ന്

നോബിൾ ചേട്ടനും കുടുംബവും മുംബൈയിലേക്ക്‌ പോകുമ്പോൾ ഞാൻ എടുത്ത രാജസ്ഥാൻ ദൃശ്യങ്ങളുടെ അനേകം ഫോട്ടോകൾ പ്രിന്റ് എടുത്തു ഞാൻ നൽകിയിരുന്നു. ജൈസാൽമീർ ഫോട്ടോകളുടെ പ്രിന്റ് ചേട്ടൻതന്നെ എടുപ്പിക്കാമെന്നു പറഞ്ഞതിനാൽ  നെഗറ്റിവ് ഞാൻ കൊടുത്തു. ആ നെഗറ്റിവ് നോബിൾ ചേട്ടന്റെ ശേഖരത്തിലെ കടലാസുകാട്ടിലെങ്ങാട്ടുണ്ട്. അത് മയ്യനാട്ടുണ്ടാവുമോ അതോ ചേട്ടൻ ഇപ്പോൾ താമസിക്കുന്ന ലണ്ടനിൽ ഉണ്ടാവുമോ ? അറിയില്ല.  ഓർമ്മകൾ .. ഓർമ്മകൾ...

ഒരിക്കൽക്കൂടി നാലഞ്ചു വർങ്ങൾക്കു  ശേഷം കുരീപ്പുഴ ശ്രീകുമാർ ജയ്‌പ്പൂരിൽ വന്നത് സജനും അജയനും ഒരുമിച്ചാണ്. ആ ഓർമ്മകൾ പിന്നൊരിക്കൽ. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം