സിനിമാപ്രേമി (9) :: മുൻഷി വേണുവും മഴയത്തു കണ്ട ജഗതിയും

എസ്. സലിംകുമാർ


1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ,പ്രൊ ഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം.

ദേവദാസും ഷൂട്ടിങ് നടന്നുകൊണ്ടിയ്ക്കുന്ന 'തീരാത്ത ബന്ധങ്ങൾ' എന്ന സിനിമയിലെ പുതുമുഖനായകൻ ബാബുവും താമസിക്കുന്നയിടത്താണ് രാമചന്ദ്രൻ ചേട്ടൻ എന്നെ കൊണ്ടാക്കിയത്. കോഴിക്കോട് മക്കടയാണ് ദേവദാസിൻ്റെ സ്വദേശം. എസ്. കൊന്നനാട്ടിൻ്റെയും പി.എൻ.മേനോൻ്റെയും ഒക്കെ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള ആര്ട്ട് ഡയറക്റ്റർ ആണ് ദേവദാസ്.  ഒരുപാട്ഇ കാലമായി പടം ഒന്നും ഇല്ലാത്ത  പി എൻമേനോന്  ഒരു വർക്ക് ഉണ്ട്.  ഒരു വർഷമായി തിയ്യേറ്ററുകളിൽ ഓടിക്കൊണ്ടിയ്ക്കുന്ന 'ഒരു തലൈ രാഗം' എന്ന തമിഴ് സിനിമയിലെ നായകൻ ശങ്കർ നായകൻ ആയി അഭിനയിക്കുന്ന 'മഞ്ഞിൽ വിരിഞ്ഞ പൂക്ക'ളുടെ പബ്ലിസിറ്റി ഡിസൈനർ പി.എൻ.മേനോൻ ആണ്.  മേനോൻ നിർദ്ദേശിക്കുന്നതനുസരിച്ച് സഹായികൾ ഡിസൈൻ ഉണ്ടാക്കിയിരുന്നു. മേനോൻ്റെ പ്രധാന ആർട്ട് അസിസ്റ്റന്റ് ആണ് മക്കട ദേവദാസ്. 

ദിവസവും ബാബുവിനു ഷൂട്ടിംഗ് ഉണ്ട്. ദേവദാസ് കോഴിക്കോട്ട് പോയിരിക്കുന്നു. ബാബു പോയിക്കഴിഞ്ഞാൽ ഞാൻ മുറിയിൽ ഒറ്റയ്ക്കാണ്. സിനിമാ മാസികകൾ ഉള്ളത് വായിച്ചു തീർത്താലും നേരം ബാക്കിയുണ്ട് അങ്ങനെയിരിക്കുമ്പോഴാണ് വീട്ടുടമയുടെ മകൾ എന്നോട് സംസാരിക്കുന്നത്. ഞാൻ ഒരു മാസികയും വായിച്ചുകൊണ്ട് വരാന്തയുടെ അരമതിലിൽ തൂണും ചാരി ഇരിക്കുകയാണ്.
"എന്ന പടിക്കിറാങ്കെ ? മലയാളമാ?
'ആമാ "
എനക്ക് മലയാളം കത്തിക്കൊടുക്കിറയാ" -
"അതുക്കു മലയാളം പടം പാത്താ പോതും"
"അല്ല എനക്ക് എഴുതപ്പടിക്കണം പടിക്കപ്പടിക്കണം. നീങ്ക കത്തിക്കൊടുങ്കോ"
അവൾ മലയാളം പഠിച്ചേ അടങ്ങൂ.
"നീങ്ക മലയാളം കത്തിക്കൊടുത്താ നാൻ ഉങ്കളുക്കു തെലുങ്ക് കത്തിക്കൊടുക്കിറേൻ"
അവൾ ഉടൻതന്നെ പോയി ഒരു ബുക്കും പേനയും എടുത്തുകൊണ്ടുവന്നു.
അവൾ ഇപ്പോൾത്തന്നെ മലയാളം പഠിച്ചു തുടങ്ങുകയാണെന്നു മാത്രമല്ല എന്നെ തെലുങ്കും പഠിപ്പിക്കും.
എൻ്റെ പ്രായംതന്നെയാണ് അവൾക്കും.
അവൾ കൊണ്ടു വന്ന ബുക്കിൽ സ്വരാക്ഷരങ്ങൾ എഴുതിക്കൊടുത്തു. അത് വായിക്കാനും പഠിപ്പിച്ചു.
ഇത് തെലുങ്ക് മാതിരിത്താൻ. അവൾ തെലുങ്ക് സ്വരാക്ഷരങ്ങൾ ഒരു കടലാസ്സിൽ എഴുത്തിത്തന്നു. സമയം ഒരുപാടുള്ളതുകൊണ്ടു ഞാൻ അതൊക്കെ എഴുതിപ്പഠിച്ചു.

അവളുടെ പേര് ശശികല. അച്ഛൻ വേറേതോ നാട്ടിൽ ഉദ്യോഗസ്ഥൻ ആണ്. അമ്മയും ഇളയ സഹോദരനും സഹോദരിയും ഉണ്ട്. ഡിഗ്രി ഒന്നാം വർഷംപഠിക്കുന്നു. നേരം കിട്ടുമ്പോഴൊക്കെ അവൾ എൻ്റെ അടുത്തു വന്നു വർത്തമാനം പറഞ്ഞു.
ഞാൻ അവൾക്കു മലയാളം എഴുതിയും പറഞ്ഞും കൊടുത്തു. അവൾ വാക്കുകൾ പഠിച്ചു തുടങ്ങി.

ദേവദാസ് ഒരാഴ്ച കഴിഞ്ഞു തിരികെ വന്നു. അതുകഴിഞ്ഞു തൽക്കാലം ദേവദാസിന് പണി ഒന്നും ഇല്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ വർക്ക് ഉണ്ടായിരുന്നത് കഴിയാറായി. ഇനി മേനോൻ പറഞ്ഞാലേ വർക്ക് ഉള്ളൂ. മുറിയിൽ പായ വിരിച്ചു ഭിത്തിയിൽ ചാരിക്കിടന്നു സിസ്സേർസ് സിഗരറ്റ് പായ്‌ക്കറ്റ്‌ കണക്കിന് പുകച്ചു തള്ളുകയാണ് ദേവദാസ്. ഇടയ്ക്കു ചില പെയിന്റിങ്ങു കളൊക്കെ ചെയ്യുന്നുണ്ട്.

ഒരു ദിവസം ബാബുവിന്റെ രണ്ടു സുഹൃത്തുക്കൾ ബാംഗ്ലൂരിൽ നിന്നും വന്നു. അവർ അവിടെ എഞ്ചിനീയറിങ്ങിനു പഠിക്കുന്നവരാണ്. ഒരാൾ ബാബുവിൻ്റെ ബാബുവിൻ്റെ സുഹൃത്താണ്. കൂടെയുള്ള എപ്പോഴും പുകവലിക്കുന്നയാൾ സുഹൃത്തിൻ്റെ സുഹൃത്താണ്. അയാൾ പഴയകാലത്തെ മാതിരി . ഒരുതരം ടൈറ്റ് പാന്റ്സ് ആണ് ഇട്ടിരിക്കുന്നത്. ബെൽബോട്ടം ആണ് മദിരാശിയിലെ ഇപ്പോഴത്തെ ട്രെൻഡ്. ഇത് പുതിയ ഫാഷൻ ആണ്, ജീൻസ് എന്നാണു ആ പാന്റ്സിന്റെ പേര്. അവരുടെ സാധാരണ പാന്റ്സും ബെൽബോട്ടം അല്ലായിരുന്നു. മുമ്പിലെ പോക്കറ്റിനു പകരം സൈഡിൽ ആണ് പോക്കറ്റ്. മദിരാശിയെക്കാൾ മുമ്പേ ഫാഷൻ വരുന്നത് ബാംഗ്ലൂരിൽ ആണെന്ന് എനിക്ക് തോന്നി.

അവർ വരുമെന്ന കാര്യം ബാബു പറഞ്ഞിരുന്നു. അന്ന് ബാബുവിന് ഷൂട്ടിംഗ് ഉണ്ട്. ഷൂട്ടിംഗ് സ്ഥലത്തേക്ക് അവരെയും കൂട്ടിച്ചെല്ലണമെന്നു ബാബു പറഞ്ഞിരുന്നു. ഞങ്ങൾ മൂന്നു പേരും ബീച്ചിലുള്ള ഡോക്റ്ററുടെ ബംഗ്ലാവുതേടിപ്പോയി കണ്ടു പിടിച്ചു. നാലഞ്ചേക്കർ വരുന്ന ഒരു കോമ്പൗണ്ടിനകത്തു കതകുകൾക്കും ജാലകങ്ങൾക്കും വരെ വെള്ള പെയിന്റടിച്ച ഒരു വീട്. ആൾപ്പൊക്കത്തിലേറെ ഉയരമുള്ള കനത്ത ഗേറ്റ്. വാച്മാനോട് വിവരം പറഞ്ഞു. ഹീറോയുടെ സുഹൃത്തുക്കൾ ആണ്. വരാൻ പറഞ്ഞിട്ട് വന്നതാണ്.

പക്ഷെ അയാൾ ഞങ്ങളെ കടത്തി വിട്ടില്ല. ആ കോമ്പൗണ്ടിലേക്ക് ആരെയും കടത്തി വിടരുതെന്നാണ് വാച്ച് മാനോട് പറഞ്ഞിരിക്കുന്നത്. പക്ഷെ അവിടെ പോയി വിവരം പറയാമെന്നു അയാൾ പറഞ്ഞു. അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ബാബു ഗേറ്റിനപ്പുറത്തു വന്നു. തുറക്കാത്ത ഗേറ്റിനു അപ്പുറവും ഇപ്പുറവും നിന്ന് സുഹൃത്തുക്കളുമായി സംസാരിച്ചു. വൈകിട്ട് ഏട്ടിൽ വച്ച് കാണാമെന്നു ബാബു പറഞ്ഞു. അകത്തേക്ക് ആർക്കും പ്രവേശനം ഇല്ല.

ഞാനും ബാംഗ്ലൂരിൽ നിന്ന് വന്നവരും നഗരത്തിൽ കറങ്ങി. പിന്നെ മാറ്റിനിക്ക് കയറി. മൗണ്ട് റോഡിൽ നിന്നും ഏറെ അകലെ അല്ലാത്ത ഒരു തിയ്യേറ്ററിൽ ആണ്. രജനീകാന്തിന്റെ പടം - പൊല്ലാതവൻ. ഒരു തല്ലിപ്പൊളി പടം ആയിരുന്നു. പക്ഷെ അതിന്റെ ഇടവേള കഴിഞ്ഞപ്പോൾ ഒരു പുതിയ തമിഴ് സിനിമയുടെ ട്രെയിലർ കാണിച്ചു. 'നെഞ്ചത്തെ കിള്ളാതെ' എന്ന ആ സിനിമയിൽ രണ്ടു പുതുമുഖങ്ങൾ ആണ് നായികാനായകന്മാർ. നായിക പ്രമുഖ സിനിമാട്ടോഗ്രാഫർ ആയ അശോക് കുമാറിന്റെ അസിസ്റ്റന്റ് ആയ ഒരു യുവതി. പേര് സുഹാസിനി. കമലഹാസന്റെ ചേട്ടന്റെ മകൾ ആണ്. നായകനും പുതുമുഖമാണ്. പേര് ശരത് കുമാർ. അവർ രണ്ടുപേരുംന് ഉള്ള ഒരു പാട്ടു സീൻ ആയിരുന്നു ട്രെയിലറിന്റെ മുഖ്യഭാഗം.

മൗണ്ട് റോഡിൽ ശിവകുമാറിന്റെ ഒരു പടത്തിൻ്റെ കൂറ്റൻ കട്ടൗട്ട്. ഒരിക്കൽ ഇത്തരം കട്ടൗട്ട് വരയ്ക്കുന്ന ജോലി ചെയ്തിരുന്ന ആൾ ആണ് ശിവകുമാർ. തമിഴിൽ സൂപ്പർ സ്ട്ര ആണ്. കമലഹാസനും രജനിയുമൊക്കെ തമിഴ് സിനിമയെ കീഴടക്കി വരുന്നതേയുള്ളു. ശിവകുമാറിന്റെ ഒരു പടം തിയ്യേറ്റർ നിറഞ്ഞു ഓടുന്നുണ്ട് : വണ്ടിച്ചക്രം. അതിൻ്റെ കട്ടൗട്ട് ആണ് . ഞാൻ കോടമ്പാക്കത്ത് ആ സിനിമ കണ്ടതാണ്. മൈസൂരിലെ തമിഴരുടെ ജീവിതം വിഷയമായ ആ പടത്തിൽ ഒരു ചാരായഷാപ്പിലെ ഒഴിച്ചുകൊടുപ്പുകാരിയായി അഭിനയിച്ചിരിക്കുന്നത് മലയാളത്തിൽ ആന്റണി ഈസ്റ്റ്മാൻ്റെ 'ഇണയെത്തേടി' യിൽ നായികയായി അഭിനയിച്ച സ്മിതയുയാണ്. തമിഴ് പടത്തിലെ "വാ മച്ചാ..വാങ്ക മച്ചാ വണ്ണാറപ്പേട്ടെ ... " എന്നുള്ള ഗാന രംഗത്തിൽ അഭിനയിക്കുന്ന കഥാപാത്രത്തിൻ്റെ പേര് സില്ക്ക് എന്നാണ്. ആ കഥാപാത്രത്തിന്റെ വരവോടെ സ്മിതയ്ക്കു സിൽക്ക് സ്മിത എന്ന് പേര് വീണു.
രണ്ടു ദിവസം കഴിഞ്ഞാണ് ബാംഗ്ലൂരിൽ നിന്നു വന്നവർ പോയത്. ആ ദിവസങ്ങളിൽ എൻ്റെ തെലുങ്ക് പഠനം നടന്നില്ല. വരാന്തയിലിട്ട മേശപ്പുറത്തു ബുക്ക് വെച്ച് ശശികല മലയാളം എഴുതിപ്പഠിക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം രാവിലെ മുതൽ ഉച്ചവരെ ഇരുന്നു കറുത്ത കട്ടിക്കടലാസിൽ എൻഡ് ടൈറ്റിലുകൾ എഴുതി റോൾ ആക്കി എന്റെ കയ്യിൽ തന്നിട്ട് ദേവദാസ് പറഞ്ഞു. ഒരു ഉപകാരം ചെയ്യണം. നുങ്കമ്പാക്കത്ത് നവോദയയുടെ ഓഫീസ് ഉണ്ട്. ഇത് അവിടെ കൊണ്ടുപോയി കൊടുക്കണം. ഞാൻ അത് നവോദയയുടെ ഓഫീസ് കണ്ടു പിടിച്ചു. രണ്ടാം നിലയിലാണ്. ഒരാൾ നിന്ന് ഒരു ഫിലിംറോൾ വേറൊരു സ്പൂളിലേക്കു ചുറ്റുന്നു. ഞാൻ നോക്കിയപ്പോൾ അത് ടി. ആർ. ശേഖർ ആണ്. തെരുവിൽ സുധാകരൻ താമസിക്കത്തന്ന കെട്ടിടത്തിൽ ൽ താമസിക്കുന്ന എഡിറ്റർ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എഡിറ്റിങ്‌ അദ്ദേഹമാണെന്നറിഞ്ഞപ്പോൾ അതിശയവും സന്തോഷവും തോന്നി. അവിടെ ടൈറ്റിലിൻ്റെ ഷൂട്ട് നടക്കുണ്ടായിരുന്നു.  അതുവരെ ചെയ്ത ടൈറ്റിലിൻ്റെ  റീല് ശേഖർ കൊണ്ടുവന്നതാണ് ചുറ്റിക്കൊണ്ടിരിക്കുന്നത്.  ബാക്കി എടുക്കാനുള്ള ടൈറ്റിൽ ആണ് ദേവദാസ് എന്റെ കയ്യിൽ തന്നു വിട്ടിരിക്കുന്നത്. ശേഖറിനോട് യാത്ര പറഞ്ഞു ഞാൻ തിരികെപ്പോന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് അടുത്തുതന്നെ റിലീസാവുമെന്ന് എനിക്കു  മനസ്സിലായി. 



ഒരു ദിവസം നാലുമണികഴിഞ്ഞു കാണും. ഞാൻ കോടമ്പാക്കത്തേക്കു നടക്കുന്നു. പെട്ടെന്ന് മഴ വന്നു. ഒരു ഓലഷെഡിൽ കയറി നിന്നു. രണ്ടു ദിവസം മുമ്പ് ഒരു സർക്കസ്സ് കമ്പനിക്കാർ അവരുടെകൂടാരത്തിൻ്റെ സാധനങ്ങൾ കൊണ്ട് വന്നു അടുക്കി വച്ചിട്ടുണ്ട്. മഴ നനയാതെ കയറി നിൽക്കാൻ പറ്റും. കുറെ ബോർഡുകൾ ഒന്നിന്മീതെ ഒന്നായി അട്ടിയിട്ടു വച്ചതിൻ്റെ  അടുത്ത് ഒരാൾ മഴ നനയാതെ നിൽക്കുന്നുണ്ട്. ജഗതി ശ്രീകുമാർ. ചട്ടമ്പി കല്യാണി, തിരുവോണം തുടങ്ങിയ സിനിമകളിൽ ജഗതിയെ കണ്ടിട്ടുണ്ട്. 
 ജഗതി ആയിടെയാണ് മല്ലികയെ വിവാഹമോചനം ചെയ്തതും ശോഭയെ വിവാഹം ചെയ്തതും. ആ വാർത്തകൾ പാത്രത്തിൽ ഫോട്ടോ സഹിതം കണ്ട കാര്യം ഞാൻ ജഗതിയോടു പറഞ്ഞു. ജഗതി ചിരിച്ചു. എൻ്റെ  കാര്യങ്ങൾ ഒക്കെ ചോദിച്ചു. വീട് ഇളമണ്ണൂർ ആണെന്ന് അറിഞ്ഞപ്പോൾ 'മറ്റൊരു കർണ്ണൻ ' എന്ന പടത്തിൻ്റെ  ഷൂട്ടിങ്ങിനു അവിടെ വന്നിട്ടുള്ള കാര്യം അദ്ദേഹം പറഞ്ഞു.

അന്നായിരുന്നു ഞാൻ ആദ്യമായി സിനിമാ ഷൂട്ടിങ് കണ്ടത്. അദ്ദേഹത്തെയും മല്ലികയെയും ജയൻ, പ്രവീണ, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങിയവരെയും അവിടെവച്ചു കണ്ടത് ഞാനും  ഓർമിച്ചു. സംവിധാനം ശശികുമാർ. സംവിധാനസഹായി തമ്പി കണ്ണന്താനം. ഞങ്ങളുടെ വീടിനു തെക്ക് അന്ത്രപ്പേരുടെ തോട്ടത്തിലെ ബംഗ്ളാവിലും പരിസരങ്ങളിലും ആയിരുന്നു ഷൂട്ടിങ്. ആ ദിവസങ്ങൾ എനിക്ക് നല്ല ഓർമ്മയാണ്. ഞാനും എന്നെക്കാൾ രണ്ടു വയസ്സ് കൂടുതലുള്ള കാമുകിയുമൊത്ത് മാരൂരിൽ ഞങ്ങളുടെ വീട്ടിൽ പോയി ആഹാരം കഴിച്ചിട്ടാണ്  കുന്നുകയറി  ഷൂട്ടിങ് കാണാൻ പോയത്. 

 മഴ തോർന്നപ്പോൾ ഞങ്ങൾ എതിർ ദിശകളിലേക്ക് നടന്നു. അവിടെ അടുത്തെങ്ങാട്ടാണ് ജഗതി താമസിക്കുന്നത്. കുടുംബം കേരളത്തിലാണ്.

ശശികലയെ ഞാൻ മലയാളവും അവൾ എന്നെ തെലുങ്കും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. എൻ്റെയും ശശികലയുടെയും പേരു ചേർത്തു പറഞ്ഞു ബാബു എന്നെ കളിയാക്കാറുണ്ട്. അവളെ പ്രേമിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചു ബോധ്യം ഉണ്ടായിരുന്നതിനാൽ പരസ്പരം ഭാഷാപഠനം നടത്തുന്നതിനപ്പുറത്തേക്കു കടക്കുന്ന സൂചനകൾ ഒന്നും ഞങ്ങളുടെ കൂട്ടുകെട്ടിൽ ഇണ്ടായിരുന്നില്ല. എനിക്ക് എന്തെങ്കിലും ജോലി ആയോ എന്ന് ശശികലയുടെ അമ്മ ചിലപ്പോഴൊക്കെ ചോദിക്കും. പതിവുപോലെ ശശികല അരമതിലിലിരിക്കുന്ന എൻ്റെ അടുത്തുവന്നു മലയാളം പഠിക്കുമ്പോൾ ഒരാൾ അങ്ങോട്ട് വന്നു. സ്വല്പം മുഷിഞ്ഞ പാന്റ്സും തവിട്ടു ടെറികോട്ടൺ ഷർട്ടും വേഷം. കയ്യിൽ ഒരു മാഗസിൻ രണ്ടായി മടക്കി പിടിച്ചിട്ടുണ്ട്. പറ്റെ വെട്ടിയ മുടി. സംസാരിക്കുമ്പോൾ ഇടയ്ക്കിടെ തുറിച്ച് ഒരുനിമിഷം നിശ്ചലമാവുന്ന കൃഷ്ണമണികൾ തിളങ്ങുന്ന കണ്ണുകൾ. കുസൃതി നിറഞ്ഞ ഒരു ചിരി ചുണ്ടിൽ. അയാൾ ബാബുവിനെ അന്വേഷിച്ചു വന്നതാണ്. പത്രപ്രവർത്തകൻ ആണ്. ഏതു പത്രത്തിന്റേതാണെന്നു ചോദിച്ചപ്പോൾ അത് വരെ കേട്ടിട്ടില്ലാത്ത ഒരു സിനിമാ മാസികയുടെ പേര് പറഞ്ഞു. കോപ്പിയും കാണിച്ചു. അയാൾ എഴുതിയ ലേഖനവും കാണിച്ചു. അയാളുടെ പേര് വേണു വഴുതയ്ക്കാട്. ശശികലയെ പറഞ്ഞുവിട്ടു ഞാൻ വേണുവുമായി സംസാരത്തിൽ മുഴുകി. സരസമായി വേണു സംസാരിച്ചു. ബാബുവിനെപ്പറ്റി എഴുതണം.


ബാബു ഉള്ള ഒരു ദിവസം വേണു വീണ്ടും വന്നു. ബാബുവുമായി കുറെ നേരം സംസാരിച്ചു. കുറിപ്പുകൾ എടുത്തു. അത് കഴിഞ്ഞും വേണു പലതവണ വന്നു. എന്നെക്കാണുവാനായിരുന്നു പിന്നത്തെ വരവുകൾ. ഞങ്ങൾ ഒരുപാടുനേരം കാര്യം പറഞ്ഞിരിക്കും. തിര്വന്തോരം ഭാഷയും അതിലെ തമാശകളും ഒക്കെ വേണുവിൽ നിന്ന്, കേൾക്കും. പണം വേണം എന്നതിന് പകരം 'ജ്വാർജ്ജുകുട്ടി വേണം' , 'എന്തരപ്പീ വിശേഷങ്ങള്? ദാമോദൻനായര് തന്നല്യോടെ നിന്റച്ഛൻ - ഇപ്പഴും...' തുടങ്ങിയ തമാശകളൊക്കെ ഒരു നേർത്ത കുസുതിച്ചിരിയോടെ വേണു പറയും. ഞങ്ങൾ ചോറും കറിയും വച്ച് കഴിക്കും. രാം തിയ്യേറ്ററിനടുത്തുള്ള ദിവസച്ചന്തയിൽ നിന്നും മത്തിയും ഉള്ളിയും തക്കാളിയും കറിവേപ്പിലയും വാങ്ങിവന്ന് അതെല്ലാം ചേർത്തുണ്ടാക്കുന്ന മീൻകറി കൂട്ടിയാണ് ചോറൂണ്. അങ്ങനെ ചില ദിവസങ്ങൾ. 

ഞാൻ എഴുതിയ കഥകൾ വേണു ക്ഷമയോടെ വായിച്ച്  അഭിപ്രായം പറഞ്ഞു. വേണുവിൻ്റെ  ചിരിക്ക് വല്ലാത്തൊരു ആകർഷണീയത ഉണ്ടായിരുന്നു.  പിൽക്കാലത്ത് വേണു ഏഷ്യാനെറ്റിലെ 'മുൻഷി'യിലൂടെ പ്രശസ്തനായി, മുൻഷി വേണു എന്നറിയപ്പെട്ട് മലയാളസിനിമയുടെ ഭാഗമായി മാറി.  ഒരു ഹാസ്യനടൻ എന്നതിലുപരി പലതുമായിരുന്നു മുൻഷി വേണു എന്നറിയപ്പെട്ട വേണു വഴുതയ്ക്കാട്. 
(Copyright  Reseved)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും