സിനിമാപ്രേമി (8) ::: 'ടു ലെറ്റ് ' ലോഡ്ജിൽ ഒരു രാത്രി
എസ്. സലിംകുമാർ
1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം.
--
" നീ വാ, ആ നാരായണൻ അവിടെ ഉണ്ടോ എന്ന് നോക്കാം." ഉച്ച കഴിഞ്ഞപ്പോൾ രാമചന്ദ്രൻ ചേട്ടൻ പറഞ്ഞു.
നാരായണനെ എനിക്കറിയാം. പ്രൊഡക്ഷൻ അസിസ്റ്റന്റ് ആണ്. ടു ലെറ്റ് ലോഡ്ജിൽ ആണ് താമസിക്കുന്നത്. റാം തിയ്യേറ്ററിനടുത് തങ്കം സ്റ്റോഴ്സിനെതിർവശത്തുള്ള ലോഡ്ജ് ആണ് ടു ലെറ്റ് ലോഡ്ജ്. പ്രത്യേകിച്ച് പേരൊന്നും എഴുതി വച്ചിട്ടില്ലാത്ത ആ ലോഡ്ജിന്റെ മുമ്പിൽ എപ്പോഴും To Let എന്ന ബോർഡ് തൂങ്ങിക്കിടന്നിരുന്നു. അതിനാൽ ടു ലെറ്റ് ലോഡ്ജ് എന്ന് അത് അറിയപ്പെട്ടു. മാസവാടകയ്ക്കുള്ള മുറികൾ ആണുള്ളത്. സിനിമാക്കാർ ആണ് അവിടെ താമസിക്കുന്നത്. സംവിധാന സഹായികളും പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നവരും പരസ്യക്കമ്പനി ജോലിക്കാരും മെഡിക്കൽ റെപ്രസെന്റേറ്റീവ്മാരും ഒക്കെ ഉണ്ട്. ജോൺ എബ്രഹാം, പടിയൻ (ബാലൻ കെ നായരുടെ മികച്ച അഭിനയം കൊണ്ട് ശ്രദ്ധേയമായ 'ത്രാസം' എന്ന ചിത്രത്തിന്റെ സംവിധായകൻ. ബർഗ്മാന്റെ "ദി സെവൻത് സീൽ' എന്ന ചിത്രത്തിന്റെ അനുകരണമാണ് 'ത്രാസം') തുടങ്ങിയവരൊക്കെ അവിടെ കാണും. ഒരു തവണ അരവിന്ദനെയും അവിടെ കണ്ടു.
ഇപ്പോഴത്തെ ഒരു പ്രശസ്ത സംവിധായകൻ അന്ന് സഹ സംവിധായകൻ ആണ്. അദ്ദേഹവും അവിടെ യാണ് താമസിക്കുന്നത്. രണ്ടു നിലയുള്ള ലോഡ്ജിന്റെ താഴത്തെ നിലയിൽ ആണ് നാരായണൻ താമസിക്കുന്നത്. അയാൾ തൃശ്ശൂർക്കാരനാണ്. ജോലിയില്ലാത്ത ദിവസങ്ങളിൽ നാരായണൻ ഒരു ലുങ്കിയും ഷർട്ടും വേഷത്തിൽ ആ പരിസരത്തെവിടെയെങ്കിലും കാണും. നാരായണൻ മുറിയിൽത്തന്നെയുണ്ടായിരുന്നു. റേഡിയോയിൽ ചലച്ചിത്രഗാനം കേൾക്കുകയാണ്.
രാമചന്ദ്രൻ ചേട്ടൻ നാരായണനോട് വിവരം പറഞ്ഞു : ഒന്ന് രണ്ടു ദിവസം ഇവനെക്കൂടി ഇവിടെ താമസിപ്പിക്കണം.
അത് കേട്ടപ്പോൾ നാരായണൻ വല്ലാതായി. രാമചന്ദ്രൻ ചേട്ടൻ പറഞ്ഞാൽ അയാൾക്ക് കേൾക്കാതിരിക്കാൻ ആവില്ല. മുറിയിൽ താമസിപ്പിക്കുന്നതിൽ നാരായണന് സമ്മതമാണ്. പക്ഷെ ഒളിച്ചു താമസിക്കേണ്ടി വരും. ഒരാൾക്ക് മാത്രം താമസിക്കാനുള്ള മുറിയാണ്. വേറെ ആരെയും രാത്രി അവിടെ താമസിക്കാൻ ലോഡ്ജുകാർ സമ്മതിക്കില്ല. ലോഡ്ജിന്റെ മാനേജർ എന്ന് പേരുള്ള രങ്കൻ എപ്പോഴും ലോഡ്ജിനെ ഇടനാഴിയിലോ അയാളുടെ മുറിയിലോ ഉണ്ടാവും. വൈകുന്നേരം ആയാൽ രങ്കന് തലയ്ക്കു ചുറ്റും കണ്ണാണ്. എല്ലാ മുറിയും അയാൾ ചുറ്റിപ്പറ്റി നടന്നു നിരീക്ഷിക്കും. അത് കൊണ്ട് വൈകുന്നേരം അവൻ മുകളിലത്തെ നിലയിൽ പോകുമ്പോൾ വിളിക്കാം എതിർവശത്തെ കടത്തിണ്ണയിൽ നിന്നാൽ മതിയെന്ന് പറഞ്ഞു.
ആറു മണി കഴിഞ്ഞപ്പോൾ ഞാൻ അവിടെ പോയി നിന്നു. നാരായണൻ എന്നെ കൈയാട്ടി വിളിച്ചു. ഞാൻ ചെന്ന് നാരായണന്റെ കൂടെ മുറിയിൽ പോയി. ഒരു മണ്ണെണ്ണ സ്‌റ്റൗ വിൽ വച്ച കല ത്തിൽ അരി തിളയ്ക്കുന്നുണ്ട്.
അപ്പോഴാണ് രങ്കൻ അതിലേ വന്നത്?
യാർ ഇവര് ?
"ഫ്രണ്ട് .. എന്നെ പാക്കതുക്കു വന്തത്.."
രങ്കന് എന്നെ അറിയാം. അവിടൊക്കെ കാണാറുള്ളതാണ്. പക്ഷെ രങ്കന് എന്തോ സംശയം ഉണ്ട്.. മുഖഭാവം അങ്ങനെയാണ്. ഇപ്പോഴും അയാളുടെ മുഖഭാവം അങ്ങനെയാണെങ്കിലും അയാൾ കാര്യം മനസ്സിലാക്കിയെന്നു തോന്നുന്നു.
എന്തായാലൂം രങ്കൻ അവിടുന്ന് പോയി.
നമുക്ക് ഇവിടുന്നു ആഹാരം കഴിക്കാം. കഞ്ഞിയും അച്ചാറും. കുഴപ്പമില്ലല്ലോ...നാരായണൻ പറഞ്ഞു.
എന്ത് കുഴപ്പം?
അരി വേവുമ്പോൾ സ്റ്റൗ ഒന്ന് ഓഫ് ചെയ്തേക്കണം. ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം.
രങ്കൻ വന്നാലോ ?
വന്നാലും കുഴപ്പമില്ല. ഒച്ചയുണ്ടാക്കാതിരുന്നാൽ മതി. നാരായണൻ മുറി പുറത്തു നിന്ന് പൂട്ടിയിട്ട് എങ്ങോട്ടോ പോയി. കുറച്ചു നേരം അവിടെ കട്ടിലിൽ കിടന്നു. ചെറിയ മുറിയാണ്. ചെറിയൊരു കട്ടിലും മുറിയുടെ മൂലയ്ക്ക് ലോകത്തിലേക്കും ചെറിയ ഒരു മേശയും അതിന്റെ പുറത്ത് ഒരു മൺകൂജയും. എല്ലാ മുറികളുടെയും സെറ്റപ്പ് അത്രേയുള്ളു.
കുറച്ചു കഴിഞ്ഞപ്പോൾ അരിയുടെ തിള നിന്നു. ഞാൻ നോക്കി. സ്റ്റൗ കെട്ടു പോയിരിക്കുന്നു. അരി പാതി വെന്തിട്ടേയുള്ളു. മണ്ണെണ്ണക്കുപ്പി കാലി. ഇനി അരി തണുക്കുന്നതുവരെ അടച്ചുവച്ചാൽപോലും വെന്തു കിട്ടില്ല. എതിർ വശത്തെ തങ്കം സ്റ്റോറിൽ പോയാൽ ഒരു രൂപയ്ക്കു മണ്ണെണ്ണ കിട്ടും. പക്ഷെ പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. തുറന്നാൽത്തന്നെ രങ്കനെ വെട്ടിച്ച് എനിക്ക് പോകാൻ ആവില്ല. പോകാൻ പറ്റിയാൽത്തന്നെ വീണ്ടും തിരിച്ചു കയറാൻ പറ്റുമെന്ന് ഉറപ്പില്ല. ഞാൻ നിർവ്വികാരപരബ്രഹ്മമായി കട്ടിലിൽത്തന്നെ ഇരുന്നു. അവിടെക്കിടന്ന പഴയ തമിഴ് പത്രങ്ങൾ വായിച്ചു നോക്കി. (ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾത്തന്നെ ഞാൻ തമിഴ് എഴുതാനും വായിക്കാനും പഠിച്ചിരുന്നു. സംസാരിക്കാൻ പഠിച്ചത് മദ്രാസിൽ വന്നതിനു ശേഷമാണ്). ഒരു മാസം മുമ്പുള്ള ഒരു മനോരമ പത്രവും കിട്ടി. എല്ലാം വായിച്ചു കഴിഞ്ഞെങ്കിലും നാരായണൻ വന്നില്ല. നേരം നീങ്ങുന്നില്ല. റേഡിയോ ഓൺ ചെയ്യാൻ കഴിയില്ല. രങ്കൻ ചാടി വീഴും.
കുറെ നേരം അങ്ങനെ പോയി. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ടു. നാരായണൻ ആയിരിക്കും?....നാരയണൻ ആണെങ്കിൽ കത്തിൽ മുട്ടുന്നത് എന്തിനാണ്? പൂട്ട് തുറന്നാൽപ്പോരേ? ഞാൻ ശ്വാസമടക്കി ഇരുന്നു. പിന്നെയും മുട്ട് കേട്ടു.
" ഉള്ളേ യാരിരുക്ക്? ഉള്ളേ ആളിര്ക്കാ .."
രണ്ടുമൂന്നു മുട്ടുകൂടി മുട്ടിയിട്ടു രങ്കൻ പോയി. ഞാൻ അകത്തുള്ള വിവരം രങ്കൻ അറിഞ്ഞുവെന്നു തീർച്ച. ഇല്ലെങ്കിൽ താഴിട്ടു മുറിയിൽ വന്നു മുട്ടില്ലല്ലോ. ഒരു ദിവസത്തെ വാടക കൊടുക്കേണ്ടി വരും. പത്തു രൂപ. എന്റെ കയ്യിൽ കാശൊന്നും ഇല്ല.
എത്ര സമയമായെന്നറിയില്ല. നാരായണൻ വന്നു കതകു തുറന്നു. രങ്കൻ വന്നു കതകിനു മുട്ടിയിട്ടു പോയ കാര്യം ഞാൻ പറഞ്ഞു. നാരായണൻ ഒന്നും പറഞ്ഞില്ല. കഞ്ഞികുടിക്കാൻ നോക്കിയപ്പോൾ ഞാൻ വിവരം പറഞ്ഞു. സ്റ്റൗ കെട്ടിരിക്കുന്നു. കഞ്ഞി വെന്തിട്ടില്ല. കുറേശ്ശേ 'ഹാഫ് ബോയ്ൽഡ് കഞ്ഞി' കുടിച്ചിട്ട് ഞങ്ങൾ കിടന്നുറങ്ങി. പിന്നെ രങ്കൻ വന്നില്ല. നേരം വെളുത്തപ്പോൾ ഞാൻ ഇറങ്ങിപ്പോയി.
ടു ലെറ്റ് ലോഡ്ജിലെ എല്ലാ മുറികളിലും അതിരാവിലെ ഒരു പെൺകുട്ടി ഒരു വലിയ മൺകുടവുമായി വന്നു കൂജകളിൽ കുടിവെള്ളം നിറച്ച് കൊടുക്കും. സഹസംവിധായകൻ താമസിക്കുന്ന മുറിയിൽ കയറിയാൽ ഒരുപാട് സമയം കഴിഞ്ഞേ അവൾ പുറത്തിറങ്ങുകയുള്ളു. പിറകുവശത്തെ കോളനിയിൽ ഉള്ള പെൺകുട്ടിയാണ്. പത്തു പതിനേഴു വയസ്സ് കാണും. അയാളോട് കല്യാണാഭ്യർത്ഥന നടത്തുന്ന ഘട്ടമായപ്പോഴേക്കും അയാൾ അവളെ ഒഴിവാക്കി. അയാൾ വിവാഹിതൻ ആയിരുന്നു. മാത്രമല്ല അയാൾ സംവിധായകൻ ആയതോടെ താമസം അവിടുന്ന് മാറ്റുകയും ചെയ്തു.
രാവിലെ ഞാൻ ഇറങ്ങുന്നതിനുമുമ്പ് നാരായണൻ പറഞ്ഞു : ഇന്നിനി പറ്റുമോ എന്നറിയില്ല. ഇന്നലെ രങ്കന് പത്തു രൂപ കൊടുത്തിട്ടാണ് മുറിയിൽ കയറിയത്. ഞാൻ വരുന്നത് കാത്തിരിക്കുകയായിരുന്നു അവൻ. എന്റെ കൂടെ മുറിയിലേക്ക് വരാൻ തുടങ്ങി. അല്ലെങ്കിൽ ഇയാളെ ഇറക്കിവിടണമെന്നു പറഞ്ഞു."
പത്തു രൂപയുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാം. ബസ്സിൽ മിനിമം ചാർജ് പതിനഞ്ചു പൈസ. ചായയ്ക്ക് പതിനഞ്ചു പൈസ. രണ്ട് ഇഡ്ഡലി സാമ്പാർ ഇരുപത്തഞ്ചു പൈസ. ന്യൂ റോയൽ കഫെയിൽ മീഞ്ചാപ്പാടിന് എഴുപത്തഞ്ചു പൈസ. ചന്ദ്രഭവനിൽ ഊണിനു ഒന്നേകാൽ രൂപ. കുപ്പിഭരണിയിൽ കിട്ടുന്ന 'പൊറ' എന്ന റസ്‌ക്കുകട്ടയ്ക്കു അഞ്ചു പൈസ. നാലഞ്ച് 'പൊറ'യും തിന്നു കുറച്ചു വെള്ളവും കുടിച്ചാൽ ഒരു നേരം നീങ്ങും. അതെ സമയം മെറീന ബീച്ചിൽ ഒരു ചുണ്ടലിനു (കടല വേവിച്ചു മസാലയിലിട്ടത്) ഒന്നര രൂപയാണ്. കോടമ്പാക്കത്ത് ചുണ്ടലിനു നാലണയേയുള്ളൂ.
എന്തായാലും ഇന്ന് ടു ലെറ്റ് ലോഡ്ജിൽ തങ്ങാൻ പറ്റില്ല. നാരായണൻ അത് രാവിലെതന്നെ രാമചന്ദ്രൻചേട്ടനോട് പറഞ്ഞു. എന്നെക്കാൾ വ്യാകുലൻ ആണ് എന്റെ കാര്യത്തിൽ രാമചന്ദ്രൻ ചേട്ടൻ. അദ്ദേഹം എന്നോടിത്ര കരുണ കാട്ടുന്നതെന്തിനാണ്? എന്റെ ആരാണ് ഈ മനുഷ്യൻ?
"ഇതൊക്കെ സാധാരണയാ. നീ ഒന്ന് കറങ്ങിയിട്ടു വാ".
ഞാൻ കോടമ്പാക്കം മേൽപ്പാലത്തിനടുത്തുള്ള ലിബർട്ടി തിയ്യേറ്ററിന്റെഎടുത്തു വരെ നടന്നു. അവിടെ ഒരു വർഷമായി ഒരു പടം കളിക്കുന്നു. അഭിനേതാക്കളും സംവിധായനും ഒക്കെ പുതുമുഖങ്ങൾ ആണ്. 'ഒരു തലൈ രാഗം' എന്നാണു പടത്തിന്റെ പേര്. നായകൻ മലയാളിയാണ്. ശങ്കർ. അയാളെ നായകനാക്കി കേരളത്തിൽ ഒരു പുതിയ സംവിധായകൻ പടം ചെയ്യുന്നുണ്ട്. മോഹൻലാൽ എന്നൊരു പുതുമുഖമാണ് വില്ലൻ. നായിക പൂർണ്ണിമജയറാം. ലിബർട്ടി തിയ്യേറ്ററിന്റെ അടുത്ത് ഓലമേഞ്ഞ വലിയൊരു ഹോട്ടൽ ഉണ്ട്. ഇഡ്ഡലി, അപ്പം, ദോശ, സാമ്പാർ, പലതരം ചമ്മന്തികൾ, ഊണ് എല്ലാം അപാര രുചിയുള്ളവ. കണ്ടാൽ ഒരുപോലിരിക്കുന്ന രണ്ടു സഹോദരന്മാരാണ് അതിന്റെ ഉടമസ്ഥർ.
ഞാൻ കറങ്ങിത്തിരിഞ്ഞു രാമചന്ദ്രൻചേട്ടന്റെ വീട്ടിൽത്തന്നെയെത്തി. ലീലച്ചേച്ചി പറഞ്ഞു : സലീമിന്റെ കാര്യത്തിന് ചേട്ടൻ എവിടെയോ പോയിരിക്കുകയാണ്. കോടമ്പാക്കത്ത് 'സരസ്വതി വിദ്യാലയ'ത്തിൽ രണ്ടാംക്‌ളാസ്സിൽ പഠിക്കുന്ന സിന്ധു സ്‌കൂളിൽ നിന്ന് വന്നിട്ട് മുട്ടുകാലിലിരുന്നു ഹോംവർക് ചെയ്യുന്നു. ചേച്ചി കട്ടൻചായ ഉണ്ടാക്കി തന്നു. കുറച്ചു കഴിഞ്ഞപ്പോൾ രാമചന്ദ്രൻചേട്ടൻ വന്നു. സുന്ദരമായ ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു : ശരിയായിട്ടുണ്ട്. നീ ഇപ്പോൾത്തന്നെ പൊയ്ക്കോ. ഞാൻ കൊണ്ട് വിടാം. ഇപ്പത്തന്നെ പോകാം.
എവിടെയാണെന്നൊന്നും പറഞ്ഞില്ല. എന്റെ ഒരു പെട്ടിയുണ്ട്. അതെടുത്ത് ഞാൻ രാമചന്ദ്രൻ ചേട്ടന്റെ കൂടെ നടന്നു. ടുലെറ്റ് ലോഡ്ജിനെതിർവശത്തുള്ള കടയിൽ നിന്നും ചേട്ടൻ ഒരു മുറുക്കാൻ വാങ്ങി മുറുക്കി. പിന്നെ എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞു.
(Copyright Reserved)
Interesting
മറുപടിഇല്ലാതാക്കൂ