അടൂരിലെ ആദ്യത്തെ സിനിമാക്കാരൻ - മുൻഷി പരമുപിള്ള

എസ്. സലിംകുമാർ 




  
അടൂരിലെ ആദ്യത്തെ സിനിമാക്കാരൻ അടൂർ ഭാസി, അടൂർ ഭവാനി, അടൂർ പങ്കജം, അടൂർ ഗോപാലകൃഷ്ണൻ, അടൂർ പദ്മകുമാർ, സേതു അടൂർ  - ഇവരൊന്നും ആയിരുന്നില്ല -   മുൻഷി പരമുപിള്ള ആയിരുന്നു. കേവലം ഒരു സിനിമാക്കാരൻ മാത്രമായിരുന്നില്ല മുൻഷി പരമു പിള്ള.  

മുന്‍ഷി പരമുപിള്ള വ്യക്തിയും ജീവിതവും എന്ന പേരിൽ ഞാൻ എഴുതിയ പുസ്തകത്തിന്റെ പ്രസാധനത്തിനു കാരണക്കാരൻ ഡി. വിനയചന്ദൻ ആണ്. അദ്ദേഹവുമൊത്ത് ഒരു രാത്രി മൊത്തം  വർത്തമാനം പറഞ്ഞിരുന്നപ്പോഴാണ് ഞാൻ, മുൻഷി പരമുപിള്ളയെപ്പറ്റി ഒരു പുസ്തകം എഴുതിവച്ചിട്ടുണ്ടെന്നു  പറഞ്ഞത്. മുൻഷിയെപ്പറ്റിയുള്ള കഥകൾ പറഞ്ഞുകഴിഞ്ഞപ്പോൾ  നേരം വെളുക്കാറായി.  'മനുഷ്യേനെ ഒറങ്ങാനും സമ്മതിക്കില്ല' എന്ന് ഒരു പറച്ചിലും ഉറങ്ങാൻ കിടന്നതും ഒന്നിച്ചായിരുന്നു. പുസ്തകം ഇഷ്ടപ്പെട്ടിട്ടില്ലെന്നുണ്ടോ? ചോദിക്കാമെന്നു വച്ചാൽ അദ്ദേഹം കിടന്നുറങ്ങുന്നു. പിറ്റേന്ന് അദ്ദേഹത്തിൻ്റെ പ്രസംഗം ഉണ്ട്. പത്തുമണിക്ക് മീറ്റിങ് തുടങ്ങും. മീറ്റിങ്ങെല്ലാം കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം ഹരിപ്രസാദ് ചൗരസ്യായുടെ പുല്ലാങ്കുഴൽ സീഡിക്കായി ബാംഗ്‌ളൂരിലെ മ്യൂസിക് സ്റ്റോറുകളിൽ കയറിയിറങ്ങി രാത്രിയിൽ അദ്ദേഹത്തെ യാത്ര അയയ്ക്കുമ്പോഴും പുസ്തകത്തെപ്പറ്റിയുള്ള കാര്യങ്ങൾ ഞാൻ ചോദിക്കുകയോ അദ്ദേഹം പറയുകയോ ചെയ്തില്ല   'മനുഷ്യേനെ ഒറങ്ങാനും സമ്മതിക്കില്ല' എന്ന വാക്കുകൾ പലതരം വ്യാഖ്യാനങ്ങൾ തിളപ്പിച്ചുകൊണ്ട് അകത്തങ്ങനെ കിടന്നു. 

ഫോൺ വിളികൾ ഉണ്ടായിരുന്നു. പ്രഭാതമസ്കാരം, മദ്ധ്യാഹ്നനമസ്കാരം, അപരാഹ്നനമസ്കാരം എന്നിങ്ങനെ വിളിക്കുന്ന സമയത്തിനനുസരിച്ചു വിഷ് ചെയ്തുകൊണ്ടാണ് അദ്ദേഹം തുടങ്ങുക. തിരുവനന്തപുരത്തുചെന്നുകഴിഞ്ഞു കവി വിളിച്ചു. എന്നിട്ടൊരു പറച്ചിലും : സാനു എന്നൊരുത്തൻ വിളിക്കും. അന്നു പറഞ്ഞ മുൻഷീടെ കഥ സാനുവിന് അയച്ചു കൊടുത്തേക്ക്. അയാൾക്ക്‌ ' പ്രഭാതവാർത്ത' എന്നൊരു പത്രം  ഉണ്ട്. അവരുടെ ഓണപ്പതിപ്പിൽ കൊടുക്കാമെന്ന്  അയാൾ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തു ചെന്ന അന്ന് തന്നെ അദ്ദേഹം സാനുവിനെ വിളിച്ചു പറയുകയായിരുന്നു.
 
സാനുവിൻ്റെ  ഫോൺ നമ്പറും തന്നു. 'സാധനം' ഞാൻ സാനുവിന് മെയിൽ ചെയ്തു. കുറേ കാത്തെങ്കിലും സാനുവിന് അത് ഇറക്കാൻ കഴിഞ്ഞില്ല. കുറച്ചു മാസങ്ങൾ കഴിഞ്ഞു. ഇതിനിടെ ധാരാളം പ്രഭാത-മദ്ധ്യാഹ്ന-അപരാഹ്നനമസ്കാരങ്ങളും വർത്തമാനവും കഴിഞ്ഞു. ഒരു ദിവസം വീണ്ടും  പറയുന്നു. ''സുകുമാരൻ'' എന്നൊരുത്തൻ  വിളിക്കും. അവർ പുസ്തകം ഇറക്കാമെന്നു സമ്മതിച്ചിട്ടുണ്ട് ഒരു ചെറിയ അവതാരിക ഞാൻ എഴുതിക്കൊടുത്തിട്ടുണ്ട്." - അതും ഒരു അത്ഭുതം പോലെ 

സുകുമാരൻ വിളിച്ചു. അടൂരിൽ നിന്നുള്ള ലെൻസ്  ബുക്സിൽ എഡിറ്റർ  ആണ്.  ഒരു പ്രമുഖ  അടൂർക്കാരനെപ്പറ്റിയുള്ള പുസ്തകം എന്ന നിലയ്ക്ക് എഡിറ്റർ സുകുമാരനും പ്രസാധകൻ ഗോപകുമാരൻ തമ്പിയും സന്തോഷപൂർവം പുസ്തകപ്രസിദ്ധീകരണം ഏറ്റെടുത്തു. എപ്പോഴോ അവർ തമ്മിൽ പിണങ്ങി. പുസ്തകമിറങ്ങൽ നീണ്ടുപോയി. പുസ്തകം ഇറക്കണ്ടാ എന്നു ഞാൻ പറഞ്ഞു കഴിഞ്ഞു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഫോൺ വന്നു. പുസ്തകം അച്ചടിയിലാണ്. അപ്പോഴേക്കും സുകുമാരൻ ലെൻസ്  ബുക്ക്സ് വിട്ടിരുന്നു.അതിനാൽ സുകുമാരൻ  വാഗ്ദാനം ചെയ്ത തരത്തിൽ പുസ്തകം  ചെയ്യാൻ അവർക്കു കഴിഞ്ഞില്ല .  എങ്കിലും അടൂരിൽ വച്ച്  2011 ൽ ലളിതമായ ഒരു ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം എൽ എ പുസ്തകം പ്രകാശനം ചെയ്തു.  15 ശതമാനം റോയൽറ്റി അവർ തന്നു (കണക്കു പറഞ്ഞു വാങ്ങി). അവരുമായുള്ള മൂന്നു വർഷത്തെ കരാർ അവസാനിപ്പിച്ചു. (പരിഷ്കരിച്ച പുതിയ പതിപ്പ് ഞാൻതന്നെ അച്ചടിപ്പിക്കുന്നു )    
 

മുൻഷിയെപ്പറ്റി ഇപ്പോൾ ഇന്റെർനെറ്റിൽലഭിക്കുന്ന വിവരങ്ങളും   ഫോട്ടോകളും ആ പുസ്തകവുമായി ബന്ധപ്പെട്ട് ഞാൻ പോസ്റ്റ് ചെയ്യുകയും മറ്റുള്ളവർ റീപോസ്റ്റ് ചെയ്യുകയോ ലിഫ്റ്റ് ചെയ്യുകയോ ചെയ്തിട്ടുള്ളവയുമാകുന്നു. 
 
''കേരള ബര്‍ണാഡ്ഷാഎന്ന് ചിലര്‍ മുന്‍ഷി പരമുപിള്ളയെ വിശേഷിപ്പിച്ചിരുന്നു. ''ഞാന്‍ ഷായൊന്നുമല്ല, ഒരു ഷോ ആണെ''ന്നാണ് മുന്‍ഷി അതിനു മറുപടിപറഞ്ഞത്. തൻ്റെ   കൃതികളിലൂടെ നടത്തിയിരുന്നതിനെക്കാള്‍ രൂക്ഷമായ വിമര്‍ശനം സ്വന്തം പ്രവര്‍ത്തനങ്ങളും ജീവിതശൈലിയും കൊണ്ട്  അദ്ദേഹം നടത്തിയിരുന്നു. ദശകങ്ങളോളം കേരളീയ ജീവിതത്തിൻ്റെ  വ്യത്യസ്ത മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന അപൂര്‍വ്വപ്രതിഭയായിരുന്ന   മുന്‍ഷി പരമുപിള്ളയെപ്പറ്റി കാര്യമായ അന്വേഷഷണങ്ങളൊന്നും  ആരും നടത്തിക്കാണുന്നില്ല. നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍, ഹാസ്യകാരന്‍, തിരക്കഥാകൃത്ത്, നടന്‍, പ്രസംഗകന്‍, സംഘാടകന്‍, സമൂഹപരിഷ്കര്‍ത്താവ്, അധ്യാപകന്‍ ഇങ്ങനെ ബഹുമുഖ വ്യക്തിത്വത്തിൻ്റെ  ഉടമയായിരുന്നു അദ്ദേഹം.




അദ്ദേഹത്തെ അറിയുകയും ആദരിക്കുകയും ചെയ്യുന്ന ഒരുപാടു മുതിര്‍ന്നവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് . മലയാള നാടക സിനിമാ -  സറ്റയര്‍  ചരിത്രങ്ങള്‍ മുന്‍ഷി പരമുപിള്ളയെ ഒഴിവാക്കിക്കൊണ്ട്  രചിക്കാനാവില്ല. പക്ഷെ അദ്ദേഹത്തെപ്പറ്റിയുള്ളപരാമർശങ്ങൾ വിരളമാണ് 

മലയാള നാടകരംഗത്ത്    ആ കാലഘട്ടത്തില്‍ വെന്നിക്കൊടി പാറിക്കുവാന്‍ മുന്‍ഷി പരമുപിള്ളയ്ക്കു കഴിഞ്ഞു. പ്രശസ്തമായ നാടകക്കമ്പനികള്‍ അവതരിപ്പിച്ചിരുന്ന സുപ്രഭ പോലെയുള്ള സൂപ്പര്‍ ഹിറ്റ് നാടകങ്ങളുടെ രചയിതാവായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും  പൊങ്ങച്ചങ്ങളെയും ആക്ഷേപഹാസ്യത്തിൻ്റെ  മുള്‍മുനയില്‍ നിര്‍ത്തി അദ്ദേഹം വിമര്‍ശിച്ചു.

അക്കാലത്തെ സാധാരണ നാടകങ്ങളില്‍ നിന്നു വ്യത്യസ്തമായിരുന്നു മുന്‍ഷിയുടെ നാടകങ്ങള്‍. പ്രകാശം, പ്രതിഭ, പ്രസന്ന, സുപ്രഭ, എൻ്റെ  സ്വരാജ്, പരസ്പരസഹായം, കള്ളന്‍ ഞാനാ, മധുവിധു, നാട്ടിന്‍പുറം, രണ്ട ല്ല, ആറടി മണ്ണ്, സംസ്കാരം, തിരിച്ചടി, സംഘട്ടനം, ശ്രീമാന്‍ കുന്നത്തൂര്‍, കഴക്കൂട്ടത്തമ്മച്ചി, ആഹ്വാനം തുടങ്ങി. നിരവധി നാടകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട് ..

ആദ്യകാലമലയാള ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടിയായിരുന്നു മുന്‍ഷി പരമുപിള്ള. പ്രസന്ന, വനമാല, സന്ദേഹി, കാഞ്ചന, കാലം മാറുന്നു, തസ്കരവീരന്‍ മുതലായ സിനിമകളുടെ കഥയോ തിരക്കഥയോ സംഭാഷണമോഎന്നിവയോ മുന്‍ഷിയാണെഴുതിയത്. 



തമിഴിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ മണമകള്‍ സിനിമയ്ക്ക്  കഥയെഴുതിയതും മുന്‍ഷി പരമുപിള്ള ആയിരുന്നു. സംഭാഷണം എഴുതിയത് കെ. കരുണാനിധിയും.

കാമ്പിശ്ശേരി കരുണാകരനെപ്പോലുള്ള പ്രഗത്ഭരായ പത്രാധിപന്മാര്‍ പറയുന്നത് മുന്‍ഷി പരമുപിള്ളയാണ് അവരുടെ ഗുരുവെന്നത്രെ. സാഹിത്യത്തിലേക്ക് സി. വി. കുഞ്ഞുരാമനും രാഷ്ട്രിയത്തിലേക്ക് കെ. കെ. കുഞ്ചു പിള്ളയുമാണ് മുന്‍ഷിയെ ആനയിച്ചത്. കുഞ്ചുപിള്ളയുമൊത്ത് സിവി  കുഞ്ഞുരാമൻ്റെ    'നവജീവനി'ല്‍ ആണ് മുന്‍ഷി പരമുപിള്ള എഴുതിത്തുടങ്ങിയത്. 

പ്രസന്നകേരളം, നവസരസന്‍, ജ്വാല മുതലായ മാസികകള്‍ അദ്ദേഹത്തിൻ്റെ . പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്നു. നവജീവന്‍, മലയാളി, മലയാളരാജ്യം  നവയുഗം,  ജനയുഗം,  സരസന്‍  മുതലായ പ്രദ്ധീകരണങ്ങളില്‍ അദ്ദേഹം പതിവായി എഴുതിയിരുന്നു സരസന്‍ മാസികയിലൂടെ മുന്‍ഷി പരമുപിള്ള നടത്തിയ സാമൂഹ്യ വിമര്‍ശനം ഭരണാധികാരികളുടെ ഉറക്കം കെടുത്തിയിരുന്നു.

ഏതു ശക്തനെയും വിമര്‍ശിക്കാനുള്ള നിര്‍ഭയത്വമായിരുന്നു മുന്‍ഷിയുടെ ഏറ്റവും വലിയ ഗുണം. അന്നത്തെ മിക്ക വിനോദ മാസികകളും നടന്നിരുന്നത് മുന്‍ഷിപരമുപിള്ളയുടെ തൂലികാവിലാസംകൊു മാത്രമാ യിരുന്നുവെന്നു കോഴിശ്ശേരിൽ ലക്ഷ്മണൻ രണ്ടു ലക്കങ്ങളിലായി കുംകുമം വാരികയിൽ രണ്ടുലക്കങ്ങളിലായി എഴുതിയ മുൻഷിയെപ്പറ്റിയുള്ള ലേഖനത്തിൽ പരാമർശിക്കുന്നു.  (മുൻഷിയെപ്പറ്റി മലയാളപ്രസിദ്ധീകരണങ്ങളിൽ വന്ന അപൂർവ്വം ലേഖനങ്ങളി ഒന്നാണത്   രണ്ടോ മൂന്നോ ദിവസം ഒരു ഹോട്ടല്‍ മുറിയില്‍ ഒരേ ഇരിപ്പിലിരുന്ന് ഒരു മാസികയുടെ മുഴുവന്‍ ലക്കവും അദ്ദേഹം എഴുതി ഉണ്ടാക്കുമായിരുന്നെന്ന്ന്നുവെന്ന്   കാമ്പിശ്ശേരി കരുണാകരന്‍ പറയുന്നു.

ഉത്തരവാദഭരണപ്രക്ഷോഭകാലത്ത്  നവസരസന്‍ സര്‍ സി പിയെ രൂക്ഷമായി വിമര്‍ശിച്ചു. നവസരസന്‍ നിരോധിച്ചപ്പോള്‍ അത് വസരസന്‍ എന്ന പേരിലിറങ്ങി. അതു നിരോ ധിച്ചപ്പോള്‍ സരസന്‍. പിന്നെ രസന്‍, സന്‍ എന്നുവരെയുള്ള പേരുകളില്‍ മുന്‍ഷി പരമുപിള്ളയും കൂട്ടരും ഹാസ്യമാസികകളിറക്കി.

പേരു വെയ്ക്കാതെ അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ കാരണം പലപ്പോഴും ശിക്ഷിക്കപ്പെട്ടത് പത്രാധിപരും പ്രസാധകരുമൊക്കെയായി പേരു വച്ചിരുന്നവരാണ്. അതേ സമയം തന്റെ ഹാസ്യശരങ്ങള്‍ നാനാവഴിക്കു കൂടിയും തൊടുത്തുവിട്ട് മുന്‍ഷി പരമുപിള്ള തന്റെ രൂക്ഷവിമര്‍ശനം തുടര്‍ന്നുകൊുമിരുന്നു. പേരു വച്ചും പേരു വയ്ക്കാതെയും വേറേ പേരുകളിലുമൊക്കെയായി മുന്‍ഷി പരമുപിള്ള എഴുതിയ നൂറുക്കണക്കിനു ഹാസ്യലേഖനങ്ങളുാവുമെന്ന് മുന്‍ഷിയുടെ എഴുതാനുള്ള ശേഷിയെപ്പറ്റി അറിയുന്ന പഴമക്കാര്‍ പറയുന്നു.

ഈ.വി. കൃഷ്ണപിള്ളയും മുന്‍ഷി പരമുപിള്ളയും അയല്‍ക്കാരും ആത്മമിത്രങ്ങളുമായിരുന്നു. ഈ. വിയുടെ ആത്മകഥയായ 'ജീവിതസ്മരണകളില്‍ തൻ്റെ  ബാല്യകാലസുഹൃത്തായ പരമു'വിനെപ്പറ്റി നിരവധി പരാമര്‍ശങ്ങളുണ്ട് . മുന്‍ഷിയുടെ ഈ . വി. സ്മരണകള്‍ എന്നകൃതിയില്‍ മുന്‍ഷിയുടെയും . വി. കൃഷ്ണപിള്ളയുടെയും ബാല്യകാലാനുഭവങ്ങളുടെ നേര്‍ചിത്രങ്ങളാ ണുള്ളത്. 'പ്രസന്നകേരള'ത്തിലാണ് ഈ വി. സ്മരണകള്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്.

അന്തരിച്ച ഇന്ത്യന്‍ നയതന്ത്ര വിദഗ്ദ്ധന്‍ ജെ. എന്‍. ദീക്ഷിത് എന്ന ജ്യോതീന്ദ്രനാഥ് ദീക്ഷിത് മുന്‍ഷി പരമുപിള്ളയുടെ മകനാണ്. പരമുപിള്ളയുടെ മകന്‍ എങ്ങനെ 'ദീക്ഷിത്' ആയി എന്ന് അഅന്വേഷിച്ചു ചെല്ലുമ്പോള്‍ കിട്ടുന്ന ചിത്രം കോളും കൊടുങ്കാറ്റും നിറഞ്ഞ മുന്‍ഷിയുടെ വ്യക്തിജീവിതത്തിന്റേതാണ്.​ 
(Copyright Reserved)
 (കൂടുതൽ വിവരങ്ങൾ പുസ്തകത്തിൽ)  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം