സിനിമാപ്രേമി (7) :: പഞ്ചാബിയും വസ്ത്രാലങ്കാരകൻ രാമചന്ദ്രൻ ചേട്ടനും ഒരു രാത്രിമഴയും
എസ്. സലിംകുമാർ
1978-1982 കാലത്ത് മദ്രാസിൽ സിനിമാ രംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം.
ഒറ്റവാടാ തെരുവിൽ താമസിക്കുമ്പോൾ അവിടെ വേറെയും സുഹൃത്തുക്കളെ കിട്ടി. അതിൽ ഒരാൾ ആയിരുന്നു സുധാകരൻ. ദൊരൈയുടെ അമ്പലവും കഴിഞ്ഞു ഒറ്റവാടാ തെരുവിലൂടെ സ്വൽപ്പം ചെല്ലുമ്പോൾ വലതു വശത്തു വലിയൊരു മൂന്നുനിലക്കെട്ടിടം ഉണ്ടായിരുന്നു. അവിടെ മൂന്നു നിലയിലുംകൂടിപത്തുപതിനഞ്ചു വീടുകളുണ്ട്. അവയിലൊന്നിലാണ് സുധാകരൻ താമസിക്കുന്നത്. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റ് ആണ് സുധാകരൻ. രാമനാട്ടുകാരക്കാരൻ ആണ്. ചിലപ്പോഴൊക്കെ ഞാനും ജമാലും സുധാകരന്റെ വീട്ടിൽ പോയി. വേറെ ഏതോ കൂട്ടുകാരുമൊത്താണ് സുധാകരൻ താമസിക്കുന്നത്. അടുത്ത മുറിയിലുള്ളയാളിനെ പരിചയപ്പെട്ടു. പേര് ടി.ആർ.ശേഖർ. എഡിറ്റർ ആണ്. ഇപ്പോൾ നവോദയയുടെ പുതിയ പടം ആണ് ചെയ്യുന്നത്. എന്നെക്കാളും മുതിർന്ന ആളാണ്. പിന്നെ പലപ്പോഴും എവിടെങ്കിലുമൊക്കെ വച്ച് കാണുമ്പൊൾ ശേഖറും ഞാനും എന്തെങ്കിലുമൊക്കെ സംസാരിക്കും.
ടി ആർ ശേഖർ
സുധാകരൻ അന്ന് ജനകീയ സിനിമയെപ്പറ്റി ഗൗരവമായി സംസാരിക്കുന്ന ആളാണ്. നിലമ്പൂരിലെ ചോലനായ്ക്കരെപ്പറ്റി ഡോക്യൂമെന്ററി എടുക്കണമെന്ന ചിന്തയുമായി നടക്കുകയാണ് സുധാകരൻ. എന്റെ തലയിലേക്ക് 16mm സിനിമയുടെ സാധ്യതകളെപ്പറ്റിയുള്ള ചിന്തകൾ ആദ്യം കടത്തി വിട്ടത് സുധാകരൻ ആണ്. ചെറിയ ക്യാമറ ആണ്. ഡോക്യുമെന്ററി എടുക്കാൻ സൗകര്യമാണ്. എടുത്താലും 16mm ജനങ്ങൾക്കിടയിൽ കൊണ്ട് പോയി പ്രദർശിപ്പിക്കാൻ എളുപ്പമാണ്. സുധാകരൻ ഓരോ തവണ കാണുമ്പോഴും തന്റെ 16mm സ്വപ്‌നങ്ങൾ പങ്കു വച്ചു. ജനങ്ങൾക്കിടയിലേക്ക് ചെന്ന് സിനിമ കാണിക്കുക എന്നതായിരുന്നു സുധാകരന്റെ സങ്കല്പം. ഞാനും ആ വഴിക്കു ചിന്തിച്ചു തുടങ്ങി.
കുറേമാസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ താമസം സാലിഗ്രാം ഭാഗത്തേക്ക് മാറി. അരുണാചലം സ്റ്റുഡിയോയുടെ പിറകിലായി വരും. അതിനപ്പുറത്തു ആയിടെ തുടങ്ങിയ പ്രസാദ് കളർ ലാബ്. സിനിമ പതുക്കെ കളറിലേക്കു മാറുകയാണ്. അതിന്റെ ഭാഗമായാണ് പ്രസാദ് കളർ ലാബ് ആരംഭിക്കുന്നത്. അതിനടുത്തൊരു തെങ്ങിൻതോപ്പുണ്ട്. അവിടെ പൊഴിഞ്ഞു വീഴുന്ന തേങ്ങാ അവിടുത്തെ കാവൽക്കാരൻ പെറുക്കിക്കൂട്ടി വിൽക്കാൻ ഇട്ടിരിക്കും. ഞങ്ങൾ അവിടെ പോയി തേങ്ങാ വാങ്ങാറുണ്ട്.
വെള്ളം കിട്ടാൻ ഇത്തിരി പാടാണ്. താമസിക്കുന്നതിന്റെ കിഴക്ക് ഒരു വീട്ടുകാരുടെ കുഴൽക്കിണർ ഉണ്ട്. അവിടെ പോയി വെള്ളം പിടിക്കും. അതിരാവിലെ പോയാലേ വെള്ളം കിട്ടൂ. വെള്ളം പിടുത്തക്കാരുടെ തിരക്ക് ആരംഭിക്കുമ്പോഴേക്കും വീട്ടുകാർ കുഴൽക്കിണറിൻറെ ലിവർ ഊരിയെടുത്തു കൊണ്ട് പോകും.
ആ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു ഫ്രഞ്ച് താടിക്കാരനുമായി ഞാൻ പരിചയപ്പെട്ടു. കാരണം അയാളുടെ ചിത്രം ഞാൻ നാന വാരികയിൽ കണ്ടിരുന്നു. ആയിടെ ചർച്ചാവിഷയമായ 'പ്രകൃതീ മനോഹരി' എന്ന ജി.എസ.പണിക്കരുടെ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ദിവാകരമേനോൻ. രാവിലെ വെള്ളം പിടിക്കാൻ അവിടെ പോകുമ്പോഴൊക്കെ അദ്ദേഹത്തെ കാണും, സംസാരിക്കും. അദ്ദേഹം ചിലപ്പോൾ പത്രക്കാരനെ കാത്ത് നിൽക്കുകയാവും.
ദിവാകരമേനോൻ
കുറേക്കഴിഞ്ഞപ്പോൾ ആ വീട്ടുകാർ ആരെയും ഹാൻഡ്‌പമ്പിൽ അടുപ്പിക്കാതായി. അവിടെ വെള്ളം പിടിക്കാൻ വന്ന ചിലർ അവിടെ നിന്ന് വഴക്കുണ്ടാക്കുകയും ചീത്തവിളിക്കുകയും ചെയ്തതാണ് കാരണം. താമസിക്കുന്നിടത്തു കിണർ ഉണ്ടെങ്കിലും ഉപ്പുരസമുള്ള വെള്ളമാണ്. കുഴൽക്കിണറിലെ തരക്കേടില്ല. കുറച്ചപ്പുറത്തു ഒരു പൈപ്പുണ്ട്. രാവിലെയും വൈകിട്ടും വെള്ളം വരും. എ പ്പോഴും പത്ത് പതിനഞ്ചു പെണ്ണുങ്ങൾ അവിടെ ഉണ്ടാവും- ഒരുപാട് 'തവല'കളും. പിച്ചളകൊണ്ടുള്ള കുടവും കലവും അല്ലാത്ത ഒരു പാത്രമാണ് തവല. അന്ന് പ്ലാസ്റ്റിക് കുടങ്ങൾ പ്രചാരത്തിൽ ഇല്ല. പിത്തളയുടെയും അലുമിനിയത്തിന്റെയും പാത്രങ്ങളിൽ ആണ് ആളുകൾ വെള്ളം ശേഖരിക്കുന്നത്.
ഒരു ദിവസം ഞാൻ അവിടെ വെള്ളം എടുക്കാൻ പോയി. അവിടെ ചെന്നപ്പോൾ ഞാൻ 'ഊരുക്ക് പുതുസ് ' ആണെന്ന് അവർക്കു മനസിലായി. വെള്ളം അവർക്കു മാത്രം ഉള്ളതാണ്, അവരൊക്കെ അവിടുത്തെ സ്ഥിരതാമസക്കാർ ആണ്. ആഴ്ചയിൽ അമ്പത് പൈസ കൊടുത്താൽ മാത്രമേ വെള്ളം കിട്ടൂ.. ഇന്ന് ആദ്യമായി വന്നതല്ലേ അതിനാൽ ഒരു ബക്കറ്റ് വെള്ളം തരാം.. ഇനി വരുമ്പോൾ കാശ് കൊണ്ടുവരണം. ഞാൻ സമ്മതിച്ചു. പിറ്റേന്ന് അമ്പത് പൈസ അവിടുത്തെ തലൈവിയായ ഒരു പാട്ടിയുടെ കയ്യിൽ കൊടുത്തു. പിന്നെമുതൽ ചെന്നാൽ 'ആമ്പൊള വന്താച്ച് .. ശീക്കിരം അനപ്പ് " എന്ന് പറഞ്ഞു അവർ വേഗം വെള്ളം പിടിച്ചു തരും. പെണ്ണുങ്ങളുടെ ആ സാമ്രാജ്യത്തിൽ ആണുങ്ങൾ അധികനേരം നിൽക്കാൻ അവർ സമ്മതിക്കില്ല.
അങ്ങനിരിക്കെ ഞങ്ങൾ താമസിക്കുന്നിടത്ത് ഒരു ദിവസം ഒരാൾ വന്നു. പേര് പഞ്ചാബി. അഭിനേതാവ് ആണ്. പ്രൊഡക്ഷൻ മാനേജരും ആണ്. ഗംഭീരമായ ശബ്ദം. കൂടെ താമസിക്കുന്ന ആൾ കുറച്ചു ഫിലിം ബിറ്റുകൾ വാങ്ങിയിരുന്നു.(ബിറ്റുകൾ എന്നാൽ പിൽക്കാലത്തു ബിറ്റുകൾ എന്ന് അറിയപ്പെട്ട ചിത്രങ്ങൾ അല്ല. ക്യാമറയുടെ സ്പൂളുകളിൽ അധികം വരുന്ന അഞ്ചടി പത്തടിയൊക്കെ നീളമുള്ള ഉപയോഗിക്കാത്ത ഫിലിം ആണ്. അത് ചെറിയ ചെറിയ ചില ഷൂട്ടുകൾക്ക് ഉപോയോഗിക്കാറുണ്ട്. എൻറെ സുഹൃത്ത് അക്കാലത്ത് അത്തരം ഒരു പ്രോജക്ട് ചെയ്യുന്നുണ്ടായിരുന്നു. സിനിമ തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും ഒക്കെ ' പുകവലി പാടില്ല', കസേരയിൽ ചവിട്ടരുത്, തിയേറ്ററിനുള്ളിൽ തുപ്പരുത് എന്നൊക്കെ സ്ലൈഡ് കാണിക്കുന്നതിന് പകരം ഒരു മിനിറ്റോ രണ്ടു മിനിറ്റോ വരുന്ന മൂവിസ്ട്രിപ്പുകൾ നിർമ്മിച്ചു തിയ്യേറ്ററുകളിൽ കൊടുക്കുന്ന പ്രോജക്ടിന് വേണ്ടി വാങ്ങിയതാണ്. കാശ് കൊടുക്കാമെന്നു പറഞ്ഞ തീയതി കഴിഞ്ഞിട്ടു കുറെ ദിവസമായി.
അതിന്റെ കാശു വാങ്ങിക്കാൻ പഞ്ചാബി വന്നതും കൂട്ടുകാരൻ കാശ് കൊടുക്കാൻ ഉള്ള ഒരു തമിഴൻ അവിടെ വന്നു കൂടി- അയാൾ വന്നു ഒച്ച വച്ച് തുടങ്ങി. പഞ്ചാബി ഇടപെട്ടു. നിങ്ങൾ എന്തിനാണ് ഒച്ച വയ്ക്കുന്നത്, ഞാൻ ഇവർക്ക് കുറച്ചു പൈസ കൊടുക്കാനുണ്ട്. ഇന്ന് കൊടുക്കാമെന്നാണ് പറഞ്ഞിരുന്നത്. അത് ഇന്ന് കൊടുക്കാൻ ഇല്ല എന്ന് പറയാൻ വന്നതാണ്. നിങ്ങൾ സമാധാനമായി പോകണം. ഇയാൾ പൈസ വേഗം എത്തിച്ചു തരും എന്ന് പറഞ്ഞു തമിഴനെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു.
പഞ്ചാബിയുടെ സമയോചിതമായ ഇടപെടൽ കൂട്ടുകാരനും കുടുംബവും ആശ്വസിച്ചു.പിന്നെ ഒരിക്കലും പഞ്ചാബി ആ ഫിലിം ബിറ്റ്‌റോളുകളുടെ പണം ചോദിച്ചു അവിടെ വന്നിട്ടില്ല. ഒരു പക്ഷെ എന്റെ കൂട്ടുകാരനെക്കാൾ കഷ്ടത്തിൽ ആയതുകൊണ്ടാവാം ട്രിപ്പ്ലിക്കേനിൽ നിന്നും സാലിഗ്രാമം വരെ ആ പണത്തിനു വേണ്ടി പഞ്ചാബി വന്നത്. അദ്ദേഹത്തിന്റെ പേര് പഞ്ചാബി എന്നാണെന്നല്ലാതെ ശരിക്കും ഉള്ള പേരെന്താണെന്നു അറിയില്ല. മലയാള സിനിമയിലെ ദീർഘകാല സാന്നിധ്യങ്ങളിൽ ഒരാളായിരുന്നു പഞ്ചാബി. അംജദ് ഖാൻ മലയാളത്തിൽ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ അദ്ദേഹത്തിന് ശബ്ദം കൊടുത്തത് പഞ്ചാബി ആയിരുന്നു.
അക്കാലത്തു അരുണാചലം സ്റ്റുഡിയോയുടെ തൊട്ടടുത്തുള്ള വയലിൽ ഒരു സർക്കസ് ടെന്റ് ഉയർന്നിട്ടുണ്ട്. അവിടെ ഷൂട്ടിങ് നടക്കുകയാണ്. ഒരു മലയാളം പടത്തിന്റേതാണ്. അതിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് പുതിയ ഒരാൾ ആണ് - പേര് മമ്മൂട്ടി. സംവിധാനം കെ.ജി.ജോർജ്. പടം മേള. ഞങ്ങൾ താമസിക്കുന്ന വീടിന്റെ ടെറസ്സിൽ നിന്ന് നോക്കിയാൽ കൂടാരവും അവിടുത്തെ ഷൂട്ടിങ്ങിന്റെ ആളനക്കങ്ങളും വെളിച്ചവും കാണാം.
ആയിടെ ഞാനും കൂട്ടുകാരനും തമ്മിൽ തെറ്റി. രാത്രി ഒമ്പതുമണി ആവാറായി. ഇനി അവിടെ നിൽക്കാൻ എന്റെ മനസ് അനുവദിച്ചില്ല. ഞാൻ അവിടെ നിന്നും ഇറങ്ങി. രണ്ടു ദിവസം മുമ്പ് വാങ്ങിയ ഒരു പുതിയ തോർത്ത് എടുത്തു കഴുത്തിൽ ചുറ്റി . പാന്റും ഷർട്ടും ആണ് വേഷം.ഞാൻ ഇരുട്ടത്തിറങ്ങി നടന്നു. കോടമ്പാക്കത്തേക്കു നടക്കാം. അവിടെ പരിചയക്കാരുണ്ട്. എങ്കിലും ആരുടെ അടുത്ത് പോകും?
വിജയ വാഹിനി സ്റ്റുഡിയോ
വിജയ വാഹിനി സ്റ്റുഡിയോയുടെ പിറകു വശത്തു ചെല്ലുന്ന വഴിയുടെ ഓര്ത്തു ഒരു പലചരക്കുകടയുണ്ട്. കടക്കാരൻ എട്ടു മണിയായപ്പോഴേ അടച്ചിട്ടു പോയി. ഇരുട്ടാണ്. ഞാൻ അതിന്റെ തിണ്ണയിൽ കിടന്നു. അര മണിക്കൂർ കഴിഞ്ഞു കാണും. ഒരാൾ അവിടെ വന്നു ടോർച്ചടിച്ചു. 'അങ്കെ പടുക്കക്കൂടാത് ..എഴുന്തിരിച്ചു പോപ്പാ.. " അയാൾ വേറൊന്നും പറഞ്ഞില്ല. അയാളുടെ ശബ്ദത്തിലെ കാർക്കശ്യം കാരണം ഞാൻ ഉടൻതന്നെ എഴുന്നേറ്റു വിജയവാഹിനിയുടെ പിറകു വശത്തു കൂടിയുള്ള വഴിയേ നടന്നു. എവിടെയോ ചെളിയിൽ ചവുട്ടി. റോഡിൽ കെട്ടിനിന്ന വെള്ളത്തിലാണ്. വഴിവക്കിൽ നിന്ന ഏതോ ചെടിയുടെ ഇലച്ചിൽ പറിച്ചു കാൽ തുടച്ചു. ആ ഭാഗത്തു പരിചയമുള്ള ഒരാൾ താമസിക്കുന്നുണ്ട് - ശ്രീമൂലനഗരം വിജയൻ. പക്ഷെ അദ്ദേഹം സംവിധാനം ചെയ്യുന്ന 'എന്റെ ഗ്രാമം' സിനിമയുടെ ഔട്ഡോർ ഷൂട്ടിങ്ങിനു കേരളത്തിൽ പോയിരിക്കുന്നു. അവിടെ ആരും ഇല്ല.
പിന്നെയും നടന്നു നടന്നു കോടമ്പാക്കത്തെത്തി. ശിവൻകോവിൽ ക്രോസ്സ് സ്ട്രീറ്റിനടുത്തു തങ്കം സ്റ്റാറിന്റെ അപ്പുറത്ത് വരാന്തയിൽ ചിലർ കിടന്നുറങ്ങുന്നുണ്ട്. മുഴിഞ്ഞ വേഷം ധരിച്ചവർ. എതിർവശത്തെ ബേക്കറിയിൽ ബോർമ്മയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ആണ്. അവർ കിടക്കുന്നതിന്റെ കുറച്ചു അപ്പുറത്തു മാറി ഞാൻ തറയിൽ കിടന്നു. തോർത്ത് മുഖത്തിട്ടു. തെരുവ് വിളക്കിന്റെ വെളിച്ചം മുഖത്തടിക്കാതിരിക്കാനും മുഖത്ത് കൊതുകു കുത്താതിരിക്കാനും.
പതിനൊന്നുമണി ആയിക്കാണും. ഞാൻ ഉറക്കം പിടിച്ചതേയുള്ളു. ആരോ വന്നു തട്ടി. ഒരു പോലീസുകാരൻ ആണ്. എന്നും അവിടെ കിടക്കുന്ന മുഷിഞ്ഞ വേഷം ധരിച്ച ബേക്കറിത്തോഴിലാളികൾ അല്ലാതെ പുതിയ തോർത്തുമൊക്കെയായി സ്വൽപ്പം മാറി ഒരിടത്തു കിടക്കുന്ന എന്നെ അയാൾ ചോദ്യം ചെയ്യുന്നു. പിടിച്ചാൽ 'സന്ദേഹക്കേസ്' ആയി രണ്ടാഴ്ച ജയിലിൽ കിടക്കേണ്ടി വരും. എവിടെയാണ് താമസിക്കുന്നത്, എന്തിനാണ് ഇവിടെ കിടക്കുന്നത് എന്നൊക്കെ അയാൾ ചോദിയ്ച്ചു.
എനിക്ക് അപ്പോഴും എഴുത്തുകൾ വന്നുകൊണ്ടിരുന്നത് ജമാലിന്റെ കൂടെ രാമചന്ദ്രൻ ചേട്ടന്റെ മുറിക്കടുത്തു ഞാൻ താമസിച്ചിരുന്ന ശിവൻകോവിൽ ക്രോസ്സ് സ്ട്രീറ്റിലെ അഡ്രസ്സിൽ ആണ്.
അപ്പോൾ പെട്ടെന്ന് എനിക്ക് ബുദ്ധിയുദിച്ചു :
പെങ്ങളുടെ വീട്ടിലാണ് താമസം. വഴക്കിട്ടു ഇവിടെ വന്നു കിടക്കുകയാണ്.
അന്ന് ഉച്ചയ്ക്ക് ഞാൻ രാമചന്ദ്രൻചേട്ടന്റെ അടുത്ത് വന്നിരുന്നു. തലേന്ന് വന്ന ഒരു കത്ത് രാമചന്ദ്രൻ ചേട്ടൻ എനിക്ക് തന്നത് അപ്പോഴും പോക്കറ്റിൽ ഉണ്ട്.
ഞാൻ ആ കത്തെടുത്തു പോലീസുകാരനെ കാണിച്ചു. അയാൾ അഡ്രസ് നോക്കി. കറക്റ്റാണ്. തൊട്ടടുത്തുള്ള അഡ്രസ് ആണ്. അയാൾ കത്ത് തുറന്നു നോക്കി.
മലയാളത്തിലുള്ള കത്ത് കണ്ടിട്ട് അയാൾ പറഞ്ഞു :
ഇവിടെ കിടക്കേണ്ട. കുറേക്കഴിയുമ്പോൾ വേറെ ആരെങ്കിലും വന്നാൽ അവർ പിടിച്ചു അകത്താക്കും. വേഗം വീട്ടിൽ പൊയ്ക്കോ. എനിക്ക് ആശ്വാസമായി. ആ പോലീസുകാരൻ മലയാളിയാണ്.
ഞാൻ നടന്നു. ഞാൻ ചെന്ന് രാമചന്ദ്രൻചേട്ടൻ താമസിക്കുന്നയിടത്തേക്കു കയറുന്നതുവരെ അയാൾ നോക്കി നിന്നു. ഞ മുറ്റത്തെ ഇരുട്ടിൽ നിന്നു. ആരെ വിളിക്കും? ബെഡിറ്റർ ബാലൻ നാട്ടിൽ പോയിരിക്കുകയാണ്. തോമസ് അച്ചായൻ അടിച്ചു പൂസായി കൂർക്കം വലിച്ചുറങ്ങുന്നതു കേൾക്കാം. രാമചന്ദ്രൻചേട്ടനെത്തന്നെ വിളിക്കാം.
ഞാൻ കതകിൽ തട്ടി.
ആരാ.. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന രാമചന്ദ്രൻ ചേട്ടന്റെ ശബ്ദം. ചേച്ചിയും സിന്ധുവും ഉണർന്നു.
'ചേട്ടൻ കതകു തുറന്നപ്പോൾ ദയനീയമായ മുഖഭാവത്തോടെ നിൽക്കുന്ന എന്നെ കണ്ടു :
എന്താ മോനെ ഈ നേരത്ത്?
ഞാൻ വിവരം പറഞ്ഞു. പോലീസ് പിടിച്ചെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "നീ എങ്ങും പോവണ്ട. ഇവിടെ കിടന്നുറങ്ങിക്കോ".
എവിടെക്കിടക്കും? ഞാൻ ആലോചിച്ചു നോക്കി.
ചെറിയൊരു മുറിയാണ്. ചെറിയൊരു തിണ്ണ. അവിടെ ചേട്ടന്റെ തയ്യൽ മെഷീനും കോസ്റ്റ്യൂം ബോക്സുകളുമാണ്. മുറിയിൽ കഷ്ടിച്ച് അവർ മൂന്നു പേർക്കും കിടക്കാം അത്രേയുള്ളു. ഒരു പായയും തലയിണയും തന്നിട്ട് ചേട്ടൻ പറഞ്ഞു : നീ മോളിൽ ടെറസ്സിൽ പോയികിടന്നോ.
ആശ്വാസമായി. ഞാൻ ടെറസ്സിൽ പോയിക്കിടന്നു - പാതിരായ്ക്ക് രാമചന്ദ്രൻ ചേട്ടനെയും കുടുംബത്തെയും ബുദ്ധിമുട്ടിച്ചതിലുള്ള കുറ്റബോധത്തോടെ.
ഞാൻ അവിടെക്കിടന്നു ഉറക്കം പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉണർന്നു. ആരോ മുഖത്ത് വെള്ളം കുടഞ്ഞതു പോലെ. ആരും വെള്ളം കുടഞ്ഞതല്ല. മഴ ചാറുകയാണ്. എന്ത് ചെയ്യും? മഴ ഉറച്ചു തുടങ്ങി. ഞാൻ പടിയിറങ്ങി വന്നു ചുവരിന്റെ ഓരത്ത് ഒതുങ്ങി നിന്നു. മഴ നനയുന്നുണ്ട്. പെട്ടെന്ന് കതകു തുറന്നു രാമചന്ദ്രൻ ചേട്ടൻ വിളിച്ചു: സലീമേ..
മഴ പെയ്യുന്നതു അറിഞ്ഞു എന്റെ സ്ഥിതി എന്താവുമെന്ന ചിന്തയിൽ ചേട്ടൻ എഴുന്നേറ്റു വന്നതാണ്.
അകത്തു കയറി വാ. അവരുടെഒറ്റമുറിയുടെ ഒരു കോണിൽ എനിക്ക് കിടക്കാൻ കൂടി അവർ ഇടം ഒരുക്കിത്തന്നു. എനിക്ക് സങ്കടം വന്നുവെങ്കിലും എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.
നേരം വെളുത്തപ്പോൾ രാമചന്ദ്രൻ ചേട്ടൻ പറഞ്ഞു : നീ എങ്ങും അലഞ്ഞു നടക്കേണ്ട. ഇവിടെ ഇരിക്ക്. നമ്മൾക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം.
(Copyright Reserved)
(അടുത്തത് : 'ടു ലെറ്റ് ലോഡ്ജിൽ' ഒരു രാത്രി)



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ