ആഴങ്ങളെ ഒളിപ്പിച്ചു വച്ചിരിക്കുന്ന കവിതകൾ :: ഇന്ദുലേഖ വാസുകി കൃഷ്ണയുടെ പുസ്തകം - 'അവൾ ഒരു കടൽദൂരം'



എസ് . സലിംകുമാർ





പ്രണയനിർഭരമായ കവിതകളുടെ സമാഹാരമാണിത്. ജീവിതത്തിന് അർത്ഥമുണ്ടെന്നു തോന്നുക പ്രണയമെന്ന അനുഭവത്തിലൂടെ കടന്നു പോകുമ്പോഴാണ്. പക്ഷെ പ്രണയം എന്നത് കേവലപ്രേമത്തിൻ്റെയോ ഇന്ദ്രിയാഭിലാഷങ്ങളുടെയോ പര്യായമല്ല. പ്രണയത്തിന്റെ നാനാർത്ഥങ്ങൾ ഹൃദയഹാരിയായ ആവിഷ്കരിക്കുവാൻ ഇന്ദുലേഖ വാസുകി കൃഷ്ണയുടെ കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ തലങ്ങളും അടരുകളും ഉള്ള ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്തമായ പ്രണയാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴത്തെ വികാരവിചാരങ്ങൾ വായനക്കാരിലേക്ക് കവി പകരുമ്പോൾ അവർക്കു തൊട്ടറിയുവാൻ കഴിയുന്നത് സ്വന്തം ജീവിതവും അനുഭൂതികളുമാണ്.


ചിന്തയുടെയും വികാരങ്ങളുടെയും പ്രക്ഷുബ്ദ്ധമായ കടലിനെ കൈക്കുടന്നയിൽ ഒതുക്കുന്ന ആഭിചാരമാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. ഈ സമാഹാരത്തിലെ എല്ലാക്കവിതകളും കൂടി ഒരൊറ്റപ്പൂവാണ് - പ്രണയപുഷ്പം. ഇതളിതളായി വിടർന്ന് ആത്മാനുഭൂതികളുടെ തേനും സുഗന്ധവും പകുക്കുന്ന അനുഭവമായിരിക്കുമ്പോഴും ഉള്ളുലയ്ക്കുന്ന വിധത്തിൽ വായനക്കാരുടെ സ്വകീയാനുഭവമായി മാറുന്ന അനുപമമായ ഒരു ശൈലിയും ശക്തിയും വാസുകിയുടെ കവിതകളെ വേറിട്ടതാക്കുന്നു. കദനത്തെയും അടക്കിവച്ച കണ്ണീരിനെയും ആശകളെയും ആശങ്കകളെയും ഏകാന്തതയുടെ ഇറുക്കത്തെയും ആവിഷ്കരിക്കുമ്പോഴും ലാളിത്യവും കാവ്യഭംഗിയും സൂക്ഷിക്കുവാൻ വാസുകിയുടെ കവിതകൾക്കാവുന്നുണ്ട്.




"ഒരുതുള്ളി കണ്ണീരുകൂടി വീണാൽ

നിറഞ്ഞുകവിഞ്ഞു പൊട്ടാൻപാകത്തിന്
അത് തലയുയർത്തിനിൽപ്പാണ് "


'കുടിയന്റെ വീട് 'എന്ന കവിതയിലെ ഈ വരികൾ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിന്റെ നേർചിത്രമാണ്. സ്വകീയമായ നൊമ്പരങ്ങളുടെ തീയുണ്ണുമ്പോഴും ചുറ്റുമുള്ള ജീവിതത്തിന്റെ കയ്പ്പും കണ്ണീരും തിരിച്ചറിയുവാൻ വാസുകി എന്ന കവിക്ക് കഴിയുന്നുണ്ട്. ആത്മനിർവൃതിയിൽ ആറാടുന്ന കവിമനസ്സുകൾക്കു പലപ്പോഴും അന്യമാവുന്ന സാമൂഹ്യ ബോധം വാസുകിക്ക് അന്യമല്ല എന്നതിന് വേറെയും കവിതകൾ തെളിവായുണ്ട്.


"ആഴത്തിൽ പ്രണയിക്കുന്ന മരണത്തെ കാമുകനായിക്കാണുന്ന ആത്മനൊമ്പരം", ജീവിച്ചിരിക്കുമ്പോൾത്തന്നെ പലതവണ കൊല്ലപ്പെട്ടു"വെന്ന ബോധ്യം, ആഴക്കടലിൽ ഇരുട്ടുപോലെയുള്ള ശൂന്യത, മഞ്ഞൾ അരച്ചുപുരട്ടി ചുവപ്പിച്ച താലിച്ചരടിൻ്റെ മുറുക്കത്തിൽ ശ്വാസം കിട്ടാതെ പലവുരു മരിച്ചവൾ", ... എന്നൊക്കെ സ്വയം ആവിഷ്കരിക്കുമ്പോഴും അതിനെയൊക്കെ സുധീരം നേരിടുന്ന വാക്കുകൾ: "തന്നിഷ്ടക്കാരിയെന്നൊരു പേരു വീണാലെന്താ ! സന്തോഷമുള്ളൊരു നാളുണ്ട് കൂടെ" ആ ചാരിതാർഥ്യം ആണ് കവിയെ മുന്നോട്ടു നയിക്കുന്നത്. സ്ത്രീത്വം അതിന്റെ കണ്ണീരിനെയും കദനത്തെയും അതിജീവിക്കുന്ന കരളുറപ്പിൻ്റെ പ്രസ്താവനയാണിത്.


ഈ പുസ്തകത്തിലെ കവിതകളുടെ കേന്ദ്രബിന്ദു എന്ന് എനിക്ക് തോന്നിയ കൃതിയാണ് 'ഞാൻ'. ഏകാന്തതയുടെ മരവിപ്പിൽ തീർത്തും ഒറ്റയ്ക്കായിപ്പോകുന്ന സ്ത്രീത്വത്തിന്റെ ആത്മതൃഷ്ണ ഈ കവിതയെ ഈ സമാഹാരത്തിലെ മറ്റു കവിതകളുടെ അന്തർധാരയായി മാറ്റുന്നു.


"നീറുന്ന ഓർമ്മകളുടെ ഭാരം

താങ്ങാനാവാതെ വരുമ്പോൾ

എനിക്ക് എന്നെത്തന്നെയൊന്ന്

കെട്ടിപ്പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്
വെറുതെ ഓർത്തുപോകാറുണ്ട്. "


ഏകാന്തതയുടെ വലയത്തിൽപ്പെട്ടു പോകുമ്പോൾ ആത്മതൃഷ്ണയടക്കാൻ സ്വയമൊന്നു കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥയെന്ന ആ ബിന്ദുവിൽ നിന്നും പ്രണയത്തിന്റെ കരകാണാക്കടലായി വളരുന്ന കവിതയിൽ കവിഹൃദയത്തിന്റ ചിരകാലദു:ഖം ഘനീഭവിച്ചു നിലക്ക്ന്നുണ്ട്. ഏകാന്തതയെ മറികടക്കുകയെന്നതാണ് എക്കാലത്തും മനുഷ്യന്റെ വെല്ലുവിളി. ആ വെല്ലുവിളിയെ നേരിടാൻ കവി സ്വയം കണ്ടെത്തിയ വഴിയാണ് കവിത.
ഈ പുസ്തകത്തിലെ കവിതക അപഗ്രഥനം ചെയ്യുവാൻ വേറെ ഒരു പുസ്തകം തന്നെ വേണ്ടി വരും. അത്രമാത്രം ആഴങ്ങളെ ഒളിപ്പിച്ചു വച്ചിരിക്കുന്ന കവിതകളാണ് വാസുകിയുടേത്.


അതിരുകവിഞ്ഞ ലാവണ്യത്തിൻ്റെയോ വൃത്തം പോലെയുള്ള സാങ്കേതികത്വത്തിന്റെയോ സാന്നിധ്യം ഇല്ലാതെതന്നെ തന്റെ ആത്മസത്തയെ കവിതയായി മാറ്റുന്നതിനുള്ള സ്വാഭാവികമായ കഴിവ് വാസുകിക്കു സ്വായത്തമാണ്. ലളിതവും സാരവത്തതുമായ കവിത വായനക്കാരുടെ മനസ്സിലേക്ക് പെയ്തിറങ്ങുകയാണ് - ചിലപ്പോൾ മഴയായും ചിലപ്പോൾ മഞ്ഞായും ചിലപ്പോൾ വേനലായും - മറ്റു ചിലപ്പോൾ ഋതുക്കൾക്കും കാലത്തിനും അതീതമായ വേറെ എന്തൊക്കെയോ ആയും. അനിർവചനീയമായ ആ അനുഭവമാണ് കവിത. വാസുകിയുടെ കവിതകളിൽ കവിതയുണ്ട് എന്നതാണ് പ്രധാനം.

കവിയുടെയും വായനക്കാരുടെയും ഇടയിൽ നിന്ന് തടസ്സം സൃഷ്ടിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പുതിയൊരു വായനാനുഭവത്തിലേക്ക് നമ്മളെ നയിക്കുന്ന വാസുകിയുടെ കവിതകൾ മൗലികമായ പുതിയൊരു ഭാവുകത്വം ഉൾക്കൊള്ളുന്നവയാണ്.


(ഇന്ദുലേഖ വാസുകി കൃഷ്ണയുടെ  ​ 'അവൾ ഒരു കടൽദൂരം'  എന്ന കവിതാ സമാഹാര
ത്തിനെഴുതിയ അവതാരിക  അവതാരിക)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം