സിനിമാപ്രേമി (5) : 'പാതിരാപ്പക്ഷി'യും സംവിധായകൻ ശ്രീകുമാറും എൻ്റെ കൂടുമാറ്റവും
എസ്. സലിംകുമാർ
1978-1982 കാലത്ത് മദ്രാസിൽ സിനിമാ രംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം
ഒരു ദിവസം 'അനുഭവങ്ങളേ നന്ദി'യുടെ പ്രൊഡക്ഷൻ മാനേജർ സുദേവൻ്റെ സഹായി ഭാസ്കരൻ ആണ് പറഞ്ഞത്, ശാരദ സ്റ്റുഡിയോയിൽ ഒരു ബാർ സീനിലേക്കു കുറച്ച ആളുകളെ വേണം. ആളൊന്നുക്ക് മുന്നൂറു രൂപ വീതം കിട്ടും. ഭാസ്കരനോടൊപ്പം ഞാൻ ശാരദാ സ്റ്റുഡിയോയിൽ എത്തിയെങ്കിലും എന്തോ കാരണവശാൽ ആ സീൻ എടുത്തില്ല. ഞങ്ങൾ തിരികെ വന്നു. ഞാൻ താമസിക്കുന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഉടമ സുദേവന്റെ അളിയൻ ആണ് - തൃക്കുന്നപ്പുഴ വിജയകുമാർ. ആ ഓഫീസിൽ ആണ് ഞാൻ താമസിക്കുന്നത്.
ബീന എന്നൊരു സിനിമ തൃക്കുന്നപ്പുഴ വിജയകുമാർ നിർമ്മിച്ചിട്ടുണ്ട്. സത്താറിന്റെ നായികയായി ജയഭാരതി ആദ്യമായി അഭിനയിച്ച ആ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ആണ് അവരുടെ പ്രണയം തുടങ്ങുന്നത്. സത്താർ ആദ്യമായി നായകൻ ആയി അഭിനയിച്ച പടം ആണ്. സംവിധാനം എഡിറ്റർ കെ.നാരായണൻ ആയിരുന്നു. ആ സിനിമയിൽ അഭിനയിച്ച മോഹനൻ ആണ് എന്നെ വിജയകുമാറിന് പരിചയപ്പെടുത്തിയത്.
വരദരാജ നഗറിൽ നാട്ടുകാരനായ അപ്പു അണ്ണന്റെ വീട്ടിൽ താമസിച്ചിരുന്ന ഞാൻ വിജയകുമാറിൻ്റെ തിരക്കഥാകൃത്തായതോടെ താമസം അദ്ദേഹത്തിൻ്റെ പ്രൊഡക്ഷൻ ഓഫീസിലേക്ക് മാറ്റി. അതിനോടു ചേർന്നു തന്നെയാണ് കെട്ടിടം ഉടമയുടെ വീടും. അയാൾ ഒരു സാനിറ്ററി ഇൻസ്‌പെക്ടർ ആണ്. രണ്ടു ആൺ കുട്ടികളാണ് അവർക്കു. ഒരു ദിവസം അതിൽ ഇളയവൻ രണ്ടു വയസ്സുകാരൻ സ്നേഹത്തോടെ അവന്റെ അമ്മയെ വിളിച്ചു:
"അമ്മാ .. "
"ഛീ മമ്മി കൂപ്പിടടാ" (മമ്മി എന്നു വിളിക്കെടാ)ന്ന് പറഞ്ഞു ആ സ്ത്രീ അവന്റെ തലയ്ക്ക് ഒരു അടി.
ആ വീടിന്റെ ഗേറ്റിന്റെ താക്കോൽ ഭാസ്കരൻ്റെ കയ്യിൽ ഉണ്ട്. താക്കോൽ തരാം പക്ഷെ താക്കോൽ തന്ന കാര്യം ആരോടും പറയേണ്ട എന്ന് ഭാസ്കരൻ പറഞ്ഞു. ഞാൻ ഗേറ്റു തുറന്നു. ഓഫിസിൻ്റെ ഒരു താക്കോൽ എന്റെ കയ്യിൽ ഉണ്ട് ഓഫീസിന്റെ വാതിൽ തുറന്നു.
പിറ്റേന്നു കണ്ടപ്പോൾ പ്രൊഡ്യൂസർ ചോദിച്ചു : താൻ എങ്ങനെയാണ് അകത്തു കടന്നത്? ഗേറ്റിന്റെ താക്കോൽ എൻ്റെ പക്കൽ ആയിരുന്നല്ലോ.
ഭാസ്കരൻ താക്കോൽ തന്ന കാര്യം ഞാൻ പറഞ്ഞില്ല. ഗേറ്റ് ചാടിക്കടന്നു എന്ന് പറഞ്ഞു.
ഉടൻ പ്രൊഡ്യൂസറുടെ ഭാവം മാറി. 'അങ്ങനെ ഞാൻ ചെയ്യുമെന്ന് അദ്ദേഹം കരുതിയിരുന്നില്ലത്രേ. പിന്നെ ഒരു ഉപദേശസംഭാഷണം നടത്തിയിട്ട് അദ്ദേഹം പറഞ്ഞു : അവിടുന്ന് താമസം മാറ്റിക്കോ. ഷൂട്ടിങ് ഉള്ളപ്പോൾ ഞാൻ പറയാം.
അത് അപ്രതീക്ഷിതമായിരുന്നു. കഥ അദ്ദേഹത്തിന്റേതാണെങ്കിലും തിരക്കഥ എന്റേതാണ്. അതിന്റെ ക്രെഡിറ്റ് തരാൻ ഭാവമില്ല എന്ന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് എനിക്ക് മനസ്സിലായി. വട്ടച്ചെലവിനുള്ള പണവും താമസവും അല്ലാതെ പ്രതിഫലം ഒന്നും കിട്ടിയിട്ടില്ല.
പടത്തിലെ നായകൻ സത്താർ ആണ്. നായിക എസ.എൽ.പുരത്തിന്റെ സൂര്യസോമയിലെ നടിയായിരുന്ന ഒരു പെൺകുട്ടി. കൊതുകു നാണപ്പൻ ( കേരളത്തിലെ മിമിക്രിയുടെ തുടക്കക്കാരൻ. അക്കാലത്തു ബോംബയിൽ ടെക്സ്റ്റൈലിന് കോര്പറേഷന് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥൻ ആയിരുന്ന കൊതുകു നാണപ്പൻ എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരിയും സംഘവും മൂന്നു കൊതുകുകൾ എന്ന പേരിൽ അവതരിപ്പിച്ചിരുന്ന മിമിക്രി പരിപാടി അത്തരത്തിൽ കേരളത്തിൽ ആദ്യത്തേത് ആയിരുന്നു. കൊച്ചിൻ കലാഭവനും മറ്റും മിമിക്രിയുമായി വരുന്നത് ഏറെക്കഴിഞ്ഞാണ്. ഏഴിക്കര അംബുജാക്ഷൻ എന്ന ഒരാൾ ആയിരുന്നു 'മൂന്നു കൊതുകുകളുടെ ' ഏജന്റ്. മലയാളനാട് വാരികയിൽ ആയിരുന്നു അവരുടെ പരസ്യങ്ങൾ വന്നിരുന്നത്.
കൊതുകു നാണപ്പൻ
എറണാകുളത്തെ സംഘമിത്ര സതീഷും ഒരു പ്രധാന വേഷത്തിൽ ഉണ്ട്. അവരൊക്കെ ആദ്യം അഭിനയിക്കുന്ന പടമാണ് . ഹരിപ്പാട്ടുകാരൻ ഒരു യുവാവ് നാട്ടിൽ ഉണ്ടായിരുന്ന ഇരുപതു സെന്റ് സ്ഥലം വിറ്റു കിട്ടിയ കാശുമായി വന്നു പടത്തിൽ അഭിനയിക്കുന്നു. ഉച്ചയ്ക്ക് ഷൂട്ടിംഗ് കഴിഞ്ഞിട്ടും മേക്കപ്പ് അഴിക്കാതെ അയാൾ അവിടൊക്കെ നടക്കുന്നുണ്ടായിരുന്നു. ഗാനങ്ങൾ പൂവ്വച്ചൽ ഖാദർ. സംഗീതം രവീന്ദ്രൻ. രവീന്ദ്രൻ്റെ രണ്ടാമത്തെ പടമാണ്.
പൂവ്വച്ചൽ ഖാദർ
രവീന്ദ്രൻ
'പാതിരാപ്പക്ഷി'യിലെ നായകൻ സത്താർ ആണ് എവിഎം സ്റ്റുഡിയോ, അരുണാചലം സ്റ്റുഡിയോ, നന്ദനത്ത് ഏതോ ചെമ്മീൻ മുതലാളിയുടെ വീട്, ചില തെരുവുകൾ ഇവിടൊക്കെ ഷൂട്ടിങ് കഴിഞ്ഞു. ഇതിനിടെ രണ്ടു മാസത്തിലേറെ കഴിഞ്ഞു. നായികയെ മാറ്റി. കാരണം നായിക ഗർഭിണി ആയി ( (ഉത്തരവാദി സംവിധായകനോ നിർമ്മാതാവോ ആണ് എന്ന് പ്രൊഡക്ഷനിലുള്ളവർ) ) ഇപ്പോൾ ശ്രീകല ആണ് നായിക. മലയാളത്തിൽ ചില ചിത്രങ്ങളിൽ സഹോദരിവേഷത്തിലൊക്കെ അഭിനയിച്ചിട്ടുള്ള ശ്രീകല നായികയായി അഭിനയിച്ച ആദ്യ തമിഴ് പടത്തിൽ ( ആർ കെ ഷൺമുഖം സംവിധാനം ചെയ്ത 'പാപ്പാത്തി' എന്ന സിനിമയോടെ തമിഴിൽ നായിക ആയപ്പോൾ അവരുടെ പേര് രതീദേവി എന്ന് മാറ്റിയിരുന്നു) മേക്ക്അപ് അസിസ്റ്റന്റ് ആയി ഞാൻ ജോലി ചെയ്തിട്ടുണ്ട്.
സത്താർ
ഇനി ഷൂട്ടിങ് എപ്പോഴാണെന്ന് അറിയില്ല. ഫണ്ടിന്റെ അഭാവം ഉണ്ട്. അവിടുന്ന് മാറണം എന്ന് പറയുന്നതിന്റെ അർഥം പടവുമായി ഞാൻ സഹകരിക്കേണ്ടതില്ല എന്നാണെന്നു എനിക്ക് മനസ്സിലായി. ശ്രീകുമാർ ആണ് സംവിധായകൻ. പക്ഷെ സംവിധാനം വിജി-ശ്രീകുമാർ എന്നാണു കൊടുക്കുക. തിരക്കഥ കൂടാതെ സഹസംവിധായകനായും ഞാൻ ഉണ്ട്. ഷൂട്ടിങ് തുടങ്ങിയ ദിവസംതന്നെ എ വി എം സ്റ്റുഡിയോയിൽ വച്ച് ചില സീനുകൾ മാറ്റിയെഴുതണമെന്ന് പറഞ്ഞത് അവിടെയിരുന്ന് എഴുതിക്കൊടുത്തു .
സംവിധായകൻ ശ്രീകുമാർ ഒരു നല്ല മനുഷ്യനാണ്. പക്ഷെ അതിലേറെ കുഴപ്പങ്ങൾ കയ്യിലുണ്ട്. അറിയപ്പെടുന്ന കള്ളുകുടിയൻ ആണ്. ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, പി.ജി.വിശ്വംഭരൻ തുടങ്ങി യവരുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു ശരിക്കും ജോലി അറിയുന്ന ആളാണ്. പക്ഷെ കള്ളുകുടിയും അത് കഴിഞ്ഞുള്ള തെറിവിളിയും കാരണം ശ്രീകുമാറിനെ ആളുകൾ ഒഴിവാക്കിത്തുടങ്ങിയിരുന്നു. ഡബ്ബിങ്ങിന് പോകും. ആ കാശെല്ലാം കൊടുത്തു കള്ളുകുടിക്കും. അവിവാഹിതൻ ആണ്.
സലീജ് ചെങ്ങമനാട്, ശിവരാമൻ, ഞാൻ എന്നിവരാണ് സഹസംവിധായകർ. എന്നെ ഒഴി വാക്കിയേക്കും എന്ന് സലീജ് പറയുന്നുണ്ടായിരുന്നു.
എന്തായാലും വേറെ ഇടം തേടുക തന്നെ. അന്ന് വൈകുന്നേരംകൂടിയെങ്കിലും അവിടെ കഴിയാം. വൈകുന്നേരമായപ്പോൾ സംവിധായകൻ ശ്രീകുമാർ വന്നു. വിവരം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു : അതിനു താനെന്തിനാണ് ബേജാറാവുന്നത്? എന്റെ റൂമിൽ താമസിച്ചോ. ഞാൻ ഒറ്റയ്ക്കല്ല? ഒരു കാര്യം ചെയ്യ് നാളെ നമുക്ക് അങ്ങോട്ട് മാറാം.
ആ ദിവസം കഴിഞ്ഞു. വല്ല വിധേനയും ഉച്ച കഴിഞ്ഞപ്പോൾ ശ്രീകുമാർ വന്നു. എന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകാനാണ് വന്നിരിക്കുന്നത്. കാൽ നിലത്തുറയ്ക്കുന്നില്ല. മദ്രാസിൽ മദ്യനിരോധനമാണെങ്കിലും മദ്യപാനികൾക്ക് കുറവൊന്നുമില്ല.
വന്നപാടെ ശ്രീകുമാർ പറഞ്ഞു :
'താൻ ആ വര്ഗീസിന്റെ മെസ്സിൽ ചെന്ന് ഒരു കുപ്പി ജിഞ്ചർ വാങ്ങി വാ. കാശ് എടുത്തു തന്നു
കോടമ്പാക്കത്രെ സിനിമാക്കാരുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണ് വര്ഗീസിന്റെ മെസ്. കോടമ്പാക്കം ഓവർ ബ്രിഡ്‌ജിന്റെ അടുത്ത് ന്യൂ ഒകെ സ്റ്റോഴ്സിന്റെ തൊട്ടടുത്തുള്ള മുറിയിലായിരുന്ന മെസ് ഇപ്പോൾ ശിവൻ കോവിൽ തെരുവിനടുത്താണ്. അവിടെ കുടിയന്മാരുടെ ഇഷ്ടവിഭവമായ ജിന്ജിബെറീസ് എന്ന സാധനം കിട്ടും. കട്ടു വിൽക്കുന്നതാണ്. ശ്രീകുമാറിനാണ് സാധനം എന്ന് പറഞ്ഞപ്പോൾ വര്ഗീസ് പറഞ്ഞു :
അങ്ങോർ ഇവിടുന്നു പോയിട്ട് അധികനേരം ആയിട്ടില്ല. നല്ല പരുവത്തിലാണ് പോയിരിക്കുന്നത്. സാധനം ഉണ്ട് അയാൾക്കാണെങ്കിൽ ഞാൻ ഇനി തരത്തില്ല . ഇവിടെ സാധനം ഇല്ലെന്നു പോയി പറഞ്ഞാൽ മതി. തനിക്കു വേണേൽ ഒരെണ്ണം അടിച്ചിട്ട് പോ."
ഞാൻ വേഗം തിരികെ നടന്നു. അയാൾ പ്രൊഡക്ഷൻ ഓഫീസിലെ കസേരയിൽ ഇരുന്നു ഉറങ്ങുകയാണ്. അപ്പോഴേക്കും തൃക്കുന്നപ്പുഴ വിജയകുമാർ വന്നു. ഞാൻ മുറിയുടെ താക്കോൽ അദ്ദേഹത്തിന് തിരികെ കൊടുത്തു. രാത്രിയായി. എട്ടു മണിയായി. ഒമ്പതു മണിയായി. ശ്രീകുമാർ അവിടുന്ന് പോകുന്നില്ല. ഇരുന്നു വർത്തമാനം പറയും. ഇടയ്ക്കു ഉറങ്ങും. പതിനൊന്നു മണിയായപ്പോൾ അയാൾക്ക് വെളിവ് വന്നു : വാ... പാം.
ഞാൻ പെട്ടിയും തൂക്കി കയ്യിൽ ഒരു പായയുള്ളതും ചുരുട്ടി അയാൾക്കൊപ്പം നടന്നു.
ഏതൊക്കെയോ തെരുവുകളിലൂടെ അയാൾ താമസിക്കുന്നിടത്തെത്തി. നാലഞ്ച് വീടുകളുള്ള ഒരു കോമ്പൗണ്ട് ആണ്. അവിടെ എത്തിയപ്പോൾ അയാൾ ഷർട്ടിന്റെ പോക്കറ്റിൽ തപ്പി. പാന്റ്സിന്റെ പോക്കറ്റിലും തപ്പി. വീണ്ടും വീണ്ടും തപ്പി. താക്കോൽ കാണുന്നില്ല. പിന്നെ അത് തെരച്ചിൽ ആയി. വന്ന വഴിയേ കുറച്ചു നടന്നു. പിന്നെ തിരിച്ചെത്തി വീണ്ടും പോക്കറ്റ് തപ്പി. ഒടുവിൽ പാന്റ്സിന്റെ പിൻകീശയിൽ നിന്നും താക്കോൽ കിട്ടി. അതിനിടെ അവിടെ ഒരു വീട്ടു മുറ്റത്തു നിന്നിരുന്ന ഒരു പെൺകുട്ടിയെ ചൂണ്ടി അവകളെ അഖ്ങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ അശ്ലീലം പറഞ്ഞു. ആരെങ്കിലും കേട്ടാൽ തള്ളുമെന്നു ഭയന്ന് ഞാൻ പതുങ്ങി നിന്നു.
താക്കോൽ എന്റെ കയ്യിൽ തന്നു. ഞാൻ മുറി തുറന്നു. അകത്തു കയറിയ ഉടനെ എന്റെ പെട്ടി ഒതുക്കി വയ്ക്കാനും പായ വിരിച്ചു കിടക്കാനും ഉള്ള ഇടം കാട്ടിത്തന്നു. എന്നിട്ടു അയാൾ കയ്യിൽ കെട്ടിയിരുന്ന വാച്ച് അഴിച്ചു മുറിയുടെ മൂലയിലേക്ക് ഒറ്റ ഏറു കൊടുത്തു.
ഞാൻ ചോദിച്ചു :
എന്താ കുമാറേട്ടാ ഇങ്ങനൊക്കെ?
ഇങ്ങനൊക്കെ? ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യും. ഒരുത്തനും എന്നോട് ചോദിക്കണ്ട?
വാച്ച് പൊട്ടിപ്പോവില്ലേ? അത് കൊണ്ട് ചോദിച്ചതാ.
അതിനു തനിക്കെന്താ? എന്നെ ഒരുത്തനും പഠിപ്പിക്കേണ്ട. ഇപ്പം ഇറങ്ങിക്കോണം ഇവിടുന്ന് .
ഞാൻ അന്തം വിട്ടു നിന്നു. എവിടെ പോകും? ഇടങ്ങൾ ഒന്നും മനസ്സിൽ തെളിഞ്ഞില്ല. ജമാൽ എവിടെയാണ് താമസിക്കുന്നതെന്ന് അറിയില്ല. മോഹനൻ ഇപ്പോൾ നാട്ടിൽത്തന്നെയാണ്.
എന്തായാലും ഇറങ്ങുകതന്നെ. ഞാൻ മടിച്ചു നിൽക്കുമ്പോൾ ശ്രീകുമാർ വീണ്ടും പറഞ്ഞു:
എന്നെ തിരുത്താൻ വരുന്ന ഒരുത്തനും ഇവിടെ നിൽക്കണ്ടാ. ഇറങ്ങിക്കോ..
ഞാൻ പെട്ടിയും ചുരുട്ടിയ പുൽപായയും കയ്യിലെടുത്തു ഇറങ്ങി നടന്നു. എങ്ങോട്ടു പോകണം എന്നറിയില്ല. ഏതൊക്കെയോ തെരുവുകളിലൂടെ നടന്നു.
ലീലാനിലയത്തിലേക്കു പോയാൽ ശിവരാമൻ ഉണ്ട്. പക്ഷെ അവിടെ എന്നെക്കൂടി ഉൾക്കൊള്ളാനുള്ള ഇടം ഇല്ല.
പിന്നെ സലീജ് ചെങ്ങമനാട്. നേരിയ ആശ്വാസം തോന്നി. ഞാൻ സലീജ് ചെങ്ങമനാട് താമസിക്കുന്ന മുറിയിലേക്ക് നടന്നു. സലീജ് ഒറ്റയ്ക്കല്ല. കരുവാറ്റ വാസുവും ഉണ്ട്. വാസു ഒരു ഗാര്മെന്റ് ഫാക്ടറിയിലെ കട്ടിങ് മാസ്റ്റർ ആണ്. ഇപ്പോൾ നാട്ടിൽ പോയിരിക്കുകയാണ്. വാസു നല്ല നടൻ കൂടിയാണ്. വാസുവും കൂട്ടരും അഭിനയിച്ച ഒരു നാടകം ചെന്നൈയിൽ എവിടെയോ അവതരിപ്പിച്ചത് ഞാൻ കണ്ടിരുന്നു.
കറങ്ങിത്തിരിഞ്ഞു സലീജിന്റെ മുറിയിൽ എത്തി. വാസു തിരികെ വരുന്നത് വരെ അവിടെ താമസിക്കാൻ സലീജ് പറഞ്ഞു. മൂന്നാലു ദിവസം അവിടെ കഴിഞ്ഞ. നേരത്തെ പറഞ്ഞിരുന്നതിന്റെ ഒരു ദിവസം മുമ്പേ വാസു എത്തി. രാവിലെ വാസു വന്നപ്പോൾ ഞാൻ അവിടെയുണ്ട്.
ആരോട് ചോദിച്ചിട്ടാണ് ഇയാളെ ഇവിടെ താമസിപ്പിച്ചത്? ഇനി താമസിക്കണ്ട.
ഞാൻ അപ്പോൾത്തന്നെ ഇറങ്ങി.
എങ്ങോട്ടു പോകണം എന്ന് അറിയാതെ നടക്കുമ്പോൾ ആഗ്രഹിച്ചിരുന്ന ആളിനെ കിട്ടി - ജമാൽ. ജമാൽ പറഞ്ഞു :
നമുക്ക് രാമചന്ദ്രൻ ചേട്ടൻ ഒക്കെ താമസിക്കുന്നിടത്തേക്കു പോകാം. ബാജി കൈപ്പട്ടൂരിന്റെ മുറിയുടെ താക്കോൽ എന്റെ കയ്യിലുണ്ട്. സലീമും കൂടിക്കോ. അങ്ങനെയാണ് ശിവൻകോവിൽ ക്രോസ്സ് സ്ട്രീറ്റിലെ രണ്ടാം നമ്പർ വീട്ടിൽ താമസമാക്കുന്നത്.
(പ്രമുഖ പത്രപ്രവർത്തകൻ ആയ പി.കെ.ശ്രീനിവാസന്റെ 'കോടമ്പാക്കം ബ്ലാക്ക് ആൻഡ് വൈറ്റ്' എന്ന പരമ്പരകുറേക്കാലം മുമ്പ് മുമ്പ് മാധ്യമത്തിൽ വരുമ്പോൾ ഞാൻ വായിച്ചിരുന്നു. അതിൽ ഒരു ലക്കം ശ്രീകുമാറിനെപ്പറ്റി ആയിരുന്നു. ശ്രീകുമാർ മരിച്ചു എന്ന വിവരം ഞാൻ അറിയുന്നത് ആ കുറിപ്പിലൂടെയാണ് (ആ അരാജക ജീവിത്തിന്റെ അവസാനം അദ്ദേഹത്തിന്റെ മിത്രങ്ങൾ ആയിരുന്ന ജോണിനെയോ സുരാസുവിനെയോ പോലെ തെരുവിൽക്കിടന്നായിരുന്നു. കോടമ്പാക്കത്തെ അംബേദ്കര്പ്രതിമയുടെ മുമ്പിൽ ഒരുദിവസം മരിച്ചുകിടക്കുന്നശ്രീകുമാറിനെയാണ് ആളുകൾ കണ്ടത്).
..
ഇങ്ങനെയൊക്കെ ആണെങ്കിലും അയാൾ ഒരു നല്ല മനുഷ്യൻ ആയിരുന്നു. കുമാറേട്ടൻ എന്നാണു ഞാൻ അയാളെ വിളിച്ചിരുന്നത് .
....
'പാതിരാപ്പക്ഷി' യുടെ തിരക്കഥാകൃത്ത് ഞാൻ ആയിരുന്നെങ്കിലും പേര് വയ്ക്കാഞ്ഞത് നന്നായി എന്ന് പിന്നീട് മനസ്സിലാക്കി. കഥ പകുതി കഴിയുമ്പോൾ നായകൻ വില്ലനും വില്ലൻ നായകനും ആവുന്ന ഒരു ട്വിസ്റ്റ് 'പാതിരാപ്പക്ഷി'യിൽ ഉണ്ടായിരുന്നു. മുടങ്ങിയ പടം പൂർത്തിയാക്കുവാൻ വിതരണക്കാരനുമായി കോമ്പ്രമൈസ് ചെയ്യേണ്ടി വന്നതിനാൽ 'പൗർണമി രാത്രിയിൽ' എന്ന പേരിൽ ആണ് ഏഴു വർഷങ്ങൾക്കു ശേഷം 1986 ൽ ആണ് ആ പടം റിലീസ് ആയതു. അതും 'എ' പടമായി.
(Copyright Reserved)
ReplyForward |





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ