സിനിമാപ്രേമി (2) അടൂർ ഭാസിക്കു വിശ്വാസം ഉള്ള അജയൻ
എസ്. സലിംകുമാർ
1978-1982 കാലത്ത് മദ്രാസിൽ സിനിമാ രംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിർവധി ആളുകളെ ഇതിൽ കാണാം
--
1978 സെപ്റ്റംബർ. മദ്രാസിൽ എത്തിയിട്ട് നാലഞ്ച് ദിവസമേ ആയിട്ടുള്ളു. സുഹൃത്ത് മോഹനനുമൊത്ത് കോടമ്പാക്കം ഫ്ലൈ ഓവറിന്റെ നടുക്കുനിന്നു തഴേക്കിറങ്ങുന്ന വഴിയേ മഹാലിംഗപുരത്തേക്കിറങ്ങി. അവിടെയാണ് സിനിമാതാരങ്ങൾ താമസിക്കുന്നത്. അയ്യപ്പനമ്പലത്തിന്റെ അടുത്തു പുതിയ വീട് വയ്ക്കുന്നിടത്ത് ഒരു നരച്ച കൊമ്പൻമീശക്കാരനെ കണ്ടു. അയാൾക്ക് മോഹനനെ പരിചയമുണ്ട്. അവർ സംസാരിച്ചു. എന്നെ അയാൾക്ക് പരിചയപ്പെടുത്തി. ആ വീട് പണിയുന്നത് ഐ.വി.ശശിക്കു വേണ്ടിയാണ്. ഇനി കുറച്ചു ഇന്റീരിയർ ജോലികൾ ബാക്കിയുണ്ട്. എല്ലാവരും സ്വാമി വിളിക്കുന്ന അയാൾഐ.വി.ശശിയുടെ കാര്യസ്ഥൻ ആണ്.
അവിടുന്നു വലത്തോട്ട് തിരിഞ്ഞു നടന്നപ്പോൾ പ്രേം നസീറിന്റെ വീട് ആണ്. രണ്ടാം നിലയുടെ ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചു കൊണ്ട് ഒരു സുന്ദരൻ ചെറുപ്പക്കാരൻ നിൽക്കുന്നു. അത് പ്രേംനസീറിന്റെ മകൻ ഷാനവാസ് ആണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.
ആ വീടും കഴിഞ്ഞു സ്വൽപം നടന്നപ്പോൾ പത്തുപതിനാറു വയസുള്ള ഒരു പയ്യൻ (ഞങ്ങളും പയ്യന്മാരാണ് എനിക്ക് 19 വയസ്സും മോഹനന് 17 വയസ്സുമാണ്) ഞങ്ങളോട് ചോദിച്ചു :
നിങ്ങൾ എവിടെപ്പോകുവാ?
"ചുമ്മാ കറങ്ങാൻ ഇറങ്ങിയതാ"
"എന്തെങ്കിലും ജോലി കിട്ടുമോ?"
"ഞങ്ങൾക്കേ ജോലി ഒന്നും ആയിട്ടില്ല. "
മോഹനനും ഞാനും അവനോടു സംസാരിച്ചു.
അവന്റെ പേര് അജയൻ എന്നാണു. അടൂർ മണക്കാലയിലാണ് വീട്. ജോലി തേടി നാടു വിട്ടു വന്നതാണ്. (അടൂരുനിന്നു ശാസ്താംകോട്ടയ്ക്കുള്ള വഴിക്കു രണ്ടു കിലോമീറ്റർ ചെല്ലുമ്പോഴാണ് മണക്കാല).
"ജോലിക്കായി ആരെയെങ്കിലുമൊക്കെ കണ്ടോ?
"അടൂർ ഭാസിയെ കണ്ടു"
"എന്നിട്ടെന്തു പറഞ്ഞു?"
"എന്തെങ്കിലും ജോലി തരാമോ എന്ന് ചോദിച്ചു .. അപ്പോൾ അടൂർ ഭാസി ചോദിച്ചു :
"നീ ഇത് വരെ ജോലിക്കൊന്നും ശ്രമിച്ചില്ല?
"മൂന്നാലിടത്ത് ശ്രമിച്ചു"
"എന്നിട്ടെന്താ ജോലിയൊന്നും കിട്ടാഞ്ഞെ?"
"അവർക്കൊന്നും എന്നെ വിശ്വാസം അല്ലെന്നാ പറയുന്നേ"
അടൂർ ഭാസി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു :
അതാന്നോ കാര്യം? എങ്കിലേ.. എനിക്ക് നിന്നെ വലിയ വിശ്വാസം ആണ്. ഇനി അങ്ങനെ പറയുന്നവരോട് നീ പറ, അടൂർ ഭാസിക്ക് നിന്നെ നല്ല വിശ്വാസം ആണെന്ന്. ..... ഇപ്പോൾ അജയൻ പോ .."
അടൂർ ഭാസി
അവിടുന്നുള്ള നടപ്പാണ്. നടന്നു നടന്ന് ഇവിടെ വരെ എത്തി. അജയൻ ഇന്നിതുവരെ ഒന്നും കഴിച്ചിട്ടില്ല എന്ന് മനസ്സിലായി. കിടന്നുറങ്ങാൻ ഒരിടം ഇല്ല. വേറെ ഡ്രസ്സും ഇല്ല.
ഞങ്ങൾ അജയനെയും കൊണ്ട് ഒരു ചെറിയ ചായക്കടയിൽ കയറി. അവിടുന്ന് ചായയും വടയും കഴിച്ചു. അജയനെ ഉപേക്ഷിക്കണോ കൂടെ കൊണ്ട് പോകണോ നിവൃത്തിയില്ലാതെ ഞങ്ങൾ കുഴങ്ങി.
ആ ചായക്കടക്കാരനോട് ചോദിക്കാമെന്ന് മോഹനൻ എന്നോട് പറഞ്ഞു .
ഞാൻ ചോദിച്ചു : ഇവന് എന്തെങ്കിലും ജോലി കൊടുക്കാമോ? കുറച്ചു ദിവസത്തേക്കെങ്കിലും?
"പാത്രം മോറണം. മേശ തുടയ്ക്കണം. അകവും പുറവും അടിച്ചു വാരണം. അതൊക്കെ ചെയ്യാമെങ്കിൽ നിന്നോ. എനിക്ക് ദേഷ്യം വന്നാൽ ഞാൻ പറഞ്ഞു വിടും"
അന്നത്തെ ദിവസമെങ്കിലും എവിടെയെങ്കിലും കിടന്നുറങ്ങിയാൽ മതി എന്ന അവസ്ഥയിലായിരുന്നു അജയൻ. അവൻ സമ്മതിച്ചു. അവനെ അവിടെ ആക്കിയിട്ട് പിന്നീട് വരാം എന്ന് പറഞ്ഞു ഞങ്ങൾ നുങ്കമ്പാക്കം ഭാഗത്തേക്ക് പോയി.
(Copyright Reserved)
ReplyForward |

Interesting
മറുപടിഇല്ലാതാക്കൂ