സിനിമാപ്രേമി (3) മുല്ലനേഴിയും മുറുക്കാനും

 എസ്. സലിംകുമാർ 

 

1978-1982 കാലത്ത്  മദ്രാസിൽ സിനിമാ രംഗത്ത്  ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിവധി ആളുകളെ ഇതിൽ കാണാം

കോടമ്പാക്കം രാം തിയ്യേറ്ററിനടുത്തു തങ്കം സ്റ്റോറിൻ്റെ യടുത്തുനിന്ന് ശിവൻ കോവിൽ ക്രോസ്സ്സ്ട്രീറ്റ് തുടങ്ങുന്നിടത്തു ഇടതു വശത്തു രണ്ടാമത്തെ നീളൻ വീട് .(ആദ്യത്തെ വീട്ടിൽ നടൻ രാമുവാണ് താമസിക്കുന്നത്. അക്കാലത്തു രാമു നായകൻ ആയി ഒരു പടം നടക്കുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ സാന്റോ കൃഷ്ണൻ അവിടെ വരുമായിരുന്നു. അദ്ദേഹം വന്നാൽ അറിയാം. ഉറക്കെ കാര്യം പറഞ്ഞു പൊട്ടിച്ചിരിക്കുന്നു കേൾക്കാം.)

 
രണ്ടാമത്തെ കെട്ടിടത്തിൽ നാല് താമസക്കാരാണ് അവിടെയുള്ളത്. ഗേറ്റു തുറന്നു കയറുമ്പോൾ ആദ്യത്തെ മുറിയിൽ താമസിക്കുന്നത് അടൂർക്കാരൻ തോമസ്  ആണ്. അദ്ദേഹം മൗണ്ട്  റോഡിൽ സ്‌പെൻസർ കമ്പനിയിൽ ജോലി ചെയ്യുന്നു. രണ്ടു മുറിയും ഒരു അടുക്കളയും ഉള്ള ആ വീട് ആണ് നീളൻ കെട്ടിടത്തിലെ ഏറ്റവും വലിയ ഇടം. (ബാക്കി ഇടങ്ങൾ  എല്ലാം ഒരു  മുറിയും ചെറിയ അടുക്കളയും ഉള്ളവ. പൊതുകുളിമുറിയും ).   

അത് കഴിഞ്ഞുള്ള മുറിയിൽ രാമുകാര്യാട്ട് സംവിധാനം  ചെയ്ത 'ദ്വീപി'ൻ്റെ   എഡിറ്റർ ബാലൻ ആണ് താമസിക്കുന്നത്. അതിനപ്പുറത്തു ബാജി കൈപ്പട്ടൂർ എന്ന സഹസംവിധായകൻ താമസിച്ചിരുന്ന മുറി.  "സത്യൻ   അന്തിക്കാട്" എന്ന്,,മലയാളത്തിൽ സീൽ അടിച്ച ഒരു ശബ്ദതാരാവലി ബാജി കൈപ്പട്ടൂരിൻ്റെ പുസ്തകശേഖരത്തിൽ  അവിടെ ഞാൻ കണ്ടിട്ടുണ്ട്.    

മുല്ലനേഴി

അതിനപ്പുറത് ഒടുവിലത്തെ മുറിയിൽ താമസിക്കുന്നത് വലപ്പാട്ടുകാരൻ രാമചന്ദ്രൻ ചേട്ടനും കുടുംബവുമാണ്.  'ചെമ്മീൻ'ഉൾപ്പെടെ രാമുകാര്യാട്ടിൻ്റെയും   ഓവ്പി തെരവു ഉൾപ്പെടെ  എൻ മേനോൻ്റെ  ചിത്രങ്ങുടെയും   വസ്ത്രാലങ്കാരകൻ രാമചന്ദ്രൻ ചേട്ടൻ ആയിരുന്നു. അദ്ദേഹവും ഭാര്യ ലീലയും മകൾ രണ്ടാംക്‌ളാസ്സിൽ പഠിക്കുന്ന സിന്ധുവും ആണ് അവിടെ. രാമചന്ദ്രൻ ചേട്ടൻ എപ്പോഴും അളവും  മുറിക്കലും തയ്യലും തന്നെ. ഇപ്പോഴും ചിലപ്പോഴൊക്കെ സിനിമയുടെ വർക്കുണ്ട്.   "തീരാത്ത ബന്ധങ്ങൾ" എന്നൊരു പടത്തിൻ്റെ  ജോലിയാണ് ഇപ്പോൾ ഉള്ളത്. പത്തിൻ്റെ  ജോലി ഇല്ലാത്തപ്പോൾ എല്ലാത്തരം വസ്ത്രങ്ങളും  തയ്പ്പിക്കാൻ ഓർഡറുകൾ ഉണ്ടാവും. പ്രത്യേകിച്ചും പാൻറ്സും  ഷർട്ടും.

ബാജി കൈപ്പട്ടൂർ നാട്ടിൽ പോയിരിക്കുകയാണ്. കല്യാണം കഴിക്കാൻ ആയതു കൊണ്ട് കുറച്ചു താമസിക്കും വരാൻ. വരാതിരിക്കാനും  ഇടയുണ്ട്.  മുറിയുടെ താക്കോൽ ജമാലിന് കൊടുത്തു. തൃക്കുന്നപ്പുഴ ൻ്റെ ഓഫീസിൽ നിന്ന് താമസം മാറ്റി സലീജ് ചെങ്ങമനാടും  കരുവാറ്റാ വാസുവും താമസിച്ചിരുന്ന വീട്ടിൽ മൂന്നാലു ദിവസം താമസിച്ച് അടുത്ത അന്തരാളത്തിലേക്കു ഞാൻ പ്രവേശിച്ചപ്പോഴാണ് ജമാൽ പറഞ്ഞത് : ബാജിയുടെ വീടിൻ്റെ  താക്കോൽ എൻ്റെ  കയ്യിലുണ്ട്. ഞാൻ അവിടെ താമസിക്കും.സലീമും കൂടിക്കോ. അങ്ങനെയാണ്  അവിടെ താമസം ആക്കിയത്. (ബാജി പിന്നീട് മദ്രാസിലേക്കു വന്നില്ല)

രാമു കാര്യാട്ടിൻ്റെ  ഏറ്റവും ഒടുവിൽ ഇറങ്ങിയ 'ദ്വീപ്' എന്ന ചിത്രത്തിൻ്റെ  എഡിറ്റർ പുതിയ ഒരാൾ ആണെന്നും പേര് ബാലൻ എന്നാണെന്നും പത്രങ്ങളിൽ നിന്നും സിനിമാവാരികകളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു. ബാലൻ്റെ അടുത്തും പല സിനിമാക്കാരും വരും. രാമചന്ദ്രൻ ചേട്ടൻ്റെ  അടുത്തു വന്നിരുന്നു കാര്യം പറയുന്ന പലരും സിനിമയുമായിൻ അടുത്ത ബന്ധമുള്ള പ്രസിദ്ധർ ആണെന്ന് അവർ പോയിക്കഴിഞ്ഞാണ് പലപ്പോഴും ഞാനറിയുന്നത്. ജോൺ ഏബ്രഹാമിനെ ആദ്യം കാണുന്നത് അവിടെ വച്ചാണ്. 

രാമചന്ദ്രൻ ചേട്ടൻ സരസമായി സംസാരിച്ചുകൊണ്ടാണ് തയ്യൽ ചെയ്യുന്നത് . ചിലപ്പോൾ ലീലച്ചേച്ചി കട്ടൻ ചായയുണ്ടാക്കിത്തരും. ഒരു  ദിവസം വൈകുന്നേരമാവാറായി. രാമചന്ദ്രൻ ചേട്ടൻ്റെ  തയ്യൽമേശയുടെ  അടുത്തിട്ട സ്റ്റൂളിൽ ഒരു നരച്ച താടിക്കാരൻ ഇരിക്കുന്നു. നരയ്ക്കാൻ  ഇനിയും കുറച്ചു ബാക്കിയുള്ള മുടി . വട്ടമുഖം. കഷണ്ടി ഏറെയുള്ള തല. കട്ടിക്കണ്ണട. കണ്ടു  നല്ല പരിചയം. എന്നെക്കണ്ടതും രാമചന്ദൻ ചേട്ടൻ പറഞ്ഞു : "മോനേ  നീ പോയി ഒരു മുറുക്കാൻ വാങ്ങികൊണ്ടു വാ." 

ആദ്യമായാണ് ചേട്ടൻ അങ്ങനെ ഒരു കാര്യം പറയുന്നത്. ലീലച്ചേച്ചി സിന്ധുവിനെ വിളിക്കാൻ സ്‌കൂളിൽ പോയതാണ്. സാധാരണ ഒറ്റ ഓട്ടത്തിന് സിന്ധു ചെയ്യുന്ന കാര്യമാണ്.  ഞാൻ മെയിൻ റോഡിലേക്ക് കയറുന്നിടത്തുള്ള ('ടു ലെറ്റ്' ലോഡ്ജിനു എതിർവശത്തുള്ള മുറുക്കാൻ കടയിൽ നിന്നും ഒരു മുറുക്കാൻ വാങ്ങി വന്നു രാമചന്ദ്രൻ ചേട്ടന് കൊടുത്തപ്പോൾ  അദ്ദേഹം പറഞ്ഞു : ഇവിടെ കൊടുക്ക്."

ഞാൻ കൊടുത്ത മുറുക്കാൻ വാങ്ങി ആ കഷണ്ടിക്കാരൻ താടിക്കാരൻ മുറുക്കു  തുടങ്ങി. രാമചന്ദൻ ചേട്ടൻ ചോദിച്ചു :
"ഇതാരാണെന്നു നിനക്ക്മ നസ്സിലായില്ലേ ?
"നല്ല പരിചയം തോന്നുന്നു". 
"മുല്ലനേഴിയെ നീ കണ്ടിട്ടില്ലേ? രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു 
എനിക്ക് സന്തോഷവും അദ്‌ഭുതവും.
"അറിയാം ആദ്യമായി കാണുകയാണ് ".  
മുറുക്കുന്നതിനിടെ എന്നെപ്പറ്റിയുള്ള കാര്യങ്ങൾ  മുല്ലനേഴി ചോദിച്ചു. 
പിന്നെയും പലപ്പോഴും അദ്ദേഹത്തെ കണ്ടു.

1984 ൽ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്" നാടകത്തിൻ്റെ  സുവര്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആ നാടകം വീണ്ടും  അവതരിപ്പിച്ചപ്പോൾ നാടകത്തിലെ ചെറുമിയുടെ വേഷത്തിൽ വന്നത് മുല്ലനേഴി ആയിരുന്നു. അരങ്ങിൽ അദ്ദേഹത്തെ കണ്ടു. 

2009 ൽ പ്രിയാനന്ദനന്റെ സൂഫി പറഞ്ഞ കഥയുടെ (അത് നിർമ്മിച്ച ബാംഗ്ലൂരിലെ സിലിക്കോൺ മീഡിയയുടെ പി ആർ ഓ ആയിരുന്നു ഞാൻ കുറച്ചു കാലം) ഷൂട്ടിംഗ് വരിക്കാശ്ശേരി മനയിൻ നടക്കുമ്പോൾ ആ സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയ പ്രദീപ് മുല്ലനേഴിയെ പരിചയപ്പെട്ടു - മുല്ലനേഴിയുടെ മകൻ.  സൂഫി പറഞ്ഞ കഥയിൽ മുല്ലനേഴിയും ഉണ്ടായിരുന്നെങ്കിലും ഞാൻ അവിടെ എത്തിയതിൻ്റെ  തലേന്ന് അദ്ദേഹത്തിൻ്റെ  ഷൂട്ടിങ് തീർന്നിരുന്നു. 

 (Copyright Reserved)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം